കുട്ടനാട്ടിലെ കായൽ കൃഷിയും കമ്യുണിസ്റ്റ് പാർട്ടിയും

വെള്ളാശേരി ജോസഫ്

ഈ വെള്ളപ്പൊക്കത്തിൻറ്റെ ദുരിതസമയത്തും പ്രത്യാശയുടെ കിരണങ്ങൾ ഉയരുന്നുണ്ട്. അത്തരത്തിലുള്ള പ്രത്യാശയുടെ ഒരു കിരണമായിട്ട് വേണം കേരളത്തിൻറ്റെ കൃഷിമന്ത്രി പ്രളയത്തിൽ മടവീണ തൃശൂർ കോൾ നിലങ്ങളെ വീണ്ടെടുക്കാൻ എ.കെ.മതിമോഹനൻറ്റെ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്തിയതിനെ കാണാൻ. കായൽരാജാവ് മുരിക്കൻറ്റെ സഹായിയായിരുന്ന എ.കെ.മതിമോഹനൻ കുട്ടനാടിൻറ്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ്. പ്രായം 73 ആയെങ്കിലും കുട്ടനാട്ടിലെ മടകെട്ടുജോലികളിൽ ഇപ്പോഴും സജീവം.

വെള്ളശേരി ജോസഫ്

മടകുത്തുന്നതിൽ എ.കെ.മതിമോഹനൻറ്റെ പരിചയ സമ്പത്ത് അറിഞ്ഞാണ് കഴിഞ്ഞ പ്രളയത്തിൽ മടവീണ തൃശൂർ കോൾ നിലങ്ങളെ വീണ്ടെടുക്കാൻ മന്ത്രി വി. എസ്.സുനിൽകുമാർ ഹെലികോപ്റ്റർ അയച്ചു കൊണ്ടുപോയത്. കഴിഞ്ഞ പ്രളയത്തിൽ മങ്കൊമ്പ് മൂലപൊങ്ങമ്പ്ര പാടത്തെ മട കുത്തിയതു കണ്ടാണ് കൃഷിമന്ത്രി തൃശൂരിലേക്ക് വിളിപ്പിക്കുന്നത്. സഹായിക്കാൻ പട്ടാളക്കാരും അവിടെയുള്ള ചെറുപ്പക്കാരും ഉണ്ടായിരുന്നു. ഒരു ലക്ഷം ചാക്കും 1400 ലോഡ് എംസാൻഡും ഉപയോഗിച്ചു. എൻജിനീയർമാർ 2 മാസം ആവശ്യപ്പെട്ട പണി 7 ദിവസം കൊണ്ട് പൂർത്തിയാക്കി ബണ്ടിലൂടെ ലോറിയോടിച്ചു കാണിച്ചു തന്നാണ് എ.കെ.മതിമോഹനൻ തൻറ്റെ ദൗത്യം പൂർത്തിയാക്കിയത്.

സമുദ്ര നിരപ്പിനും താഴെ, കായലിന് അതിരുകെട്ടിയാണ് കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ ഒരു നൂറ്റാണ്ടു മുമ്പ് കർഷകർ വിത്ത് വിതച്ചത്. മുരിക്കുംമൂട്ടിൽ തൊമ്മൻ ജോസഫ് എന്ന കായൽ രാജാവായിരുന്ന മുരിക്കൻ ജോസഫ് ആയിരുന്നു കുട്ടനാട്ടിൽ അങ്ങനെ കായൽ നികത്തി കൃഷി ചെയ്തിരുന്നവരിൽ ഏറ്റവും പ്രമുഖൻ. കുട്ടനാട്ടിലെ കാവാ‍ലം സ്വദേശിയായിരുന്ന ഇദ്ദേഹത്തിന് നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും ധാരാളം തൊഴിലാളികളും വള്ളങ്ങളും സംഭരണ ശാലകളുമടങ്ങുന്ന വിപുലമായ സം‌വിധാനം ഉണ്ടായിരുന്നു.

