Augustus Morris എഴുതുന്നു 

പഴം വിഴുങ്ങൽ vs വാഗ്വാതിസാരം
““““““““““““

Augustus Morris
Augustus Morris

( 1 ) സ്‌കൂളിൽ പോയപ്പോൾ മാങ്ങാ എറിയാൻ പോകാതെ നല്ലോണം പഠിച്ച് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്ന കുറേപ്പേർ , ഡാക്കിട്ടരും എഞ്ചിനീറും കൃഷി ആപ്പീസറും വെറ്റിനറി സർജനും ഒക്കെ ഉൾപ്പെടുന്ന പ്രൊഫഷണൽസ് ആയി ജോലി ചെയ്തു ജീവിക്കുന്നു . അതിൽ മനുഷ്യരോട് അടുത്തിടപഴകുന്ന , അവരുടെ ജീവൻ സംരക്ഷിക്കേണ്ട ഭിഷഗ്വരന്മാർക്ക് അവശ്യം വേണ്ട ഒരു ഗുണമാണ് വാക്ചാതുരി . ഏതു നിലവാരത്തിലുള്ള രോഗിയോടും ബന്ധുവിനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് , അവരുടെ അസുഖം എന്താണെന്നും , മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നു / ശസ്ത്രക്രിയ വേണമെങ്കിൽ എന്തുകൊണ്ട് , എങ്ങനെയാണ് അത് ചെയ്യുന്നത് etc മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിച്ച് , അവരെ വിശ്വാസത്തിലെടുത്ത് കർമ്മനിരതരർ ആയിരിക്കുന്ന ആധുനിക വൈദ്യ ഡോക്ടർമാരുടെ എണ്ണം തുലോം കുറവാണ് . ഒപ്പം ഒരു കൃത്രിമ വ്യക്തിത്വം സൃഷ്ടിച്ച് , ജനങ്ങളിൽ നിന്നും പത്തടി അകലം കൂടി പാലിക്കുമ്പോൾ ഇവരേതോ അന്യ ഗൃഹ ജീവികൾക്ക് സമാനം ആകുന്നു . ഈ ഗാപ്പിലേക്ക് ഇടിച്ചുകയറാൻ നാക്കിട്ടടിക്കാൻ അറിയാവുന്ന പൈത്യരും വെടക്കനും ഉൾപ്പെടെ , ഉപ്പുമാവ് നിറുത്തിയപ്പോൾ സ്‌കൂളിൽപോക്ക് നിറുത്തിയ നിരവധി പേർ, വെളിയിൽ റെഡിയായി നിൽപ്പുണ്ട് .

( 2 ) ചർച്ചയിൽപങ്കെടുത്ത ഡോ. രാമൻകുട്ടി ഉൾപ്പെടെയുള്ളവർ മനസ്സിലാക്കേണ്ട ഒരു കാര്യം ” സയൻസിന് സമാന്തരങ്ങൾ ഇല്ല ” എന്ന യാഥാർഥ്യമാണ് . നിലവിൽ ചികിത്സയില്ലാത്ത അസുഖങ്ങളെ കീഴടക്കാൻ ലോകമെമ്പാടും ഗവേഷണങ്ങൾ നടക്കുന്നുണ്ട് , അല്ലാതെ സയൻസ് വഴിമുട്ടി നിൽക്കുന്ന ഒന്നല്ല . ആരെങ്കിലും ഒരാൾ നിലവിൽ ചികിത്സ ഇല്ലാത്തത് എന്ന് വിധിയെഴുതിയ ഏതെങ്കിലും അസുഖത്തിന് എന്റെ കയ്യിൽ പരിഹാരം ഉണ്ട് എന്നവകാശപ്പെട്ടാൽ ,സയൻസ് അതിനെ പരിശോധിക്കും , അവകാശവാദം ശരിയോ തെറ്റോ എന്ന് നോക്കും , ശാസ്ത്രീയമായ ഒന്നാണ് അതെങ്കിൽ അതിനെ സയൻസിന്റെ ഭാഗമാകും .അല്ലാതെ ഞങ്ങളുടെ സയൻസ് നിങ്ങളുടെ സയൻസ് എന്നൊരു വേർതിരിവ് ലോകത്തില്ല .സയൻസ് പ്രാപഞ്ചികമാണ് ,മൊത്തം മനുഷ്യ രാശിയ്ക്ക് വേണ്ടിയുള്ളതാണ് . അതൊരു ജില്ലയിലോ സംസ്ഥാനത്തോ രാജ്യത്തോ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല .

( 3 ) ഒരു രോഗത്തിന് മരുന്ന് കഴിച്ച് പല രോഗങ്ങളുണ്ടായി — വികൃതി ചികിത്സകന്റെ പതിവ് നമ്പർ . ഹൃദയാഘാതം വന്ന ഒരാൾക്ക് പിൽക്കാലത്ത് രക്തം കട്ട പിടിക്കാതിരിക്കാൻ ASPIRIN പോലുള്ള ഒരു ഗുളിക കൊടുക്കുമ്പോൾ വയറ്റെരിച്ചില്‍ ഉണ്ടാകാം , അത് ക്രമേണ കുടൽപ്പുണ്ണ് [GASTRIC ULCER ] ഉണ്ടാക്കാം . അത് സയൻസിനു ബോധ്യമുള്ളതുകൊണ്ടാണ് അസിഡിറ്റി കുറയ്ക്കാനുള്ള RANITIDINE , PANTOPRAZOLE തുടങ്ങിയവ ആസ്പിരിനോടൊപ്പം കൊടുക്കുന്നത് . ഹൃദ്രോഗം ബാധിച്ച ഒരാൾ , നിർജ്ജീവമായ ഹൃദയഭിത്തിയുടെ ജോലി മരുന്ന് കഴിച്ച് മറ്റു ഭിത്തികളെക്കൊണ്ട് ചെയ്യിച്ച് ജീവൻ നിലനിറുത്തുമ്പോൾ , ആ വ്യക്തിക്ക് VARICOSE VEIN വന്നാലും ആസ്പിരിൻ കഴിച്ചതുകൊണ്ടാണ് എന്ന് പറഞ്ഞ് സാധാരണക്കാരെ വഴിതെറ്റിയ്ക്കാൻ കഴിയുന്നു എന്നതാണ് പ്രകൃതി -വികൃതി ഉഡായിപ് ടീമുകളുടെ മിടുക്ക് .

( 4 ) ആയുർദൈർഘ്യത്തിന്റെ കണക്ക് പറയുമ്പോൾ , പ്രകൃതിക്കാരൻ നേരെ റേഷൻ കാർഡിൽ പോലും പേരില്ലാത്ത ആദിവാസിയെ കൂട്ട് പിടിക്കുന്നു .ആദിവാസി ഊരുകളിലെ അരിവാൾ രോഗവും , പകർച്ച വ്യാധികളും മറ്റും അവരുടെ ജീവനെടുക്കുമ്പോൾ മെഡിക്കൽ സംഘങ്ങൾക്ക് കാട് കയറേണ്ടി വരാറുണ്ട് . പ്രകൃതി എന്നാൽ തലച്ചോർ ഉള്ള , ചിന്തിക്കാൻ കഴിവുള്ള എന്തോ ആണെന്നാണ് പലരുടെയും ധാരണ . ആയുർദൈഘ്യം കണക്ക് കൂട്ടുമ്പോൾ ഒരു വയസ്സിൽ മരണപ്പെട്ട ഒരു കുട്ടിയും , അറുപത്തഞ്ച് വയസ്സിൽ മരിച്ച ഒരാളും ഉള്ള ഒരു സമൂഹമാണെങ്കിൽ ഇവർ രണ്ടുപേരുടെയും വയസ്സ് കൂട്ടി ,രണ്ടു കൊണ്ട് ഹരിക്കുമ്പോൾ ശരാശരി 33 വയസ്സ് ആണെന്നും , അതിനർത്ഥം ചിലർ ഏറെക്കാലം ജീവിക്കും അതിനേക്കാൾ ഏറെപ്പേർ വളരെച്ചെറിയ കാലം ജീവിക്കും എന്നതാണ് അർഥം .ഇത് പറയാൻ ഡോ. ശ്രീജിത്ത് വിട്ടുപോയി .

