സാഗർ ഏലിയാസ് ജാക്കി കോവിഡാശുപത്രിയിൽ

104

Augustus Morris

സാഗർ ഏലിയാസ് ജാക്കി

( 1 ) ” കൊലക്കേസ് പ്രതികളൊക്കെ ഒള്ളതാ…നേരത്തിനും കാലത്തിനും ഭക്ഷണം തരണം ”. രാവിലെ തന്നെ കലിപ്പിലാണല്ലോ പൊന്നോ , സിസ്റ്റർ ശ്രീജ പരാതി ബോധിപ്പിച്ചു . അൻപതിലേറെ തടവുപുള്ളികളെ തലേന്ന് രാത്രി കൊണ്ടുവന്നു . രാവിലെ ആയപ്പോ , പ്രഭാത ഭക്ഷണത്തിന്റെ കാര്യം ഓർമ്മിപ്പിച്ചത് ഇങ്ങനെയാണ് ..സാരമില്ല സിസ്റ്റർ , ജയിലിൽ കൃത്യ സമയത്ത് ഭക്ഷണം കിട്ടും . പഴയ ഗോതമ്പുണ്ടയൊക്കെ ഒരോർമ്മ മാത്രം . തടവുകാരായതുകൊണ്ട് വിവേചനം പാടില്ല എന്ന് അവരുടെ ശൈലിയിൽ പറഞ്ഞതാണ് .

( 2 ) ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞ ചികിത്സകനും ശുശ്രൂഷകയും . അവരുടെ മുഖമറിയാൻ വയ്യ . സംസാരിക്കുന്നത് അത്ര വ്യക്തമല്ല . ശ്വാസക്കാറ്റ് നീരാവി രൂപത്തിൽ കണ്ണടയിൽ പറ്റിയിരിക്കുന്നതിനാൽ അവർക്ക് കാഴ്ച ശരിക്ക് കിട്ടുന്നില്ല . എന്നിട്ടും ഓരോരുത്തരോടായി ചോദിച്ചു , ” അൽപ ദൂരം നടക്കുമ്പോൾ ശ്വാസം മുട്ടലുണ്ടോ , നെഞ്ചുവേദനയുണ്ടോ , ശരീരം കുഴയുന്നതുപോലെ തോന്നുന്നുണ്ടോ ? ” … ചിലരുടെ കട്ടിലിനു സമീപം കസേരയിലിരുന്ന് വിശദമായി കാര്യങ്ങൾ തിരക്കി .. അപ്പോഴാണ് ഒരു ചോദ്യം , ” സാറേ , ഞങ്ങളെ ഇങ്ങോട്ടു കൊണ്ടുവന്നതെന്തിനായിരുന്നു ? ”.

( 3 ) അവരോട് മറുപടി പറഞ്ഞു : ” നിങ്ങളെല്ലാവരും കോവിഡ് പോസിറ്റിവ് ആണ് . റിസൾട്ട് വന്നയുടനെ നിങ്ങളെ രാത്രി തന്നെ ഇങ്ങോട്ടു മാറ്റി .ഒരു പക്ഷെ പൊടുന്നനെയുള്ള നീക്കമായതിനാൽ , രോഗവിവരം പറഞ്ഞിട്ടുണ്ടാവില്ല , സാരമില്ല . ” ഇവിടെങ്ങനാ ട്രീറ്റ്മെന്റ് ? ” അടുത്ത ചോദ്യം . അതിനും മറുപടി പറഞ്ഞു .

( 4 ) കോവിഡ് പോസിറ്റിവ് ആയ രോഗികളെ മൂന്നായി തിരിക്കും , A , B & C . യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത , എന്നാൽ പരിശോധന പോസിറ്റിവ് ആയവർ , ചൂട് [ പനി ] ഇല്ലാത്തവർ , മൂക്കൊലിപ്പ് – തൊണ്ടവേദന – ചുമ പോലുള്ള ലഘുവായ പ്രശനങ്ങളുള്ളവർ തുടങ്ങിയവർ A വിഭാഗത്തിൽ പെടുന്നു . അവരെ CFLTC — COVID FIRST LINE TREATMENT CENTRE അഥവാ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം എന്നറിയപ്പെടുന്ന താൽക്കാലിക ആശുപത്രി സംവിധാനത്തിലേക്ക് മാറ്റുന്നു . ഏതാണ്ട് പത്തുദിവസം കൊണ്ട് രോഗവിമുക്തി നേടി , പരിശോധന നെഗറ്റിവ് ആകുന്നവരെ ഡിസ്ചാർജ് ചെയ്യും . രോഗികളുടെ ഹൃദയമിടിപ്പ് , ശ്വസന നിരക്ക് , ശരീരോഷ്മാവ് , രക്തത്തിൽ ലയിക്കുന്ന ഓക്സിജന്റെ അളവ് , രക്ത സമ്മർദ്ദം തുടങ്ങിയ കാര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കും . അതിൽ മാറ്റങ്ങൾ B വിഭാഗത്തിൽ പെടുന്ന അളവിലേക്ക് മാറിയാൽ കോവിഡ് ആശുപത്രിയിലേക്കും , തീവ്ര പരിചരണം ആവശ്യമായ C വിഭാഗത്തിലേക്ക് മാറിയാൽ മെഡിക്കൽ കോളേജ് പോലുള്ള ടെർഷ്യറി ലെവൽ ആശുപത്രികളിലേക്ക് മാറ്റും .