ഇന്ന് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയുടെ ഭാഗമായ നാഞ്ചിനാട് ആയിരുന്നു അതേവരെ തിരുവിതാംകൂറിൻറ്റെ നെല്ലറ എന്ന് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ വർദ്ധിച്ചുവരുന്ന ധാന്യാവശ്യം നിറവേറ്റപ്പെടുന്നതിന് മറ്റൊരു നെല്ലറകൂടി പടുത്തുയുർത്തേണ്ടതുണ്ട് എന്നും അതിന് ഏറ്റവും അനുയോജ്യം ജലസമൃദ്ധവും, ഫലഭൂയിഷ്ഠവുമായ കുട്ടനാടന്‍ പ്രദേശങ്ങളാണ് എന്നുമുള്ള തിരുവിതാംകൂര്‍ ഭരണാധികാരികളുടെ തിരിച്ചറിവാണ് കുട്ടനാടിനെ കേരളത്തിൻറ്റെ നെല്ലറ എന്ന വിളിപ്പേരിന് പിന്നീട് അർഹമാക്കിതീർത്തത്.

ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യപകുതിയിൽ രണ്ട് ലോകമഹായുദ്ധങ്ങൾ സൃഷ്ടിച്ച ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നല്‍കിയ പ്രേരണയാണ് കായല്‍നിലങ്ങളുടെ പിറവിക്കു പിന്നില്‍. കായല്‍ കുത്തിയെടുത്ത് നിലമാക്കാന്‍ നെഞ്ചുറപ്പുള്ളവര്‍ക്കെല്ലാം രാജാവ് കായല്‍ പതിച്ചു നല്‍കി. മങ്കൊമ്പുസ്വാമിമാര്‍, ചാലയില്‍ പണിക്കര്‍മാര്‍, കണ്ടക്കുടി, പുത്തന്‍പുരയില്‍, കളപ്പുരയ്ക്കല്‍, കൊച്ചുതറ, എട്ടുപറ, പുല്ലാത്തശ്ശേരി , മുരിക്കുംമൂട്ടില്‍, തുടങ്ങിയ കര്‍ഷക കുടുംബങ്ങളാണ് കായല്‍ കൃഷിയിലെ തുടക്കക്കാര്‍. കാവാലം വില്ലേജില്‍ ചാലയില്‍‌ തറവാട്ടില്‍ ഇരവി കേശവപ്പണിക്കര്‍ എന്ന ജന്മി, ചേന്നങ്കരി ആറ് കായലില്‍‌ പതിക്കുന്ന ആറ്റുമുഖത്ത് ചിറ കെട്ടി, കായല്‍ നികത്തലിന് തുടക്കം കുറിച്ചു. തുടർന്ന് പല കായൽ ഭാഗങ്ങളും നികത്തി കൃഷിസ്ഥലങ്ങളാക്കിയ അദ്ദേഹം, പുളിങ്കുന്നു വില്ലേജിലെ മതികായലോടെ തൻറ്റെ യജ്ഞം അവസാനിപ്പിച്ചു.

ആറായിരപ്പറ നിലങ്ങളായ റാണി (T ബ്ലോക്ക് 600 ഏക്കർ), മാർത്താണ്ഡം (S ബ്ലോക്ക് 652 ഏക്കർ), ഒൻപതിനായിരപ്പറ നിലമായ ചിത്തിരയും (Q ബ്ലോക്ക് 900 ഏക്കർ) കുത്തിയെടുത്തതായിരുന്നു കായൽ കൃഷിക്ക് കുട്ടനാട്ടിൽ തുടക്കം കുറിച്ചത്. സർക്കാർ ഉടമസ്ഥതയിൽ ആയിരുന്ന കായൽ നിലങ്ങളിൽ രാജാവിൻറ്റെ ഉദ്യോഗസ്ഥർ കായലിൽ സ്ഥലം കണ്ടെത്തിക്കൊടുത്താൽ മുരിക്കൻറ്റെ ആളുകൾ ഈറ കുത്തി സ്ഥലം പിടിക്കും. തെങ്ങിൻതടി നാലായി കീറി കായലിൽ കുത്തിയിറക്കും. 30 കിലോ ഭാരമുള്ള വലിയ കട്ട അഞ്ചു പേർ ചേർന്നു പൊക്കിയാണ് അടിക്കുക. പിന്നെ പരമ്പും മറ്റും ചേർത്തു വരമ്പിനുള്ള അതിരുപിടിക്കും. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച്‌ അടി വീതിയുമാണ്‌ ബണ്ടിന്‌. തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത്‌ മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ്‌ ഭിത്തി നിർമ്മിക്കുക. ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ്‌ വിരിക്കും. അതിന്‌ മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. അതിനും മുകളിൽ കട്ടയും മണലുമിട്ട്‌ ചിറയാക്കുന്നു. ആര്യാട്, മണ്ണഞ്ചേരി പ്രദേശങ്ങളിൽ നിന്നു കടപ്പുറം മണ്ണ് കൊണ്ടു വന്ന് കുട്ടനാട്ടിലെ ചെളിയുമായി ചേർത്തു വരമ്പ് പിടിക്കും. ഒരു കായൽ കുത്തിയെടുക്കാൻ മൂന്നോ നാലോ മാസം മതി. തൻറ്റെ ഉദ്യമത്തിന് സർവ്വ വിധ പിന്തുണയും നൽകിയ അന്നത്തെ തിരുവിതാംകൂര്‍ റീജൻറ്റ് റാണി ആയിരുന്ന സേതു ലക്ഷ്മീഭായിയോടുള്ള നന്ദിസൂചകമായാണ് അദ്ദേഹം താന്‍ നികത്തിയെടുത്ത കായലുകൾക്ക് റാണി, ചിത്തിര, മാർത്താണ്ഡം – എന്നീ പേരുകൾ നൽകിയത്. കുട്ടനാട്ടിലെ നെൽകൃഷിയെ കുറിച്ച് നല്ല വിവരണം നൽകുന്ന തകഴിയുടെ ‘കയറിലും’ കട്ട കുത്തി കായൽ നികത്തിയെടുക്കുന്നതിനെ കുറിച്ചുള്ള സചിത്രമായ വിവരണം ഉണ്ട്.

