പ്രേക്ഷകാഭിപ്രായങ്ങൾ
Arunima Krishnan
സുജയുടെയും ഗ്ലൈനയുടെയും സൗഹൃദത്തിൻ്റെ കഥ പറയുന്ന ‘സോളമൻ്റെ തേനീച്ചകൾ’ ഇന്നലെ വൈകിട്ടാണ് കാണാൻ പോയത്. ചില ആഗ്രഹങ്ങൾ നേടാൻ ശ്രമിക്കുമ്പോൾ ഉണ്ടാവാൻ ഇടയുള്ള ചില പ്രശ്നങ്ങളുടെ കഥയാണ് ‘സോളമൻ്റെ തേനീച്ചകൾ’പറയുന്നത്. നമ്മുടെ കാഴ്ചയിൽ നിസ്സാരമെന്നു തോന്നുന്ന ജീവികൾക്ക് സർവ്വശക്തനായ ഒരു ഭരണാധികാരിയെ എങ്ങനെ സഹായിക്കാനാകും എന്ന ആശയം പങ്കു വയ്ക്കുന്ന ബൈബിളിലെ സോളമൻ രാജാവിൻ്റെ കഥയെ രൂപകമായി മുന്നിൽ നിർത്തിക്കൊണ്ട് നല്ല രീതിയിൽ ആവിഷ്കരിക്കാൻ തിരക്കഥാകൃത്ത് പി ജീ പ്രഗീഷും സംവിധായകൻ ലാൽജോസും നടത്തിയ ശ്രമത്തിൻ്റെ ഫലമാണ് ഈ ചിത്രം.
സോളമൻ, ജോജു ജോർജ്ജ് എന്ന നടനിൽ ഭദ്രമായി. ഒപ്പം ശംഭുവും വിൻസിയും, ദർശനയും, ആഡിസും, ജോണി ആൻ്റണി സാറും ഒപ്പത്തിനൊപ്പം തങ്ങളുടെ ഭാഗം അവതരിപ്പിച്ചു. രണ്ട് പോലീസുകാരുടെ സൗഹൃദവും പ്രണയവും പങ്കുവയ്ക്കാൻ വിദ്യാ സാഗർ സാറിന്റെ സംഗീതവും കൂടി ഉപയോഗിച്ചപ്പോൾ ബിഗ് സ്ക്രീനിൽ നല്ലൊരു അനുഭവമാണത് പ്രേക്ഷകനു സമ്മാനിക്കുന്നത്. സുജയുടെയും ശരത്തിൻ്റെയും പ്രണയ രംഗങ്ങൾ ‘ക്ലാസ്മേറ്റ്സി’നെ അനുസ്മരിപ്പിക്കുന്നു. ഒരുപക്ഷേ അത് എൻ്റെ മാത്രം കാഴ്ചയും അനുഭവവും കൂടി ആയേക്കാം എന്ന് കൂടി പറയാൻ ആഗ്രഹിക്കുന്നു. രഞ്ജൻ എബ്രഹാം എന്ന എഡിറ്റർ തൻ്റെ റോൾ എന്നത്തേയും പോലെ മികച്ചതാക്കി.തൻ്റെ മുൻ ചിത്രങ്ങൾ പോലെ വൻ ക്യാൻവാസ് ഇതിൽ പ്രതീക്ഷിക്കരുത് എന്ന സൂചനയായിരുന്നു ‘ഡയറക്ടേഴ്സ് ട്രെയിലർ’. അതിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ വളരെ ലളിതമായാണ് ഒരു ക്രൈമും അതിൻ്റെ അന്വേഷണവും അവതരിപ്പിച്ചിട്ടുള്ളത്. ഏറെ നാളുകൾക്ക് ശേഷം ഒരു ക്രൈം ഡ്രാമയിലേക്ക് സംവിധായകൻ വന്നപ്പോൾ ഇതിലും മികച്ചതൊന്ന് അണിയറയിൽ ഒരുങ്ങാനിടയുണ്ട് എന്ന ഒരു പ്രതീക്ഷ കൂടി അതിൽ ഞാൻ കാണുന്നുണ്ട്.
നീതിയും നിയമവും തമ്മിലെ പോരാട്ടത്തിൽ ഏതിനാണ് ഒരു മനുഷ്യൻ അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥൻ വിലകല്പിക്കേണ്ടത് എന്ന ചോദ്യവും അതിൻ്റെ അണിയറ പ്രവർത്തകരുടെ ഉത്തരവും പങ്കു വയ്ക്കുകയാണ് ഈ ചിത്രം. അതെ, ‘സോളമൻ്റെ തേനീച്ചകൾ’ വളരെ ലളിതമായ ഒരു കുറ്റാന്വേഷണ കഥയാണ്.