(5 ) ശബ്ദം നഷ്ടപ്പെട്ട ആൾക്ക് ശസ്ത്രക്രിയ കഴിഞ്ഞ് , മരുന്നും നൽകി , സ്വനപേടകങ്ങളും അതിനു സപ്ലൈ ചെയ്യുന്ന നാഡിയും കരുത്ത് വീണ്ടെടുത്ത് പൂർവ്വസ്ഥിയിലേക്ക് വന്നുകൊണ്ടിരുന്നപ്പോൾ , ആ സമയത്ത് കഴിച്ച പച്ചില മരുന്നിന് ക്രെഡിറ്റ് പോയി .അതിലെ ഏതു ഘടകം ,എങ്ങനെ പ്രവർത്തിച്ചിട്ടാണ് ശബ്ദം തിരികെക്കിട്ടിയത് എന്ന് സാക്ഷികൾ പറയാറില്ല . ഓപ്പറേഷനും മരുന്നുമില്ലാതെ ആദ്യമേ തന്നെ പച്ചില കഴിക്കുന്നതല്ലേ ഷമ്മീ , ഹീറോയിസം ?

( 6 ) പൈത്യരുടെ മറ്റൊരു നമ്പറാണ് ഫിസിയോളജി ടെക്സ്റ്റ് ബുക്ക് . അണ്ണാ , ഒരുപാട് പേരുടെ പുസ്തകങ്ങളുണ്ട് .കാലാകാലങ്ങളിൽ അവയുടെ എഡിഷനുകളും മാറും . ആ പുസ്തകം മൊത്തം വായിച്ച് മനസ്സിലാക്കാനുള്ള പുത്തിയില്ലെന്നറിയാം .തനിക്ക് വേണ്ടപ്പെട്ട ഭാഗം ,ഏതോ എഡിഷനിലെ പേജ് നമ്പർ സഹിതം എല്ലായിടത്തും വിളമ്പും .പറയുന്നത് മൊത്തം മണ്ടത്തരവും . കരളിൽ ഉത്പാദിപ്പിക്കുന്ന പിത്തരസം, ആഗ്നേയ ഗ്രന്ഥി [ PANCREAS ] യിലെ സ്രവങ്ങളോടൊപ്പം നേരെ ചെറുകുടലിലേക്കാണ് പോകുന്നത് . അത് കൊണ്ടുപോകുന്ന കുഴലിന്റെ അറ്റത്തുള്ള മാംസപേശി [ SPHINCTER ] ഭക്ഷണം കഴിക്കാത്ത സമയത്ത് അടഞ്ഞിരിക്കും . പിത്തരസം റിവേഴ്‌സ് ഗിയറിൽ തിരികെ മേലോട്ട് വരും .നേരെ പിത്തസഞ്ചിയിലേക്ക് പോകും .അവിടെവച്ച് അത് കുറുകൽ [ CONCENTRATION ] പ്രക്രിയയ്ക്ക് വിധേയമാകും .അതിലെ ജലാംശത്തിന്റെ അളവ് കുറയും ,ലവണങ്ങളുടെ അളവ് കൂടും . അത് ഫിസിയോളജി അഥവാ ശരീര ധർമ്മ ശാസ്ത്രം .

