ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ നെല്ലീ വംശഹത്യ

0
661

ഗുജറാത്തിന് മുമ്പ് മുസ്ലീങ്ങളെ വംശീയമായി ഇല്ലാതാക്കാന്‍ നടത്തിയ ശ്രമമാണ് അസമിൽ നടന്നത്.
Sreejith Divakaran എഴുതുന്നു 
Sreejith Divakaran
Sreejith Divakaran

നെല്ലീ വംശഹത്യ എന്ന് നമുക്ക് സുപരിതമായ ഒന്നേയല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ്. ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ വംശഹത്യ. 1983 ലായിരുന്നു അത്. ഔദ്യോഗിക മരണ സംഖ്യ 3000ത്തോളമാണ്. അസമിലെ നാഗാവ് ജില്ലയിലെ 14 ഗ്രാമങ്ങളിലാണ് ബംഗാള്‍ വേരുകളുള്ള, ബ്രിട്ടീഷ് കാലം മുതല്‍ അവിടത്തെ പൗരരായ മനുഷ്യരുടെ പിന്‍തലമുറക്കാരെ കൊന്നുതള്ളി എ.എ.എസ്.യു എന്നറിയപ്പെടുന്ന ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലുള്ള ക്രിമിനലുകളും അവരെ പിന്തുണയ്ക്കുന്നവരും അഴിഞ്ഞാടിയത്. 1967-ല്‍ അസമിലെ സ്വദേശി ജനതയ്ക്ക് സംരക്ഷണം നല്‍കണമെന്നും കുടിയേറ്റക്കാരായ വിദേശികളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ആരംഭിച്ചതാണ് എ.എ.എസ്.യു. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കളെ അടക്കം പുറത്താക്കണമെന്നായിരുന്നു ഇവരുടെ ആദ്യ വാദമെങ്കിലും ലക്ഷ്യം മുസ്ലിങ്ങള്‍ മാത്രമായി. 1979-ന് ശേഷം തുടര്‍ച്ചയായി അസമില്‍ അവര്‍ മുസ്ലിങ്ങളെ കൊന്നൊടുക്കി. 83-ലെ നല്ലി വംശഹത്യയ്ക്ക് ശേഷം നമ്മള്‍ പ്രതീക്ഷിക്കുന്ന സ്വഭാവിക നീതിയല്ല സംഭവിച്ചത്. ഇരകള്‍ക്ക് വേണ്ടിയല്ല, വംശഹത്യയുടെ നടത്തിപ്പുകാര്‍ക്ക് വേണ്ടിയാണ് ഭരണകൂടം നിലനിന്നത്. 1971 മാര്‍ച്ച 25ന് മുമ്പ് അസമില്‍ ഉണ്ടായിരുന്നതായി രേഖയില്ലാത്ത എല്ലാവരേയും ബംഗ്ലാദേശ് കുടിയേറ്റക്കാരായി കണക്കാക്കാമെന്ന കരാറിലേയ്ക്ക് കേന്ദ്രസര്‍ക്കാരും അസം സര്‍ക്കാരും എത്തിച്ചേര്‍ന്നു. എ.എ.എസ്.യു വിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും രൂപപ്പെട്ടിരുന്നു- അസം ഗണപരിഷദ്. പ്രഫുല്‍കുമാര്‍ മൊഹന്തയുടെ നേതൃത്വത്തില്‍.

