കബിലനും ഏകലവ്യനും വംശപരമ്പരകളും

0
233

Athul Vijay

കബിലനും ഏകലവ്യനും വംശപരമ്പരകളും..

ഗംഭീരമായ ഒരു സ്പോർട്സ് ഡ്രാമ എന്നതിലുപരി സർപ്പാട്ടയെ മികവുറ്റതാക്കുന്നത് മുൻപേയുള്ള ചിത്രങ്ങളിലെല്ലാമെന്നതു പോലെ പാ രഞ്ജിത്ത് വ്യക്തമായി അടയാളപ്പെടുത്തുന്ന രാഷ്ട്രീയങ്ങൾ കൂടെയാണ്.
.
ഒരു സമൂഹത്തിൽ ജാതി വ്യവസ്ഥകളും വംശപരമ്പരകളുമുടലെടുക്കുന്നത് എങ്ങനെയെന്ന് തൻ്റേതായ ഒരു യൂണിവേഴ്സ് സൃഷ്ടിച്ചു കൊണ്ട് എഴുപതുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹം കൃത്യമായി പറഞ്ഞു വെക്കുന്നു.
അതിനായി കബിലൻ- രംഗൻ വാധ്യാർ ബന്ധത്തിൽ ഒരു ഏകലവ്യ- ദ്രോണാചാര്യ റഫറൻസ് കൊണ്ടു വന്നിട്ടുള്ളത് പരോക്ഷമായി വായിച്ചെടുക്കാം.
May be an image of 6 people and people standing.
മഹാഭാരതത്തിൽ അർജുനനെക്കാൾ കഴിവ് തെളിയിക്കുമ്പോൾ ദ്രോണാചാര്യർ ഗുരുദക്ഷിണയായി ഏകലവ്യൻ്റെ തള്ള വിരലറുത്തത് പാണ്ഡവരെക്കാൾ മികച്ചതായി അന്യ വംശത്തിൽ നിന്ന് ഒരാളുണ്ടാകരുതെന്നതിനാലാണ്.

സർപ്പാട്ടയിൽ കബിലൻ തൻ്റെ വരവറിയിക്കുന്നത് രാമനെ നിലംപരിശമാക്കി കൊണ്ടാണ്. രംഗ വാധ്യാരുടെ ശിഷ്യനാണ് താനെന്നു വിളിച്ചു പറഞ്ഞാണ് കബിലൻ തൻ്റെ വിജയം ആഘോഷിക്കുന്നത്. പാരമ്പര്യത്തെക്കാൾ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന ഗുരുവാണ് താനെന്ന് തൻ്റെ മകന് പകരം രാമനെ തിരഞ്ഞെടുത്തപ്പോഴേ രംഗ വാധ്യാർ തെളിയിച്ചിരുന്നു.
.
കബിലൻ്റെ പിതാവിനെ അടിമയാക്കാൻ കഴിയാതെ പോയ മുനുസ്വാമിയുടെ അതേ കുടിപ്പക തന്നെയാണ് തനിഗയ്ക്ക് കബിലനോടുമുണ്ടായിരുന്നത്. രാമായണവും മഹാഭാരതവുമെല്ലാം തിരുത്തി വായിക്കപ്പെടേണ്ടതുണ്ടെന്നും ജാതി വെറികൾ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നും പാ രഞ്ജിത്ത് വീണ്ടും ഒരു കലാസൃഷ്ടിയിലൂടെ ഉദ്ബോധനം ചെയ്യുന്നു.ഇതോടൊപ്പം അടിയന്തരാവസ്ഥയും തമിഴകത്തിൻ്റെ ചരിത്രവും ദ്രാവിഡ രാഷ്ട്രീയവുമെല്ലാം ചിത്രം പ്രതിപാദിച്ചു പോകുന്നുണ്ട്.
.
ഇടയ്ക്കിടെ ഫ്രെയിമിൽ വന്നു പോകുന്ന ബുദ്ധനും അംബേദ്കറും പെരിയാറുമെല്ലാം അടിച്ചമർത്തപ്പെടുന്നവർക്കു വേണ്ടിയുള്ള ശബ്ദവും പ്രതീകവുമാണ്. ബ്ലാക്ക് ടൗണിൽ നിന്ന് വരുന്ന കബിലൻ്റെ ജയം താഴേക്കിടയിലുള്ള ജനതയുടെ വിജയമായി മാറുന്നു. മാരിയമ്മയ്ക്കായ് വാങ്ങിച്ചു കൊണ്ടു വരുന്ന ബീഫ് ബിരിയാണി പോലും സംവിധായകൻ്റെ പ്രതിഷേധ സ്വരമാണ്.

സർപ്പാട്ട പരമ്പര എന്നത് ആര്യ- ദ്രാവിഡ ചരിത്രത്തെ കൂടെ പറയാതെ തന്നെ അടയാളപ്പെടുത്തുന്നതായി വായിച്ചെടുക്കാം. ഇവിടെ സർപ്പാട്ട പരമ്പരയുടെ അഭിമാനം കാക്കാനെത്തുന്ന കബിലനെ അവതരിപ്പിച്ചത് ‘ആര്യ’ ആയതും വെറും യാദൃശ്ചികതയായിരിക്കുമെന്ന് തോന്നുന്നില്ല.
‘ആമേനു’മായി ചില സാമ്യതകൾ തോന്നുന്ന ചിത്രം മില്യൺ ഡോളർ ബേബിക്ക് ശേഷം ഞാൻ കണ്ടതിൽ ഏറ്റവും മികച്ച സ്പോർട്സ് മൂവിയാണ്.
.
ഡാൻസിങ് റോസ്, ബീഡി രായപ്പൻ, കെവിൻ തുടങ്ങി എല്ലാ കഥാപാത്രങ്ങളും മനുഷ്യരാണെന്നും അവർക്കൊക്കെയും കഥകളുണ്ടെന്നും തെളിയിക്കുന്ന, ഓരോ കഥാപാത്രത്തിനും വ്യക്തമായ ആഴവും പരപ്പും ഡീറ്റെയ്ലിങ്ങും നൽകിയിട്ടുള്ള, ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിൻ്റെ നട്ടെല്ല്. അതിനോടൊപ്പം വിട്ടുവീഴ്ചയില്ലാത്ത മേക്കിങ് ക്വാളിറ്റിയും സന്തോഷ് നാരായണൻ്റെ സംഗീതവും ആര്യയുടെ ഡെഡിക്കേഷനും പശുപതി, ജോൺ വിജയ് തുടങ്ങി ഫ്രെയിമിൽ വരുന്നവരുടെയെല്ലാം പകരം വെക്കാനില്ലാത്ത പ്രകടനങ്ങൾ കൂടെ ചേരുമ്പോൾ നല്ലൊരു റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ കൂടെയായി സർപ്പാട്ട മാറുന്നു.