‘പോൾ ഹേലി അവന്റെ അമ്മൂമ്മേന്റെ തല’

1373
August Sebastian
“മലയാളത്തിലെ മുഴുവൻ പ്രൈം ടൈം ചർച്ചകളിലും ഉയരുന്ന ചോദ്യങ്ങളേക്കാൾ, അലർച്ചകളെക്കാൾ ആയിരം മടങ്ങ് കരുത്തായിരുന്നു കൊല്ലത്ത് ടി പി സെൻകുമാറിന്റെ വാർത്ത സമ്മേളനത്തിൽ ഉയർന്ന ആ സ്ത്രീ ശബ്ദത്തിന്. മലയാള മുഖ്യധാരാ മാധ്യമപ്രവർത്തകരുടെ ഇടയിൽ നിന്നും ഒരിക്കലും ഉയരില്ലെന്നു കരുതിയ, ആർജ്ജവമുള്ള ആ ശബ്ദം ഏഷ്യാനെറ്റ് കൊല്ലം റിപ്പോർട്ടർ പി ആർ പ്രവീണയുടേതായിരുന്നു. പ്രവീണ ചോദ്യം ചെയ്തില്ലായിരുന്നില്ലെങ്കിൽ എന്നത്തേയും പോലെ ടി പി സെൻകുമാർ പറഞ്ഞ മണ്ടത്തരങ്ങളും പ്രസരിപ്പിക്കുന്ന വിഷവും തടസങ്ങളില്ലാതെ ഉപഭോഗം ചെയ്യേണ്ടി വരുമായിരുന്നു കേരളത്തിന്. ഒരിക്കൽ, ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ ‘താൻ മദ്യപിച്ചിട്ടുണ്ട്’ എന്ന് പറഞ്ഞു മുൻ നിരയിലേക്ക് വിളിച്ചു വരുത്തി സെൻകുമാർ വിചാരണ ചെയ്തു അപമാനിക്കുന്നത് പ്രസ് ക്ലബ് നിറഞ്ഞിരുന്ന മാധ്യമപ്രവർത്തകർ കണ്ടിരുന്നതാണ്. സെൻകുമാർ പിന്നെയും വാർത്താസമ്മേളനങ്ങൾ വിളിച്ചും വിളിക്കാതെയും അടിസ്ഥാനമില്ലാത്തതും വിഷലിപ്തവുമായ പലതും അനുസ്യൂതം വിളമ്പി മുന്നോട്ടു പോയി. കൊല്ലത്ത് പ്രവീണ അയാളുടെ വിഷം നിറഞ്ഞ തലക്ക് ചവിട്ടും വരെ അയാളുടെ സവിശേഷാധികാരത്തിന്റെ പത്തികൾ ഉയർന്നു തന്നെയാണിരുന്നത്. കൊറോണ വൈറസ് ബാധയുടെ ഭീതിയിൽ വർഗീയ വിഷം കൂടെ ചേർക്കുക എന്ന അജണ്ടയുടെ ഭാഗം തന്നെയായിരുന്നു കൊല്ലത്ത് അയാൾ പങ്കെടുത്ത വാർത്ത സമ്മേളനവും. ആ അജണ്ടയെ തുറന്നു കാട്ടുക എന്ന ചരിത്രപരമായ കാര്യം കൂടിയാണ് പ്രവീണ ചെയ്തത്. ഡോക്ടർ ഷിംന അസീസ് വാക്സിൻ വിരുദ്ധയാണെന്ന വ്യാജം സെൻകുമാർ അവർത്തിച്ചപ്പോഴാണ് പ്രവീണ ഇടപെടുന്നത്. അയാൾ പറയുന്നത് കളവാണെന്ന് ഇടർച്ചയും ശങ്കയും ഇല്ലാത്ത ശബ്ദത്തിൽ പ്രവീണ പറഞ്ഞതോടെ സെൻ കുമാറിന്റെ നില തെറ്റിയത് നാമെല്ലാം കണ്ടു. എന്തെങ്കിലും പറഞ്ഞാൽ തലയിൽ ചാണകമാണ് എന്നാണോ പറയേണ്ടതെന്ന് സെൻകുമാറിന്റെ മറുചോദ്യത്തിനും വന്നു പ്രവീണയുടെ അതിശക്‌തമായ മറുപടി. ലോകാരോഗ്യ സംഘടന കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുള്ളപ്പോൾ ചൂട് കൂടുന്നിടത്തു വൈറസ് ബാധിക്കില്ല എന്നൊക്കെ മണ്ടത്തരം പറഞ്ഞാൽ ആരായാലും ചോദിച്ചു പോകില്ലേ എന്ന മുഖമടച്ച മറുപടി പ്രവീണ കൊടുത്തു. ഇതോടെ പോൾ ഹെലിയെന്ന ഏതോ വിദഗ്ധനെ മൊബൈലിൽ തിരയുന്ന സെൻകുമാറിനെ കണ്ടു. ഇതിനിടയിലാണ് വാർത്ത സമ്മേളനത്തിൽ ഉണ്ടായിരുന്ന ചിലർ വെർബൽ അറ്റാക്കുമായി എണീറ്റത്. ഈ ആക്രമണത്തെ പ്രവീണ എഴുന്നേറ്റു നിന്ന് നേരിട്ടു. തന്റെ ഫോട്ടോ എടുത്തവനെക്കൊണ്ട് പ്രവീണ അത് ഡിലീറ്റ് ചെയ്യിപ്പിച്ചു. ഈ അവസരത്തിലാണ് മറ്റുള്ള മാധ്യമ പ്രവർത്തകർ ശബ്ദമുയർത്തുന്നത്. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ മതിയെന്ന നിലപാട് അവർ ഉറക്കെ പ്രഖ്യാപിച്ചു (രഘുവാണ് ഇക്കാര്യം ആദ്യം പറയുന്നത്). മറ്റുള്ളവരെ ഒഴിവാക്കാൻ കഴിയില്ലെന്ന് സംഘാടകർ പറഞ്ഞതോടെ മാധ്യമ പ്രവർത്തകർ അവിടം വിട്ടു പോവുകയും ചെയ്തു. ഈ പോക്കിലാണ് മലയാള മുഖ്യധാരാ മാധ്യമ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ധീരമായ വാചകം ഉണ്ടാവുന്നത്. കൊറോണ പടർന്നു മനുഷ്യർ മരിക്കുകയും മരണഭീതിയിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഹിന്ദുത്വം പ്രചരിപ്പിക്കാനും ഇസ്ലാം വിരോധം അതിന്റെ മറവിലൂടെ വിറ്റഴിക്കാമെന്നും കരുതിയ ഒരു വർഗീയവാദിയെ ഒരു പാസിംഗ് കമെന്റിലൂടെ പ്രവീണ തുറന്നു കാട്ടി. ‘പോൾ ഹേലി അവന്റെ അമ്മൂമ്മേന്റെ തല’ എന്ന വാചകമായിരിക്കാം ജനപ്രീതി നേടിയത്, പക്ഷെ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഒരു മുഖ്യധാരാ ജേണലിസ്റ്റും പറയാൻ ഇടയില്ലാത്ത ആ വാചകം പ്രവീണ പറഞ്ഞു ” ഷിംന അസീസിന്റെ പേര് മാത്രം പറയുന്നത് നോക്ക്, മുസ്‌ലിം കൊച്ചായതു കൊണ്ട് പറയുകയാണ്, എന്തൊരു വർഗീയതയാണ് എന്ന് നോക്ക്” ആ വാചകം സെൻകുമാറിന്റെ മുന്നിലെ മൈക്കിലൂടെയാണ് പുറത്തു വന്നത്. പ്രവീണ അഭിമാനമാണ്, കൊല മാസാണ്.”