ഒരു സെക്കന്റിൽ ഒരു പ്രകാശവർഷം വീതം വേഗതയിൽ നിങ്ങൾ ഭൂമിയിൽ നിന്ന് സഞ്ചാരം തുടങ്ങിയാൽ എവിടെയൊക്കെ എത്തും ?

Augustine Joseph

കുടുംബനാഥനായ സൂര്യനോടും മറ്റ് കുടുംബാംഗങ്ങളോടുമൊത്ത് നമ്മൾ കഴിയുന്ന തറവാടായ സൗരയൂഥത്തിന്റെ വലിപ്പം ഒന്നര പ്രകാശവർഷമാണ്. ഒന്നര സെക്കൻഡിൽ ഒന്ന് കണ്ണ് തിരുമി നോക്കുമ്പോഴേക്കും നമ്മള് കുടുംബത്തിന് പുറത്തായിക്കാണും.നാല് ( 4.2 seconds in exact) സെക്കന്റ് നേരം കൊണ്ട് നമ്മൾ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ചുറിക്ക് മുന്നിലെത്തും. സെന്ററസ് രാശിയിൽ ഉള്ള ഈ നക്ഷത്രം സൂര്യനെക്കാൾ വലിപ്പവും തിളക്കവും കുറഞ്ഞ ഒരു റെഡ് ജയന്റ് ആണ്. ഉയർന്ന മാഗ്നിട്യൂഡിൽ ആയതിനാൽ ഭൂമിയിൽ നിന്ന് കൊണ്ട് നഗ്നനേത്രങ്ങൾ കൊണ്ട് ഇദ്ദേഹത്തെ കാണുക പ്രയാസമാണ്.

എട്ടാം സെക്കൻഡിൽ നമ്മൾ രാത്രി കാണുന്ന ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ സിറിയസിൽ എത്തും. പ്രകാശവർഷവേഗതയിൽ പോയാൽ 8 വർഷം വേണ്ടി വരുന്ന യാത്രയ്ക്ക് പ്രകാശവർഷം / സെക്കന്റ് എന്ന കണക്കിൽ നമുക്ക് വേണ്ടിവന്നത് വെറും എട്ടു സെക്കന്റ് ആണ്.
യാത്രക്കിടയിൽ ഒരു കാപ്പി കുടിക്കുന്ന 10 മിനിറ്റ് കൊണ്ട് ഭൂമിക്ക് പുറത്ത് മനുഷ്യന് ഏറ്റവും വാസയോഗ്യം എന്ന് കരുതപ്പെടുന്ന കെപ്ലർ 22b എന്ന എക്‌സോപ്ലാനറ്റിൽ എത്തും. നിലവിൽ നമുക്ക് മറികടക്കാൻ പറ്റുന്ന ഏറ്റവും ഉയർന്ന വേഗതയിൽ ഉള്ള വാഹനത്തിൽ സഞ്ചാരിച്ചാൽ പോലും കെപ്ലർ 22b യിൽ യഥാർത്ഥത്തിൽ എത്തിച്ചേരാൻ വേണ്ടത് 10 മില്യൺ വർഷങ്ങളാണ്.

യാത്ര തുടങ്ങി ഏതാണ്ട് രണ്ട് മണിക്കൂർ പിന്നിട്ടാൽ നമ്മൾ സെർപെൻസ് രാശിയിലെ ഈഗിൾ നെബുലയിൽ ഉള്ള “പില്ലേഴ്സ് ഓഫ് ക്രിയേഷൻ ” എന്ന മനോഹരമായ കാഴ്ച നേരിട്ട് കാണും. നാല് പ്രകാശവർഷത്തിലധികം വലിപ്പമുള്ള ഇവയുടെ ഫോട്ടോ നമ്മളിൽ മിക്കവാറും പേരും കണ്ടിട്ടുണ്ട്. ഹബിളിന്റെ എക്കാലത്തെയും മികച്ച 10 ഫോട്ടോകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത് പില്ലേഴ്സ് ഓഫ് ക്രിയേഷൻ ആയിരുന്നു.
അഞ്ചു മണിക്കൂർ കഴിയുമ്പോഴേക്കും ഒരു ഭീകരനെ കണ്ടുമുട്ടും. സ്റ്റെഫേൻസൺ 218 എന്ന ഈ നക്ഷത്രം പ്രപഞ്ചത്തിൽ നമ്മൾ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ റെഡ് ജയന്റ് ആണ്. 10 ബില്യൺ സൂര്യനെയോ 130 ട്രില്യൺ ഭൂമികളെയോ വിഴുങ്ങാൻ തക്ക വലിപ്പം ഉള്ള ഇവനെ നമ്മുടെ സൂര്യന്റെ സ്ഥാനത്ത് പ്രതിഷ്ടിച്ചാൽഅവന്റെ ഉപരിതലം ചെന്ന് നിൽക്കുന്നത് ശനിയുടെ ഭ്രമണപഥത്തിനും അപ്പുറമായിരിക്കും. പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ ഈ നക്ഷത്രത്തിനു ചുറ്റും ഒരു തവണ വലം വെക്കാൻ 9 മണിക്കൂർ എങ്കിലുമാവും.