ബോയിലറുകളിൽ മരക്കരിയിട്ട്‌ കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിച്ചാണ്‌ ചിറയ്ക്കുള്ളിലെ വെള്ളം വറ്റിക്കുക. എന്നിട്ട്‌ കട്ടി കുറഞ്ഞ ചെളിയിറക്കി കായൽ നികത്തിയെടുക്കുന്നു. 1940 – ലായിരുന്നു ആദ്യ വിളവെടുപ്പ്‌.

മടകളാണ് കുട്ടനാട്ടിലെ പാടങ്ങളെ സംരക്ഷിച്ച് നിർത്തുന്നത്. മടവീണ് വെള്ളം കയറിയാൽ കൃഷി മുഴുവൻ നശിച്ച് പോകും. മുൻ മനോരമ ചീഫ് എഡിറ്റർ കെ. എം. മാത്യു തൻറ്റെ ആത്മകഥയിൽ പണ്ട് ഈ മടകൾ തകർന്നാൽ അവ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് സചിത്രമായ വിവരണം നൽകിയിട്ടുണ്ട്. കുട്ടനാട്ടിൽ സാധാരണ ഗതിയിൽ പണ്ട് ആളുകൾ വള്ളത്തിൽ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും. മട വീണാൽ വെള്ളം കായലിൽ നിന്ന് കുത്തനെ പ്രവഹിക്കും; കൃഷി നശിക്കും. അങ്ങനെ സംഭവിക്കാതിരിക്കാൻ മട വീണത് കണ്ടാൽ രണ്ട് പേർ ഒരാളെ ശക്തമായി പിടിക്കും. അപ്പോൾ കുത്തിയൊലിക്കുന്ന വെള്ളത്തിൻറ്റെ ഒഴുക്കിനോടോപ്പം തന്നെ പിടിച്ചുനിർത്തിയിരിക്കുന്ന ആൾ മട പുനഃസ്ഥാപിക്കും. മിക്കപ്പോഴും കുട്ടനാട്ടിൽ മടകൾ പുനഃസ്ഥാപിക്കുന്നത് ജനങ്ങളുടെ കൂട്ടായ സംരഭങ്ങളിലൂടെയായിരുന്നു.

കുട്ടനാട് പൊതുവേ മൂന്ന് മേഖലകളാണ് – അപ്പർ കുട്ടനാട്; ലോവർ കുട്ടനാട്, കരി – എന്നിങ്ങനെയാണ് ആ വിഭജനം. 31,000 ഹെക്ടർ വരുന്ന വരണ്ട പ്രദേശവും, 66,000 ഹെക്ടർ വെള്ളം കെട്ടി നിൽക്കുന്ന താഴ്ന്ന പ്രദേശവും അപ്പർ കുട്ടനാട്ടിലും, ലോവർ കുട്ടനാട്ടിലും, കരി പ്രദേശങ്ങളിലുമായുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 0.5 മീറ്റർ മുതൽ 2.5 മീറ്റർ വരെ ഉയർന്ന് കിടക്കുന്ന വരണ്ട പ്രദേശത്ത് സാധാരണഗതിയിൽ വെള്ളപ്പൊക്കം അനുഭവപ്പെടാറില്ല. വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 0.6 മീറ്റർ ഉയരത്തിലുള്ളവയും 2.2 മീറ്റർ താഴ്ന്ന പ്രദേശങ്ങളും പെടും. ഇതിൽ സമുദ്രനിരപ്പിൽ നിന്ന് താഴെയുള്ള അമ്പതിനായിരത്തോളം ഹെക്ടറാണ് പുഞ്ചപ്പാടങ്ങൾ. ഇതിൽ മുപ്പതിനായിരം ഹെക്ടർ കരപ്പാടങ്ങളും ഒമ്പതിനായിരം ഹെക്ടർ കരിനിലങ്ങളുമാണ്; 13,000 ഹെക്ടർ കായൽ നികത്തിയെടുത്ത നിലങ്ങളും. കായൽ നിലങ്ങൾ സാധാരണ കൃഷിനിലങ്ങളേക്കാൾ താഴ്ന്നാണ് കിടപ്പ്.

