മറ്റുള്ളവരെ പരിഹസിക്കുമ്പോൾ, നാമെല്ലാവരും ഭ്രൂണാവസ്ഥയിൽ ആദ്യ ഏതാനും ആഴ്ചകൾ ആണെന്നോ പെണ്ണെന്നോ വേർതിരിക്കാനാവാത്ത രണ്ടും കെട്ട അവസ്ഥ കഴിഞ്ഞ് വന്നവരാണ്

77

Augustus Morris

തിരുനങ്കൈകൾ

( 1 ) ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു , ” അങ്കിൾ , തമിഴ് വാക്കായ തിരുനങ്കൈകൾ – ടെ അർത്ഥമെന്താണ് ” ?… അതിനു മറുപടിയായി അങ്കിൾ അവനോട് ഒരു കഥ പറഞ്ഞു , ഇന്റലിജന്റ് ഡിസൈൻ എന്ന പേരായ കഥ . അക്കഥ നമുക്കും കേൾക്കാം …

( 2 ) പ്രപഞ്ചത്തിലെ ഏറ്റവും ശക്തിമത്തായ ഊർജ്ജം എന്ന് കവികൾ വാഴ്ത്തിപ്പാടുന്ന കാമോർജ്ജം കൈമാറ്റം ചെയ്ത് ആ ദമ്പതികൾ കൂർക്കം വലിച്ച് കിടന്നുറങ്ങി . പുരുഷുവിന്റെ ബീജനാളിയിൽ നിന്നും ആരംഭിച്ച മാരത്തോൺ ഓട്ടമത്സരത്തിൽ കോടിക്കണക്കിന് വാൽമാക്രികൾ പങ്കെടുത്തു . അതിൽ ചുമട്ടുതൊഴിലാളി – ശാസ്ത്രജ്ഞൻ – എഞ്ചിനീയർ – ബാങ്ക് മാനേജർ — ഭരണാധികാരി – ഡാക്കിട്ടർ – റേഷൻ കട ലൈസൻസി – ബാറുടമ – തയ്യൽ തൊഴിലാളി – ഐടി തുടങ്ങി ലോകത്തിലെ സമസ്ത മേഖലകളിലെയും ആൾക്കാർ പങ്കെടുത്തു . ഒരാൾക്ക് മാത്രമേ സാധാരണയായി കപ്പ്‌ കിട്ടാറുള്ളൂ . അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ഒന്നിലേറെപേർക്ക് കപ്പടിക്കാം . മ്യാരക ഓട്ടത്തിനിടയിൽ പലരും വീണുപോയി . അവസാനം ഏതാനും കരുത്തന്മാർ മാത്രം ബാക്കിയായി . അവരിലൊരാൾ അല്പം കൂടി കരുത്തനായിരുന്നതിനാൽ , വിജയശ്രീലാളിതനുവേണ്ടി മാത്രം തുറക്കപ്പെടുന്ന വാതിൽ ചവിട്ടിപ്പൊളിച്ച് ടൂർണമെന്റ് കമ്മിറ്റിയുടെ മുന്നിൽ ഹാജരായി , കപ്പ് കരസ്ഥമാക്കി …

( 3 ) അണ്ഡാകൃതിയിലുള്ള ഈ കപ്പിനോടൊപ്പം വിജയിയായ വാൽമാക്രി കൂടി ചേർന്നാൽ അടുത്ത തലമുറ രൂപം കൊള്ളും . വിജയിയ്ക്ക് കിട്ടിയ കപ്പിൽ ” X ” എന്ന് രേഖപ്പെടുത്തിയിരുന്നു . വിജയി തന്റെ ദേഹത്ത് പതിച്ചിരുന്ന ടാറ്റൂവിലേക്ക് നോക്കി . അതും X ആണെങ്കിൽ ഒരു പെൺകുഞ്ഞ് രൂപമെടുക്കും . എന്നാൽ അത് Y ആണെങ്കിൽ ഒരു ആൺകുഞ്ഞ് രൂപമെടുക്കും . ചുരുക്കിപ്പറഞ്ഞാൽ വിജയിയാണ് അടുത്ത തലമുറയുടെ ലിംഗം തീരുമാനിക്കുന്നത് …..

( 4 ) പക്ഷേ , XX പെണ്ണാകണമെന്നില്ല …അതുപോലെ XY ആണും . എന്തുകൊണ്ടാണെന്നറിയേണ്ടേ ? തിരശീലയ്ക്ക് പിന്നിലിരുന്ന് കളി നിയന്ത്രിയ്ക്കുന്നത് മൂന്നു പേരാണ് . നമുക്ക് അവരുടെ കളി കാണാം ….

