പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം പി.എസ്.സി ഓഫീസിനു മുന്നിൽ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് അതുൽ.പി എഴുതിയ രസകരമായ കുറിപ്പ്

—————-

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനെതിരെ 1947നു മുൻപുള്ള 10 ഫേസ്ബുക്ക് ന്യായവാദങ്ങൾ

1. ഇന്ത്യക്കാർക്ക് ഭരണപരിചയമില്ല. ലോകം മുഴുവൻ ഭരിച്ച ബ്രിട്ടീഷുകാരുടെ ഭരണവൈഭവത്തോട് ഇന്നേവരെ ഇന്ത്യ എന്നു പറഞ്ഞ മുഴുവൻ ടെറിട്ടറി ഭരിക്കാത്ത ഇന്ത്യക്കാരുടെ ‘വൈഭവം ‘ താരതമ്യം ചെയ്യാനാവില്ല. വീണ്ടും നാട്ടുരാജ്യങ്ങളായി ഇന്ത്യ ചിതറിപ്പോവും. വെള്ളവസ്ത്രമുടുത്ത് വഴിയിലിറങ്ങി ഭജന പാടിയാൽ നടക്കുന്ന പരിപാടിയല്ല ഇതൊന്നും. കഴിവ് വേണം.

2. ഇന്ത്യക്കാർക്ക് വിദ്യാഭ്യാസമില്ല. ഭരണസംബന്ധിയായ കാര്യങ്ങൾ ഉപ്പുകുറുക്കുമ്പോലെ ലളിതമല്ല. അണക്കെട്ട് കെട്ടണം, റോഡുണ്ടാക്കണം, യുദ്ധം ചെയ്യേണ്ടിവരും, വിദ്യഭ്യാസം, ആശുപത്രി എന്നിവ കൈകാര്യം ചെയ്യണം. നിലവിൽ ഇംഗ്ലീഷു വിദ്യാഭ്യാസം നേടിയവരുടെ എണ്ണം വെച്ച് അതു പ്രായോഗികമല്ല.

3.ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യം വേണ്ട. ഇന്ത്യയിൽ സ്വാതന്ത്ര്യം ഒരു ന്യൂനപക്ഷാവശ്യം മാത്രമാണ്. 10% പേരെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തുള്ളൂ. ബാക്കിപ്പേർ ബ്രിട്ടനൊപ്പമാണ്. ആർ എസ് എസ്, ഹിന്ദു മഹാസഭാ, ജമാഅത് ഇസ്ലാമി പോലെ എത്രയോ സംഘടനകൾ സ്വാതന്ത്ര്യം ആവശ്യപ്പെടാതെ പ്രവർത്തിക്കുന്നുണ്ട്. ചില സംഘടനകൾക്ക് മാത്രമേ ബ്രിട്ടീഷുകാർ ഉള്ളതുകൊണ്ട് സ്വാതന്ത്ര്യകുറവ് തോന്നുന്നുള്ളൂ

4. സമരാവശ്യത്തിൽ വ്യക്തത ഇല്ല. സമരക്കാർ പല സന്ദർഭങ്ങളിൽ പലതാണ് ആവശ്യപ്പെടുന്നത്. ചിലപ്പോൾ ഉപ്പിന്റെ നികുതി, ചിലപ്പോൾ വിദേശവസ്ത്ര ബഹിഷ്കരണം, ചിലപ്പോൾ സമരക്കാരെ പുറത്തുവിടൽ. എന്തെങ്കിലും പറഞ്ഞു സമരം ചെയ്തുകൊണ്ടേയിരിക്കുക എന്നതാണ് ശീലം. സ്വാതന്ത്ര്യ സമരം തുടങ്ങിക്കുടുങ്ങിയ ഏർപ്പാടാണ്.

