ചോസോൺ – ഹാങ്ങൂക് ; ഇവ എന്തെന്നറിയാമോ ? അല്പം ചരിത്രവും

130

Augustus Morris

ചോസോൺ – ഹാങ്ങൂക്

( 1 ) അസ്വാതന്ത്ര്യവും പട്ടിണിയും പരിവട്ടവും മൂലം അയാൾ തന്റെ ജന്മ നാടായ ചോസോണിൽ നിന്നും രക്ഷപ്പെടാൻ തീരുമാനിച്ചു .അങ്ങേയറ്റം അപകടകരമായ ഒരു പ്രവൃത്തി . ഉദ്യമം പരാജയപ്പെട്ടാൽ , മനുഷ്യ മനസ്സിന് ചിന്തിക്കാവുന്നതിനപ്പുറമുള്ള പീഡകൾ സഹിച്ച് ഇഞ്ചിഞ്ചായി മരിക്കാം . വെറും മരണമല്ല , ഓരോ കോശത്തിൽ നിന്നും പ്രാണൻ വേർപെടുന്നത് അറിയിച്ചുകൊണ്ടുള്ള കൊല്ലാക്കൊല .അയാളൊരു സൈനികനായത് കൊണ്ട് ശിക്ഷ അതികഠിനമായിരിക്കും എന്നത് സാമാന്യ ബുദ്ധി മാത്രം .എന്നിട്ടും അയാൾ ആ കടുംകൈ ചെയ്യാൻ രംഗത്തിറങ്ങി . മൈനുകൾ കുഴിച്ചിട്ടിരിക്കുന്ന , പീരങ്കിപ്പട കാവൽ നിൽക്കുന്ന , സദാ ജാഗരൂകരായ പട്ടാളം റോന്തുചുറ്റുന്ന 38 – ആം സമാന്തര രേഖ [ 38 th parallel ] ഒടുവിൽ അയാൾ മുറിച്ചുകടന്നു. അയാൾ തന്റെ സ്വപ്നഭൂമിയായ ഹാങ്ങൂക്-ൽ എത്തപ്പെട്ടു . വൈദ്യ പരിശോധനയ്ക്ക് വിധേയനായ അയാളുടെ കുടലിൽ നാടവിര [ tape worm ] യെ കണ്ടെത്തി . അങ്ങേയറ്റം ദരിദ്രമായ അയാളുടെ രാജ്യത്ത് മനുഷ്യമലം ഉപയോഗിച്ച് കൃഷി ചെയ്യുന്നത് കൊണ്ടുണ്ടായ ദുര്യോഗം അയാളുടെ ആരോഗ്യത്തെ കവർന്നെടുത്തു.

Kim Jong Un: age, wife and rise to power as North Korean leader ...( 2 ) പുരാണങ്ങളനുസരിച്ച് , ഹാനുങ് എന്നൊരു ദേവൻ , ഗന്ധർവ്വ നിയോഗം പോലെ , സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി . ഒരു കരടിയെ കണ്ട് മോഹമുദിച്ച ടിയാൻ , അതിനെ മനുഷ്യ സ്ത്രീയാക്കി . അവർ ഇണ ചേർന്നു , ഒരു മകനുണ്ടായി . ആ മകൻ – താങ് ഗുണ് , സ്ഥാപിച്ച സാമ്രാജ്യം ജോസോൺ എന്നറിയപ്പെട്ടു ( കാലം – ബി സി ഇ 2300 ) . പിന്നീടത് ഗോ ഗുറിയോ , സില്ല & ബാക് ചി എന്നിങ്ങനെ മൂന്നായി .സി ഇ ഏഴാം നൂറ്റാണ്ടിൽ സില്ല , മറ്റു രണ്ടു കൂട്ടരെയും കീഴടക്കി ,ശേഷം ഗോറിയോ എന്ന രാജ വംശം ഉടലെടുത്തു . അതിൽ നിന്നാണ് കൊറിയ എന്ന പേര് വന്നത് .