കുട്ടനാടിനെ ഇപ്പോൾ ആറ് കാർഷിക പാരിസ്ഥിതിക മേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്. അപ്പർ കുട്ടനാട്, ലോവർ കുട്ടനാട്, വടക്കൻ കുട്ടനാട്, പുറംകരി, കായൽ നിലങ്ങൾ, വൈക്കം കരി എന്നിങ്ങനെ. പമ്പ, മണിമല, അച്ചൻകോവിൽ നദികൾ വന്നെത്തുന്ന മുകൾ ഭാഗമാണ് അപ്പർ കുട്ടനാട്. വേമ്പനാട് കായലിൽ നിന്ന് നികത്തിയെടുത്തവയാണ് കായൽ നിലങ്ങൾ. തണ്ണീർമുക്കം ബണ്ടിന് വടക്കായി എക്കൽ കുറഞ്ഞ ചെളി നിറഞ്ഞ പ്രദേശമാണ് വൈക്കം കരി. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിച്ചേരുന്ന താഴ്ന്ന പ്രദേശമാണ് ലോവർ കുട്ടനാട്. വെള്ളപ്പൊക്കം ഏറെ അനുഭവപ്പെടുന്ന പ്രദേശവും ഇത് തന്നെ. കുട്ടനാടിന് വടക്ക് വൈക്കത്തിനും താഴെയുള്ള മേഖലയാണ് വടക്കൻ കുട്ടനാട്. നാലായിരത്തോളം ഏക്കറിൽ അമ്പലപ്പുഴ, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളിൽ വ്യാപിച്ച് കിടക്കുന്നതാണ് പുറക്കാട് കരി.

ഈ കായൽ നിലങ്ങളിൽ ജോസഫ് മുരിക്കൻറ്റേത് ഒരു ഇതിഹാസമേന്മയുള്ള യാഥാർഥ്യമാണ്. സത്യത്തിൽ ജോസഫ് മുരിക്കൻ ആഴമുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്ത ടെക്ക്നിക്ക്; ആ അറിവ് ഒക്കെ കൃത്യമായി ഡോക്യുമെൻറ്റ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. പിൻകാല തലമുറകൾക്ക് പ്രയോജനപ്പെടാൻ അത് സ്‌കൂളുകളിലും പഠിപ്പിക്കേണ്ടതാണ്. വേണമെങ്കിൽ ഗവേഷണ വിഷയവും ആക്കാം. എന്തുകൊണ്ട് അങ്ങനെയൊന്നും സംഭവിക്കുന്നില്ല എന്ന് ചിന്തിക്കുമ്പോഴാണ് കൃഷിയേയും, കൃഷിയലടങ്ങിയ സംരഭകത്വത്തേയും മനസിലാക്കാതിരുന്ന കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയെ കുറിച്ചും, പുരോഗമന പ്രസ്ഥാനങ്ങളെ കുറിച്ചും പറയേണ്ടി വരുന്നത്.

