ഇന്നലെ കണ്ടപ്പോ ‘നീ പിന്നേം കറത്ത് പോയല്ലോ’ എന്ന് പറഞ്ഞവർ ഇന്ന് വർണ്ണ വിവേചനത്തിനെതിരെ പോസ്റ്റ് ഇട്ടിരിക്കുന്നൂ

43

ആതിര ആർ

”ഇന്നലെ കണ്ടപ്പോ നീ പിന്നേം കറത്ത് പോയല്ലോ എന്ന് പറഞ്ഞവർ ഇന്ന് വർണ്ണ വിവേചനത്തിനെതിരെ പോസ്റ്റ് ഇട്ടിരിക്കുന്നൂ..”ഇങ്ങനെ കുറേ പേരുടെ സ്റ്റാറ്റസ് കണ്ടു.. ശരിയാണ്. അപകര്‍ഷതാ ബോധം ഇനീം മാറീല്ലേ എന്ന ചോദ്യം വേണ്ട…ഇത് അതല്ല..
കറുപ്പ് ഒരു നിറം മാത്രമല്ല അത് അനുഭവങ്ങളുടെ കുത്തൊഴുക്ക് സമ്മാനിക്കുന്ന വലിയ നിറമാണ്.ആ അനുഭവങ്ങളൊക്കെ നല്ലതാണ് എന്നിതിനര്‍ത്ഥമില്ല.കടുംനിറങ്ങളിലേക്കായിരുന്നു പണ്ടേ എന്‍റെ നോട്ടം.വിഷുവിന് ഓണത്തിന് പിറന്നാളിന് അങ്ങനെ പുത്തനുടുപ്പ് വാങ്ങിക്കാന്‍ പോവുമ്പോഴെല്ലാം എന്‍റെ കൈ കടുംനിറത്തിലേക്ക് മാത്രം നീളും..അപ്പോഴൊക്കെ കറുപ്പിന് ചേരുന്നവയും ചേരാത്തവയും എന്ന് രണ്ട് കള്ളികളുള്ളാെരു പട്ടിക മുന്നില്‍ വെച്ചു തരുംഅങ്ങനെയാണെന്ന് തോന്നുന്നു ഇഷ്ടങ്ങളെ നോട്ടങ്ങളിലേക്ക് മാത്രം ചുരുക്കാന്‍ പഠിച്ചത്.അന്നു മുതല്‍ പിന്നെയും കുറേം കാലം എന്‍റെ കുപ്പായങ്ങളുടെ നിറം വെള്ള ,നീല ,ചന്ദനകളര്‍ എന്നിവയെ വട്ടം ചുറ്റികളിച്ചു.

ആറാം ക്ളാസില്‍ പഠിക്കുമ്പോഴാണ് കുറേ ആണ്‍പിള്ളേരുടെ കളിയാക്കലിനെ പേടിച്ചും തമാശകളില്‍ അപമാനിക്കപ്പെട്ടും എന്‍റുള്ളിലെ കുഞ്ഞുമോള്‍ ബസിറങ്ങുന്ന സ്റ്റോപ്പില്‍ നിന്നും വീട്ടിലേക്ക് പുതിയ പുതിയ ഇടവഴികള്‍ തേടിയത്(ഈ കഥ മുന്നേ എപ്പോളോ പറഞ്ഞിട്ടുണ്ട്.ഒരിക്കല്‍ കേട്ടാല്‍ കേള്‍ക്കുന്നവര്‍ക്ക് ബോറടിക്കും.അനുഭവിച്ചവര്‍ക്ക് കാലമെത്ര കടന്നു പോയാലും പൊള്ളും )
പത്താം ക്ളാസിലെ മാര്‍ക്ക് ലിസ്റ്റ് നാേക്കി നീ പഠിക്കുന്ന കുട്ടിയാണല്ലേ കണ്ടപ്പോള്‍ തോന്നിയില്ല എന്ന് പറഞ്ഞ അദ്ധ്യാപകരെയും നിറം നോക്കി കുട്ടികളെ ലാളിക്കുന്ന അധ്യാപകരെയും സ്മരിക്കുന്നു.എവിടേലും കൂട്ടമായി ഇരിക്കുമ്പോള്‍ കറന്‍റ് പോവല്ലേ എന്ന് പ്രാര്‍ത്ഥിച്ച നാളുണ്ടായിരുന്നു.

