ഒരു ഈ ” സോപ്പ് ” കഥ

91
Dr Augustus Morris
ഒരു ഈ ” സോപ്പ് ” കഥ
( 1 ) ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിന് 101 വർഷം മുൻപ് , ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ” റ്റാബാൻ ” സ്വദേശിയായ ഇഗ്‌നാസ് സെമ്മെൽവീസ് [ Ignaz Semmelweis 1818 – 1865 ] വൈദ്യ പഠനത്തിന് ശേഷം ,1846 – ൽ ,ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായ ഓസ്ട്രിയയിൽ ജോലിക്ക് ചേർന്നു . വിയന്ന ജനറൽ ആശുപത്രിയിലെ പ്രസൂതികാ വിഭാഗ [ പ്രസവ

Ignaz Philipp Semmelweis , അമ്മമാരുടെ രക്ഷകന്‍
Ignaz Philipp Semmelweis , അമ്മമാരുടെ രക്ഷകന്‍

വിഭാഗം ] ത്തിലായിരുന്നു നിയമനം . അവിടെ രണ്ടു തരം ലേബർ റൂമുകൾ — ധനാഢ്യർക്ക് വേണ്ടി ഒരെണ്ണം – ഡോക്റ്റർമാരുടെ മേൽനോട്ടത്തിലും , സാധാരണക്കാർക്ക് വേണ്ടി ഒരെണ്ണം ” ആയ ”മാരുടെ കീഴിലും . ലേബർ റൂം – ഒന്നിൽ പ്രസവാനന്തരമുള്ള അമ്മമാരുടെ മരണനിരക്ക് വളരെക്കൂടുതൽ . ഏതാണ്ട് 10 % നു മേലെ . എന്നാൽ വയറ്റാട്ടികളുടെ ലേബർ റൂം – രണ്ടിൽ മരണനിരക്ക് 04 % ലും താഴെയായിരുന്നു . ലേബർ റൂം രണ്ടിൽ അഡ്മിഷൻ കിട്ടിയാൽ മതി എന്ന് എല്ലാ ഗർഭിണികളും നിർബന്ധം പിടിച്ച കാലം .

( 2 ) രോഗാണു സിദ്ധാന്തം നിലവിൽ വന്നിട്ടില്ലായിരുന്നു അന്ന് . തെരുവിൽ നടക്കുന്ന പ്രസവങ്ങൾ , തുടർ പരിചരണത്തിന് ആശുപത്രിയിൽ എത്തുമ്പോൾ , മരണനിരക്ക് വളരെകുറവാണെന്നത് സെമ്മെൽവീസിനെ അത്ഭുതപ്പെടുത്തി . പ്രസവശേഷം കടുത്ത ചൂട് , വിറയൽ ,അടിവയറ്റിൽ വേദന , ദുർഗന്ധം വമിക്കുന്ന യോനീ സ്രവങ്ങൾ …ശേഷം മരണം . ഇതായിരുന്നു chilledbed fever അഥവാ puerperal fever എന്നറിയപ്പെട്ടിരുന്ന പ്രസവാനന്തരമുള്ള

ഒരുപാട് അമ്മമാരുടെ മരണത്തിന് കാരണമായ സൂക്ഷ്മാണു '' സ്ട്രെപ്റ്റോകോക്കസ് പയോജീൻസ്
ഒരുപാട് അമ്മമാരുടെ മരണത്തിന് കാരണമായ സൂക്ഷ്മാണു ” സ്ട്രെപ്റ്റോകോക്കസ് പയോജീൻസ്

പനി . പൊക്കിൾക്കൊടിയുമായി ചേരുന്ന ഭാഗത്ത് ഗർഭപാത്രത്തിലുണ്ടാകുന്ന അണുബാധയാണ് കാരണം . ഒരുപാട് അമ്മമാരും , നവജാത ശിശുക്കളും മരണപ്പെട്ടുകൊണ്ടേയിരുന്നു …

( 3 ) അക്കാലത്ത് മരിച്ചവരുടെ ശവശരീരങ്ങൾ കീറിമുറിച്ച് പഠിക്കുന്ന ഏർപ്പാടും കൂടിയുണ്ടായിരുന്നു . സെമ്മെൽവീസിന്റെ സഹ പ്രവർത്തകനായിരുന്ന ഫോറൻസിക് വിഭാഗം പ്രൊഫസർ Jakob Kolletschka -നു മൃതദേഹ പരിശോധനയ്ക്കിടെ യദൃച്ഛയാ ഒരു വിദ്യാർതഥിയുടെ കത്തിമുന കൊണ്ട് പരിക്കേറ്റു . പിന്നീട് അദ്ദേഹം മരണപ്പെട്ടു . അമ്മമാർ മരിക്കുമ്പോഴുണ്ടായിരുന്ന രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാണ് Jakob Kolletschka യും വിടപറഞ്ഞത് . ഇതിൽ പരിഭ്രാന്തി മൂത്ത സെമ്മെൽവേസ് അവിടെനിന്നും രക്ഷപ്പെട്ടെങ്കിലും രണ്ടാഴ്ച കഴിഞ്ഞ് മടങ്ങിവന്നു . ശവശരീരം കീറിമുറിക്കുമ്പോൾ കയ്യിൽ പറ്റുന്ന എന്തോ ഒന്നാണ് രോഗകാരണമെന്ന് തോന്നിയ സെമ്മെൽവീസ് , chlorinated lime അഥവാ കാൽസിയം ഹൈപ്പോ ക്ളോറൈറ്റ്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ പരിശോധന
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ പരിശോധന

ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി . പ്രഭാതത്തിലുള്ള മൃതദേഹ പരിശോധനകൾക്കിടെ , അസഹ്യമായ ദുർഗന്ധത്തിൽ നിന്നും രക്ഷ നേടാൻ കൂടി chlorinated lime അദ്ദേഹത്തെ സഹായിച്ചു എങ്കിലും , അമ്മമാരുടെ മരണനിരക്ക് അപ്പോഴുണ്ടായിരുന്നതിന്റെ 90 % കുറഞ്ഞു .രണ്ടുമാസങ്ങൾക്ക് ശേഷം മരണങ്ങൾ ഒട്ടുമേ ഇല്ലാതായി .

( 4 ) പ്രസവമെടുക്കുന്നതിനു മുൻപ് കൈകൾ വൃത്തിയാക്കണമെന്ന സെമ്മെൽവീസിന്റെ അഭിപ്രായത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത് .ചിലർ അദ്ദേഹത്തെ അനുകരിച്ചു എങ്കിലും അന്നത്തെ വൈദ്യലോകം പൊതുവെ അദ്ദേഹത്തെ എതിർത്തു . കൈകളുടെ വൃത്തിയിൽ വല്ലാത്ത വാശിപിടിച്ചു സെമ്മെൽവീസിനെ ഒടുവിൽ ഭ്രാന്തനെന്നു മുദ്രകുത്തി , മനോരോഗ ചികിത്സാലയത്തിൽ അടച്ചു .അവിടെ വച്ച് ഗാർഡുമാരുടെ മർദ്ദനമേറ്റ്‌ ,മുറിവ് പഴുത്ത് , 47 -മത്തെ വയസ്സിൽ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു .കൈകഴുകലിലൂടെ ഒരുപാട് അമ്മമാരെ രക്ഷിച്ച ഡോക്റ്റർ ഇഗ്‌നാസ് സെമ്മെൽവീസ് ” savior of mothers ” [ അമ്മമാരുടെ രക്ഷകൻ ] എന്ന് അറിയപ്പെടുന്നു .
( 5 ) വൈറസുകൾ അഥവാ വിഷാണുക്കൾ , അവയുടെ ശരീരം നിർമ്മിച്ചിരിക്കുന്നത് ശങ്കരാടിയുടെ

പത്തൊന്‍പതാം നൂറ്റാണ്ടിലെ ആശുപത്രി വാര്‍ഡ്‌
പത്തൊന്‍പതാം നൂറ്റാണ്ടിലെ ആശുപത്രി വാര്‍ഡ്‌

ഭാഷയിൽ പറഞ്ഞാൽ ത്തിരി കൊഴുപ്പ് [ LIPID ] , ത്തിരി മാംസ്യം [ PROTEIN ] & ത്തിരി ജനിതക ദ്രവ്യം [ GENETIC MATERIAL ] . ഇവർ തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും , പഞ്ചായത് ഭരണം പിടിക്കാൻ കൈകോർക്കുന്ന മതേതര -വർഗ്ഗീയ പാർട്ടി കൂട്ടുകെട്ട് പോലെ അന്തർധാര സജീവമായിരുന്നു . ത്രിത്വങ്ങൾ കൂടിച്ചേർന്ന് വജ്രപ്പശ ഒട്ടിച്ചതുപോലായി . ഇവരെ ഇളക്കാൻ എന്താണൊരു വഴി ? അപ്പോഴതാ വരുന്നു , ഒരാൾ . അയാളുടെ പേരാണ് സോപ്പ് . മേപ്പടിയാൻ ഈ ബന്ധങ്ങളെ അഴിച്ചു . സുഗതന്റെ കെട്ടഴിച്ചു എന്നൊക്കെ കേട്ടിട്ടുള്ള നമുക്ക് , ഇത് നേരിട്ട് കാണാം . ലേശം ആൽക്കഹോൾ കൂടി ഉണ്ടെങ്കിൽ , കൊഴുപ്പിനെയും വിടുവിക്കാം . അങ്ങനെയാണ് ” സാനിറ്റയ്‌സർ ” ഉണ്ടായത് .അതില്ലെങ്കിൽ സോപ്പ് ആയാലും മതി .കൊറോണയല്ല , ഏതവനും പമ്പ കടക്കും .

NB — കൈ കഴുകൽ നിർബന്ധം , അത് എവിടെ ആണെങ്കിലും ,ഏതു ജോലി ചെയ്യുന്ന ആളാണെങ്കിലും . സോപ്പ് കമ്പനിക്കാരുടെ കമ്മീഷൻ കിട്ടിയോ ശോഭേ ? എന്ന കമന്റ് നിരോധിച്ചിരിക്കുന്നു .