കേരളത്തിലെ നെൽകൃഷിയേയും കൃഷിക്കാരേയും നശിപ്പിച്ചതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. കൃഷിയും, നെല്ലുൽപാദനവുമൊന്നും പരിപോഷിപ്പിക്കുവാൻ ഇവിടുത്തെ ഇടതു പക്ഷത്തിനു സാധിച്ചിട്ടില്ല. ഏതാണ്ട് 30 വർഷം ഒരു വർഷത്തിൽ മൂന്ന് തവണ നെൽ കൃഷി ചെയ്ത് വിജയം വരിച്ച ആളായിരുന്നു മുരിക്കൻ. കായൽ നെൽപാടങ്ങൾ ലോകത്തിൽ തന്നെ അപൂർവ്വം മാത്രം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6 മീറ്റർ താഴ്ന്ന കായലിൽ നെൽകൃഷി ചെയ്യുക എന്ന ശ്രമത്തെ അഭിനന്ദിക്കേണ്ടതിനു പകരം മുരിക്കൻറ്റെ സംരഭകത്ത്വത്തെ ഇകഴ്ത്തി കാണിക്കുവാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത്. സംരംഭകർ എന്നും കമ്മ്യൂണിറ്റുകൾക്ക് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ബൂർഷ്വാസികൾ ആയിരുന്നല്ലോ!! കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കാവട്ടെ കൃഷിയും, വ്യവസായവും, തൊഴിലും ഒന്നും സൃഷ്ടിക്കാനും സാധിച്ചില്ല!!

തിരുവിതാംകൂറിൽ രാജ ഭരണം മാറി വർഷങ്ങൾ കഴിഞ്ഞപ്പോൾ കമ്യൂണിസ്റ്റ് മന്ത്രിസഭ വന്നു. നാട്ടു നിയമങ്ങള്‍ മാറി. മുരിക്കൻറ്റെ സാമ്രാജ്യങ്ങളിലേക്ക് പുതിയ അധികാരികള്‍ വന്നു തുടങ്ങി. താലൂക്ക്, വില്ലജ്, പഞ്ചായത്ത്, ഇലക്ട്രിസിറ്റി, കൃഷി – അങ്ങനെ പലരും. സർക്കാര്‍ ഓഫീസുകളില്‍ നിന്ന് ഭൂപരിഷ്കരണം നിയമമായി; യൂണിയനുകള്‍ ഉണ്ടായി. “മുരിക്കന്‍ വിതച്ചാല്‍ ഞങ്ങള്‍ കുട്ടനാട്ടില്‍ കൊയ്യും” – കുട്ടനാട്ടില്‍ നിന്നു പുതിയ മുദ്രാവാക്യം പോലും കേട്ടു തുടങ്ങി. “ചിത്തിരക്കായലില്‍ ചിറകറ്റുവീഴുന്ന, പട്ടിണിപ്പാവങ്ങള്‍ ഞങ്ങള്‍”; “മാര്‍ത്താണ്ഡം കായലിന്‍ കൈതവരമ്പത്തു നാട്ടിയ കൊടി, ഞങ്ങള്‍ മാറ്റുകയില്ലൊരുനാളും” – എന്നൊക്കെയായിരുന്നു അക്കാലത്തെ മുദ്രാവാക്യങ്ങൾ. കമ്യൂണിസ്റ്റ് പാർട്ടിക്ക് മുരിക്കന്‍ ലക്ഷണമൊത്തൊരു വര്‍ഗശത്രുവായി. “നമ്മളു കൊയ്യും വയെലല്ലാം നമ്മുടെതാകും പൈങ്കിളിയേ’’ എന്ന വിപ്ലവഗാനം പാടി നടന്നതല്ലാതെ കർഷകർക്ക് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നിട്ടും ആർക്കും വയലുകൾ ഒന്നും സ്വന്തമായില്ല എന്നതും ചരിത്ര സത്യം.

കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് ഇടതു പക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾ മുരിക്കനെതിരെ സമര മാർഗ്ഗങ്ങൾ അവലംബിക്കുകയുണ്ടായി. തുടർന്ന് 1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച്‌ മുരിക്കൻറ്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു. ആദ്യവർഷം സർക്കാർ കൃഷി ലാഭമുണ്ടാക്കി. അടുത്ത രണ്ടുവർഷവും നഷ്‌ടമായി. 76-ൽ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും ലാഭകരമായില്ല. പിറ്റേവർഷം ഭൂരഹിത കർഷകത്തൊഴിലാളികൾക്ക്‌ അരഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി. പിന്നീട്‌ പാട്ടക്കൃഷി പരീക്ഷിച്ചുവെങ്കിലും മാർത്താണ്‌ഡം ഒഴികെയുള്ള നിലങ്ങളിൽ പരാജയപ്പെട്ടു. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരൽ തുടങ്ങിയതോടെ ബണ്ടുകൾ തകർന്നു. ഇപ്പോൾ ഈ ഭൂമിയിൽ നല്ലൊരു പങ്ക് ഭൂമാഫിയകളുടേയും, റിസോർട്ട് ലോബിയുടേയും കൈയിലായി. കൈയേറ്റങ്ങളൊക്കെ ഒഴിപ്പിക്കുമെന്നു സർക്കാർ നിയമസഭയിൽ പറയുന്നെന്നല്ലാതെ നടപടിയൊന്നുമുണ്ടാകാറില്ല.

