തമോഗർത്തം അവർ കണ്ടുപിടിക്കട്ടെ നമുക്ക് ചാണകത്തിൽ നിന്നും പ്ലൂട്ടോണിയം വേർതിരിക്കാം

558

Augustus Morris എഴുതുന്നു 

പ്ലൂട്ടോ & ” പുളു ” ട്ടോണിയം

( 1 ) അഷ്ടഗ്രഹങ്ങളുമായി സൗരയൂഥ൦ വാണിരുന്ന ഇരുപതാം നൂറ്റാണ്ട് . സ്വന്തമായി വാനനിരീക്ഷണശാല ഉണ്ടായിരുന്ന , സമ്പന്നനായ ജ്യോതി ശാസ്ത്രജ്ഞൻ ” പെഴ്സിവൽ ലോവൽ ” -ന്റെ ചിന്താമണ്ഡലം

Augustus Morris.

നിറയെ ഒമ്പതാമന്റെ സാന്നിധ്യമായിരുന്നു . യുറാനസ് – നെപ്റ്റ്യൂൺ ദ്വയങ്ങളുടെ ഭ്രമണപഥം നിരീക്ഷിച്ചപ്പോ , അവയുടെ കറക്കങ്ങൾ അത്ര കൃത്യമല്ല എന്ന കാര്യം ലോവെൽ മനസ്സിലാക്കി . അവിടെയാരോ ഇടയ്ക്ക് കേറി കളിക്കുന്നുണ്ട് എന്നദ്ദേഹം തീർച്ചപ്പെടുത്തി . അയാൾ ആരെന്നു കണ്ടുപിടിക്കാൻ അദ്ദേഹം ജീവിതം മാറ്റിവച്ചു. പക്ഷെ ആ കഠിനപ്രയത്നം 1916 -ൽ അദ്ദേഹത്തിന്റെ ജീവനെടുത്തു . ലോവലിന്റെ വമ്പിച്ച സ്വത്തുക്കൾ കരസ്ഥമാക്കുക എന്ന ലക്‌ഷ്യം മാത്രമുണ്ടായിരുന്ന അനന്തരാവകാശികൾക്ക് ഗവേഷണം ,പഠനം ഒക്കെ അന്യമായിരുന്നു . 1929 -ൽ ” ലോവൽ വാനനിരീക്ഷണശാല ” യുടെ ഡയറക്റ്റർമാർ ഗവേഷണം പുനരാരംഭിച്ചു . അതിനായി ക്ളൈഡ് ടോംബോ എന്ന യുവാവിനെ അവർ കണ്ടെത്തി . ഒരു വർഷത്തിനുള്ളിൽ ടോംബോ , മറഞ്ഞിരുന്ന ഒമ്പതാമനെ കണ്ടെത്തി . പെഴ്സിവൽ ലോവൽ ” -ന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് ”’ പ്ലൂട്ടോ ”’ എന്ന പേര് നൽകി . നവ ഗ്രഹത്തിന്റെ ഭ്രമണപഥം 17 ഡിഗ്രി ചെരിഞ്ഞിരിക്കുന്നതിനാൽ , നെപ്റ്റ്യൂണിന്‌ ഇപ്പുറത്ത് പ്ലൂട്ടോ കയറിവരും . 1999 ഫെബ്രുവരി 11 , പ്ലൂട്ടോ വീണ്ടും നെപ്റ്റ്യൂണിന്‌ അപ്പുറത്ത് പോയി .ഇനിയൊരു 228 വർഷം ഒമ്പതാമനായി തുടരും . വീണ്ടും എട്ടാമനാകും .