അത് പിന്നെ തൊട്ടടുത്ത ലെവലായപ്പോള്‍ മറ്റാരെങ്കിലും പറയും മുന്നേ ‘അയ്യോ ഇനി ഞാന്‍ ചിരിക്കണില്ല നിങ്ങള് പേടിക്കും’ എന്ന സ്വയം ട്രോളിലേക്ക് കഷ്ടപെട്ട് വളര്‍ത്തി ഞാനെന്നെ പലരില്‍ നിന്നും രക്ഷിച്ചു.നിന്നെയെപ്പാടി വെളുത്തിട്ടൊന്ന് കാണാനാവുക എന്ന ചോദിച്ച സുഹൃത്തുണ്ടായിരുന്നു.പത്തില്‍ പഠിക്കുമ്പോള്‍ യുവജനോത്സവത്തിന് ഒപ്പനയുടെ വേഷത്തില്‍ മേക്കപ്പും ഇട്ട് അവന്‍റെ മുന്നില്‍ പോയി നിന്നതും ഇതാ വെളുത്തിട്ടുണ്ട് കണ്ടോന്ന് പറഞ്ഞതും ഇപ്പോള്‍ ഓര്‍ക്കുന്നു.പ്രിയപ്പെട്ടൊരാള്‍. കാമുകി ആണെന്ന് പറഞ്ഞ് എന്‍റെ ഫോട്ടോ കൂടെയുള്ളവര്‍ക്ക് കാണിച്ചപ്പോള്‍ നിങ്ങളുടെ സെലക്ഷന്‍ എന്താ ഇങ്ങനേന്ന് ചോദിച്ചതും അതിന്‍റെ വിഷമത്തില്‍ ഇതെന്താ മനുഷ്യരിങ്ങനേന്ന് എന്നോട് ചോദിച്ചതും ഞാനവനെ സമാധാനിപ്പിച്ചതും മറ്റൊന്ന്‌.
എടീ കറുപ്പച്ചീ എന്ന വാക്കായിരുന്നു ഒരു കാലത്ത് ഏത് ആള്‍ക്കൂട്ടത്തിലും ഞാന്‍ ഭയന്നിരുന്നത്.ഒരു കുപ്പായമിട്ടാല്‍ ഒന്ന് ഒരുങ്ങിയാല്‍ ഇത്തിരി പൗഡര്‍ കൂടിപ്പോയാല്‍ വെയിലത്തൊന്ന് കുട ചൂടിയാല്‍..എല്ലാത്തിലും കറുപ്പ് നിറഞ്ഞ് നില്‍ക്കും..

പിറന്ന് വീണപ്പോള്‍ എലിക്കുഞ്ഞിന്‍റത്രയുള്ള കരിക്കട്ടയായിരുന്നു എന്നാണ് ഞാനെന്‍റെ ശൈശവ കാലത്തെ കുറിച്ച് കേട്ട ഏറ്റവും മനാേഹരമായ ഉപമ.അതിന്‍റെ ഒരു ഡും ഡും ഇല്‍ ഹൃദയമിടിപ്പ് കൂടി അമ്മക്കെന്നെ അന്ന് ഇഷ്ടോണ്ടായിരുന്നില്ലേന്ന് അമ്മയോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. ഒന്ന് പോയാട്ടെന്ന് പറഞ്ഞ് മറുപടി തരാതെ അമ്മ പോയപ്പോള്‍ ,അങ്ങനൊക്കെ തോന്നീട്ടും എല്ലാരും കളിയാക്കിയിട്ടും കറുത്ത കുട്ടിയാണെന്ന് പതം പറഞ്ഞിട്ടും അമ്മ എന്നെ വളര്‍ത്തിയല്ലോ എന്ന ആശ്വാസത്തില്‍ കണ്ണ് നിറഞ്ഞിരുന്നിട്ടുണ്ടെത്രയോ വട്ടം. വലുതായപ്പോള്‍ കല്യാണം കഴിയാന്‍ കുറച്ച് പാടാണല്ലോ എന്ന കുടുംബക്കാരുടെ വേവലാതിയായിരുന്നു.കല്യാണത്തിന്‍റന്ന് വെളുപ്പിക്കാന്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നു. ഹോ ഹൗ അം ഹ..

