ആത്മാവിൽ പൂത്ത ലില്ലികൾ (കഥ)

914

സാഗാ ജയിംസിന്റെ (Saga James) മനോഹരമായ കഥ

ആത്മാവിൽ പൂത്ത ലില്ലികൾ

ഭാരം തൂങ്ങിയ കൺപോളകൾ ആയാസത്തോടെ വലിച്ചു തുറക്കുമ്പോൾ അരണ്ട പ്രകാശം കണ്ണിലേക്ക് അരിച്ചെത്തി. നെറ്റിയിലെ വലിച്ചിലിൽ അസ്വസ്ഥതയോടെ വിരലമർത്തിയപ്പോൾ കൊടിഞ്ഞിയെ അടക്കാൻ ശലോമിയുടെ സ്നേഹം പച്ചമരുന്നു കൂട്ടായി നെറ്റിയിൽ പുരണ്ടത് ഓർമ്മ വന്നു.
എനിക്ക് സംഭവിച്ചതെന്താണെന്ന് ഓർത്തെടുക്കാൻ ശ്രമിക്കവേ ഒരീർച്ചവാൾ ഹൃദയത്തിന്റെ ആഴത്തിലേക്ക് പാഞ്ഞു പോയി.
ചാട്ടവാറടിയുടെ ശബ്ദത്തോടൊപ്പം ചുറ്റും ചിതറിത്തെറിക്കുന്ന മാംസത്തുണ്ടുകൾ….
“ഗുരോ…..”
ഒരു നിലവിളിയോടെ കണ്ണുകൾ ഇറുക്കിയടച്ച് ചാടിയെണീക്കുമ്പോൾ തൊണ്ടയിൽ കുരുങ്ങിയ ഗദ്ഗദത്തിൽ ശ്വാസം വിലങ്ങി.
മുന്നിൽ മുനിഞ്ഞു കത്തുന്ന കൽ വിളക്കിനടുത്തായി നൊമ്പരക്കടൽ ഉള്ളിലൊളുപ്പിച്ചൊരു സ്ത്രീരൂപം. ചേതനയറ്റതു പോലെ. അധികാര ഗർവ്വ് കൊത്തിപ്പറിച്ച പൊന്നോമന മകന്റെ ചേതനയറ്റ ശരീരം മടിയിൽ കിടത്തിയപ്പോഴുള്ള അതേ ഇരിപ്പ്.പതിയെ എണീറ്റ് ആ മടിയിൽ തല വച്ച് തേങ്ങുമ്പോൾ എന്റെ മുടിയിഴകളിലൂടെ നീങ്ങിയ വിരലുകളുടെ വിറയലിൽ അമ്മ മനസ്സിന്റെ വിങ്ങൽ ഞാനറിഞ്ഞു.

നെഞ്ചിൽ ഒരു നെരിപ്പോട് എരിയുന്നുണ്ടായിരുന്നു. നഷ്ടപ്പെടലിന്റെ കയ്പ്പ് നീര് കുടിച്ചിറക്കവേ ഓർമ്മകൾ പുറകിലേക്ക് ഒഴുകാൻ തുടങ്ങി.. അവനെനിക്കാരായിരുന്നു.?.
എല്ലാവരും അവരവർക്കു വേണ്ടി എന്നെ സ്നേഹിച്ചപ്പോൾ എന്നിലെ എനിക്ക് കാണാനാവാത്ത എന്നെ സ്നേഹിച്ചവൻ…എന്റെ ഗുരു…
സമ്പത്തും സൗന്ദര്യവും മത്തുപിടിപ്പിച്ചിരുന്ന നാളുകൾ…
ഏതൊരു പുരുഷനേയും വീഴ്ത്തുന്ന അംഗലാവണ്യമുള്ളവൾ മഗ്ദലനയിലെ മറിയം! അങ്ങനെയായിരുന്നല്ലോ അറിയപ്പെട്ടിരുന്നതു തന്നെ. അത് സത്യവുമായിരുന്നു.എന്റെ മിഴിയമ്പുകളേറ്റ് എന്റെ കിടക്കമേൽ തളർന്നുറങ്ങിയ പകൽ മാന്യൻമാരെത്രയെന്നറിയില്ലെനിക്ക്. എന്റെ കടാക്ഷമേൽക്കാത്ത ചില ഹതഭാഗ്യർ ചതിയുടെ വലവിരിച്ചപ്പോൾ എന്നോടൊപ്പം ശയിച്ചിരുന്ന പ്രമുഖനെ മാത്രം വെറുതെ വിടാൻ അവർ മറന്നില്ല.
കൂക്കി വിളിക്കാനും കല്ലെറിയാനും എന്നെ അറിഞ്ഞവരും ഉണ്ടായിരുന്നു. അവരെന്നെ ന്യായം വിധിക്കാൻ കൊണ്ടുപോയത് മേലാള വർഗ്ഗത്തിന്റെ പേടി സ്വപ്നമായിരുന്ന നസ്രായനായ യേശുവെന്ന വിപ്ലവ വീരനു മുന്നിൽ. അവനെ കണ്ടപ്പോൾ
അത്ഭുതത്താൽ എന്റെ മിഴികൾ തുറിച്ചു വന്നു