( 7 ) പൈത്യര് വായിക്കാത്ത പുസ്തകം സർജറി ടെക്സ്റ്റ് ബുക്കാണ് .
പിത്തസഞ്ചി ഇല്ലാതെ ജനിക്കുന്ന ആൾക്കാരുണ്ട് .അവരാരും മരിച്ച് പോകാറില്ല .പിത്തസഞ്ചിയിൽ കല്ലുണ്ടാകാറുണ്ട് . ടൈഫോയിഡ് രോഗാണു നല്ല രീതിയിൽ അധിവസിക്കാറുണ്ട് .[ ടൈഫോയിഡ് മേരിയുടെ കഥ വായിക്കുക ] . പിത്തസഞ്ചി നീക്കം ചെയ്യേണ്ടതായ സന്ദർഭങ്ങൾ ശസ്ത്രക്രിയാ ടെക്സ്റ്റ് ബുക്കിൽ എഴുതിയിട്ടുണ്ട് . അപ്പോൾ മാത്രമേ അത് ചെയ്യേണ്ടതായിട്ടുള്ളൂ .അത് നീക്കം ചെയ്തു എന്ന് കരുതി പിത്തരസം ശരീരത്തിൽ ഇല്ലാതാകുന്നില്ല . അത് സംഭരിക്കുന്ന ഒരിടം , കുറുകൽ പ്രക്രിയയ്ക്ക് വിധേയമാകുന്ന ഒരിടം ഇല്ലാതാകുന്നു എന്നേയുള്ളൂ .അതുകൊണ്ട് മനുഷ്യന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല .ഒരുപാട് കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കേണ്ടിവരും എന്ന് മാത്രം . പൈത്യർ സാധാരണക്കാരെ വഴിതെറ്റിക്കുന്നത് ഇപ്രകാരമാണ് — പിത്തസഞ്ചിയിൽ കല്ലുണ്ടെങ്കിൽ , ലവര് അതങ്ങു കണ്ടിക്കും .സഞ്ചി വലിയൊരു സംഭവമാ. സർജ്ജിക്കൽ സ്ട്രൈക്ക് നടക്കുന്ന സ്ഥലം .അതങ്ങനെ കണ്ടിക്കാൻ പാടുണ്ടോ ?..കണ്ടിക്കാതിരിക്കാൻ , കല്ല് നീക്കം ചെയ്യാനുള്ള മരുന്ന് ഞാൻ തരാം . ഫീസ് വേണ്ട , ദക്ഷിണ മതി . അതും പൈനായിരങ്ങളോ അതിന്റെ ഗുണിതങ്ങളോ മതി ..

( 8 ) പിത്തസഞ്ചിയിൽ കല്ലുണ്ടോ എന്ന് കണ്ടുപിടിക്കാൻ അൾട്രാ സൗണ്ട് സ്കാൻ ആവാം . അതുമായി നിങ്ങൾ പൈത്യരുടെ അടുത്ത് ചെല്ലുവിൻ .ഭാരതത്തിൽ പൈത്യർക്കുമാത്രം അറിയാവുന്ന ‘സികിത്സ ‘ നിങ്ങൾക്ക് കിട്ടും . ലേശം മതം തിരുകിക്കയറ്റി ,അമ്പലത്തിലെ പ്രസാദമായി കൊടുക്കുന്ന സെയിം സാധനം ഇവിടെ തരും . ലേശം നല്ലെണ്ണ ,ലേശം നാരങ്ങാ നീര് എന്നിവ സേവിക്കുക . എണ്ണയിലെ ഫാറ്റി ആസിഡും നാരങ്ങായിലെ പൊട്ടാസ്യം ഓക്സലേറ്റും തമ്മിലുള്ള കെമിസ്ട്രി നസീർ – ഷീല ജോഡിയെ കവച്ചുവയ്ക്കുന്ന ഒന്നാണെന്ന് സാധാരണക്കാർക്ക് അറിയില്ല .അങ്ങനെ കുടലിൽ ” SOAP STONE ” എന്ന സംഭവം രൂപംകൊള്ളുകയായി . ഇനി ഈ അമൃതേത്ത് കടഞ്ഞെടുക്കണം .അതിനായി എപ്സം സാൾട്ട് എന്ന മഗ്നീഷ്യം സൾഫേറ്റ് വരികയായി . വയറിളക്കാനുള്ള സൂത്രം . ഇതും കൂടി സേവിച്ചാൽ അടുത്ത ദിനം പല നിറങ്ങളിൽ കല്ലുകൾ വരവായി . അപ്പോഴതാ അശരീരി മുഴങ്ങും . ” പാൻക്രിയാസിലെ / വൃക്കയിലെ / പിത്തസഞ്ചി -യിലെ കല്ലുകൾ ഘോഷയാത്രയായി വരികയാണ് . കക്കൂസിലെ ക്ളോസറ്റ് ,കല്ലുവീണു പൊട്ടാതെ നോക്കണം ”. മനുഷ്യര് നോക്കുമ്പോ ശരിയാണല്ലോ . കണ്ടിയിലൂടെ കല്ല് വന്നെങ്കിലെന്താ , സഞ്ചി കണ്ടിക്കാതെ രക്ഷപ്പെട്ടില്ലേ ?…പൈത്യർ കീ ജയ് , ഭാരത് മാതാ കീ ജയ് .