Image result for nellie massacre**
അനൗദ്യോഗികമായി പതിനായിരത്തോളം മുസ്ലീങ്ങളും ഔദ്യോഗികമായി മൂവായിരത്തോളം മുസ്ലീങ്ങളും കൊല്ലപ്പെട്ട നെല്ലി വംശഹത്യ കേസില്‍ ഇന്നേവരെ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ ശിക്ഷാഭയമില്ലായ്മ എത്രയോ തുടര്‍ കൊലപാതകങ്ങള്‍ക്ക് അക്രമകാരികളെ പ്രേരിപ്പിച്ചു. 2014 മേയില്‍ ഖാഗ്രബാരി ഗ്രാമത്തില്‍-മാനസ് നാഷണല്‍ പാര്‍ക്കിനടുത്ത്- 20 കുട്ടികളടക്കം 38 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് വയസുള്ള ഒരു കുഞ്ഞുള്‍പ്പെടെ. എത്ര ദേശീയമാധ്യമങ്ങള്‍ ഇത് ഒറ്റക്കോളം വാര്‍ത്തയാണെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഗുജറാത്തിന് മുമ്പ് മുസ്ലീങ്ങളെ വംശീയമായി ഇല്ലാതാക്കാന്‍ നടത്തിയ ശ്രമമാണ് അസം. അതിന്റെ തുടര്‍ച്ചയാണിത്. അസമിലെ ആദ്യവനിത മുഖ്യമന്ത്രിയും 30 വര്‍ഷം സൈനിക സേവനം നടത്തിയയാളും അനധികൃത കുടിയേറ്റ പട്ടികയില്‍ ഉള്‍പ്പെട്ടത് യാദൃശ്ചികമല്ല.

Image result for nellie massacreമിയാകള്‍ എന്ന് അവര്‍ വംശവെറിയോടെ വിളിക്കുന്ന ഈ മുസ്ലിം ജനതയില്‍ ഭൂരിപക്ഷവും അതി ദരിദ്രരും ചാര്‍ എന്ന് വിളിക്കുന്ന ചെറുദ്വീപുകളില്‍ താമസിക്കുന്നവരുമാണ്. ബ്രഹ്മപുത്രയ്ക്കുള്ളിലുള്ള ഈ മണല്‍തിട്ടകള്‍ മെയിന്‍ലാന്‍ഡ് എന്നറിപ്പെടുന്ന അസമിലെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവര്‍ താമസിക്കുന്ന ഇടങ്ങളിലുള്ളവരുടെ കണ്ണില്‍ പെടാത്ത ഇടങ്ങളാണ്. മത്സബന്ധനം മുഖ്യതൊഴിലായിട്ടുള്ള ഇവര്‍ വെള്ളപ്പൊക്കം വര്‍ദ്ധിക്കുന്ന കാലത്തേ മെയ്ന്‍ലാന്‍ഡിലേയ്ക്ക് താമസം മാറ്റൂ. അപ്പോള്‍ ഇവര്‍ ഭൂമിയില്‍ പെട്ടന്ന് പൊട്ടിമുളഞ്ഞ കുടിയേറ്റക്കാരാണ് എന്ന മട്ടില്‍ മെയിന്‍ലാന്‍ഡ് നിവാസികള്‍ നോക്കാനാരംഭിക്കും. അതുകൊണ്ട് തന്നെ ദേശീയ പൗരത്വപട്ടികയില്‍ ആദ്യം മുതലേ ‘ചാര്‍’ നിവാസികളെല്ലാം ‘ഡി-ഡൗട്ട്ഫുള്‍’ പട്ടികയിലാണ്.

40 ലക്ഷത്തിലധികം മനുഷ്യരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തില്‍ പാതിവിജയിച്ച് അതിഹൈന്ദവത പാഞ്ചജന്യം മുഴക്കുമ്പോള്‍ ആ ആകാശവാണി ജേര്‍ണലിസ്റ്റ് കൂടെ കൊലവിളിക്കുന്നത് സ്വാഭാവികമാണ്. ഗുജറാത്തിലോ അസമിലോ ആയിരുന്നുവെങ്കില്‍ ഇവറ്റകളെ കൊന്നുതള്ളാമായിരുന്നു, ചോരകുടിക്കാമായിരുന്നു എന്നുള്ള സങ്കടമേ മനസിലുണ്ടാവുകയുള്ളൂ. ചരിത്രം അറിയാതെയാകില്ല. അറിഞ്ഞു തന്നെയാകും പ്രതികരണം.

Related image