അത്രയും തേജസ്വിയായ ഒരു പുരുഷനെ ഞാനന്നു വരെ കണ്ടിട്ടില്ലായിരുന്നു. അവന്റെ സൗന്ദര്യത്തിൽ ഞാൻ ഭ്രമിച്ചു പോയിരുന്നു. അവന്റെ മിഴികളിലെ തീക്ഷ്ണതയെ എന്റെ മിഴികളിലെരിയുന്ന കാമത്താൽ ഞാൻ കോർത്തെടുക്കാൻ ശ്രമിച്ച നിമിഷത്തിലായിരുന്നല്ലോ വയസ്സനായ ഒറ്റ കൈയൻ ആചാര്യ പ്രമുഖനെറിഞ്ഞ കുശുമ്പിന്റെ മൂർച്ചയുള്ളൊരു കല്ല് എന്റെ മനോഹരമായ പുരികങ്ങൾക്കിടയിൽ ചോരയുടെ നീർച്ചാൽ സൃഷ്ടിച്ചത്.
“അരുത് ” എന്നൊരു താക്കീതിന്റെ സ്വരം ഇടിമുഴക്കം പോലെ കേൾക്കുമ്പോൾ തല പെരുത്ത വേദനയിൽ മുറിവാ പൊത്തിപ്പിടിക്കുകയായിരുന്നു ഞാൻ. അതു വരെ പുലഭ്യം പറയുകയായിരുന്ന പുരുഷാരം അല്പനേരത്തേക്ക് നിശബ്ദരായി.

” എന്തുകൊണ്ട് ”

കഴിഞ്ഞയാഴ്ച എന്നെ പ്രാപിച്ച പുരോഹിതനാണ് അത് ചോദിച്ചതെന്ന് ഞാൻ തിരിച്ചറിഞ്ഞു .എനിക്ക് എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിക്കാൻ തയ്യാറായവൻ. എന്റെ മനസ്സിൽ പുശ്ചം നിറയവേ വീണ്ടും അവന്റെ ഗാംഭീര്യമാർന്ന സ്വരം.
” നിങ്ങളിൽ പാപം ചെയ്യാത്തവർ ആരുണ്ട്? അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ഇവളെ കല്ലെറിയൂ”.

നെറ്റിയിൽ നിന്നും ചോര പുരണ്ട കൈകൾ മാറ്റി ഞാനവനെ നോക്കി. ആ കണ്ണുകളിലൊരു കരുണക്കടലിരമ്പുന്നുണ്ടായിരുന്നു. അതിലെ തിരമാലകൾ എന്നെ തഴുകാൻ തുടങ്ങിയപ്പോൾ ഞാനവന്റ പാദങ്ങളിൽ തളർന്നിരുന്നു. കണ്ണീരുകൊണ്ടു ഞാൻ ആ കരുണാമയന്റെ പാദങ്ങൾ കഴുകാൻ തുടങ്ങി. നീണ്ടു മനോഹരമായ എന്റെ മുടിയിഴകൾ നോവു കൊണ്ടെന്ന പോലെ അവനു ചുറ്റുമുള്ള പൂഴി മണ്ണിൽ ഏത്തമിട്ടു. അവനെന്നെ പിടിച്ചെണീൽപ്പിക്കുമ്പോൾ അധികാരത്തോടെ എന്ന വണ്ണം പറഞ്ഞു ” സ്ത്രീയേ നിന്റെ പാപം മോചിച്ചിരിക്കുന്നു.ഇനി മേലിൽ നീ പാപം ചെയ്യരുത്”.
അവനെന്നെ സ്പർശിച്ച മാത്രയിൽ എന്റെശിരസ്സു മുതൽ പാദം വരെ വിറപ്പിച്ചു കൊണ്ടൊരു മിന്നൽപ്പിണർ കടന്നു പോയി. അതിലെന്റെ ദുർഗുണങ്ങളെല്ലാം എരിഞ്ഞടങ്ങുന്നതു ഞാനറിഞ്ഞു. എന്നിലേയ്ക്ക് പെയ്തിറങ്ങിയ അവന്റെ സ്നേഹ മഴയിലൊലിച്ചവയെല്ലാം ഗലീലിയക്കടലിന്റെ ആഴത്തിലേക്ക് ഇനിയൊരിക്കലും പൊങ്ങി വരാനാവാത്ത വിധം ആഴ്ന്നിറങ്ങി.