( 2 ) അമ്പതാണ്ട് കഴിഞ്ഞ് 1978 -ൽ ഇതേ ”ലോവൽ ഒബ്‌സർവേറ്ററി ” [ ഫ്‌ളാഗ്സ്റ്റഫ്‌ ] യിലെ ജെയിംസ് ക്രിസ്റ്റി എന്ന യുവാവ് പ്ലൂട്ടോയുടെ ചിത്രങ്ങൾ പരിശോധിക്കുന്നതിനിടെ മറ്റൊരാളെക്കൂടി കണ്ടെത്തി . — പ്ലൂട്ടോയുടെ ഉപഗ്രഹത്തെ . ഏതാണ്ട് ഗ്രഹത്തിനോളം വലുതായ ഉപഗ്രഹം . ആ കണ്ടുപിടിത്തം , ഒടുവിൽ പ്ലൂട്ടോയുടെ ഗ്രഹപദവി തെറിപ്പിച്ചു . നെപ്റ്റ്യൂണിനപ്പുറം ”’ പ്ലൂട്ടിനോ ”’ കൾ എന്നറിയപ്പെടുന്ന 600 ൽ പരം വസ്തുക്കളുണ്ട് .അതിലൊന്നിന്റെ പേര് – വരുണ , മ്മടെ ചന്ദ്രേട്ടന്റെ അത്രയും വലിപ്പമുള്ള ഒന്നാണ് .സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള ശേഷി 04 % മാത്രമായതിനാൽ കണ്ടുപിടിക്കാൻ ഏറെ ബുദ്ധിമുട്ട്.

( 3 ) വോയേജർ – ഒന്ന് , വോയേജർ – രണ്ട് എന്നീ ബഹിരാകാശ പേടകങ്ങൾ 1977 ഓഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിൽ വിക്ഷേപിച്ചതിന് ഒരു കാരണം കൂടിയുണ്ട് . വ്യാഴം – ശനി -യുറാനസ് -നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾക്ക് 175 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അപൂർവ്വ വിന്യാസമായിരുന്നു നാസ ഉപയോഗപ്പെടുത്തിയത് .വോയേജറിന് ഈ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ ബലം ഉപയോഗിച്ച് മുന്നോട്ടു കുതിക്കാൻ കഴിയും . ഒരു ഗ്രഹത്തിന്റെ ആകർഷണ പരിധി കുറയുമ്പോൾ അടുത്തതിന്റെതിലേക്ക് കയറും . അങ്ങനെയങ്ങനെ വോയേജർ യുറാനസ്സിനടുത്ത് എത്താൻ 09 വർഷമെടുത്തു . പ്ലൂട്ടോയ്ക്ക് സമീപമെത്താൻ 12 വർഷവും . സൗരയൂഥത്തിന്റെ അറ്റത്ത് കിടക്കുന്ന ” ഊർട്ട് മേഘ ”’ ങ്ങളുടെ അടുത്തെത്താൻ വോയേജർ ഇനിയൊരു പതിനായിരം വർഷം കൂടി സഞ്ചരിക്കണം .

( 4 ) ഊർജ്ജതന്ത്രത്തിലെ നിയമങ്ങളെ ഗണിതരൂപത്തിൽ ആവിഷ്ക്കരിച്ചു എന്നതാണ് ”’ കലനത്തിന്റെ ( calculus ) തമ്പുരാൻ ” ആയ ഐസക് ന്യൂട്ടൻ -ന്റെ സംഭാവന . ആകാശഗോളങ്ങളുടെ ഭ്രമണപഥത്തെ കൃത്യമായി ഗണിതരീതിയിൽ തിട്ടപ്പെടുത്തി എന്ന് മാത്രമല്ല , ഗുരുത്വ ആകർഷണബലത്തെ തിരിച്ചറിയുക കൂടി ചെയ്തു . ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിൽ ആണെന്ന് ചാക്കോ മാഷ് പറഞ്ഞത് വെറുതെയല്ല .