( 5 ) ആണാകാൻ വിധിക്കപ്പെട്ട XY യിൽ ഒരു ജീനുണ്ട് . അയാളുടെ പേര് ശ്രീ [ SRY] . അയാളിലെങ്കിൽ XY എന്നയാൾ പെണ്ണായി മാറും . കാരണം , പുരുഷബീജവും അണ്ഡവും കൂടിച്ചേർന്ന് ഉണ്ടാകുന്ന ഭ്രൂണത്തിൽ , ആണിന്റെയും പെണ്ണിന്റെയും ലൈംഗിക അവയവങ്ങളായി മാറാൻ കഴിവുള്ള രണ്ടുതരം വ്യവസ്ഥകളും ഒരേ സമയം നിലനിൽക്കുന്നുണ്ട് ..നമ്മുടെ ശ്രീ ചെന്ന് SOX9 എന്ന മറ്റൊരു ജീനിനെ വിളിച്ചുണർത്തും . ശ്രീ ഒന്നുറക്കെ കരഞ്ഞെങ്കിൽ മാത്രമേ SOX9 ഉണരൂ .അയാളുണർന്നാലേ ലിംഗ മുകുളങ്ങൾ ആണിന്റേത് ആയി മാറൂ . ഉണർന്നില്ലെങ്കിൽ ഹിറ്റ്‌ലർ മാധവൻകുട്ടി വിചാരിച്ചാലും XY പെണ്ണായി മാറും . ഇതേയാൾ XX പെൺ ഭ്രൂണത്തിലുമുണ്ട് . SOX9 നെ അവിടെ ഉണരാൻ അനുവദിക്കരുത് . ഉണർന്നാൽ പെൺഭ്രൂണം ആണാകും. ആയതിനാൽ XX പെൺഭ്രൂണത്തിലെ FOXL2 എന്ന ജീൻ , SOX9 നെ അടിച്ചമർത്തി , പെണ്ണാകാനുള്ള വഴി തെളിക്കും …..

( 6 ) ആണാകാൻ തീരുമാനിച്ച XY ഭ്രൂണത്തിലെ വൃഷണങ്ങളിൽ നിന്നും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ സ്രവിക്കപ്പെട്ടെങ്കിൽ മാത്രമേ ഈ വണ്ടി മുന്നോട്ട് പോകുകയുള്ളൂ . അതാകട്ടെ മൂന്നാം മാസം മാത്രമേ നടക്കുകയുള്ളൂ . അതുവരെ വേറെ ചിലർ ആ റോൾ ഏറ്റെടുക്കും . അങ്ങനെ വണ്ടി മുന്നോട്ടു പോകും .

( 7 ) ഇതെല്ലാം കഴിഞ്ഞാണ് തലച്ചോർ എന്ന മൂന്നാമന്റെ കളി . ഗർഭസ്ഥ ശിശു ആയിരിക്കെ സ്രവിക്കപ്പെടുന്ന ആൺപെൺ ലൈംഗിക ഹോർമോണുകളുടെ പ്രഭാവം തലച്ചോറിൽ ആഞ്ഞടിച്ചെങ്കിൽ മാത്രമേ ആണത്തം , പെണ്ണത്തം ഉണ്ടാവുകയുള്ളൂ .

( 8 ) കളിക്കാരുടെ പോരായ്മ മൂലം വിക്കറ്റ് വീഴുന്നത് എങ്ങനെയാണെന്ന് നോക്കൂ ..
( a )ജീനുകൾ ഉണർന്നാൽ / ഉറങ്ങിയാൽ ആൺ ഭ്രൂണം പെണ്ണാകും , അതുപോലെ തിരിച്ചും .