സ്ഥലകാലബോധം വന്നപ്പോൾ ഞാൻ ചുറ്റും നോക്കി .ആൾക്കൂട്ടം പിരിഞ്ഞു പോയിരിക്കുന്നു.
ഞാനും അവനും മാത്രമായവിടെ. എന്റെ ഹൃദയത്തിന്റെ തന്ത്രികളിൽ അവന്റെ കരാംഗുലികൾ പതിയാൻ ഞാൻ കൊതിച്ചു. ഞാനവനോട് മൗനമായി യാചിച്ചു …പക്ഷേ അവനെന്നെ ശ്രദ്ധിക്കാതെ നിലത്തെ മണലിൽ എന്തോ എഴുതിക്കൊണ്ടിരുന്നു.

ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ എന്നിലെ മാറ്റങ്ങൾ ഞാൻ തിരിച്ചറിയുവാൻ തുടങ്ങിയിരുന്നു. അവന്റെ തീക്ഷണമായ നോട്ടത്തിൽ എരിഞ്ഞടങ്ങിയ എന്റെ കാമത്തിന്റെ ചാരത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയായി ഞാനുയിർത്തു.
കാമനകളുടെയും വിദ്വേഷത്തിന്റേയും നിഴലുകൾ പതിയാത്ത തെളിമയാർന്നൊരു നീരൊഴുക്കു പോലെയായിത്തീർന്നു എന്റെ മനസ്സ്.
ശിശിരം വസന്തത്തെ കാത്തിരിക്കുന്നതു പോലെ അവനെന്നെത്തേടി വരുമെന്നോർത്ത് ഞാൻ കാത്തിരുന്നു . പക്ഷേ അതുണ്ടായില്ല .പിന്നെപ്പഴോ ഗലീലിയിലെ കുന്നുകളിലും താഴ്വാരങ്ങളിലും പ്രകമ്പനം കൊള്ളുന്ന ആ ശബ്ദത്തിലേയ്ക്കെന്റ കാതുകൾ തുറന്നു പിടിച്ച് ,
അവനെ പിന്തുടരുവാൻ തീരുമാനിച്ചുറയ്ക്കുമ്പോൾ അവന്റെ വാക്കുകൾ എന്റെ ഹൃദയമിടുപ്പായി മാറുകയായിരുന്നു….
പതിയെപ്പതിയെ
എന്റെ ചിന്തകളുടെ തോണിയിലെ അമരക്കാരനും എന്റെ ആത്മാവിലേയ്ക്കൊഴുകിയെത്തിയ ദേവസംഗീതവുമായി മാറുകയായിരുന്നവൻ.

എന്റെ ദൈവമേ….
ഭൂമി ആകാശത്തോട് പടവെട്ടിയ ,സർവ്വവും നിശ്ചലമായതായി തോന്നിയ ഇന്നലത്തെ ആ ഇരുണ്ട വെള്ളിയാഴ്ചയിലെ, ഇനി ഒരിക്കലും എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത രോദനങ്ങളും ചോരപ്പാടുകളും ഞാനെവിടെ ഒളിപ്പിക്കും?

ആയുധമണിഞ്ഞ ലോകത്തെ നേരിട്ട ധീരനായ പുരുഷൻ .സ്നേഹവും ത്യാഗവും ഹൃദയത്തിൽ തുന്നിച്ചേർത്ത ഏത് മനുഷ്യനാണ് തൽക്കാലത്തേയ്‌ക്കെങ്കിലും തോൽപ്പിക്കപ്പെടാത്തത്?
തിരസ്ക്കരണത്തിന്റെ നോവേറ്റിട്ടും എനിക്കായി മുറിയപ്പെട്ട സ്നേഹം!
മരണം പച്ചമാംസത്തിൽ താണ്ഡവമാടുമ്പോഴും ഹൃദയത്തിൽ ക്ഷമയുടെയും ത്യാഗത്തിനേറെയും കൂട്ടൊരുക്കിയവൻ. ജീവന്റെ അവസാന തുള്ളിയിലൂടെ ശത്രുവിന് കാഴ്ച പകർന്നവൻ….