( 5 ) ഭൂമിയിൽ നിന്നും ഏഴാകാശങ്ങൾ കടന്ന് സ്വർഗ്ഗത്തേക്ക് പോയി എന്ന് പല കിത്താബുകളും അവകാശപ്പെടാറുണ്ട് . അക്കാര്യത്തിൽ അവരെല്ലാം ഒറ്റക്കെട്ടാണ് .പക്ഷെ വിശുദ്ധ ബാല മംഗളം പറയുന്നു , ”’ സെക്കൻഡിൽ 11 . 2 കി മീ വേഗത്തിൽ സഞ്ചരിച്ചെങ്കിലേ ഭൂമിയുടെ ആകർഷണബലം വിച്‌ഛേദിച്ച് ബഹിരാകാശത്ത് എത്താൻ പറ്റൂ ,അതിനെ ESCAPE VELOCITY എന്ന് പറയും .ഭൂമിയുടെ വലിപ്പം കുറയുകയും ആകർഷണ ബലം കൂടുകയും ചെയ്‌താൽ , ESCAPE വെലോസിറ്റി കൂടിക്കൂടി വരും .

( 6 ) പ്രപഞ്ചത്തിൽ ” തമോഗർത്തം ” അഥവാ BLACK HOLE എന്നൊരു പ്രതിഭാസമുണ്ട് . അങ്ങേയറ്റം ദ്രവ്യം വളരെക്കുറച്ച് സ്ഥലത്ത് തിങ്ങി ഞെരുങ്ങി ഇരിക്കുമ്പോൾ , അതിന്റെ ഗുരുത്വാകർഷണം സങ്കൽപ്പിക്കാവുന്നതിനപ്പുറം ആകുകയും , പ്രകാശത്തിനുപോലും അതിനെ ഭേദിച്ച് പുറത്ത് വരാൻ ആകാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും . അങ്ങനെയൊന്നിന്റെ പടം എടുക്കാൻ ശാസ്ത്രലോകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റേഡിയോ ടെലിസ്കോപ്പുകൾ സ്ഥാപിച്ചു. അതിദുർബലമായ വികിരണം പോലും പിടിച്ചെടുക്കാൻ കെൽപ്പുള്ളവയാണ് റേഡിയോ ടെലിസ്കോപ്പുകൾ . ഒടുവിൽ ,തമോ ഗർത്തവും കാൻവാസ്സിൽ പതിഞ്ഞു . തമോഗർത്തതിന് ചുറ്റുമുള്ള ഗുരുത്വാകർഷണം കുറഞ്ഞ മേഖല മഞ്ഞ നിറത്തിലും , തമോഗർത്തം കറുത്ത നിറത്തിലും കാണപ്പെടുന്നു .

( 7 ) ഐൻസ്റ്റിനും ഹോക്കിങ്‌സുമൊക്കെ സ്വപ്നം കണ്ട തമോഗർത്തം നമുക്ക് കാണാൻ സാധിച്ചു .അതിനു സഹായിച്ചതോ , 29 വയസ്സ് പ്രായമുള്ള Katie Bouman എന്ന കമ്പ്യൂട്ടർ സയൻറ്റിസ്റ്റ് വിദ്യാര്‍ഥിനി വികസിപ്പിച്ചെടുത്ത അൽഗോരിതവും . ലോകമെമ്പാടും ഇരുന്നൂറോളം ശാസ്ത്രജ്ഞർ ഈ പ്രോജെക്റ്റിൽ പങ്കെടുത്തു .

[ NB — പ്ലൂട്ടോ ,തമോഗർത്തം ഒക്കെ അവർ കണ്ടുപിടിക്കട്ടെ .നമുക്ക് അതിനേക്കാളും വലിയ പണി വേറെയുണ്ട് . ചാണകത്തിൽ നിന്നും ” പുളു ” ട്ടോണിയം വേർതിരിച്ച് , നോബൽ സമ്മാനം നേടണം .സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ,സയൻസ് വിഷയങ്ങളിലെ നോബൽ ദാരിദ്ര്യം അങ്ങനെ മാറ്റാം …ജയ് ജയ് നമോ ഗർത്തം …]

Previous articleകറുത്ത സുന്ദരി
Next articleഡോ. ബാബു പോൾ ഇനിയില്ല എന്നു വിശ്വസിക്കാൻ പ്രയാസം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.