വൻമരം വീണപ്പോൾ മാഞ്ഞുപോയവർ

51

Augustus Morris

വൻമരം വീണപ്പോൾ മാഞ്ഞുപോയവർ

( 1 ) ആശയവിനിമയം അഥവാ communication എന്ന വിഷയം പഠിപ്പിക്കാൻ തുടങ്ങുകയായിരുന്നു കമ്മ്യൂണിറ്റി മെഡിസിൻ അധ്യാപിക . ക്ലാസ്സിൽ ആദ്യത്തെ വരിയിൽ അങ്ങേയറ്റമിരുന്ന വിദ്യാർത്ഥിയെ വിളിച്ചിട്ട് കാതിൽ ഇങ്ങനെ മൊഴിഞ്ഞു :
”’ ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി , സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചു . ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു .ഒരുപാട് പേര് കൊല്ലപ്പെട്ടു . ഇതേപ്പറ്റി രാജീവ് ഗാന്ധി പറഞ്ഞത് , ഒരു വൻമരം വീഴുമ്പോൾ കുറേപ്പേർ അതോടൊപ്പം ഞെരിഞ്ഞമരും ”.

ഇത് ഒരാളിൽ നിന്നും അടുത്തയാളിലേക്ക് ,അവിടെ നിന്നും അടുത്തയാൾ …..അങ്ങനെ ക്ലാസ്സിലെ അവസാനത്തെയാളിൽ എത്തി . അയാളോട് മുന്നിലെ പോഡിയത്തിൽ വന്ന് എന്താണ് കേട്ടതെന്നു പറയാൻ ആവശ്യപ്പെട്ടു . പുള്ളി പറഞ്ഞു ”’ എവിടെയോ ഒരു മരം വീണു , കുറച്ചാളുകൾ അതിനടിയിൽ പെട്ട് മരിച്ചു ”..

( 2 ) ക്ലാസ്സ് കഴിഞ്ഞ് ഹോസ്റ്റൽ മെസ്സിലെത്തി . ചായ കുടിക്കവേ ചീഫ് കുക്ക് മാമ്മച്ചനോട് ഇക്കഥ പറഞ്ഞു . അക്കാലത്ത് നടന്ന ഒരു സംഭവം പുള്ളി വിവരിച്ചു . ആലപ്പുഴ മെഡിക്കൽ കോളേജിൽ അന്നുണ്ടായിരുന്ന ഉത്തരേന്ത്യക്കാരായ വിദ്യാർത്ഥികളിൽ ഒരാൾ സിഖ് -കാരനായിരുന്നു . വടക്ക് സിഖ്‌കാരെ പച്ചയ്ക്ക് തീ കൊളുത്തുന്ന സമയം . വാർത്ത ഇവിടെയുമെത്തി . അതിവൈകാരികത മൂത്ത ചില ക്രിമിനലുകൾ കളത്തിലിറങ്ങി . താടിയും തലപ്പാവും ഉള്ള പുള്ളിയെ ആരേലും കണ്ടാൽ നിറുത്തി കത്തിയ്ക്കും . കടുത്ത മത ശാസനങ്ങള്‍ നിലനില്‍ക്കുന്ന , കത്രിക തൊട്ടാൽ സിഖ്‌കാരൻ അല്ലാതാകുന്ന , ഗ്യാനി സെയിൽ സിങ് എന്ന ഇന്ത്യൻ പ്രസിഡന്റിനെ വരെ ചെരിപ്പ് തുടപ്പിച്ച , ആ മതത്തിന്റെ അനുയായിക്ക് തന്റെ ജീവന്‍ രക്ഷിക്കാന്‍ താടിയും മീശയും വടിക്കേണ്ടി വന്നു , തലമുടി വെട്ടേണ്ടി വന്നു , ഒടുവില്‍ ആരുടെയോ വീട്ടില്‍ ഏറെനാള്‍ ഒളിവില്‍ താമസിക്കേണ്ടതായും വന്നു .