( b ) ഹോർമോണുകളുടെ സ്വീകരിണികൾ [ receptors ] ഇല്ലെങ്കിൽ ആണാകേണ്ട XY ഭ്രൂണം , പെൺ സ്വരൂപമായി മാറും , തിരിച്ചും . CAH — congenital adrenal hyperplasia എന്ന അവസ്ഥയിൽ പെൺഭ്രൂണം ലിംഗ വൃഷണങ്ങൾ ഉൾപ്പെടെ ആൺ ബാഹ്യരൂപവുമായി ജനിക്കും . ശസ്ത്രക്രിയ വഴി ഇത് നീക്കം ചെയ്യാമെങ്കിലും , അത്തരക്കാർക്ക് പെണ്ണുങ്ങളോടായിരിക്കും ആഭിമുഖ്യം . അവർ സ്വർഗ്ഗരതിക്കാരായ സ്ത്രീകൾ – ലെസ്ബിയൻസ് – ആയി മാറും . തിരിച്ച് , XY ഉള്ള ആൺഭ്രൂണം , പുരുഷ ഹോർമോൺ സ്വീകരിണികളുടെ അഭാവം നിമിത്തം പെണ്ണായി ജനിക്കും — ANDROGEN INSENSITIVITY SYNDROME . ഇവരുടെ ഉള്ളിൽ പെണ്ണത്തമായതിനാൽ , ഇവർ വളർന്നു വരുമ്പോൾ ആണുങ്ങളോടായിരിക്കും ലൈംഗിക ആഭിമുഖ്യം ഉണ്ടാവുക .

( c ) ഗർഭാവസ്ഥയിൽ തലച്ചോറിൽ ഏൽക്കേണ്ട ആൺ പെൺ ലൈംഗിക ഹോർമോണുകളുടെ പ്രഭാവം വേണ്ടത്ര അളവിൽ ഇല്ലെങ്കിൽ , അവർ ദ്വി ലിംഗ വ്യക്തികളായി തീരും . ശരീരം ആണിന്റേതും മനസ്സ് പെണ്ണിന്റേതും .അതുപോലെ തിരിച്ചും . ശാരീരികാപരമായി ആണായ ഒരാളുടെ മനസ്സും സാമൂഹികപെരുമാറ്റവും പെണ്ണിന്റേതായിരിക്കും , അതുപോലെ തിരിച്ചും .

( 9 ) അങ്കിൾ തുടർന്നു … മനുഷ്യരെല്ലാം ഒരു വർണ്ണരാജി [spectrum ] പോലെയാണ് . ഒരറ്റത്ത് എല്ലാം തികഞ്ഞ പുരുഷു , മറ്റേയറ്റത്ത് എല്ലാം തികഞ്ഞ മഹിള . നാം കാണുന്ന മനുഷ്യർ ഇതിനിടയിലെവിടെയോ ആണ് . തങ്ങളുടേതല്ലാത്ത പിഴവുകൾ മൂലം , ആണിന്റെ ശരീരം & പെണ്ണിന്റെ മനസ്സ് — പെണ്ണിന്റെ ശരീരം & ആണിന്റെ മനസ്സ് മായി ജീവിക്കുന്ന കുറച്ച് പേരുണ്ട് .ഇന്റലിജന്റ് ഡിസൈൻ മൂലം പണി വാങ്ങിച്ചവർ . ട്രാൻസ് ജൻഡർ -ഉം മനുഷ്യനാണ് . അവഹേളിക്കപ്പെടുകയോ അടിച്ചോടിക്കപ്പെടുകയോ ചെയ്യേണ്ടവരല്ല . അവരെ ചേർത്ത് നിറുത്തുക . ജനാധിപത്യത്തിൽ ഏറ്റവും ന്യൂനപക്ഷം എന്ന് വിളിപ്പേരിനർഹൻ ഒരു വ്യക്തിയാണ് . ഓരോ വ്യക്തിയെയും പരിഗണിക്കുമ്പോൾ മാത്രമേ അത് ജനാധിപത്യമാകുന്നുള്ളൂ .ആ മനസ്സ് ഉള്ളവരെ മാത്രമേ ആധുനിക മനുഷ്യൻ എന്ന് വിളിക്കാൻ സാധിക്കൂ ….

NB — കൊറോണക്കാലത്ത് സാമ്പത്തിക ഞെരുക്കത്താൽ വലയുന്ന മനുഷ്യരിൽ , ട്രാൻസ് ജെൻഡേഴ്‌സും ഉണ്ട് . അവർ ഭക്ഷണം പാകം ചെയ്ത് , പാക്കറ്റിലാക്കി വിൽക്കുമ്പോൾ കിട്ടുന്ന നേരിയ വരുമാനത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോ , ” രണ്ടും കെട്ടവർ ” എന്ന് വിളിച്ച് ആക്ഷേപിച്ച് , അടിച്ചോടിക്കുന്നവർ അറിയുക .നാമെല്ലാവരും ഭ്രൂണാവസ്ഥയിൽ ആദ്യ ഏതാനും ആഴ്ചകൾ ആണെന്നോ പെണ്ണെന്നോ വേർതിരിക്കാനാവാത്ത രണ്ടും കെട്ട അവസ്ഥ കഴിഞ്ഞ് വന്നവരാണ് .. മറക്കരുത് .