Augustus Morris

‘പന്നഗ’മെത്തും നേരത്ത്

( 1 ) ശൈശവബാല്യകൗമാരങ്ങൾ നിഷേധിക്കപ്പെട്ട , ജനനം തൊട്ടേ പ്രായപൂർത്തി കൈവരിച്ച , ബധിരനായ ഒരു വികലാംഗൻ . കാഴ്ചശക്തി നന്നേ കുറവ് . ശുഷ്ക്കമായ തലച്ചോർ കാരണം സ്വന്തം കുഞ്ഞുങ്ങളെ പോലും തിരിച്ചറിയാൻ കഴിവില്ലാത്ത ഒരാൾ .എന്തുകൊണ്ടോ അയാളെ എല്ലാവരും ഭയന്നു. ആൾക്കൂട്ട കൊലപാതകങ്ങൾക്ക് അയാൾ എപ്പോഴും ഇരയായി . കൈകാലുകൾ ഇല്ലാത്ത ഒരു ഇഴജന്തു .പക്ഷേ അമാനുഷിക ശക്തികളും മറ്റും ആരോപിക്കപ്പെട്ട , മനുഷ്യമസ്തിഷ്കത്തിന്റെ സഹജഭാവമായ ഭയം എന്ന വികാരത്തെ ഇത്രയധികം സ്വാധീനിച്ച ഒരാൾ ഭൂമുഖത്ത് വേറെ ഇല്ല .

( 2 ) അയാളുടെ ഗാഢത കൂടിയ ഉമിനീരിനെ മനുഷ്യൻ വിഷം എന്ന് വിളിക്കുന്നു . ആ വിളി അത്ര ശരിയല്ല . മനുഷ്യന്റെ ദഹന വ്യവസ്ഥയ്ക്ക് വെളിയിലൂടെ , ന്നു വച്ചാ വായ്ക്ക് വെളിയിലൂടെ , ആ ഉമിനീർ അകത്തുപോകുമ്പോൾ , മനുഷ്യ ശരീരത്തിന് ഹാനികരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് വിഷമുള്ള പാമ്പ് , കുഴപ്പമൊന്നും ഇല്ല എങ്കിൽ വിഷമില്ലാത്ത പാമ്പ് ..ഒരു വസ്തു വിഷയമാകുന്നത് അതിന്റെ അളവിലാണ് എന്ന കാര്യം മറക്കരുത് . സയനൈഡ് ലേശംസേവിച്ചിട്ട് ജോളിയായി ഇരിക്കുന്ന ആൾക്കാരുണ്ട് .

( 3 ) ആറുമാസത്തിലേറെ മഴ കിട്ടുന്ന പശ്ചിമഘട്ടത്തിൽ തവള ,പല്ലി,ഓന്ത് തുടങ്ങിയ ഇരകൾ പെറ്റുപെരുകുന്നതിനാൽ , പാമ്പുകൾ ഏറെ കണ്ടുവരുന്നു . എന്നാൽ കേരളത്തിൽ ഏൽക്കുന്ന കടികളിൽ ഏതാണ്ട് 80 % വും വിഷമില്ലാത്ത കടികളാണ് . ബാക്കി 20 % ൽ പലതിലും കടിയേൽക്കുമ്പോൾ ആവശ്യത്തിന് വിഷം അകത്തു ചെല്ലാറുമില്ല . വിഷഹാരികളും നാട്ടുവൈദ്യന്മാരും അരങ്ങു തകർക്കുന്നതിന്റെ കാരണമതാണ് .

( 4 ) നാലുപേരാണ് ഇൻഡ്യാ മഹാരാജ്യത്തെ പ്രശ്നകാരികൾ — പ്രഥമ സ്ഥാനം ശംഖുവരയനാണ് .ഒരേസമയം രക്ത — നാഡീ വ്യവസ്ഥകളെ ബാധിക്കുന്ന വിഷം കൈമുതലായുള്ള നാഗത്താൻ. മൂർഖനാകട്ടെ നാഡീ വ്യവസ്ഥയെ മാത്രം ഉന്നം വയ്ക്കുന്നു . അണലികൾ [ റസ്സൽസ് അണലി & ഈർച്ചവാൾ ശൽക്ക അണലി ] രക്തം കട്ട പിടിക്കുന്ന പ്രക്രിയയെ തകിടം മറിച്ച് ആന്തരിക രക്തസ്രാവം ഉണ്ടാക്കുന്നു . ഒരു അഞ്ചാമൻ കൂടിയുണ്ട് — രാജവെമ്പാല . ഒറ്റക്കടിയിൽ ഏൽപ്പിക്കുന്ന വിഷത്തിന്റെ അളവ് അതിനെ വേറിട്ടതാക്കുന്നു . ആനയെ വരെ കൊല്ലാൻ ശേഷിയുള്ളത് , എന്നാൽ അങ്ങനെ മനുഷ്യനെ കടിക്കാത്ത നാണംകുണുങ്ങിയായ ഒരാൾ .വളരെയേറെ പ്രകോപിപ്പിക്കപ്പെട്ടാൽ മാത്രം പിന്തുടർന്ന് കടിക്കും .

