അഞ്ചു മില്ലി ലിഗ്‌നോകെയിനും ഒരു സിറിഞ്ചും തരൂ , ഞാൻ ആരുടെ കൈ വേണമെങ്കിലും തളർത്തി തരാം – വിശുദ്ധ ബാല മംഗളം

151

Augustus Morris

ബ്ലോക്ക് ആപ്പീസർ

( 1 ) ഏതാണ്ട് ഇരുപത് വർഷങ്ങൾക്ക് മുൻപ് , ആലപ്പുഴ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കയ്യൊടിഞ്ഞ് വന്ന ഒരു രോഗി . നാടൻ ഭാഷയിൽ പറഞ്ഞാ , കയ്യുടെ ” എസ്രാ ” പടമെടുത്ത് , എല്ല് ഡാക്കിട്ടരെ കാണിച്ചു . കോളീസ് എന്നോ മോളീസ് എന്നോ മറ്റോ അവർ പറയുന്നത് കേട്ട് , രോഗിയങ്ങനെ നിൽക്കുകയാ . രോഗത്തിന്റെ ഓരോ പേരുകളേ..ഓർത്തോ ഡ്യൂട്ടി എം ഓ , രോഗിയ്ക്ക് ലോക്കൽ അനസ്‌തേഷ്യ നൽകുന്നതിന് മുന്നോടിയായി ടെസ്റ്റ് ഡോസ് നൽകാൻ ഉത്തരവിട്ടു ….

( 2 ) ഡെൽഹിക്കാരനായ മനോജ് കുമാർ ആയിരുന്നു ഹൌസ് സർജൻ . സ്ഥിരോത്സാഹിയായ മേപ്പടിയാൻ , ” അതുക്കും മേലെ ” എന്ന ചിന്താഗതിക്കാരനായിരുന്നു . ടെസ്റ്റ് ഡോസൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ പുള്ളിക്കാരൻ ” അതുക്കും മേലെ ” യുള്ള ഒരു പരിപാടി ചെയ്തു വച്ചു . കുറച്ച് കഴിഞ്ഞ് ഒടിഞ്ഞ എല്ലുകളെ കൂട്ടിയോജിപ്പിക്കാനായി ഡ്യൂട്ടി എം ഓ എത്തിച്ചേർന്നു . ശസ്ത്രക്രിയയിലൂടെ ഒടിഞ്ഞ ഭാഗം തുറന്ന് , എല്ലുകൾ കൂട്ടിയോജിപ്പിച്ച് പ്ളേറ്റും നട്ടും ഇട്ടു നേരെയാക്കുന്നതിനെ open reduction എന്നും , അപ്രകാരം തുറക്കാതെ തന്നെ പൂർവ്വസ്ഥിതിയിലാക്കുന്നതിനെ closed reduction എന്നും പറയും .ഇവിടെ രണ്ടാമത് പറഞ്ഞ പരിപാടിയാണ് നടക്കാൻ പോകുന്നത് .

( 3 ) രോഗിയുടെ കൈ , ഡ്യൂട്ടി എം ഓ ഒരു വശത്തേക്ക് ബലം പ്രയോഗിച്ച് എല്ലുകൾ കൂട്ടിച്ചേർക്കുന്ന പ്രക്രിയ ചെയ്യുമ്പോൾ , സഹായിയായ ഹൌസ് സർജൻ , ന്യൂട്ടന്റെ മൂന്നാം ചലന നിയമമനുസരിച്ച് തത്തുല്യമായ ബലം എതിർ ദിശയിലേക്ക് പ്രയോഗിക്കണം . ഗുരുവും ശിഷ്യനും വിപരീത ദിശകളിലേക്ക് ബലം പ്രയോഗിച്ച് എല്ലുകൾ കൂട്ടിച്ചേർക്കുന്നതൊന്നും പാവം രോഗി അറിഞ്ഞില്ല . ലോക്കൽ അനസ്തേഷ്യ , അയാളുടെ സംവേദന ക്ഷമതയെ തൽക്കാലത്തേക്ക് മരവിപ്പിച്ച് നിറുത്തി .

