ജാലിയാൻ വാല ബാഗ് -101 വർഷങ്ങൾ

26

Augustus Morris

ജലിയാൻ വാല ബാഗ് — 101 വർഷങ്ങൾ

( 1 ) ജാതിവ്യവസ്ഥയ്‌ക്കെതിരെ , ഹിന്ദു -മുസ്ലിം മതവൈരത്തിനെതിരെ ഗുരു നാനാക്കിനാൽ രൂപമെടുത്ത ഭക്തിപ്രസ്ഥാനം , പിൽക്കാലത്ത് ആസുരതയുടെ -യുദ്ധക്കൊതിയുടെ – ഭീകരമായ ജാതി വിവേചനത്തിന്റെ മതമായി മാറിയ കഥയാണ് സിഖ് മതത്തിന് പറയാനുള്ളത് . യുദ്ധ രംഗങ്ങളിലെ മികവ് ബ്രിട്ടീഷുകാർ പ്രയോജനപ്പെടുത്തി . 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൂർണ്ണമായും പരാജയപ്പെടുത്താൻ കോളനിവാഴ്ചക്കാരെ സഹായിച്ച സിഖ്‌കാരോട് അവർ നന്ദി പ്രകാശിപ്പിച്ചത് ഊഷര ഭൂമിയായ പഞ്ചാബിനെ , പച്ച പട്ടുടുപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടാണ് . 1866 ൽ ലോറൻസ് പ്രഭു ആവിഷ്‌ക്കരിച്ച ജലസേചന നയത്തിന്റെ ഭാഗമായി സത്‌ലജ് നദിയിലെ വെള്ളം കൊണ്ടുവരാൻ 1882 ൽ വെട്ടിയ സിർഹിന്ദ് കനാൽ [ ശാഖകൾ ഉൾപ്പെടെ 3125 കിലോമീറ്റർ ] ,ചെനാബ് നദിയിലെ വെള്ളമെടുക്കാൻ 1892 ൽ വെട്ടിയ ഇപ്പോൾ പാക്കിസ്ഥാനിലായ ലോവർ ചെനാബ് കനാൽ എന്നിവ ചേർന്ന് ഇരുപത് ലക്ഷം ഏക്കർ ഭൂമി കൃഷിയോഗ്യമാക്കി , പഞ്ചാബ് കാർഷിക അഭിവൃദ്ധിയിലേക്ക് കുതിച്ചു .

( 2 ) ദക്ഷിണ ധ്രുവത്തിൽ നിന്നും ഉത്തര ധ്രുവത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം ,പല പ്രദേശങ്ങളിലും പുതുവർഷാരംഭമായി കൊണ്ടാടുന്നു .നമ്മുടെ വിഷു പോലെ തന്നെയാണ് പഞ്ചാബിലെ വൈശാഖി ഉത്സവം .പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അമൃത സരസ്സിലെ [ അമൃത്സർ ] സുവർണ്ണ ക്ഷേത്രത്തിലേക്ക് തീർഥാടനമായി പോകുന്നു ,വൈശാഖി ആഘോഷിക്കുന്നു .

( 3 ) ബ്രിട്ടീഷുകാരോട് ചായ്‌വ് ഉണ്ടായിരുന്നെങ്കിലും , ഒന്നാം ലോക മഹാ യുദ്ധത്തിന് ശേഷം , ഭരണ രംഗങ്ങളിൽ കാര്യമായ പങ്കാളിത്തം ലഭിക്കുമെന്ന് കരുതിയ സിഖ്‌കാരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു ചെംസ്‌ഫെഡ് വൈസ്രോയി കൊണ്ടുവന്ന 1918 ലെ ഭരണ പരിഷ്കാര നയം . ഇത് അവരിൽ ”’ സ്വരാജ് ഹിന്ദ് ”’ ബോധം വളർത്തി . പലരും പ്രക്ഷോഭം ആരംഭിച്ചു .

( 4 ) സ്വാതന്ത്ര്യ ദാഹത്തെ അടിച്ചമർത്താൻ ” റൗലത്ത് ആക്റ്റ് ” കൊണ്ട് വന്നു .വിചാരണ കൂടാതെ തടവിലിടാൻ ബ്രിട്ടീഷുകാരെ സഹായിക്കുന്ന നിയമം .ഇതിനെതിരെ ഇന്ത്യയുടെ പല ഭാഗത്തും പ്രതിഷേധം ഉയർന്നു .ഖിലാഫത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമര രംഗത്തേക്ക് കൂട്ടിക്കൊണ്ടു വന്ന ഗാന്ധിജിയുടെ നയചാരുത പ്രശംസിക്കപ്പെട്ടു . 1919 ഏപ്രിൽ 9 -നു
നടന്ന രാമാനവമി ആഘോഷങ്ങൾക്ക് ഹിന്ദു -മുസ്ലിം ജനവിഭാഗങ്ങൾ കൈകോർത്ത് നിന്നു. ഭക്ഷണ -പാനീയങ്ങൾ പങ്കിട്ട് കഴിച്ച് ,ഐക്യ ദാർഢ്യം പ്രകടിപ്പിച്ച ജനങ്ങൾ , അധികാരികളെ വിളറി പിടിപ്പിച്ചു . അവർ ഗാന്ധിജിയ്ക്ക് ഊരുവിലക്ക് ഏർപ്പെടുത്തി ,പഞ്ചാബിൽ പ്രവേശിക്കുന്നത് തടഞ്ഞു . ജനം ഇളകിമറിഞ്ഞു .