‘കുന്നിക്കുരു’പോലൊരു കാറിൽ, ‘മമ്മൂട്ടി’യെപ്പോലെ കൂളിംഗ് ഗ്ലാസ് വച്ച് യാത്ര ചെയ്യാൻ ആഗ്രഹിച്ച സുജയുടെ കഥ, മുന്നിലെത്തിയ പൂക്കളിൽ യഥാർത്ഥ പൂവിനെ തിരഞ്ഞ സോളമൻ്റെ കഥ, ആരുമില്ലാത്ത ശരത്തിൻ്റെ കഥ, സ്നേഹിക്കപ്പെടാൻ കൊതിച്ച ഗ്ലൈനയുടെ കഥ, നീതി നടപ്പാക്കാൻ ശ്രമിക്കുന്ന പോലീസിൻ്റെയും കോടതിയുടെയും കഥ. ഇവയെല്ലാം കൂടി ചേരുന്നതാണ് സോളമനും അവൻ്റെ തേനീച്ചകളും.
Nb. ഇത് എൻ്റെ കാഴ്ചയാണ്. ഓരോരോ കാഴചയും വ്യത്യസ്തങ്ങളുമാണ്. അത്കൂടി പങ്കുവയ്ക്കുന്നു.
***
ലാൽ ജോസ് കളം മാററി ചവിട്ടുമ്പോൾ:
Al Shahid
സോളമന്റെ തേനീച്ചകൾ എന്ന പുതിയ ലാൽജോസ് ചിത്രം മെറ്റാ ജോണറിനുളള നല്ല ഉദാഹരണമാണ്. അത്ര മുറുക്കമില്ലാത്ത ഒന്നാം പകുതിയിൽ രണ്ട് വനിതാപോലീസുകാരുടെ സൗഹൃദത്തിന്റേയും അവരിൽ ഒരാളുടെ പ്രണയത്തിന്റേയും രസങ്ങൾ കാട്ടി കടന്ന് പോകുന്ന സിനിമ ഇന്റർവല്ലിനോട് അടുക്കുമ്പോൾ ത്രില്ലിങ്ങായ ഒരു തലത്തിലേക്ക് അദ്ഭുതകരമായി വികസിക്കുകയാണ്. ആദ്യ നാൽപ്പത് മിനിട്ടിനുളള മൂന്ന് വിദ്യാസാഗർ പാട്ടുകളും സോങ്ങ് മൊണ്ടാഷുകളുംമൊക്കെയായി കഥാ പരിസരം സൃഷ്ടിക്കുന്ന ഡയറക്ടർ അവിടുന്നങ്ങോട്ട് സിനിമയുടെ വേഗം ടോപ്ഗിയറിലേക്ക് കയറ്റുന്നത് തികഞ്ഞ കയ്യൊതുക്കത്തോടെയാണ്. പ്രേക്ഷകൻ ആദ്യപകുതിയുടെ അവസാനത്തോടെ പിരുമുറക്കമുളള ഒരു സിനിമയിലേക്ക് അവൻ പോലും അറിയാതെ കൂടുമാറ്റം നടത്തും. ആദ്യ അരമണിക്കൂറിൽ ഒരു സാധാരണ സിനിമ എന്ന തോന്നലിൽ ഇരുന്ന പ്രേക്ഷകന്റെ മുഴുവൻ ശ്രദ്ധയും കഥാപാത്രങ്ങളിലേക്ക് കാന്തം പോലെ പിടിക്കാൻ പാകത്തിൽ എത്തുന്ന കൃത്യം മൊമന്റിൽ ഇന്റർവെൽ കാർഡ്. സിനിമയുടെ ആ സ്വഭാവത്തെ അണ്ടർലൈൻ ചെയ്യുന്ന തരത്തിലുളള ഒരു 25 സെക്കന്റ് ബി.ജി.എമ്മോടെയാണ് ഇന്റർവെൽ.