( 4 ) പരിപാടി കഴിഞ്ഞു . സംഗതി വിജയിച്ചോ ഇല്ലയോ എന്നറിയാൻ ചെക്ക് എസ്രാ പടം [ check X ray ] എടുത്തു . പൊട്ടിയ എല്ലുകൾ നന്നായി കൂടിച്ചേർന്നിട്ടുണ്ട് . കൊക്കെത്ര കുളം കണ്ടതാ എന്ന ഭാവം ഗുരുവിന്റെ മുഖത്തും , മൊതലാളി ആളൊരു സംഭവമാ എന്ന ഭാവം ശിഷ്യന്റെ മുഖത്തും വിരിഞ്ഞു .( പച്ചാളം ഭാസിക്ക് ഇല്ലാതെ പോയ പല ഭാവങ്ങളിൽ ചിലത് ഇവയാണ് .) പക്ഷേ ഒരു പ്രശ്‌നം . ഓപ്പറേഷൻ സക്സസ് , ബട്ട് പേഷ്യന്റ് ഡൈഡ് എന്ന് പറഞ്ഞത് പോലെ , എല്ലുകൾ കൂടിചേർന്നെങ്കിലും രോഗിയുടെ കൈക്ക് അനക്കമില്ല , തളർന്നു കിടക്കുന്നു . ആകെ പുലിവാലായി . അന്വേഷണം NIT യെ ഏൽപ്പിച്ചു ( — നാറ്റക്കേസ് ഇൻവെസ്റ്റിഗേഷൻ ടീം എന്ന് പൂർണ്ണരൂപം . )

( 5 ) അന്വേഷണ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു . ഒടിഞ്ഞ ഭാഗത്ത് അനസ്തേഷ്യ കൊടുക്കാം [ LOCAL അനസ്‌തേഷ്യ ] , കൈമുട്ടിൽ കൊടുക്കാം [ ELBOW BLOCK ] , കക്ഷ ഭാഗത്ത് കൊടുക്കാം [ AXILLARY BLOCK ] . മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ഒരുപാട് സണ്ണിമാർ , മെഡിക്കൽ കോളേജുകളിൽ ഉണ്ട് . അതിലൊന്നാണ് മനോജ് .മേപ്പടിയാൻ , കക്ഷഭാഗത്ത് ലോക്കൽ കൊടുത്തു . രോഗി വേദനയോ പിടിവലിയോ ഒന്നും അറിഞ്ഞില്ല . പക്ഷെ കൈ പൊക്കാൻ വയ്യ . ഗുരു , കോപം കൊണ്ട് വിറച്ചു . ഗോസായി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉത്തരേന്ത്യക്കാരോട് മലയാളത്തിൽ ആക്രോശിക്കാൻ പറ്റില്ല . അവരുടെ ഭാഷയായ കിണ്ടി , ഗുരുവിന് വശമില്ല . പിന്നെന്തു ചെയ്യും ? കക്ഷത്തിൽ ബ്ലോക്ക് കൊടുക്കാൻ നീയാരാടാ ഡാഷ് മോനേ എന്നത് പുള്ളി ആംഗലേയത്തിൽ പറഞ്ഞപ്പോ ഇങ്ങനെയായി — WHO ARE YOU ? ARE YOU THE BLOCK OFFICER ? ….( പക്ഷെ കുറേക്കഴിഞ്ഞ് . ലോക്കൽ അനസ്തീഷ്യയുടെ പിടിവിട്ടപ്പോൾ രോഗി കൈപൊക്കി , എഴുന്നേറ്റ് പോയി .)

NB — നീ വേദനയോടെ മക്കളെ പ്രസവിക്കും എന്ന ദൈവവചനത്തിന് എതിരാണ് അനസ്തേഷ്യ എന്ന കാരണത്താൽ കത്തോലിക്കാ സഭ അതിനെ എതിർത്തു .കാലം ഏറെക്കഴിഞ്ഞാണ് അതൊന്നു പ്രയോഗിക്കാൻ പറ്റിയത് . അങ്ങനെ പലവിധ അനസ്തേഷ്യ സർക്യൂട്ട് -കൾ വികസിച്ചു . ഗർഭസ്ഥ ശിശുവിൽ വരെ ശസ്ത്രക്രിയ ചെയ്യാൻ പാകത്തിൽ അവ പരിണമിച്ചു . അപ്പോഴതാ പണ്ട് എതിർത്തവർ ക്യൂ നിൽക്കുന്നു , മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ . എന്താ ല്ലേ ? ..
[ അഞ്ചു മില്ലി ലിഗ്‌നോകെയിനും ഒരു സിറിഞ്ചും തരൂ , ഞാൻ ആരുടെ കൈ വേണമെങ്കിലും തളർത്തി തരാം — വിശുദ്ധ ബാല മംഗളം 88 : 16 ]