ചുരുക്കം പറഞ്ഞാൽ കൃഷിയേയും, കൃഷിയലടങ്ങിയ സംരഭകത്വത്തേയും മനസിലാക്കാതിരുന്നത് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിക്ക് സംഭവിച്ച വലിയൊരു തെറ്റായിരുന്നു. മുരിക്കൻറ്റെ സംരഭകത്ത്വത്തെ ഇകഴ്ത്തി കാട്ടിയതിലൂടെ ‘നെഗറ്റിവിറ്റി’ അതല്ലെങ്കിൽ ഒരു നശീകരണ ത്വരക്ക് തുടക്കം കുറിക്കുകയായിരുന്നു കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടി. പിന്നീട് കംബ്യൂട്ടർ വൽക്കരണത്തിനെതിരെ തെരുവ് നാടകങ്ങൾ സംഘടിപ്പിച്ചപ്പോഴും നമ്മുടെ സഖാക്കളിൽ എല്ലാ തരത്തിലുമുള്ള വികസന പ്രക്രിയയോട് ഒരു ‘നെഗറ്റീവ്’ സമീപനം കാണാം. സത്യത്തിൽ കംബ്യൂട്ടർ വൽക്കരണത്തെ മാത്രമാണോ നമ്മുടെ ഇടതു പക്ഷം എതിർത്തത്? ട്രാക്റ്റർ വന്നപ്പോൾ അതിനെ എതിർത്തു. നെല്ല് മെതിക്കാനുള്ള യന്ത്രം വന്നപ്പോ അതിനെ എതിർത്തു. അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിലെക്കു വരുന്നത് എതിർത്തു. ഇന്നിപ്പോൾ അന്യ സംസ്ഥാന തൊഴിലാളികൾ ഇല്ലാതെ കേരളത്തിലെ ജോലികൾ നടക്കുമോ? പാടങ്ങളിൽ മീൻ വളർത്തുന്നവരുടെ മീൻ കുഞ്ഞുങ്ങളെ തുറന്നു വിട്ടു. അവിടെ വാഴ നട്ടവരുടെ വാഴ വെട്ടി നശിപ്പിച്ചു. ടൂറിസം വളർന്നപ്പോൾ ഇവിടെ സെക്സ് ടൂറിസമാണ് വളരുന്നത് എന്ന വ്യാജ വാർത്ത ഒരു ഉളുപ്പും ഇല്ലാതെ പ്രചരിപ്പിച്ചു. കുമരകത്തും, കോവളത്തും സെക്സ് ടൂറിസ്റ്റുകളാണ് വരുന്നതെന്ന് പ്രചരിപ്പിച്ചു. സംരഭകത്വത്തോട് ഇത്തരത്തിലുള്ള ‘നെഗറ്റീവ്’ സമീപനങ്ങൾ മൂലം കേരളത്തിൽ പ്രവാസികൾ പണം നിക്ഷേപിക്കാൻ തയാറല്ല; സമീപ കാലത്ത് അവരുടെ ആത്മഹത്യ പോലും കേരളം കാണേണ്ടി വന്നു.

തൻറ്റെ പാടങ്ങൾ സർക്കാർ പിടിച്ചെടുക്കുമെന്ന്‌ അറിഞ്ഞപ്പോൾ മുരിക്കൻറ്റെ പ്രതികരണം അവരത്‌ തകർക്കും എന്നായിരുന്നു. ആ വാക്കുകൾ പ്രവചനം പോലെ സത്യമായി. ഇന്ന് കേരളം അരിയുടെ കാര്യത്തിൽ എൺപതു ശതമാനത്തോളം അന്യസംസ്‌ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ശരിയായ രീതിയിൽ കായൽ പാടങ്ങളിൽ കൃഷി ചെയ്തിരുന്നുവെങ്കിൽ ഒരു പരിധി വരെ അരിയുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അശ്രയിക്കാതെ കേരളത്തിന് സ്വയം പര്യാപ്തത കൈവരിക്കുവാൻ സാധിച്ചേനെ. ഇനി പറഞ്ഞിട്ടെന്തു കാര്യം? പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടില്ലല്ലോ.

Advertisements