ബീഡിയുണ്ടോ ദിനേശാ

0
83

Augustus Morris

ബീഡിയുണ്ടോ ദിനേശാ

( 1 ) ഇന്ത്യ കണ്ടെത്താൻ ഇറങ്ങിത്തിരിച്ച കൊളംബസ് , ചെന്ന് കയറിയത് അമേരിക്കൻ ഭൂഖണ്ഡത്തിൽ . തദ്ദേശവാസികൾ മേപ്പടിയാനെയും കൂട്ടരെയും സ്വീകരിച്ചു. .നീളമുള്ള ഒരു കുഴലിലൂടെ എന്തോ കത്തിച്ച് ഉണ്ടാക്കുന്ന ” പൊഹ ” ഉള്ളിലേക്കെടുക്കുന്ന അമേരിക്കക്കാരെ കണ്ട് കൊളുമ്പി & ടീം ഞെട്ടി . കുറെ ഇലകളും മറ്റും കൂട്ടിയിട്ട് കത്തിച്ച് , അങ്ങനെയുണ്ടാകുന്ന പുക ശ്വസിക്കുമ്പോ എന്തോ ഒരിത് . തീറ്റയും കുടിയും ഇണചേരലും ഒക്കെയായി കൊളുമ്പി & ടീം ആർമ്മാദിച്ചു . മടങ്ങിപ്പോകാൻ നേരം തദ്ദേശ വാസികൾ , വിരുന്നുകാർക്ക് ആത്മാവിന് ചൂടുകൊടുക്കുന്ന ആ ഇലകൾ & വിത്തുകൾ സമ്മാനിച്ചു . കൊളംബസ് നാട്ടിൽ കൊണ്ടുവന്ന് വളർത്തിയെടുത്തു . അത് പിന്നീട് ലോകം മുഴുവനും വ്യാപിച്ചു . ആ ചെടിയാണ് നിക്കോട്ടിയാന അഥവാ പുകയില .

( 2 ) 1560 ൽ പോർച്ചുഗലിലെ ഫ്രഞ്ച് അംബാസിഡറായിരുന്ന ജീൻ നിക്കോട്ട് [ Jean Nicot de Villemain ] ഇത് ഫ്രാൻസിൽ അവതരിപ്പിച്ചു . ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം ആ ചെടിയ്ക്ക് നിക്കോട്ടിയാന എന്ന പേര് കൊടുത്തു . പല തരം സ്പീഷീസുകൾ ഉണ്ടെങ്കിലും Nicotiana tabacum [ സിഗരറ്റ് നിർമ്മാണം ] & Nicotiana rustica [ ഹുക്ക , കീടനാശിനി നിർമ്മാണം ] എന്നിവ മുഖ്യ ഇനങ്ങൾ .

( 3 ) ഇന്ത്യയിൽ അക്ബർ ചക്രവർത്തിയുടെ കാലത്താണ് പുകയില വന്നതെന്ന് ചിലർ അഭിപ്രായപ്പെടുന്നു . മക്കയിലും മദീനയിലും പുകഴ് പെറ്റത് എന്ന് പറഞ്ഞ് , നവാബ് മിഴ്‌സ ആസാദ് ബെയ്‌ഗ്‌ അദ്ദേഹത്തിന് പുകയില & ഹുക്ക പരിചയപ്പെടുത്തി . പിന്നീടത് ഇന്ത്യ മുഴുവൻ വ്യാപിച്ചു . ബ്രിട്ടീഷുകാരുടെ വരവോടെ പൈപ്പ് & ചുരുട്ട് വേര് പിടിച്ചു .

( 4 ) പാകമായ വിത്തുകളൊഴികെയുള്ള പുകയിലച്ചെടിയുടെ എല്ലാ ഭാഗങ്ങളും ഹാനികരമായ രാസവസ്തുക്കളാൽ സമ്പന്നമാണ് . നിക്കോട്ടിൻ , അനാബാസിൻ ,നോർനിക്കൊട്ടിൻ തുടങ്ങിയ ക്ഷാര സംയുക്തങ്ങൾ ( alkaloids ) ഇലകളിൽ അടങ്ങിയിരിക്കുന്നു . പുകയിലയുടെ അപൂർണ്ണമായ ജ്വലനം വഴി , പലവിധ രാസപ്രക്രിയകളിലൂടെ ഏതാണ്ട് 7000 ൽ പരം രാസവസ്തുക്കൾ ഉണ്ടാകുന്നു എന്ന് ശാസ്ത്രലോകം .

( 5 ) നാഡീ വ്യവസ്ഥയിലെ അനൈച്ഛിക നാഡീ കോശങ്ങളിൽ ( autonomic ganglia ) പ്രവർത്തിക്കുന്ന നിക്കോട്ടിൻ , ആദ്യം അവയെ ഉത്തേജിപ്പിക്കുന്നു . ഹൃദയമിടിപ്പ് കൂട്ടൽ , രക്താതി സമ്മർദം , ശ്വസന നിരക്ക് കൂട്ടൽ , വയറ്റെരിച്ചിൽ , കണ്ണ് പുകച്ചിൽ , വിയർക്കൽ ,തലവേദന തുടങ്ങിയവ അതിന്റെ ഫലമായി പ്രത്യക്ഷപ്പെടുന്നു . [ ആദ്യമായി സിഗരറ്റ് വലിച്ചപ്പോൾ ഉണ്ടായ അനുഭവം ആരും മറക്കില്ല ].പിന്നീട് നാഡീവ്യവസ്ഥയെ തളർത്തുന്നു . തൽഫലമായി ഹൃദയമിടിപ്പ് കുറയൽ , ഹൃദയ താളഭ്രംശം , ശ്വസന നിരക്ക് കുറയൽ , അബോധാവസ്ഥ , ചിലപ്പോൾ മരണം എന്നിവ സംജാതമാകുന്നു . നിക്കോട്ടിൻ , രക്തത്തിലെ പ്ളേറ്റ്ലെറ്റുകൾ ഒട്ടിപ്പിടിക്കാൻ സഹായിക്കുന്നു , രക്തം കട്ട പിടിക്കുന്നു .