( 3 ) ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ , ഹിന്ദു -മുസ്ലിം മത വൈരത്തിനെതിരെ , ഏവർക്കും തുല്യപദവി വാഗ്ദാനം ചെയ്ത് , ജാതിക്കെതിരായി ഗുരു നാനാക്ക് സ്ഥാപിച്ച സിഖ്‌മതം , പിൽക്കാലത്ത് ഹിന്ദുമതത്തെ തോൽപ്പിക്കും വിധം അതിശക്തമായ ജാതിവ്യവസ്ഥ നിലനിൽക്കുന്ന , ഒരുകൂട്ടം മതഭ്രാന്തന്മാരുടെ, യുദ്ധവെറിയന്മാരുടെ സംഘമായി പരിണമിച്ചു .

( 4 ) സിഖ്കാര്‍ക്ക് പ്രത്യേക രാഷ്ട്രം — ഖലിസ്ഥാന്‍ — എന്ന മുദ്രാവാക്യം ഉയര്‍ത്തി പാക്പിന്തുണയോടെ ഒരുപറ്റം ആയുധധാരികള്‍ പഞ്ചാബിൽ അഴിഞ്ഞാടിയ എൺപതുകൾ . ബസ് തടഞ്ഞു നിറുത്തി യാത്രക്കാരെ വെടിവച്ച് കൊല്ലുക , ബോംബ് സ്ഫോടനം നടത്തുക ,തട്ടിക്കൊണ്ടു പോകുക , കാനഡയിലെ മോൺട്രിയോളിൽ നിന്നും പറന്നുയർന്ന കനിഷ്ക എന്ന എയർഇന്ത്യയുടെ ജംബോ വിമാനം ബോംബ് വച്ച് തകർക്കുക …..ഒക്കെ അന്നത്തെ പത്രങ്ങളിൽ വാർത്തയായിരുന്ന കാലം . ഒടുവിൽ ഭിന്ദ്രൻവാല എന്ന തീവ്രവാദി നേതാവിനെ പിടിക്കാൻ സൈന്യമിറങ്ങി ,( ഓപ്പറേഷൻ ബ്ലൂസ്റ്റാർ ) . പുള്ളി സുവർണ ക്ഷേത്രത്തിനുള്ളിൽ ഒളിത്താവളം സജ്ജമാക്കി . സിഖ്‌കാർ പരിപാവനമെന്നു കരുതുന്ന , തല മറയ്ക്കാതെ , ചെരുപ്പ് ഊരാതെ ആർക്കും അകത്ത് കയറാൻ കഴിയാത്ത സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ ആർമിയുടെ ബൂട്ടിട്ട ശബ്ദം ഉയർന്നു കേട്ടു . AK 47 തോക്കുകള്‍ വെടിയുതിര്‍ത്തു . ഭീകരർ അത് പ്രതീക്ഷിച്ചിരുന്നില്ല . ഒടുവിൽ ഭിന്ദ്രൻവാല വീണു . ഖാലിസ്ഥാൻ വാദം കെട്ടടങ്ങി .

History headline: Who gains if Punjab peace disturbed? | The Indian Express( 5 ) തീവ്രമായ മത വിശ്വാസം കൊണ്ടുനടക്കുന്ന , ഖൽസ എന്ന മതസൈന്യത്തിൽ അംഗങ്ങളായ സിഖ്‌കാർ അതിലെ നിയമമായ പഞ്ച ”’ ക ” കള്‍ അനുഷ്ഠിക്കുന്നു .
— കേശം , കജ്ഗാ ,കഡ ,കച്ച ,കൃപാണ്‍ —
[വെട്ടാത്ത മുടി ,അത് ചീകാൻ ചീപ്പ് , സർവ്വ വ്യാപിയാണ് ദൈവമെന്നു സൂചിപ്പിക്കാൻ വള ,യോദ്ധാക്കൾക്ക് വേണ്ടതായ കച്ച & വാൾ ].
തങ്ങളുടെ ആരാധനാലയം അശുദ്ധമായെന്ന തോന്നൽ ഒരു കനൽ പോലെ പലരുടെയും ഉള്ളിൽ നീറിക്കിടന്നു .