( 5 ) .. ”മരിച്ചുപോകുമോ സാറേ ? .. ചോദ്യങ്ങൾ അവസാനിക്കുന്നില്ല . പേടിക്കേണ്ട . കോവിഡ് ആഞ്ഞടിച്ച സമയത്ത് ഇതുപോലെ മൂന്നു വിഭാഗങ്ങളോ അതനുസരിച്ചുള്ള പ്രോട്ടോക്കോളോ ഉണ്ടായിരുന്നില്ല . മരണമടഞ്ഞവരുടെ മൃതദേഹപരിശോധനയിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായത് . വൈറസല്ല പ്രശ്നകാരി , അതിനെ തുരത്താൻ ശ്രമിക്കുന്ന രോഗപ്രതിരോധവ്യവസ്ഥയുടെ ശക്തമായ ആക്രമണമാണ് ജീവനെടുക്കുന്നത് . രക്തക്കുഴലുകളുടെ ഉൾഭാഗങ്ങളിൽ അവിടവിടെയായി രക്തം കട്ട പിടിക്കുക – ഒപ്പം ചിലയിടങ്ങളിൽ രക്തസ്രാവം ഉണ്ടാവുക [ DIC] , ശ്വാസകോശത്തിൽ നീരിറങ്ങുക [ INFLAMMATORY INFILTRATE] , ഹൃദയമാംസപേശികളിൽ നീരിറങ്ങി [ MYOCARDITIS ] ഹൃദയമിടിപ്പിന്റെ താളം തെറ്റി [ ARRYTHMIA ] പൊടുന്നനെ കുഴഞ്ഞുവീണു മരിക്കുക തുടങ്ങിയ മരണകാരണങ്ങൾ കണ്ടെത്തിയപ്പോൾ ചികിത്സയുടെ രീതി മാറി . സാധാരണ വൈറൽരോഗങ്ങളിൽ സ്റ്റിറോയിഡുകൾ കൊടുക്കാറില്ല . ഇവിടെ സ്റ്റിറോയിഡുകൾ നൽകി നീരുവീഴ്ച തടയുന്നു , രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകൾ നൽകുന്നു , മോണോക്‌ളോനാൽ ആന്റി ബോഡികൾ നൽകുന്നു , തീവ്ര പരിചരണം ആവശ്യമുള്ളവരെ വെന്റിലേറ്റർ -ലേക്ക് മാറ്റുന്നു . നമ്മുടെ നാട്ടിൽ 0.33 % ആണ് മരണനിരക്ക് . ഇറ്റലിയിലും മറ്റും ഇത് 11 % ആയിരുന്നു .

( 6 ) കൂടിനിന്നവരുടെ മുഖത്ത് സന്തോഷത്തതിന്റെ തിരയിളക്കം .അത്ര ഭയപ്പെടാനില്ല അല്ലേ ? . മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലാത്ത തടവുകാരായ രോഗികളുടെ ആശങ്ക മാറി . റൗണ്ട്സിനിടെ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ചുള്ള പരിശോധനയുടെ പ്രാധാന്യം അവർക്ക് മനസ്സിലായി . അങ്ങനെ PPE കിറ്റിനുള്ളിൽ വിയർത്തൊഴുകുന്ന ചികിത്സകനും ശുശ്രൂഷകയും അതൂരി മാറ്റാൻ ഡോഫിങ് ഏരിയയിലേക്ക് പോയി . ഇനി അടുത്ത അങ്കം നിലവാരമില്ലാത്ത ഭക്ഷണവുമായിട്ടാണ് . അത് കഴിഞ്ഞിട്ട് വേണം ഒന്ന് മയങ്ങാൻ .

NB — അൻപത്തെട്ട്‍ വയസ്സുകാരനോട് ചോദിച്ചു , ഈ പേര് എങ്ങനെ വന്നു ? നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു ഉത്തരം . കാരണം സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം വരുന്നതിനു മുന്നേ ജനിച്ചയാളാണ് കക്ഷി . എന്റെ പേര് അങ്ങനെയാ എന്ന് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞ മോഹൻദാസ് ഏലിയാസ് രമണൻ എന്ന മനുഷ്യനെ എങ്ങനെ മറക്കാൻ