( 3 ) പതിമൂന്നാം നൂറ്റാണ്ട് തൊട്ടിങ്ങോട്ട് മംഗോൾ , ജാപ്പനീസ് ആക്രമണങ്ങൾ പല തവണ നടന്നെങ്കിലും ഗോറിയോ സാമ്രാജ്യം അതിനെ ചെറുത്തു നിന്നു . ഇരുപതാം നൂറ്റാണ്ടു വരെ പാശ്ചാത്യർക്ക് ബാലികേറാമലയായി നില നിന്ന ഗോറിയോ , ഒടുവിൽ കിഴക്കിന്റെ വൻശക്തിയായി ഉദയം കൊണ്ട ജാപ്പനീസ് ശൗര്യത്തിനുമുന്നിൽ അടിയറവ് പറഞ്ഞു . 1910 – ൽ കൊറിയ ജപ്പാന്റെ കോളനിയായി . പിന്നീടുള്ള മൂന്നര പതിറ്റാണ്ട് ജപ്പാന്റെ തേരോട്ടം .കൊറിയൻ ഭാഷയെയും ദേശീയതയും ആചാരങ്ങളെയും തച്ചുടച്ച് കൊണ്ട് , ജാപ്പനീകരണം നടമാടി .കൊറിയൻ ചക്രവർത്തിയുടെ മരണം , ജാപ്പനീസ് ഗൂഢാലോചനയുടെ ഫലമാണെന്ന് കരുതിയ ജനം 1919 ൽ തെരുവിലിറങ്ങി . ജപ്പാൻ സൈനികശക്തി അതിനെ അടിച്ചമർത്തി .പക്ഷെ രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ വീണതോടെ , 1945 ൽ കൊറിയ സ്വതന്ത്രമായി .

( 4 ) എരിതീയിൽ നിന്നും വറചട്ടിയിലേക്കായിരുന്നു ആ പോക്ക് . വടക്കു ഭാഗത്തുകൂടി സോവിയറ്റ് യൂണിയനും തെക്കു ഭാഗത്തു കൂടി അമേരിക്കൻ ഐക്യനാടുകളും കൊറിയയിൽ പ്രവേശിച്ചു . കൊറിയൻ താല്പര്യം അവഗണിച്ച വൻശക്തികൾ , യാൾട്ട സമ്മേളനത്തിലൂടെ 38 -ആം സമാന്തര രേഖയ്ക്ക് അപ്പുറവും ഇപ്പുറവുമായി കൊറിയയെ വെട്ടിമുറിച്ചു. 1948 ൽ DEMOCRATIC PEOPLES REPUBLIC OF KOREA എന്ന ഉത്തര കൊറിയ നിലവിൽ വന്നു .കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കിം ഇൽ സുങ് [ ഇദ്ദേഹം ETERNAL PRESIDENT & GREAT LEADER എന്നറിയപ്പെടുന്നു ] അധികാരമേറ്റു . 1950 ൽ സോവിയറ്റ് – ചൈന സഹായത്തോടെ ഉ . കൊറിയ , ദക്ഷിണ കൊറിയയെ ആക്രമിച്ച് , തലസ്ഥാനമായ സോൾ പിടിച്ചെടുത്തു . അമേരിക്കൻ സഖ്യം തിരിച്ചടിച്ച് ഉ .കൊറിയയുടെ തലസ്ഥാനമായ പ്യോങ് യാങ് കീഴടക്കി .ഒടുവിൽ 1953 ൽ 38 -ആം സമാന്തര രേഖ അതിർത്തിയായി അംഗീകരിച്ച് വെവ്വേറെ രാജ്യങ്ങളായി ഇരുപക്ഷവും യുദ്ധമവസാനിപ്പിച്ചു .

( 5 ) സോവിയറ്റ് സഹായത്തോടെ പഞ്ച വത്സര പദ്ധതികളിലൂടെ ഉ .കൊറിയ മുന്നേറിയെങ്കിലും , യുദ്ധം അവരെ പിന്നോട്ടടിച്ചു. ചൈന -സോവിയറ്റ് യൂണിയൻ ഭിന്നതകൾ , ഉ .കൊറിയയെ സാരമായി ബാധിച്ചു. രണ്ടു പ്രത്യയ ശാസ്ത്ര ഭീമന്മാരുടെ ഇടയിൽ കിടന്നു ബുദ്ധിമുട്ടിയ ഉ .കൊറിയ ഒടുവിൽ എല്ലാവരിൽ നിന്നുമകന്ന് അവരുടേതായ ഒരു വ്യവസ്ഥിതിയിലേക്ക് പോയി . വ്യക്തി ആരാധന ശക്തിപ്പെടാനും കിം ഇൽ സുങ്ങിന്റെ കുടുംബം രാഷ്ട്രത്തെ കൈപ്പിടിയിൽ ഒതുക്കുന്നതിലേക്കും അത് ജനങ്ങളെ കൊണ്ടെത്തിച്ചു .

