വിശുദ്ധപശുക്കളും മനുഷ്യക്കുരുതികളും

130
Thanis Shaji

വിശുദ്ധ പശു

വിശുദ്ധപശുക്കളെ കശാപ്പുകാരിൽനിന്നു രക്ഷിക്കുന്നതിനുവേണ്ടി നടത്തിയ നിരവധി മനുഷ്യക്കുരുതികൾ ഇന്ത്യാചരിത്രത്തിൽ കാണാം. അടുത്ത കാലത്ത് ജനസംഘം എന്നൊരു യാഥാസ്ഥിതിക ഹിന്ദുരാഷ്ട്രീയ പാർട്ടി ഗോഹത്യ നിരോധിക്കണമെന്നും ആറ്റംബോംബ് നിർമ്മിക്കണമെന്നുമുള്ള പരിപാടികൾ മുമ്പോട്ട് വെച്ചതോടെ ആ പ്രശ്നം ഒരിക്കൽക്കൂടി പൊന്തിവന്നിരിക്കുന്നു. കുറേനാൾ മുമ്പ് നഗ്നസന്യാസിമാരുടെ ഒരു സംഘം ഈ ആവശ്യത്തിനു വേണ്ടി ഡൽഹിയിലെ പാർലമെന്റുമന്ദിരത്തിനു മുമ്പിൽ നടത്തിയ പ്രകടനത്തോടെ ഇതു ലോകശ്രദ്ധ ആകർഷിക്കുകയും ചെയ്തു. വിദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മറ്റുള്ളവരുടെ മുമ്പിൽ തലയുയർത്തിപ്പിടിച്ച് നിൽക്കാനാവാത്ത ഒരു പരിതസ്ഥിതിയാണ് ഈ പശു പ്രക്ഷോഭണവും നഗ്നതാപ്രദർശനവും വരുത്തിവച്ചിരിക്കുത്. ഇന്ത്യയുടെ അന്തസിന് ഇത് ലോകരംഗത്ത് വലിയ ക്ഷതമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ എല്ലാക്കാലത്തും ഇന്ത്യ ഗോഹത്യയെ എതിർത്തിരുന്നുവോ എന്ന് ചിന്തിക്കേണ്ടതാണ്. പുരാതനങ്ങളായ ഹിന്ദുമതഗ്രന്ഥങ്ങൾ എന്തുപറയുന്നു എന്നു നോക്കിയാലെ ഇതിനുത്തരം പറയാൻ കഴിയൂ.

മറ്റു ജാതിക്കാരെപ്പോലെ തന്നെ ഇന്ത്യയിലെ ബ്രാഹ്മണരും ആദ്യകാലത്ത് ഗോമാംസം ഭക്ഷിച്ചിരുന്നു എന്നുള്ളതിന് വ്യക്തമായ തെളിവുകളുണ്ട്. പാണ്ഡവൻന്മാർ വനവാസകാലത്ത് വേട്ടയാടിക്കിട്ടുന്ന ഇറച്ചിയിൽ നിന്നും ബ്രാഹ്മണർക്ക് ഭക്ഷണം കൊടുത്തതിനു ശേഷമേ ഭക്ഷിക്കുമായിരുന്നുള്ളൂ എന്ന് മഹാഭാരതത്തിൽ കാണുന്നു. ആ ഗ്രന്ഥത്തിൽത്തന്നെ കാണുന്ന ദേവയാനി യുടെ കഥ വായിച്ചാൽ ബ്രാഹ്മണർ മാംസം മാത്രമല്ല, മദ്യവും കഴിച്ചിരുന്നതായി വ്യക്തമാകും. ആയിരക്കണക്കിനു പശുക്കളെ കൊന്ന് ബ്രാഹ്മണർക്ക് സദ്യ നൽകിയതാണ് രന്തിദേവന്റെ ഭാഗ്യത്തിനു കാരണമെന്ന് വനപർവ്വത്തിൽ പറയുന്നു. ഈ ഗ്രന്ഥത്തിന്റെ തന്നെ ശാന്തിപർവ്വത്തിൽ സദ്യക്കുവേണ്ടി കൊന്ന കാലികളുടെ തോൽ കൂട്ടിയിട്ടിരിക്കുന്നതിൽനിന്ന് ഊറിയാണ് ചർമ്മണ്യാ നദി (ചമ്പൽ) ഉത്ഭവിക്കുന്നതെന്നു പറയുന്നു.
ബുദ്ധമതത്തിന്റെ ആവിർഭാവത്തിനുശേഷമാണ് ഇന്ത്യയിലെ ബ്രാഹ്മണർ മാംസഭക്ഷണം ഉപേക്ഷിച്ചത്. പശുവിനെ കൊല്ലുന്നതിനു മുമ്പ് അവർ ‘ഗോമേധം’ എന്നൊരു പൂജ കഴിച്ചിരുന്നു. മുസ്ലീങ്ങൾ പ്രാർത്ഥനക്കു ശേഷം കൊല്ലുന്നതുപോലെതന്നെ ഗോമേധം നടത്തിയതിനു ശേഷമാണ് ബ്രാഹ്മണരും പശുക്കളെ കൊന്നിരുന്നത്.