( 9 ) ഒരിക്കൽ കല്ല് പുറത്തുപോയാൽ ,പിന്നെ അൾട്രാ സൗണ്ട് സ്കാൻ ചെയ്യരുത് .പിന്നെ ചെയ്‌താൽ കല്ലവിടെത്തന്നെ ഉണ്ടെന്ന് റേഡിയോയോളജിസ്റ്റ് പറയും .അത് കേൾക്കരുത് .പിന്നവിടെ കാണുന്നത് സ്ലഡ്ജും , കൊഴുപ്പും ,ഗാസും ഒക്കെയായിരിക്കും . അയർലൻഡിൽ നിന്നും ഫ്‌ളൈറ്റ് പിടിച്ച് വന്ന് കണ്ടിയിട്ടിട്ട് പോയ മണ്ടന്മാരുണ്ട് . എത്ര ദിവസം ഈ കൂട്ട് സേവിക്കുന്നോ അത്രയും ദിവസം കണ്ടിക്കല്ല് പുറത്ത് വരും . ഒരു വീട്ടിലെ എല്ലാ അംഗങ്ങളും സേവിക്കൂ ,എല്ലാവരും കല്ലിടും .ഒരു പഞ്ചായത്തിലെ ഏല്ലാ ആൾക്കാരും സേവിക്കൂ , കല്ലുവാതുക്കൽ പഞ്ചായത്ത് നിലവിൽ വരും .

( 10 ) സൈമൺ ബ്രിട്ടോയ്ക്ക് കരളിനും ശ്വാസകോശത്തിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റപ്പോൾ കൊണ്ടുപോയത് പ്രകൃതിക്കാരന്റെ അടുത്തതല്ല . ആന്റിബയോട്ടിക്കുകളും ജീവൻരക്ഷാ സങ്കേതങ്ങളും ഉപയോഗിച്ചുള്ള പോരാട്ടം . കിട്ടുമോ കിട്ടില്ലയോ എന്നറിയുവാൻ ആകാത്ത അവസ്ഥ . കേന്ദ്ര നാഡീ വ്യവസ്ഥയിലെ കോശങ്ങൾക്ക് പുനരുജ്ജീവനം ഇല്ലാത്തതിനാൽ ,അവിടെ ഏല്‍ക്കുന്ന ഏതൊരുപരിക്കും രോഗിയെ തളർത്തും .അതിനി ഷൂമാക്കർ ആയാലും സ്‌പൈഡർമാൻ ആയാലും . അങ്ങനെയുള്ള ചില വിപ്ലവസിങ്കങ്ങൾ , ആധുനികവൈദ്യം സാമ്രാജ്യത്വത്തിന്റെ സംഭാവനയാണെന്നു വിശ്വസിക്കുന്ന ചെഗുവേര പിൻഗാമികൾ , ഇ സി ജി എന്താണെന്നോ ഏതാണെന്നോ അറിയാത്ത ഒരുവന് തലവച്ച് കൊടുത്ത് മരണത്തിനു കീഴടങ്ങി . നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ തൈലം തേച്ച് തിരുമ്മാൻ പറഞ്ഞു എന്നൊക്കെയാണ് കരക്കമ്പി.

NB — പ്രമേഹം മാറി എന്നവകാശപ്പെടുന്നവരെയും കൂടി ഇത്തരം പരിപാടികൾക്ക് കൊണ്ടുവരണം . രക്തത്തിലെ ഗ്ലൂക്കോസ് , HbA1C എന്നിവ പരിശോധിച്ച് കാണിക്കൂ .

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.