( 5 ) ഏപ്രിൽ 10 -നു നടന്ന പ്രതിഷേധ സമരത്തിന് നേരെ വെടിവയ്പ് ഉണ്ടായി ,ഏതാനും പേർ കൊല്ലപ്പെട്ടു .അതിനടുത്ത ദിവസം ഇരുപത് പേർ വെടിയേറ്റ് മരിച്ചു .ജനം ബ്രിട്ടീഷുകാരുടെ മൂന്നു മർമ്മ സ്ഥാനങ്ങളിൽ കൈവച്ചു — ബാങ്ക് കൊള്ളയടിച്ചു , റെയിൽ പാളം നശിപ്പിച്ചു , കമ്പിയില്ലാക്കമ്പി വാർത്താവിനിമയം തകരാറിലാക്കി .അധികാരികൾ നിരോധനാജ്ഞ പ്രഖ്യാപിച്ചു .

( 6 ) ഇതൊന്നുമറിയാതെ പഞ്ചാബിലെ ഗ്രാമവാസികൾ വൈശാഖി ആഘോഷത്തിനായി സുവർണ്ണ ക്ഷേത്രത്തിലേക്ക് വന്നുകൊണ്ടിരുന്നു . ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ചെറിയ മൈതാനി – ജലിയാൻ വാല ബാഗ് -യിൽ അവർ വിശ്രമിച്ചു . ഈ ജനക്കൂട്ടത്തിന്റെ അഭിസംബോധന ചെയ്തു കൊണ്ട് ചില പ്രക്ഷോഭകാരികൾ റൗലത്ത് നിയമത്തിനെതിരെ പ്രസംഗിച്ചു .

( 7 ) ഈ കാലത്ത് , പഞ്ചാബിലെ ഡപ്യൂട്ടി കമ്മീഷണർ ആയിരുന്ന മൈക്കിൾ ഒഡ്വയർ , ഒപ്പം ജലന്ധറിലെ കമ്മാണ്ടർ റെജിനോൾഡ് ഡയർ എന്നിവർ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തണമെന്നു തീരുമാനിച്ചു .

( 8 ) ജലിയാൻ വാലാ ബാഗിൽ സന്നിഹിതരായിരുന്ന സാധാരണക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് , ചിലർ പ്രസംഗിക്കുന്നതായി വിവരം ലഭിച്ച റെജിനോൾഡ് ഡയർ , പട്ടാളവുമായി കുതിച്ചെത്തി .ആൾക്കാർ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നതിന് പകരം , അയാൾ വെടിവയ്ക്കാൻ ഉത്തരവിട്ടു .ഇടുങ്ങിയ പ്രവേശന കവാടം കൈമുതലായി ഉണ്ടായിരുന്ന ജലിയാൻ വാലാ ബാഗിൽ നിരവധി മനുഷ്യർ വെടിയേറ്റ് വീണു .അവിടെയുണ്ടായിരുന്ന ഒരു വലിയ കിണറ്റിൽച്ചാടി രക്ഷപ്പെടാൻ നോക്കിയ മനുഷ്യരെ അതിനുള്ളിലിട്ട് വെടിവച്ച് കൊന്നു . എത്ര റൌണ്ട് വെടിയുതിർത്തു ,എത്ര ബുള്ളറ്റ് ചെലവായി എന്നും മറ്റും അവിടത്തെ ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ചുറ്റുമുള്ള കെട്ടിടങ്ങളുടെ ഭിത്തിയിൽ പതിഞ്ഞ BULLET MARKS ഇന്നും അവിടെ കാണാം .

( 9 ) ഡയർ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയെങ്കിലും അയാൾക്ക് വലിയ ശിക്ഷയൊന്നും ലഭിച്ചില്ല .പക്ഷെ , ഒരാൾ ഉള്ളിലെരിയുന്ന കാണാനുമായി കാത്തിരുന്നു , ഉദ്ധം സിംഗ് .അദ്ദേഹം ഇംഗ്ലണ്ടിൽ ചെന്ന് ,ഡയറിനെ കണ്ടെത്തി തന്റെ കൈത്തോക്ക് ഉപയോഗിച്ച് വെടി വച്ച് കൊന്നു . പിന്നീട് ബ്രിട്ടീഷ് സർക്കാർ ഉദ്ധം സിംഗിനെ തൂക്കിക്കൊന്നു .

NB — ഏപ്രിൽ 13 , 2019 ൽ ഒരു നൂറ്റാണ്ട് തികയുന്നു ,ഈ കൂട്ടക്കുരുതി നടന്നിട്ട്. ബ്രിട്ടീഷ് ഗവ : ഖേദം പ്രകടിപ്പിച്ചതല്ലാതെ , നഷ്ട പരിഹാരം തന്നിട്ടില്ല . സ്വാതന്ത്ര്യം എന്ന് പറയുന്നത് എത്രയോ നിരപരാധികളുടെ ചോരയിൽ ചവിട്ടി നിന്നുകൊണ്ട് നേടിയെടുത്തതാണെന്ന ബോധം എത്ര പേർക്കുണ്ട് ? അവരെ ആരോർക്കുന്നു ?…യാത്രകൾ പോകുമ്പോൾ അമൃതസർ ഉൾപ്പെടുത്തുക . അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സുവർണ്ണ ക്ഷേത്രവും , ജലിയാൻവാലാ ബാഗും സന്ദർശിക്കുക . മനസ്സുകൊണ്ട് ചരിത്രത്തിലേക്ക് സഞ്ചരിക്കുക .
APRIL 13 , JALLIANWALA BAGH DAY