അടക്കിപ്പിടിച്ചിട്ടും പുറത്തു വന്നൊരു നോവിന്റെ പാരമ്യതയിൽ ഓർമ്മകൾ ചിതറിത്തെറിക്കാതെ ചേർത്തു പിടിച്ചു കൊണ്ടെണീക്കുമ്പോൾ അമ്മയെന്നെയൊന്ന് നോക്കി.ഹൃദയ വ്യഥയിൽ കൊളുത്തിയ ആ നോട്ടവുമായി സ്നേഹം കൊണ്ട് വെറുപ്പിനെ കീഴടക്കിയവന്റെ കല്ലറയിലേക്ക് ഞാൻ നടന്നു. തീരാനഷ്ടങ്ങളുടെ രണ്ടാം രാവിന്റെ അന്ത്യയാമത്തിലെ ഇരുൾ മറ നീക്കി നിലാവെനിക്ക് വഴി കാട്ടുമ്പോൾ, അവന്റടുത്തേയ്ക്കെത്താനുള്ള വ്യഗ്രതയിൽ നടത്തത്തിന് വേഗം പോരെന്ന് ഞാനെന്നോടു തന്നെ അരിശപ്പെട്ടു. ഒലിവ് മരങ്ങൾ അതിരിട്ട
തോട്ടത്തിനുള്ളിലെ കല്ലറയ്ക്കലേക്ക് പ്രഭാതത്തെ പ്രതീക്ഷിച്ചിരിക്കുന്ന നിദ്രാവിഹീനമായൊരാത്മാവുമായി ഞാനോടിക്കയറി. പക്ഷേ ശൂന്യമായ കല്ലറയിൽ ഗുരുവിനെ കാണാനാവാതെ പൊട്ടിക്കരയാനേ എനിക്കു കഴിയുമായിരുന്നുള്ളൂ എന്നന്നേക്കുമായി അവനെ നഷ്ടപ്പെട്ടുവെന്നോർത്ത് ഞാൻ തളർന്നിരുന്നു.. കൊടുംകാറ്റിന്റെ ഹുങ്കാരവത്തിലെന്റെ രോദനം മറഞ്ഞു പോയിരുന്നു.
പെട്ടന്നായിരുന്നു പ്രകൃതി നിശ്ചലമായത്. നിലാവെളിച്ചത്തിന്റെ തീവ്രത വർദ്ധിച്ചു. ഒരിളം തെന്നലെന്നെ ചേർത്തണച്ചു ചെവിയിൽ മന്ത്രിച്ചു ” മറിയം .. ”
യുഗങ്ങൾ കഴിഞ്ഞെന്നാലും ഞാൻ തിരിച്ചറിയുന്ന ആ സ്നേഹ സ്വരം..

” എന്റെ ഗുരോ “.. ഞാൻ ചാടിയെണീറ്റ് നിലവിളിച്ചു.

മുന്നിൽ ശുഭ്രവസ്ത്രധാരിയായി സൂര്യതേജസ്സോടെ എന്റെ നാഥൻ. വർദ്ധിച്ചു വന്ന സന്തോഷത്താൽ ഞാനവനെ സ്പർശിക്കാൻ കൊതിച്ചു. എന്റെ മനസ്സറിഞ്ഞതുപോലവൻ പറഞ്ഞു ” അരുത് മറിയം. ഞാൻ നിത്യതയിലേയ്ക്കുള്ള യാത്രയിലാണ് .ഞാൻ തിരികെ വരും. കാത്തിരിക്കുക ” മൂടൽ മഞ്ഞിന്റെ അവ്യക്തതയിലേക്ക് ഒരു പ്രഭാത നക്ഷത്രം പോലെയകന്ന് പോകുന്ന അവനെ നോക്കി നിൽക്കേ.. നോവടക്കിപ്പിടിച്ചു വിതുമ്പുന്ന മനസ്സിലേക്ക് അവൻ തഴുകി അയച്ചൊരു ഹിമകണം പൊഴിഞ്ഞു വീണു . ഗുരുവിന്റെ പാദസ്പർശനമേൽക്കുന്ന വഴിത്താരയിലൊക്കെ സമാധാനത്തിന്റെ ലില്ലിപ്പൂവുകൾ വിടരുന്നതു ഞാൻ കണ്ടു.
അവന്റെ ആത്മാവിനെ തൊട്ടെടുത്തെന്റെ ജീവനിൽ പതിപ്പിക്കുവാനെന്നവണ്ണം
മനസ്സിൽ ശാന്തി പകർന്നും കൊണ്ട് അവയെന്റ ചുറ്റിലും ഒരു വസന്തം തീർക്കുന്നുണ്ടായിരുന്നു.

======

Previous articleഹൊ ! എംപി ആയാൽ എന്തൊരു സുഖമാ
Next articleഇങ്ങനെയും ചില രാഷ്ട്രീയക്കാരുണ്ട്…
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.