How Sabotage By Indira Gandhi's Advisors Paved the Way for Operation Blue  Star( 6 ) ഉപദേശകരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ തള്ളിക്കളഞ്ഞതിന്റെ ഫലമായി , ഇന്ദിരാ ഗാന്ധിക്ക് സ്വന്തo ജീവൻ വെടിയേണ്ടി വന്നു . സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് അവർ കൊല്ലപ്പെട്ടു . അതിന്റെ തിരിച്ചടിയെന്നോണം ഡൽഹിയിൽ സിഖ് കൂട്ടക്കൊല അരങ്ങേറി . ആണുങ്ങളെ പച്ചയ്ക്ക് തീ കൊളുത്തുക , ക്രൂരമായി കൊലപ്പെടുത്തുക , സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുക ……… ഭരണകൂടം പലതിനും ഒത്താശ ചെയ്തു .
അയൽവാസികളായവരാണ് ഇത്തരം ഹീന കൃത്യങ്ങൾക്ക് കൂട്ട് നിന്നത് എന്നത് ഏറെ ലജ്ജാവഹം . സിഖ് കൂട്ടക്കൊലകൾക്ക് നേതൃത്വം കൊടുത്തവർ പിന്നീട് ജന പ്രതിനിധികളും , മന്ത്രിമാരും , ഭൂ മാഫിയാ തലവന്മാരും ഒക്കെയായി അരങ്ങു വാണു .

( 7 ) കാലചക്രം കറങ്ങി കൊണ്ടേയിരുന്നു .പിൽക്കാലത്ത് ഒരു സിഖ്‌കാരൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായി . പക്ഷെ സിഖ് കലാപത്തിന്റെ ഇരകളുടെ ഉണങ്ങാത്ത മുറിവിൽ വീണ്ടും മുളക് തേയ്ക്കുന്ന ചില പരിപാടികൾ ഉണ്ടായിക്കൊണ്ടിരുന്നു . കലാപം നയിച്ചവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതും , അവർ മന്ത്രിമാരാകുന്നതും നിർബാധം തുടർന്നു . ഒടുവില്‍ , മുപ്പത്തി നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കോടതി ശിക്ഷ വിധിച്ചപ്പോള്‍ അത്തരം നേതാക്കളോട് പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടു . എന്ത് ഫലം ? ..ഭര്‍ത്താക്കന്മാരെ ,മക്കളെ ജീവനോടെ ചുട്ടെരിച്ചപ്പോള്‍ ,ആണ്മക്കളുടെ മുന്നിലിട്ട് അമ്മമാരെ ബലാത്സംഗം ചെയ്തപ്പോൾ , പെണ്മക്കളെ മാതാപിതാക്കളുടെ മുന്നിലിട്ട് കൂട്ട മാനഭംഗം ചെയ്തപ്പോൾ ഉണ്ടായ മാനസികാഘാതങ്ങൾ മായ്ക്കുവാൻ പറ്റുമോ ?
നഷ്ടമായവ തിരികെ കിട്ടുമോ ?

( 8 ) മതം കൊണ്ട് കളിച്ച ഒരു ജനതയും , ഒരു രാഷ്ട്രവും പുരോഗതി പ്രാപിച്ചിട്ടില്ല . ഇത്തരം സമീപകാല സംഭവങ്ങൾ നമ്മെ നോക്കി പല്ലിളിക്കുമ്പോഴും , മതങ്ങളെ വീണ്ടും വീണ്ടും തഴുകാനാണ് ഭാവമെങ്കിൽ ചരിത്രം നിങ്ങൾക്ക് മാപ്പ് നൽകില്ല .