അതിരുകളില്ലാത്ത സ്വപ്‌നങ്ങള്‍..

അതിരുകളില്ലാത്ത സ്വപ്‌നങ്ങള്‍വിറയ്ക്കുന്ന കൈകളോടെ മഴവില്ല് എന്ന പാസ് വേര്‍ഡ് ചേര്‍ത്ത് നദീംഖാന്റെ ഇമെയില്‍ തുറക്കുമ്പോള്‍ അജ്മലിന്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു.ഊഹിച്ചത് പോലെ സന്ദേശങ്ങള്‍ മുഴുവന്‍ ഫരീദയുടെതായിരുന്നു.

മഴയും സംഗീതവും ചാലിച്ച് സെറ്റ് ചെയ്ത റിംഗ് ടോണില്‍ മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങിയത് അപ്രതീക്ഷിതമായിരുന്നു. മറുതലക്കല്‍ ഫരീദയായിരുന്നു.”അജ്മല്‍ ഞാന്‍ കേട്ടത് സത്യമാണോ?”

തളര്‍ച്ചയോടെ അയാള്‍ കസേരയിലേക്ക് ചാഞ്ഞിരുന്നു.ഉരുണ്ടുകൂടിയ മേഘമൌനങ്ങള്‍ പോലെ കനത്തതായിരുന്നു അജ്മലിന്റെ മൌനവും.ഫരീദയുടെ ശബ്ദം ഇടറുന്നതും മേഘതാഡനം ഏറ്റുവാങ്ങി മിന്നല്‍പിണറുകള്‍ക്കൊപ്പം ഇറങ്ങിപ്പെയ്ത പേമാരി പോലെ ഒരു കരച്ചില്‍ അയാളുടെ കാതില്‍ വന്നലച്ചത് അയാളറിഞ്ഞു.

അജ്മലിന്റെ സുഹൃത്തും ഫരീദയുടെ കാമുകനുമായിരുന്നു ആക്സിടന്റില്‍ മരണമടഞ്ഞ നദീംഖാന്‍ .തണുത്തുറഞ്ഞ മരണത്തിന്റെ ചതുപ്പ് നിലങ്ങളിലേക്ക് യാത്രയാവുന്നതിനു കൃത്യം ഒരു മണിക്കൂര്‍ മുമ്പ് അവന്റെ ഇമെയില്‍ ഐടിയുടെ പാസ്സ്‌വേര്‍ഡ്‌ അയാള്‍ക്ക്‌ സന്ദേശമായി അയച്ചത് എന്തിനായിരുന്നുവെന്ന അമ്പരപ്പിലായിരുന്നു അജ്മല്‍.

സ്പോന്‍സര്‍ വിദേശത്തായാതിനാല്‍ നദീംഖാന്റെ മൃത ശരീരം മോര്‍ച്ചറിയില്‍ ഐസ്പാളികള്‍ക്കിടയില്‍ തന്നെ വിശ്രമിച്ചു.മൂന്ന് ദിവസങ്ങള്‍ക്കകം മറ്റുള്ള ഫോര്‍മാലിറ്റികളൊക്കെ ശരിയാക്കണം.പിന്നെ സ്പോന്സരുടെ മൂന്ന് ഒപ്പുകള്‍ മാത്രമേ ആവശ്യം വരൂ.അതിനുശേഷം ജീവനോടെ കടല്‍ കടന്നെത്തിയ നദീംഖാന്‍ ജീവനില്ലാത്ത ശരീരവുമായി മടക്കം.

അടഞ്ഞ മനസ്സിനും സാവധാനം  ചലിക്കുന്ന നേരത്തിനും മരണത്തിന്റെ തണുപ്പാണെന്ന് അജ്മല്‍ ഓര്‍ത്തു.

”അജ്മല്‍ എനിക്കൊരുപകാരം ചെയ്യണം..”മറുഭാഗത്ത് വീണ്ടും ഫരീദയുടെ ചിലമ്പിച്ച സ്വരം.അജ്മല്‍ അല്പം പകച്ചു പിന്നെ പതിയെ പറഞ്ഞു ”പറയൂ എന്നാല്‍ കഴിയുന്നതൊക്കെ..”മറുതലക്കല്‍ വീണ്ടും കനത്ത മൌനം അനുഭവപ്പെട്ടത് ഫരീദ  എന്തോ ആലോചിക്കുകയാവുമെന്നു അയാള്‍ ഊഹിച്ചു.