ആ സീനിന് അല്പം മുമ്പ് മാത്രം വന്ന ജോജു ജോർജ്ജിന്റെ കഥാപാത്രം സോളമൻ എന്ന കുറ്റാന്വേഷകൻ , ദർശനയുടെ കഥാപാത്രം സുജ ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യങ്ങളിലേക്ക് ചൂഴ്ന്ന് നോക്കാൻ തുടങ്ങുന്നതോടെ സിനിമ കുതിക്കുകയാണ്. സസ്പെൻസ് ത്രില്ലറിന്റെ മുറക്കവും റൊമാന്റിക് ഫിലിമിന്റെ ഇമോഷനും ഇഴപിരിയുന്ന അതിഗംഭീരമായ രണ്ടാം പകുതിയിലേക്ക് വാതിൽ തുറക്കുകയാണ് സോളമന്റെ എൻട്രി. സെക്കന്റ് ഹാഫ് പൂർണ്ണമായും ഒരു തീയേറ്റർ എക്സ്പീരിയൻസാണ്. ബി.ജി.എം , സൗണ്ട് ഡിസൈൻ, തിരക്കഥയിലെ ട്വിസ്റ്റ് ആന്റ് ടേൺസ്, ഡയലോഗുകൾ, മേക്കിങ്ങിലെ പെർഫെക്ഷൻ എല്ലാം കൊണ്ട് നമ്മളെ വേറെ ലെവൽ അനുഭവത്തിലേക്ക് കൊണ്ടുപോകും സോളമൻ. സ്പോയിലറുകൾ ഉളളതിനാൽ സെക്കന്റ് ഹാഫിനെകുറിച്ച് ഒന്നും പറയുന്നില്ല. മൊത്തത്തിൽ മികച്ച സിനിമാനുഭവമാണ് സോളമന്റെ തേനീച്ചകൾ.
***
സോളമന്റെ തേനീച്ചകളിലെ താരം സോളമൻ തന്നെ !
Salman Naushad
നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ വന്ന നാല് പുതിയ നടീ നടന്മാർ തുല്യ പ്രാധാന്യം ഉളള വേഷങ്ങളിലുണ്ടെങ്കിലും സോളമന്റെ തേനീച്ചകൾ കണ്ടിറങ്ങുമ്പോൾ ഇത് ജോജു ജോർജ്ജിന്റെ സിനിമായാണ്. ഒരു പക്ഷെ ജോജു ജോർജ്ജിന്റെ കരിയർ ബെസ്റ്റുകളിൽ ഒന്ന്. ഇന്റർവെല്ലിന് തൊട്ടുമുമ്പാണ് ജോജു അവതരിപ്പിക്കുന്ന സർക്കിൾ ഇൻസ്പക്ടർ ഡി. സോളമന്റെ എൻട്രി. രണ്ടാം പകുതിയിൽ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണോ മനസ്സോ വേർപെടുത്താൻ സോളമൻ നമ്മെ അനുവദിക്കില്ല. സസ്പൻസ് ത്രില്ലർ മൂഡിലൂടെ സിനിമ കുതിക്കുകയാണ്. ജോജു ജോർജ്ജ് അവതരിപ്പിക്കുന്ന സോളമന്റെ കയ്യിലാണ് പിന്നെ സിനിമയുടെ കടിഞ്ഞാൺ. പഴുതുകളെല്ലാം അടച്ച കുറ്റാന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് അൺറിയലായ ശേഷികളൊന്നും ഇല്ല. അയാൾക്കൊരു ഷെർലെക് ഹോംസ് പരിവേഷമൊന്നും ഇല്ല. തികച്ചും സാധാരണക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ. അയാളോടിക്കുന്ന വണ്ടിപോലും ഒരു പഴയ പച്ച വാഗണർ കാറാണ്. തീർത്തും സാധരണമായ വരയൻ ഷർടും ചെരുപ്പും. കെട്ടിലും മട്ടിലും പ്രത്യേകതകളൊന്നും ഇല്ലാത്ത ഈ കഥാപാത്രത്തിന്റെ അന്തസംഘർഷങ്ങൾ ചില സൂചനകളിലൂടെ വരച്ചിടുന്നുണ്ട്. ക്രൈം ആൻറ് പണിഷ്മെന്റിനേയും അതിന്റെ ന്യായാന്യായങ്ങളേയും കുറിച്ച് സോളമന് ചില വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. ഇതൊന്നും നീളൻ ഡയലോഗുകൾ ഇല്ലാതെ നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു വിഷ്വൽ ലാംഗ്വേജ് ഈ സിനിമയ്ക്ക് സ്വന്തം.