5. ഇന്ത്യയുടെ ശരാശരി ആയുർദൈർഘ്യം 28 ആണ്. ഇന്ത്യക്കാരന്റെ ശരാശരി പ്രായം 28. 28 വയസ്സ് ഭരണം കൈകാര്യം ചെയ്യാനുള്ള പക്വത വരുന്ന പ്രായമല്ല. അതിന് ഇരുത്തം വരണം. മാത്രമല്ല ഭാര്യ, മക്കൾ അത്തരം ഉത്തരവാദിത്തങ്ങൾ ഉള്ള പ്രായവുമാണ്. അതിനാൽ ഏറെ ഇന്ത്യക്കാരും ഭരിക്കാൻ പറ്റാത്തവരാണ്

6.ലോകമഹായുദ്ധങ്ങൾ, അന്താരാഷ്ട്ര നയതന്ത്രം. രണ്ടു ലോകമഹായുദ്ധങ്ങൾ നാം കണ്ടതാണ്. നിലവിൽ ഒരു ആറ്റം ബോംബു പോലും ഇന്ത്യയുടെ കൈയ്യിലില്ല. ‘വരിക വരിക സഹജരെ ‘ എന്നു പാടിയാൽ യുദ്ധം ജയിക്കില്ല. അതിന് ബോംബ് വേണം. ബ്രിട്ടനെ പറഞ്ഞുവിട്ടാൽ അവരും സഹായിക്കില്ല. ഇന്ത്യക്ക് ജപ്പാനോടുപോലും പിടിച്ചു നിൽക്കാനാവില്ല. അന്താരാഷ്ട്രീയമായി നയതന്ത്രം കൈകാര്യം ചെയ്യാൻ ബ്രിട്ടീഷുകാർ ഭരിക്കുന്നതാണ് നല്ലത്. അവർക്ക് എല്ലായിടത്തും കോളനി ഉണ്ടാക്കി പരിചയമുണ്ട്. ഒരു പരിചയവുമില്ലാത്ത ഒരു കോൺഗ്രെസ്സുകാരനെക്കാൾ അവർക്ക് വിശ്വാസം ബ്രിട്ടീഷ് രാജ്ഞിയെ ആയിരിക്കും

7. ഇന്ത്യക്കാർക്ക് പരസ്പരം ബഹുമാനമില്ല. മദ്രാസുകാരന് ഒരു പഞ്ചാബുകാരനെ ബഹുമാനമില്ല. ബംഗാളിക്ക് മറാത്തിയെ ബഹുമാനമില്ല. പരസ്പര ബഹുമാനമില്ലെങ്കിൽ തീരുമാനമെടുക്കാനാവില്ല. അതുകൊണ്ട് എല്ലാവർക്കും ബഹുമാനമുള്ള ബ്രിട്ടീഷുകാർക്കെ ഇന്ത്യയെ ഭരിക്കാനാവു.

8. നമുക്ക് പരിഷ്‌കാരമുണ്ടാവില്ല. നമ്മുടെ വിദ്യാഭ്യാസം, വസ്ത്രധാരണം, ഭക്ഷണം ഇവയൊക്കെ പരിഷ്കരിച്ചത് വെള്ളക്കാരാണ്. തിരിച്ചു കോണകമുണ്ടാക്കാനാണ് വിദേശ വസ്ത്ര ബഹിഷ്കരണക്കാർ പറയുന്നത്. കുരങ്ങൻ മനുഷ്യനാവുമ്പോലെ, മനുഷ്യൻ തിരിച്ചു കുരങ്ങനാവാറില്ല.

9. സ്വാതന്ത്ര്യം സമരം നയിക്കുന്നവർ പഠിച്ചിട്ടുള്ളത് ഇംഗ്ലണ്ടിൽ. അവരെല്ലാം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരാണ്. ഇപ്പോ ഇംഗ്ലീഷുകാർ പോണമെന്നു പറയുന്നു. ഇതു ഇരട്ടത്തപ്പാണ്. മര്യാദകേടാണ്. വരും തലമുറയോടുള്ള വഞ്ചനയാണ്. ഇവരെ പരസ്യ വിചാരണ ചെയ്യണം

10. ഷമ്മി ഹീറോയാടാ ഹീറോ

വാൽക്കഷ്ണം : ഈ വാദങ്ങൾ ഖണ്ഡിക്കാൻ ഉപ്പുകുറുക്കുന്നവരെയും, വിദ്യാഭ്യാസം മുടക്കികളെയും കമന്റ് ബോക്സിലേക്ക് ക്ഷണിക്കുന്നു. I am waiting

FB > Athul P
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.