( 5 ) പാമ്പിൻ വിഷം അകത്തുപോയാലുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലായ്‌മ ചെയ്യാൻ പ്രഥമമായി വേണ്ടത് ആന്റി സ്നേക്ക് വെനം എന്ന പ്രതി വിഷമാണ് . മേൽപ്പറഞ്ഞ നാൽവർ സംഘത്തിന്റെ വിഷത്തിന്റെ മറുമരുന്ന് ഉണ്ടാക്കാൻ ശരീരഭാരത്തിന്റെ 25 % കായികശക്തി കൈമുതലായുള്ള , ഏറ്റവുമധികം സിറം ലഭിക്കുന്ന കുതിര എന്ന മൃഗത്തെ തെരഞ്ഞെടുക്കുന്നു . വിഷത്തിന്റെ വീര്യം കുറച്ച് , പത്ത് ദിവസത്തിൽ ഒരു ഡോസ് എന്ന നിലയിൽ ഏതാണ്ട് 15 മാസം സംസ്‌കരിച്ച പാമ്പിൻ വിഷം കുത്തിവയ്ക്കുന്നു. കുതിരയുടെ ശരീരം പാമ്പിൻ വിഷത്തിൽ അടങ്ങിയിരിക്കുന്ന മാംസ്യ തന്മാത്രകൾക്കെതിരെ മറു മാംസ്യ തന്മാത്രകൾ / പ്രതിദ്രവ്യം [ ആന്റി ബോഡി ] സൃഷ്ടിക്കുന്നു . കുതിരയുടെ രക്തത്തിൽ പ്രതിദ്രവ്യത്തിന്റെ അളവ് പരമാവധി നിലയിൽ എത്തിയാൽ , സിറം വേർതിരിച്ച് എടുക്കും .

( 6 ) പ്രതിവിഷം നിർമ്മിക്കുന്ന കാര്യത്തിൽ ഭാരതം സ്വയം പര്യാപ്തമാണ് . താലൂക്ക് ആശുപത്രി തലം വരെ അത് ലഭ്യമാണ് , സൗജന്യവുമാണ് . എന്നിട്ടും ലോകത്ത് പാമ്പ് കടിയേറ്റ് ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്ന രാജ്യം എന്ന അപഖ്യാതി നമുക്ക് സ്വന്തം .

( 7 ) പാമ്പ് കടിയേറ്റ രോഗി വന്നാൽ , പൊതിഞ്ഞു കെട്ടി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാൻ എല്ലാർക്കും വലിയ ഉത്സാഹമാണ് .നാലോ അഞ്ചോ വയൽ [ vial ] ആന്റി സ്നേക്ക് വെനം ഒരു ഡ്രിപ്പിലാക്കി കുത്തിവച്ചിട്ട് വിട്ടാൽ അപകട സാധ്യത അത്രയും കുറഞ്ഞിരിക്കും . എത്ര പേർ അത് ചെയ്യാറുണ്ട് ? പാമ്പ് കടിച്ചു എന്ന് പറഞ്ഞിട്ടും അത് ഗൗനിക്കാതിരുന്ന അധ്യാ ” പഹ ” യരെ എന്തരു പറയാൻ ? ഉത്സവത്തിനും പള്ളിപ്പെരുന്നാളിനും കാശ് വാരിക്കോരി കൊടുക്കുന്ന ജനം ,ഭാവിപൗരന്മാരെ വാർത്തെടുക്കുന്ന സ്‌കൂളിൽ എന്തെങ്കിലും മരാമത്ത് പണിയ്ക്ക് സ്വമേധയാ അഞ്ചുപൈസ കൊടുക്കില്ല . നശീകരണ പ്രവൃത്തികളിലേക്ക് ചെറുപ്പക്കാരെ നയിക്കുന്ന യുവജന പ്രസ്ഥാനങ്ങളുടെ കണ്ണിൽ , പാമ്പുകൾ ഒളിച്ചിരുന്ന സ്‌കൂളിലെ വരാന്തകളും ക്ലാസ്സ് മുറികളും എന്തേ പെട്ടില്ല ? എന്തെങ്കിലും പ്രശനമുണ്ടാകുമ്പോൾ സമൂഹ മാധ്യമങ്ങളിൽ പൊട്ടിത്തെറിക്കാൻ മാത്രമേ മലയാളി ശീലിച്ചിട്ടുള്ളൂ . രോഗം വളരെ വലുതാണ് , വലിയ ചികിത്സ തന്നെ വേണ്ടിവരുന്ന ഗുരുതരമായ രോഗം

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.