യാത്രയുടെ ഒന്നാം ദിവസം തീരുമ്പോഴേക്കും നമ്മൾ നമ്മുടെ സ്വന്തം ഗാലക്സിയുടെ പുറത്ത് എത്തിയിട്ടിട്ടുണ്ടാവും. ശാസ്ത്രജ്ഞന്മാർ നിർമിച്ച് നമ്മൾ കണ്ടിട്ടുള്ള ഫോട്ടോകളിലേത് പോലെ സ്പൈറൽ ഗാലക്സി ആയ ക്ഷീരപഥത്തെ മുഴുവനായി നമുക്ക് വെറും കണ്ണ് കൊണ്ട് കാണാൻ പറ്റും.
അവിടുന്ന് കുറച്ച് ദിവസങ്ങൾ അല്പം വിരസമായ യാത്ര ആയിരിക്കും എങ്കിലും 28 ആം ദിവസം നമ്മൾ നമ്മുടെ ഏറ്റവും അടുത്ത ഗാലക്സി ആയ ആൻഡ്രോമെയ്ഡയിൽ എത്തും. ഭൂമിയിൽ ഇരുന്ന് വെറും കണ്ണ് കൊണ്ട് കാണാൻ സാധിക്കുന്ന ഏറ്റവും ദൂരെയുള്ള ആകാശകാഴ്ചയായ ആൻഡ്രോമെയ്ഡ ഒരു സ്‌പൈറൽ ഗാലക്സി ആണ്. അദ്ദേഹവും നമ്മളെ കാണാൻ അതിവേഗതയിൽ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 4 ബില്യൺ വർഷങ്ങൾക്ക് ശേഷം നമ്മളും അദ്ദേഹവുമായി ചേർന്ന് മിൽക്കിമെയ്ഡ എന്ന കൂട്ടുകുടുംബം സൃഷ്ടിക്കും എന്ന് കരുതപ്പെടുന്നു.

115 ദിവസത്തെ തുടർച്ചയായ യാത്രയ്ക്ക് ശേഷം നമ്മൾ നമ്മുടെ മിൽക്കിവേയും ആൻഡ്രോമെയ്ഡയും ഉൾപ്പെടെ ഏതാണ്ട് 50 ഗാലക്സികൾ ഉള്ള ലോക്കൽ ഗാലക്സി ഗ്രൂപ്പിന് പുറത്ത് ചാടും. അവിടുന്നും സഞ്ചരിച്ച് യാത്രയുടെ മൂന്നാം വർഷം കൂടുതൽ ലോക്കൽ ഗാലക്സി ഗ്രൂപ്പുകൾ ഉൾപ്പെട്ട വീർഗോ സൂപ്പർക്ലസ്റ്റർ നമുക്ക് കണ്മുന്നിൽ കാണാനാവും.

Kepler 22b (Artist's Concept)
Kepler 22b (Artist’s Concept)

യാത്രയുടെ പതിനാറാം വർഷത്തിലേക്ക് കടക്കുമ്പോൾ നമ്മൾ നമ്മുടെ മിൽക്കിവേ ഉൾപ്പെടെ ഏതാണ്ട് ഒരു ലക്ഷം ഗാലക്സികൾ ഉൾപ്പെടുന്ന ലാൻയകിയ സൂപ്പർക്ലസ്റ്ററിന് പുറത്തെത്തും. വിടർന്ന തൂവലിന്റെ ആകൃതിയിൽ ഉള്ള ഈ സൂപ്പർക്ലസ്റ്ററിന്റെ ഒരു തൂവൽ നാരിനെക്കാൾ ചെറുതായിരിക്കും ഒരു ലക്ഷം പ്രകാശവർഷം വലിപ്പം ഉള്ള നമ്മുടെ സ്വന്തം ഗാലക്സി. അവിടെ നിന്ന് നമ്മൾ മിൽക്കിവേ കാണണം എങ്കിൽ ശക്തമായ ഒരു ടെലിസ്കോപ് ഉപയോഗിക്കേണ്ടി വരും.