( 6 ) പുകയില കത്തുമ്പോഴുണ്ടാകുന്ന മറ്റൊരു അപകടകാരിയാണ് കാർബൺ മോണോക്സൈഡ് [ CO ]. ഓക്സിജൻ വഹിച്ചു കൊണ്ടുപോകുന്ന ഹീമോഗ്ലോബിൻ , CO യോടുള്ള ഇരുന്നൂറു മടങ്ങ് ഉയർന്ന അഭിനിവേശം മൂലം ഓക്സിജനുമായുള്ള ബന്ധം വേർപെടുത്തുന്നു .രക്തത്തിൽ പ്രാണവായുവിന്റെ അളവ് കുറയുന്നു .തലച്ചോറ് ഉൾപ്പെടെയുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നു . ശ്വാസകോശത്തിലെ ശ്ലേഷ്മ ഗ്രന്ഥികളുടെ പ്രവർത്തനം ഉദ്ദീപിപ്പിക്കുന്ന പലവിധ ഹാനികരമായ രാസ വസ്തുക്കൾ , സ്രവങ്ങളുടെ അളവ് വർധിപ്പിച്ച് കഫമുണ്ടാക്കുന്നു . ഏറെനാൾ നീണ്ടുനിൽക്കുന്ന ചുമയുണ്ടാകുന്നു . ക്ഷയരോഗം , അർബുദം തുടങ്ങിയവ പിന്നാലെ കടന്നുവരുന്നു .

( 7 ) സിഗരറ്റ് കത്തുമ്പോഴുണ്ടാകുന്ന താപനില 400 ഡിഗ്രി വരെ ഉയരുന്നു . ശ്വാസകോശത്തിലെ സീലിയ എന്നറിയപ്പെടുന്ന ലോലമായ രോമങ്ങൾ കരിഞ്ഞു പോകാനും , രോഗപ്രതിരോധവ്യവസ്ഥയെ കുറയ്ക്കാനും ഇത് കാരണമാകുന്നു . പിച്ചയെടുക്കാൻ കുട്ടികളെ ഉപയോഗിക്കുന്നവർ , അവരുടെ ദേഹം വികൃതമാക്കാൻ തിളച്ച വെള്ളത്തേക്കാൾ സിഗരറ്റ് ഉപയോഗിക്കുന്നത് ഈ ഉയർന്ന താപനില മൂലമാണ് . സാഡിസ്റ്റുകൾ ഇണയെ നോവിക്കാനും ഈ രീതി അവലംബിക്കുന്നു .

( 8 ) ഫിൽറ്റർ ഉള്ളതും ഇല്ലാത്തതുമായ സിഗരറ്റുകൾ ഒരേ അളവിലുള്ള വിഷം വഹിക്കുന്നു . സിഗരറ്റിന്റെ രണ്ടാം പകുതി കുറച്ച് കൂടി വിഷം വഹിക്കുന്നു . സിഗരറ്റ് കുറ്റികൾ വലിച്ച് പുകവലി ആരംഭിക്കുന്ന കുട്ടികൾ കൂടുതൽ അപകടം വിളിച്ചുവരുത്തുന്നു . ഒരാൾ വലിച്ച് വിടുന്ന പുക ശ്വസിക്കുന്നത് കൂടുതൽ അപകടം [ PASSIVE SMOKING ]

( 9 ) ജീവകം – ബി ഗ്രൂപ്പിൽ വരുന്ന നിയാസിൻ എന്ന നിക്കോട്ടിനിക് അമ്ലം , നിക്കോട്ടിന്റെ ഒരു ഉപോല്പന്നമാണ് . B3 വിറ്റാമിൻ എന്നറിയപ്പെടുന്ന ഇതിന്റെ അഭാവം ” പെല്ലാഗ്ര ” എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു .

( 10 ) സിനിമകളിലും മറ്റും പൗരുഷത്തിന്റെ അടയാളമായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കൗമാരക്കാരെ വല്ലാതെ സ്വാധീനിക്കുന്നു . ലഹരി വസ്തുക്കളോടുള്ള അഭിനിവേശം പലപ്പോഴും TO BE ACCEPTED BY THE GROUP എന്ന തത്വത്തിൽ അധിഷ്ടിതമാണ് . ഇതൊക്കെ ചെയ്തില്ലെങ്കിൽ സുഹൃദ് വലയത്തിൽ നിലനിൽക്കാൻ പറ്റാതെ വരുമോ എന്ന ആശങ്കയാണ് ഒരുപാട് പേരെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നത് . ശാസ്ത്രീയമായ ബോധവൽക്കരണ പരിപാടികളിലൂടെ ഇതിനെ മറികടക്കാം .

JUNE 26 , ലഹരി വിരുദ്ധ ദിനം