അനുഭവിച്ച് അനുഭവിച്ച് വേദനയല്ലാതായ വേദനയാണിതൊക്കെ എഴുതുമ്പോള്‍ എല്ലാം വരണില്ല.ഒന്നൂടെ പറയട്ടെ ഇത് അപകര്‍ഷതാബോധത്തില്‍ നിന്നെഴുതിയ എഴുത്തല്ല.അതൊക്ക് പോയിട്ട് കുറച്ചായി.എന്നാലും പാടുകള്‍ അവശേഷിക്കുമല്ലോ..!എങ്കിലും ഇന്നും മൂന്നാള് ചേരുന്നിടത്ത് ഒന്ന് ചിരിക്കാന്‍ എന്‍റെ നിറത്തെ ഉപയോഗിക്കുന്ന വിപ്ളവ സിംങ്കങ്ങളോട് ഞാന്‍ പൊറുക്കാറില്ല .ഇന്നും കറുത്ത കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് അവരുടെ അടുത്തുപോയി നിറത്തിന്‍റെ പേരില്‍ ആരേലും വേദനിപ്പിക്കാറുണ്ടോന്ന് ചോദിക്കാന്‍ തോന്നും..നിറഞ്ഞ് ചിരിക്കാന്‍ പറഞ്ഞു കൊടുക്കാന്‍ തോന്നും.ഒന്നും ചെറിയ കളിയല്ല മക്കളേ….!

ഈ കവിതകൂടി വായിച്ചോട്ടാ.

ഈ കവിതകൂടി വായിച്ചോട്ടാ..
കൂട്ടിയെഴുതുമ്പോൾ
തലയെടുപ്പില്ലെന്നു പറഞ്ഞ്
പിരിച്ചെഴുതുമ്പോൾ
ഭംഗിപോരെന്നു പറഞ്ഞ്
ഇടയിലെഴുതുമ്പോൾ കൂട്ടത്തിൽ
ചേരില്ലെന്നു പറഞ്ഞ്
എവിടെയെങ്കിലുമിടം കൊടുത്താൽ
കവിതയ്ക്ക് നിറംമങ്ങുമെന്നു ഭയന്ന്
വേരോടെ പിഴുതെറിഞ്ഞ വാക്കുകൾ
തലകുനിച്ച് മെയ്യുരുകി
അടിമയായി
വഴി നീളെയലഞ്ഞപ്പോൾ
അവയുടെ നിശ്വാസങ്ങളിൽ ചവിട്ടി
നിങ്ങൾ കടന്നു പോയി
എന്നിട്ടും
ഋതുഭേദങ്ങളിൽ കരിഞ്ഞുമുണങ്ങിയും
പൂത്തും തളിർത്തും
പിഴുതെറിഞ്ഞ അതേയോരത്തവർ വേരുകളാഴ്ത്തി..
തൊട്ടുതലോടിയില്ലെങ്കിലും കാട്ടുപൂവ് വിടരുമെന്നതുപോലെ
വൃത്തത്താലലങ്കരിച്ചില്ലെങ്കിലും
കാട്ടുകവിത താളം പിടിയ്ക്കും
ചുറ്റുമുള്ളവരുടെ താരാട്ടിന് ചെവിയോർക്കാതെ
ആത്മ നൊമ്പരത്തിൻ്റെ തീച്ചൂളയിലാണ്
കണ്ണാടി നോക്കിയതെന്നതിന് ഇനിയും തെളിവ് ആവശ്യമെങ്കിൽ
സൂര്യനോട് ചോദിക്ക്
താനൊന്നുമല്ലെന്ന ലജ്ജയിൽ
മേഘങ്ങൾക്കിടയിൽ ഒളിച്ചെന്നു വരാം