ചിത്രകൂടമലയുടെ താഴ്വാരത്തിൽ താമസിക്കുമ്പോൾ ഉണങ്ങാനിട്ടിരുന്ന ഇറച്ചി കാക്ക വന്നു കൊത്തിക്കൊണ്ടു പോകാതെ സീത കാത്തിരുന്നതായി രാമായണത്തിൽ കാണുന്നു. ഇന്ത്യയിലെ ആര്യന്മാരുടെ പുരാതന ജീവിതരീതികളെപ്പറ്റി പ്രസിദ്ധ ചരിത്രകാരനായ രാഹുൽസാൻകൃത്യായനൻ പറയുന്ന തിങ്ങനെയാണ്: ‘ആര്യന്മാരുടെ പ്രധാന തൊഴിൽ മൃഗസംരക്ഷണമായിരുന്നു ഇത് അവർക്ക് ഇറച്ചിയും പാലും തൊഴിലും നൽകി. പ്രായപൂർത്തിയാകാത്ത പശുക്കുട്ടിയുടെ മാംസം ആയിരുന്നു അവർക്ക് പ്രിയങ്കരമായ ഭക്ഷണ പദാർത്ഥം’.

ബൃഹദാരണ്യോപനിഷത്തിന്റെ ആറാം അദ്ധ്യായം ശ്ശോകം 18 ൽ പറയുന്നത് ആർക്കെങ്കിലും പണ്ഡിതനായ പുത്രനുണ്ടാകണമെങ്കിൽ ഭാരാ ഭർത്താക്കന്മാർ ശാരീരികബന്ധത്തിനു മുമ്പ് നെയ്യിൽ പാകപ്പെടുത്തിയ മാട്ടിറച്ചി കഴിക്കണമെന്നാണ്. ഒരിക്കൽ വസിഷ്ഠ മഹർഷി വാല്മീകി മഹർഷിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം പശുക്കുട്ടിയുടെ ഇറച്ചി കൊണ്ടാണ് അതിഥി സൽക്കാരം നടത്തിയത്. അതിഥിക്ക് ഗോഘ്നൻ (പശു പാതകൻ) എന്ന് സംസ്കൃതത്തിൽ ഒരു പര്യായമുണ്ട്. പൗരാണികകാലത്ത് പശു ഇറച്ചി മാന്യമായ ആഹാരസാധനമായി കരുതിയിരുന്നുവെന്നും വിശിഷ്ടാതിഥികൾ വരുമ്പോൾ പശുക്കളെ കൊല്ലുമായിരുന്നു എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.

ഒരിക്കൽ സ്വാമി വിവേകാനന്ദൻ മാട്ടിറച്ചി തിന്നുന്നത് കണ്ട് ഒരു സുഹൃത്ത് പറഞ്ഞു, ഈശ്വരന് ഇത് അഹിതമാണെന്നും ഈശ്വരകോപം ഉണ്ടാകുമെന്നും. ‘ഞാൻ അല്പം ഇറച്ചി തിന്നതു കൊണ്ട് ഈശ്വരന് കോപമുണ്ടാകുമെങ്കിൽ അദ്ദേഹം കോപിക്കട്ടെ’ എന്നാണ് സ്വാമി ചിരിച്ചു കൊണ്ട് അതിന് മറുപടി പറഞ്ഞത്.