( 6 ) അതേസമയം , കമ്പോള മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥ പിന്തുടർന്ന ദക്ഷിണ കൊറിയ സാമ്പത്തികമായി ഏറെ മുന്നേറി . സാംസങ് , ഹ്യുണ്ടായി തുടങ്ങിയ ബ്രാൻഡുകൾ ലോകം കീഴടക്കി .എണ്ണടാങ്കർ കപ്പലുകളുടെ നിർമ്മാണത്തിലും അവർ മുന്നിട്ടു നിൽക്കുന്നു . ഒളിമ്പിക്സ് , ഫുട്ബോൾ ലോക കപ്പ് എന്നിവയ്ക്ക് ആതിഥേയമരുളി . കൊറോണ ബാധയെ നിയന്ത്രിച്ചും അവർ മാതൃക കാട്ടി . നേട്ടങ്ങൾ പറയാനേറെ .

( 7 ) ആദ്യ അധികാര കൈമാറ്റം നടക്കുന്നത് 1994 ലാണ് . കിം ഇൽ സുങ് അന്തരിച്ചപ്പോൾ മകനായ കിം ജോംഗ് ഇൽ , ഉ .കൊറിയയുടെ ഭരണമേറ്റു . മേപ്പടിയാന്റെ കാലം , സാമ്പത്തിക തകർച്ചയുടെ ,പട്ടിണി മരണങ്ങളുടെ , പുറം ലോകമറിയാത്ത ഒരുപാട് ദുരൂഹതകളുടെ കാലമായിരുന്നു . വ്യവസായവും കൃഷിയും കാലാനുസൃതമായി പരിഷ്കരിക്കാത്തതിലൂടെ നാശോന്മുഖമായെങ്കിലും , ആയുധ നിർമ്മാണം എന്ന കലാ പരിപാടി മാത്രം അനുസ്യൂതം മുന്നോട്ടു പോകുന്നു . പ്രജകൾക്ക് ഭക്ഷണമില്ലെങ്കിലും എഴുപതോളം മുങ്ങിക്കപ്പലുകൾ കടലിന്നഗാധമാം നീലിമയിൽ ഊളിയിട്ട് കളിക്കുന്നു .ആകെയുള്ള ഒരേയൊരു ടി വി ചാനൽ / പത്രം മുഴുവൻ ഭരണാധികാരിയുടെയും കുടുംബത്തിന്റെയും വീരകഥകൾ .

( 8 )പിതാവിന്റെ നിര്യാണത്തോടെ 2011 ലാണ് ഇപ്പോഴത്തെ ഭരണാധികാരി കിം ജോംഗ് ഉൻ ഉ .കൊറിയയുടെ ഭരണമേറ്റെടുക്കുന്നത്.എതിരാളികളെ വിമാന വേധ തോക്കുപയോഗിച്ച് വധിക്കുക , സ്വന്തം അമ്മാവനെ വിശന്നു വലഞ്ഞ പട്ടികൾക്ക് മുന്നിലിട്ട് കൊടുത്ത് ഇല്ലാതാക്കുക തുടങ്ങി കരക്കമ്പികൾ ഒരുപാട് ഉ .കൊറിയൻ പാണന്മാർ പാടി നടക്കുന്നുണ്ട് .ജനങ്ങൾക്ക് ഇന്നും ഇന്റർനെറ്റ് അപ്രാപ്യമായ ഒരു രാജ്യമാണ് കിമ്മിന്റെ കൊറിയ . ഭരണാധികാരികളുടെ യൗവ്വനവും ആരോഗ്യവും കാത്തു സൂക്ഷിക്കാൻ ച്യവനപ്രാശമായി ഇവിടെ ഉപയോഗിക്കപ്പെടുന്നത് ആയിരക്കണക്കിന് കന്യകമാരാണെന്ന് രക്ഷപ്പെട്ടോടിയവർ പറയുന്നു . വിമാനത്തിൽ സഞ്ചരിക്കാത്ത ഭരണാധികാരി , തീവണ്ടി മാർഗ്ഗമാണ് പോക്കുവരവ് നടത്തുന്നത് . അമേരിക്കയെങ്ങാനും വിമാനം തകർത്താലോ എന്ന് പേടിച്ചിട്ട്.

( 9 ) വടക്ക് ചൈനയുമായും , വടക്കുകിഴക്ക് റഷ്യയുമായും , തെക്ക് ദക്ഷിണ കൊറിയയുമായും അതിർത്തി പങ്കിടുന്ന രാജ്യമാണ് ഉ .കൊറിയ . നാണയം – വോൺ . ഇന്റർനെറ്റ് വിലാസം ഇല്ല .

NB — ഉത്തര കൊറിയയെ അന്നാട്ടുകാർ വിളിക്കുന്ന പേരാണ് ചോസോൺ . ദക്ഷിണ കൊറിയയെ , ഹാങ്ങൂക് എന്നും .