യാത്ര തുടങ്ങി ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ നമുക്ക് കാണാൻ ആവുന്നത് ഭീകരൻമാരിൽ ഭീകരനായ TON 618 നെയാണ്. കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ താമോഗർത്തം ആയ ഇവന്റെ ഭാരം 66 ബില്യൺ സൂര്യന്മാരുടേതിനു സമമാണ്. മണിക്കൂറിൽ 62136 കിലോമീറ്റർ സഞ്ചരിക്കുന്ന നമ്മുടെ വോയേജർ 1 ന് ഈ ബ്ലാക് ഹോളിന്റെ ഒരറ്റം മുതൽ എതിർവശം വരെ സഞ്ചരിക്കാൻ ചുരുങ്ങിയത് 435 വർഷം എടുക്കും.
ഭൂമിയിൽ നിന്ന് തുടങ്ങിയ 1000 വർഷങ്ങളുടെ നീണ്ട യാത്ര നമ്മളെ കൊണ്ടെത്തിക്കുന്നത് 46.5 ബില്യൺ പ്രകാശവർഷം അകലെയുള്ള ദൃശ്യപ്രപഞ്ചത്തിന്റെ അതിരുകളിലാണ്. അത് നമുക്ക് മനസിലാക്കാൻ സാധിച്ചിട്ടുള്ള ഇടം മാത്രമാണ്. യഥാർത്ഥ പ്രപഞ്ചത്തിന്റെ അതിരല്ല. പക്ഷേ ഓർക്കുക, ദൃശ്യപ്രപഞ്ചം എന്നത് യഥാർത്ഥ പ്രപഞ്ചത്തിന്റെ വലിപ്പത്തെ സംബന്ധിച്ച് എത്ര ചെറുതായിരിക്കാം. അമേരിക്കൻ ഭൗതീക ശാസ്ത്രജ്ഞൻ ഹ്യൂ എവറെറ്റ് 1950 കളിൽ മുന്നോട്ട് വെച്ച മൾട്ടിവേഴ്സ് തിയറി പ്രകാരം എണ്ണമറ്റ പ്രപഞ്ചങ്ങൾ തന്നെ ഉണ്ടാവാം. ചുരുക്കത്തിൽ ഈ യാത്ര ഒരിക്കലും അവസാനിക്കാൻ പോവുന്നില്ല. ഒരിടത്തും എത്തി നിൽക്കാനും പോവുന്നില്ല. നമ്മള് ഇങ്ങനെ ചോയിച്ച് ചോയിച്ച് പോയിക്കൊണ്ടേയിരിക്കണം….

Leave a Reply
You May Also Like

പ്രകാശത്തിനെക്കാൾ വേഗത്തിൽ പാഞ്ഞു പോയവർ

നമ്മൾക്ക് എന്നെങ്കിലും കാണാൻ പറ്റുമോ എന്ന് പോലും അറിയാത്ത ആ ഭാഗത്തിന്,നമ്മൾക്ക് ഇപ്പോൾ കാണാൻ പറ്റുന്ന പ്രപഞ്ചത്തിന്റെ 250 ഇരട്ടി വലുപ്പം വരുമെന്ന് കരുതുന്നു.

ബഹിരാകാശത്തേക്ക് പോയ ജീവികൾ

പതിനെട്ടാം നൂറ്റാണ്ട് മുതൽ ബലൂണുകളിലും വിമാനത്തിലുമുള്ള പരീക്ഷണങ്ങൾക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നു. 1783 ൽ, പുതുതായി കണ്ടുപിടിച്ച ഹോട്ട്-എയർ ബലൂണിൽ ഒരു ആടും താറാവും കോഴിയും അയച്ചു. ബലൂൺ 2 മൈൽ (3.2 കിലോമീറ്റർ) പറന്ന് സുരക്ഷിതമായി ഇറങ്ങി.

ഒസിറിസ് റെക്സ് തിരിച്ചെത്തി. ആദ്യമായി ഒരു സ്പേസ്ക്രാഫ്റ്റ് ഒരു ഛിന്നഗ്രഹത്തിൽ നിന്നും ധൂളിയുടെ സാംപിള് ശേഖരിച്ച് തിരിച്ച് ഭൂമിയിലിറങ്ങുകയാണ്

ഒസിറിസ് റെക്സ് തിരിച്ചെത്തി sabu jose ആദ്യമായി ഒരു സ്പേസ്ക്രാഫ്റ്റ് ഒരു ഛിന്നഗ്രഹത്തിൽ നിന്നും ധൂളിയുടെ…

എക്‌സ്-റേ ഒബ്‌സർവറ്ററികളുടെ പ്രസക്തി

Sabu Jose SMEX – 14 മൂന്ന് ബഹിരാകാശ ദൂരദർശി നികളുടെ സംഘാതമായ ഈ എക്‌സ്-…