ഭാരത് മാതാ കീ ജയ് എന്ന വിളി ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ടൊരു കാലമുണ്ടായിട്ടില്ല, ലോക രാജ്യങ്ങൾ ഇന്ത്യയുടെ പുതിയകാല പ്രവണതകളിലേക്ക് സഹതാപത്തോടെ നോക്കിത്തുടങ്ങിയിരിക്കുന്നു.

118

 

ഇന്നത്തേതുപോലെ നാളെയും ഇവിടെ ജീവിക്കാനാകുമോ എന്ന് രാജ്യത്തെ മനുഷ്യർ ഓരോ ദിനവും ഇത്രമാത്രം ആശങ്കപ്പെട്ടൊരു ദശാബ്ദം അടുത്തെങ്ങുമുണ്ടായിട്ടില്ല. വർഗീയതയെക്കുറിച്ച് മുമ്പൊരിക്കലും നമ്മളിത്രയും വ്യാകുലപ്പെട്ടിട്ടില്ല. അസഹിഷ്ണുത ഇത്രകണ്ട് പെരുത്ത് അതിന്റെ പാരമ്യത്തിലെത്തിയിരുന്നില്ല. ഭക്ഷണത്തിൽ ഇത്ര വലിയ രാഷ്ട്രീയമുണ്ടായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. ആൾക്കൂട്ടം ആക്രോശത്തോടെ നീതി നടപ്പിലാക്കുമെന്നും ഭരണകൂടം നോക്കുകുത്തിയാകുമെന്നും ചിന്തിച്ചതേയില്ല.കലയും സാഹിത്യവും സ്വതന്ത്ര ചിന്തകളും ഇത്രയും സെൻസറിംഗിന് വിധേയമാക്കപ്പെട്ടൊരു കാലമുണ്ടായിട്ടില്ല.

ഒരു ദശാബ്ദം മുമ്പ് മതം പറയാൻ ഇന്ത്യൻ സമൂഹം ഇത്രയും ആസക്തരായിരുന്നില്ല, അഥവാ അങ്ങനെയായിരുന്നെങ്കിൽ കൂടി അതിന് അവസരമുണ്ടായിരുന്നില്ല. സ്വന്തം മതത്തിന്റെ നന്മയും അപര മതത്തിന്റെ തിന്മകളും മുമ്പൊരിക്കലും ഇത്രത്തോളം വേർതിരിച്ചു താലോലിച്ചിട്ടില്ല നമ്മൾ. ഒറ്റ മതം മാത്രമായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നുവെന്നും ഈ രാജ്യം അങ്ങനെയാക്കി മാറ്റാൻ അക്ഷീണം പ്രവർത്തിക്കേണ്ടതുണ്ടെന്നും ചിന്തിക്കാൻ ശീലിപ്പിച്ചത് ഈ ദശാബ്ദമാണ്.

നിരത്തിലിറങ്ങിയാൽ മതബിംബങ്ങളൊന്നും മുൻപിത്ര തെളിഞ്ഞു കണ്ടിരുന്നില്ല. ദൈവങ്ങളെയും ആരാധനാലയങ്ങളെയും വിശ്വാസങ്ങളെയും കുറേക്കൂടി മുറുകെപ്പിടിച്ച് പ്രദർശിപ്പിക്കത്തക്ക വിധത്തിൽ തെരുവിലേക്കിറക്കി നിർത്തിയിരിക്കുന്നു. കുങ്കുമ വർണം ത്യാഗത്തിന്റെയും ധീരതയുടെയും പ്രതിനിധാനമായിരുന്നു നമുക്ക്. ഇപ്പോഴത് ഭയത്തിന്റെയും ആശങ്കയുടെയും കൊടിയടയാളമാണ്. കണ്ണുകൾ മാത്രം പുറത്തു കാണിക്കുന്ന കറുത്ത വസ്ത്രങ്ങളുടെ അസ്വാതന്ത്ര്യത്തിന്റെ മതാഘോഷമാണ് തെരുവിലാകെ.

ഭാരത് മാതാ കീ ജയ് എന്ന വിളി ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ടൊരു കാലമുണ്ടായിട്ടില്ല. ലോക രാജ്യങ്ങൾ ഇന്ത്യയുടെ പുതിയകാല പ്രവണതകളിലേക്ക് സഹതാപത്തോടെ നോക്കിത്തുടങ്ങിയിരിക്കുന്നു. പത്താണ്ടു മുമ്പ് ഇവിടം സുന്ദര സുരഭിലമായിരുന്നുവെന്നല്ല പറഞ്ഞു വയ്ക്കുന്നത്, പക്ഷേ പത്താണ്ടു മുമ്പ് ഇന്ത്യ ഇങ്ങനെയൊന്നുമായിരുന്നില്ലെന്നത് ഒരു വസ്തുതയാണ്.