അശോക ചക്രവർത്തിയുടെ കൊട്ടാരത്തിൽ മൃഗങ്ങളെയും പക്ഷികളെയും ദിവസേന ഭക്ഷണത്തിനു വേണ്ടി കൊന്നിരുന്ന പതിവ് അദ്ദേഹം നിർത്തലാക്കി. എങ്കിലും ഏതാനം മാനുകളേയും മയിലുകളേയും അദ്ദേഹത്തിന്റെ മരണം വരെ ദിവസേന കൊന്നിരുന്നു.
ബുദ്ധമതത്തെ ഇന്ത്യയിൽ നിന്നും ആട്ടിയോടിക്കുന്നതിനു വേണ്ടി ബ്രാഹ്മണമതം, ബുദ്ധൻ വിഷ്ണുവിന്റെ അവതാരമാണെന്ന് പ്രഖ്യാപിക്കുകയും ബുദ്ധമത സിദ്ധാന്തമായ അഹിംസ തങ്ങളുടെ സിദ്ധാന്തമായി സ്വീകരിക്കുകയും ചെയ്തു. അതിനു മുമ്പ് ഗോമേധവും അശ്വമേധവും നരബലിയും മറ്റും ഹിന്ദുക്കൾക്കിടയിൽ സാധാരണമായിരുന്നു. ഭർത്താക്കന്മാരുടെ ചിതയിൽ തന്നെ ഭാര്യയേയും ദഹിപ്പിക്കുന്ന സതിസബ്രദായം തന്നെ ഒരുതരം നരബലിയാണ്. AD 1829-ൽ ബ്രിട്ടീഷ് ഗവണ്മെന്റാണ് ഇത് നിരോധിച്ചത്.

ആധുനികകാലത്ത് ഗോഹത്യ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭണം നടക്കുന്നത് ഇപ്പോൾ ആദ്യമല്ല. 1947 ജൂലൈ 25ന് മഹാത്മാഗാന്ധി പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ ഇങ്ങനെ കാണുന്നു:- ‘ഗോഹത്യ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 50,000 പോസ്റ്റ് കാർഡുകളും 30,000 കത്തുകളും ആയിരക്കണക്കിന് കമ്പി സന്ദേശങ്ങളും ലഭിച്ചിട്ടുണ്ടെന്ന് രാജൻ ബാബു എന്നെ അറിയിച്ചിരിക്കുന്നു. എനിക്ക് ഇന്ന് കിട്ടിയ ഒരു കമ്പി സന്ദേശത്തിൽ കാണ്പൂരിൽ ഒരു പണ്ഡിറ്റ് ഈ പ്രശ്നത്തിനുവേണ്ടി മരണം വരെ ഉപവസിക്കാൻ നിശ്ചയിച്ചിരിക്കുന്നതായി കാണുന്നു. ഹിന്ദുമതം ഗോഹത്യ നിരോധിച്ചിട്ടുണ്ടെങ്കിൽ അത് ആ മതത്തിന്റെ അനുയായികൾക്ക് മാത്രമല്ലാതെ എല്ലാ മനുഷ്യജീവികളേയും ബാധിക്കുകയില്ല. ഇന്ത്യ ഹിന്ദുക്കൾ മാത്രമുള്ള ഒരു രാജ്യമല്ല, മുസ്ലീമുകൾക്കും ക്രിസ്ത്യാനികൾക്കും പാർസികൾക്കും സിക്കുകാർക്കും ഈ രാജ്യത്ത് വസിക്കുന്ന മറ്റെല്ലാവർക്കും അവകാശപ്പെട്ടതാണ് ഇന്ത്യ. ആ എല്ലാ ജനങ്ങളും കൂടി ഗോഹത്യ നിരോധിക്കണമെന്നാവശ്യപ്പെട്ടാൽ അങ്ങനെ ചെയ്യാം. പക്ഷേ ഒരു കാര്യം ഓർമ്മിക്കണം, അപ്പോൾ പാക്കിസ്ഥാൻ വിഗ്രഹാരാധന നിരോധിച്ചാൽ നമുക്ക് പരാതി പറയാനും സാദ്ധ്യമല്ല’.

ബ്രിട്ടീഷുകാർ പോയിക്കഴിയുമ്പോൾ ഒരു ഹിന്ദുരാജ് ഉണ്ടാക്കണമെന്ന് മതഭ്രാന്തൻന്മാർ ആഗ്രഹിച്ചിരുന്നെങ്കിലും ഗാന്ധിയുടെയും നെഹ്റുവിന്റെയും ഉറച്ച നിലപാട് കൊണ്ട് അതിന് കഴിയാതെ വന്നു. കഴിഞ്ഞ ശതകത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ മഹാത്മാവ് ഒരു ഗോഹത്യവിരുദ്ധ സമരക്കാരനാൽ വധിക്കപ്പെട്ടത് ഈ ഉറച്ച നിലപാടിന്റെ ഫലമായിട്ടാണ്. ഈ മതഭ്രാന്തൻമാർ പശുവിന്റെ ജീവനു നൽകുന്ന വിലപോലും ഗാന്ധിജിയുടെ ജീവിതത്തിന് നൽകിയില്ലെന്നുള്ളത് ഓർക്കേണ്ടതാണ്.

കടപ്പാട്: പ്രൊ.എബ്രഹാം തോമസ്‌ കോവൂരിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ (10th April 1984)