”നദീംഖാന്റെ മൃദദേഹത്തിനു കൂടെ ഞാനും പോകുന്നു” അജ്മലിനു അല്പം ആശ്വാസം തോന്നി.തന്നെ കൂടാതെ അവനെ അനുഗമിക്കാന്‍ ഏറ്റവും യോഗ്യത ഉള്ളവള്‍ ..”ശരി യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുക..കൃത്യ ദിവസം ഞാന്‍ അറിയിക്കാം.”ഫരീദയില്‍ നിന്നും പൊഴിഞ്ഞ ഇടറിയ നിശ്വാസത്തിനു മഞ്ഞ്പാളികളുടെ തണുപ്പാവുമെന്നു അജ്മല്‍ വിശ്വസിച്ചു

യാഥാര്‍ത്യമറിഞ്ഞിട്ടും മുറതെറ്റാതെ വന്ന ഫരീദയുടെ സന്ദേശങ്ങള്‍ക്ക്  അജ്മല്‍ കൃത്യമായി മറുപടി അയച്ചു.

നിരാലംബയായി ഒറ്റപ്പെട്ടുപോയ നദീംഖാന്റെ ഉമ്മയുടെ ആകുലതകലായിരുന്നു സന്ദേശങ്ങളില്‍ മുഴുവനും.

ഒരൊഴിവ് ദിനവും കഴിഞ്ഞു രണ്ടാമത്തെ പ്രവൃത്തി ദിനത്തിലായിരുന്നു നദീംഖാന്റെ മൃതദേഹം കൊണ്ട് പോകേണ്ടിയിരുന്നത്.കടല്‍ക്കരയില്‍ ദീപാലംകൃതമായ ഒരു ബോട്ടിന്റെ അലങ്കാരങ്ങളില്‍ കണ്ണുടക്കി അജ്മല്‍ ഫരീദയേ കാത്തിരുന്നു

തിരകളില്ലാത്ത കടലിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്ക് സഞ്ചരിച്ച ബോട്ടിലെ വര്‍ണ്ണവെളിച്ചങ്ങള്‍ മണല്‍പരപ്പില്‍ വര്‍ണ്ണപ്പായ വിരിച്ചിട്ടു.ഈ കടലിനും ആകാശത്തിനും അതിരുകളില്ലാത്തത് പോലെ ഫരീദയുടെയും നദീംഖാന്റെയും സ്വപ്നങ്ങള്‍ക്കും അതിരുകളില്ലായിരുന്നുവെന്നു അജ്മല്‍ ഓര്‍ത്തു.

ഫരീദ അജ്മലിന്റെ കണ്ണുകളില്‍ നദീംഖാനെ കാണാന്‍ ശ്രമിച്ചത് വിഫലമായിരുന്നു.ആകാശവും കടലും ഒരിക്കലും സന്ധിക്കുന്നില്ലെന്ന സത്യം ഫരീദക്കായുള്ള കാത്തിരിപ്പുകള്‍ക്ക്  അജ്മലിനെ നിരാശനാക്കിയില്ല.

തിളങ്ങി നിന്നെങ്കിലും മ്ലാനമായ പകലിന്  തണുത്തുറഞ്ഞ ഭാവമായിരുന്നു.കടലും ആകാശവും മാത്രം സാക്ഷിയായി അവയുടെ അതിര് തേടിപ്പറന്ന ഇണക്കിളികള്‍ തണുത്തുറഞ്ഞ മഞ്ഞ് പാളികളില്‍ തളര്‍ന്നു വീണു.

നദീം ഖാന്റെയും ഫരീദയുടെയും മൃദദേഹത്തെ അനുഗമിച്ചത് അജ്മല്‍ മാത്രമായിരുന്നു..

Previous articleഈശോയേ നമ:!!!
Next articleഒരു റോഡിന്റെ നൊമ്പരം
പ്രവാസത്തിന്റെ മുറിവുകളുമായി നീണ്ട ഇരുപതു വര്‍ഷങ്ങള്‍..നഷ്ടപ്പെട്ടത് പ്രിയപ്പെട്ട നാട്..ബാല്യകാല സുഹൃത്തുക്കള്‍ പ്രണയം.. എന്റെ മുറ്റത്ത് നിന്നു നോക്കിയാല്‍ കാണുന്ന മഞ്ഞു വീണ വയല്‍ വരമ്പിലെ പ്രഭാതങ്ങള്‍.. ചെറു തോട്ടിലെ പരല്‍ മീനുകള്‍.. മഴക്കാലത്തെ ഇരുണ്ട സന്ധ്യകള്‍ .. വയല്‍ക്കരയിലെ നിലാവ്.ഗൃഹാതുരത എന്നെ എന്തൊക്കെയോ കുത്തിക്കുറി ക്കുന്നവനാക്കി.ഞാനൊരു സാഹിത്യകാരനല്ല.എന്റെ നാടിനെ സ്നേഹിച്ച സാധാരണ നാട്ടുംബുറത്തു കാരന്‍.