മുസ്ലിംങ്ങളെ “പാഠം പഠിപ്പിച്ച്'” ഹിന്ദു രാഷ്ട്രമുണ്ടാക്കി കഴിഞ്ഞാൽ ഇപ്പൊ ഹിന്ദുവാണെന്ന് അഹങ്കരിക്കുന്ന ഈഴവ സംഘമിത്രങ്ങളെ, അടുത്തത് നിങ്ങളാണ്

6529
ഫാസിസം എപ്പോഴും ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അവർ അവരുടെ മുഖ്യ ശത്രുക്കളെ ഇല്ലായ്മ ചെയ്തു ഒടുവിൽ തങ്ങളുടെ രാഷ്ട്രം സ്ഥാപിച്ചുകഴിഞ്ഞാൽ തങ്ങളിൽ തന്നെ ശത്രുക്കളെ തേടും. ഇപ്പോൾ സെമിറ്റിക് മതങ്ങളെയും കമ്മ്യൂണിസത്തെയും ശത്രുക്കളായി കാണുന്ന അവർ പിന്നീട് ഹിന്ദുയിസത്തിലെ ജാതീയതയെ സമർത്ഥമായി ഉപയോഗിച്ച് തുടങ്ങും.
എല്ലാ സീമകളും ലംഘിച്ചു കൊണ്ട് ചാതുർവർണ്യം നടമാടും. ഇപ്പൊത്തന്നെ ജാതീയത അതിന്റെ തനിക്കൊണം കാണിക്കാൻ വെമ്പി നിൽക്കുന്ന അവസ്ഥയാണ്. മഹാനായ അംബേദ്‌കർ വിഭാവനം ചെയ്ത ഭരണഘടന മാത്രമാണ് രക്ഷ. ഹിന്ദു എന്നാൽ സംഘ്പരിവാറുകാർ പറയുന്നപോലെ മഹത്തായ സംസ്കാരമൊന്നുമല്ല, അത് ജാതികളുടെ ഒരു കൂട്ടം മാത്രമാണ്. ഒരു ജാതിക്കാരന് മറ്റൊരു ജാതിക്കാരനെ കണ്ണെടുത്താൽ കണ്ടുകൂടാ. പുറമെ കാണിക്കുന്ന സൗഹാദ്ദം ഒന്നുമല്ല മനസ്സിൽ. ഒരിക്കലും ഏകീകരിക്കപ്പെടാത്ത രൂപമില്ലാത്ത ഒന്നാണ് ഹൈന്ദവത. അതിൽ നിന്നും അക്രമാസക്തതയെ ആവാഹിച്ചു ഹിന്ദുത്വ എന്നപേരിൽ ഇന്ത്യയെ കാർന്നു തിന്നുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ നിഷയുടെ ഈ കുറിപ്പിന് പ്രസക്തിയുണ്ട്.
Nisha Ponthathil എഴുതുന്നു 
ഈഴവ സമുദായത്തിൽപ്പെട്ട ആളാണ് ഞാൻ. വീട്ടിൽ ദൈവങ്ങൾക്കൊപ്പമാണ് ശ്രീ നാരായണ ഗുരുവിന്റെ ചിത്രം വച്ചിരുന്നത്. (അന്ന് മിക്ക ഈഴവ വീടുകളിലും ഗുരുവിന്റെ ചിത്രവും വചനങ്ങളും ഉണ്ടായിരുന്നു).
സന്ധ്യക്ക് ആ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ച്, സവർണ്ണ ജാതിക്കാർ അറയ്ക്കുന്ന മൃഗങ്ങളെപ്പോലെ ആട്ടിയകറ്റിയ ഈഴവർ അനുഭവിച്ച പീഡനത്തിന്റേയും വിവേചനത്തിന്റേയും കഥകളോടൊപ്പം അവർക്ക് മനുഷ്യൻ എന്ന പദവി നേടിയെടുക്കാൻ ഗുരു നടത്തിയ പോരാട്ടങ്ങളുടെ കഥകളും വിദ്യാഭ്യാസമില്ലാത്ത അമ്മമ്മ പറഞ്ഞു തരുമായിരുന്നു.
പിന്നീട്, മാറ്റിയ (മാറിയതല്ല) സാഹചര്യത്തോടൊപ്പം റിസർവേഷനും നേടിയപ്പോൾ ഈഴവരും വിദ്യാഭ്യാസം നേടി, പണവും പദവിയുമുണ്ടാക്കി. അവരിൽ ചരിത്രബോധമില്ലാത്തവർക്ക് മുൻതലമുറയുടെ ജീവിതം വെറും കെട്ട് കഥകളായതോടെ ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന ഗുരുവചനവും ഗുരുവും മിക്ക വീടുകളിൽ നിന്നും പുറത്താവുകയും വന്ന വഴി മറന്ന പുതു തലമുറയിൽ ചിലർ മോഡിക്ക് ജയ് വിളിക്കാനും തുടങ്ങി.
കടുത്ത ഭക്തരെപ്പോലും ഞെട്ടിക്കുന്ന വേഗത്തിലാണ് മോഡി സർക്കാർ അവര്ടെ അജണ്ടകൾ നടപ്പാക്കുന്നത്. മുസ്ലിംങ്ങളെ “പാഠം പഠിപ്പിച്ച്'” ഹിന്ദു രാഷ്ട്രമുണ്ടാക്കി കഴിഞ്ഞാൽ ഇപ്പൊ ഹിന്ദുവാണെന്ന് അഹങ്കരിക്കുന്ന ഈഴവ സംഘമിത്രങ്ങളെ, അടുത്തത് നിങ്ങളാണ്, നിങ്ങളെയവർ “ഇരുത്തേണ്ടിടത്ത് ഇരുത്തുന്ന” കാലം വിദൂരമല്ല. ഇന്ന് മനുഷ്യരേപ്പോലെ ജീവിക്കുന്നെങ്കിൽ ആ അവകാശം ആരും താലത്തിൽ വെച്ച് തന്നതല്ല, പോരാടി നേടിയതാണ്.