Muralee Thummarukudy

ഒളിച്ചോടുന്ന പ്രണയം!

തൃശൂരിൽ നിന്നും രാവിലെ വന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്, ‘ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ മാത്രം.’

വൈകിട്ടായപ്പോഴേക്കും സ്ഥിതി മാറി.

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എല്ലാവരെയും പൊലീസ് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് ഏഴു പെണ്‍കുട്ടികളെന്നും പൊലീസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും (ഏഴിൽ ആറും).

ഞെട്ടൽ മാറുന്നു.

ന്യായമായ കാര്യമാണ്. സ്ത്രീയും പുരുഷനും പരിചയപ്പെടുന്നു. പ്രണയത്തിലാകുന്നു. ഒരുമിച്ചു പോകുന്നു. വീട്ടുകാരോട് പറഞ്ഞാൽ അടിപിടിയും വീട്ടുതടങ്കലും ഉണ്ടാകില്ല എന്നുറപ്പുണ്ടായിരുന്നെങ്കിൽ അവർ പറഞ്ഞിട്ട് പോയേനെ. അതിനുള്ള സ്വാതന്ത്ര്യമോ വിശ്വാസമോ ഇല്ലാത്തത് കൊണ്ട് ഇത് പോലീസ്‌ കേസായി.

‘പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പൊലീസിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.’

വീണ്ടും ഞെട്ടുന്നു.

എന്തിനാണ് ജാഗ്രത പാലിക്കണ്ടത്? പ്രായപൂർത്തിയായവർ പ്രണയിക്കാതിരിക്കാനോ?

വാസ്തവത്തിൽ നമ്മുടെ സമൂഹത്തിൽ പ്രണയമെന്ന വിഷയത്തിൽ അല്പം ബോധവൽക്കരണം ആവശ്യമാണ്. എന്താണീ പ്രണയം? പ്രണയിക്കാൻ പോകുന്നവരുടെ അവകാശങ്ങളും ഉത്തരവാദിത്തവും എന്താണ്? പ്രായപൂർത്തിയവർ പ്രണയിക്കുന്നതിനെ എതിരിട്ടാൽ ഏതെല്ലാം കേസുകളാണ് നേരിടേണ്ടി വരുന്നത്? പ്രണയിച്ചതിൻറെ പേരിൽ ഭീഷണിയോ പീഡനമോ നേരിട്ടാൽ എന്ത് നിയമസഹായമാണ് പ്രണയിക്കുന്നവർക്ക് ലഭിക്കുന്നത്? ഏത് പ്രായത്തിലാണ് പ്രണയത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിയമപരമായി അവകാശമുള്ളത്? പ്രണയം പാളിയാൽ പെട്രോളും പീഡനവുമാകാതെ എങ്ങനെ ശ്രദ്ധിക്കാം? ഇക്കാര്യങ്ങൾ പ്രണയിക്കുന്നവർ മാത്രമല്ല അവരുടെ അച്ഛനും അമ്മയും ആങ്ങളമാരും സദാചാര പോലീസും ശരാശരി പോലീസും അറിഞ്ഞിരിക്കേണ്ടതാണ്.

പ്രണയിച്ചതിൻറെ പേരിൽ കുഴപ്പത്തിലാകുന്നവർക്ക് വിളിക്കാനും സഹായം അഭ്യർത്ഥിക്കാനുമായി നമ്മുടെ പോലീസ് ഒരു ‘പ്രണയം ഹോട്ട് ലൈൻ’ ഉണ്ടാക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം, വീട്ടുകാരോട് പറയാതെ പ്രണയിച്ച് വീടു വിട്ടുപോകുന്നവർ ഈ നന്പറിൽ ഒന്നു വിളിച്ചു പറഞ്ഞാൽപ്പിന്നെ പോലീസിൽ പരാതി എത്തുന്പോൾ അവരുടെ ഫോൺ ലൊക്കേഷൻ അന്വേഷിച്ചു നടന്ന് പോലീസുകാർ ബുദ്ധിമുട്ടണ്ടല്ലോ.

പ്രണയങ്ങൾ വർദ്ധിക്കട്ടെ. സോഷ്യൽ മീഡിയ അതിൻറെ എണ്ണം കൂട്ടുന്നുവെങ്കിൽ അറേഞ്ച്ഡ് മാരേജ് എന്ന അനാചാരം പൊളിച്ചുകളയാൻ സഹായിക്കുന്ന സുക്കറണ്ണന് നന്ദി പറയുക.

മുരളി തുമ്മാരുകുടി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.