വിൻസി അലോഷ്യസും ദർശനയും ആഡിസും ശംഭുവും ജോണി ആന്റണിയും ജോജുവിന്റെ പ്രഭയിൽ കൂടുതൽ തിളക്കം കൈവരിക്കുന്നത് കാണാം. അതിവിദഗ്ദ്ധനായ ഒരു പാവകളിക്കാരനെപോലെ കഥാപാത്രങ്ങളെ ചടുലമായി കഥയുടെ കയറ്റിറക്കങ്ങളിലൂടെ കൊണ്ടുപോകുന്നു ലാൽജോസ് എന്ന സംവിധായകൻ. റൊമാൻസ് ജോണർ ത്രില്ലറിന് വഴിമാറുന്ന രണ്ടാം പകുതിയിൽ പോലും പ്രണയത്തിന്റെ നിസാഹായതയും മിസ്റ്ററികളും കണ്ണു നിറയിക്കുന്ന രീതിയൽ അവതരിപ്പിക്കാൻ ലാൽജോസിന് സാധിച്ചു. .വ്യത്യസ്തനായ ഒരു ലാൽജോസാണിത്. നല്ല തീയേറ്റർ എക്സ്പീരിയൻസ്
**
നല്ല സ്റ്റോറി ടെല്ലിംഗ്.
Ajmal Ismail
കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് സിനിമകൾ ചെയ്തിരുന്ന ലാൽജോസ് ഇക്കുറി ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മുന്നിൽ കണ്ടല്ല സോളമന്റെ തേനീച്ചകൾ എടുത്തതെന്ന് വ്യക്തമാണ്. കഥകൾ വേണ്ട ഇൻസിഡെന്റുകളുടെ ഒരു നിര അടുക്കിവച്ചാൽ മതി സിനിമയുണ്ടാക്കാൻ എന്ന ധാരണയെ തിരുത്തികൊണ്ട് ഒരു കഥ നല്ല വൃത്തിയായി പറഞ്ഞിരിക്കുന്നു. എല്ലാ പ്രായക്കാർക്കും ഈ സിനിമയിൽ ഒരു ടേക്ക് എവേ എങ്കിലും ഉണ്ട്. വിദ്യാസാഗറിന്റെ പാട്ടുകൾ അതി ഗംഭീരം എന്ന് പറയാൻ സാധിക്കില്ലെങ്കിലും ബി.ജി.എം ചിലയിടങ്ങളിൽ ക്ളാസിക് ഹോളിവുഡ് സിനിമകളുടെ നിലവാരത്തിൽ എത്തുന്നതായിരുന്നു. കഥാപാത്രങ്ങളുടെ സൃഷ്ടിയും അവർക്കിടയിലെ കണാച്ചരടകളും കഥാസന്ദർഭങ്ങളും പഴുതടച്ച ഇൻവെസ്റ്റിഗേഷനും അർത്ഥവത്തായ ഡയലോഗുകളുമായി പി.ജി പ്രഗീഷിന്റെ തിരക്കഥ പ്രതീക്ഷ നൽകുന്നു. രഞ്ജൻ എബ്രഹാം എഡിറ്റിംഗ്, പ്രത്യേകിച്ചും രണ്ടാം പകുതിയിലേത് ഗംഭീരമാണ്. അജ്മൽ സാബുവിന്റെ ക്യാമറ കഥയുടെ ടോൺ മാറുന്നതനുസരിച്ചുളള സൂക്ഷ്മമായ കളർസ്കീം മാറ്റങ്ങളിലൂടെ നമ്മെ പിടിച്ചിരുത്തുന്നതാണ്. ആദ്യ പകുതിയിൽ അങ്ങിങ്ങായുളള ലൂസ് നേച്ചർ മാറ്റി വച്ചാൽ സോളമന്റെ തേനീച്ചകൾ അതിഗംഭീരമായ ഒരു തീയേറ്റർ അനുഭവമാണ്. അങ്ങേയറ്റം വൃത്തിയായി സൂക്ഷ്മതയോടെ കഥ പറഞ്ഞിരിക്കുന്നു. കാല പരിഗണനകൾ അനുസരിച്ച് മാറ്റം വരാത്ത ക്ളാസിക്കൽ സ്വഭാവമുളള ഈ സിനിമ മലയാളസിനിമ ഇടക്കാലത്ത് വീണുപോയ കൊച്ചു നറേറ്റീവുകളിൽ നിന്ന് സിനിമയെ മോചിപ്പിക്കുകയാണ്. ലോകത്തെവിടെയും ഉളള മനുഷ്യർ എത്തിപ്പെട്ടേക്കാവുന്ന അസാധാരണമായ ജീവിത സന്ദർഭങ്ങളെ ഫിക്ഷന്റെ സാധ്യതകളിലൂടെ പൊലിപ്പിക്കുമ്പോഴാണ് കലാ സൃഷ്ടി പരിമിതികളെ മറികടക്കുന്നത്. അത്തരത്തിൽ പരിമിതികളെ മറികടക്കുന്ന സിനിമയും തീയേററർ അനുഭവവുമാണ് സോളമന്റെ തേനീച്ചകൾ.