ഒരു പുരുഷനെക്കൊണ്ട് ഇങ്ങനെ ഒരു കുഞ്ഞിനെ പരിപാലിക്കാൻ പറ്റുമോ ?

54
Augustus Morris
ഒക്കത്തിരിക്കുന്ന കുഞ്ഞ്
( 1 ) പന്ത്രണ്ടു വയസ്സ് പ്രായമുണ്ടെങ്കിലും , മൂന്നു വയസ്സുകാരിയുടെ ശരീരവളർച്ചയുള്ള ശാരികയെ ഒക്കത്തേന്തി , അവളുടെ ‘അമ്മ തന്റെ ഊഴവും കാത്തു നിന്നു. അടുത്തയാൾ വരൂ എന്ന അറിയിപ്പ് കിട്ടിയിട്ടും അവർ വാതിൽക്കൽ തന്നെ നിന്നു . എന്തേ അകത്തേക്ക് വരാത്തെ ? എന്ന ചോദ്യത്തിന് , ഫാനിന്റെ കാറ്റ് മകൾക്ക് അസൗകര്യമാണെന്ന് ആ ‘അമ്മ മറുപടി പറഞ്ഞു . മുകളിൽ കറങ്ങിക്കൊണ്ടിരുന്ന പങ്ക നിശ്ചലമാക്കി , അവരെ ഓപി റൂമിലേക്ക് ക്ഷണിച്ചു .
( 2 ) അർബുദത്തിന്റെ നീരാളിക്കൈകൾ ശരീരമാകെ കീഴടക്കി , അസഹ്യമായ വേദന സമ്മാനിക്കുന്ന അവസ്ഥയിലാണ് ശാരികയെ , അവളുടെ ‘അമ്മ ഒക്കത്തേന്തി കൊണ്ടുവന്നത് . ഓപി ടിക്കറ്റിൽ അവളുടെ രോഗത്തിന്റെ പേരെഴുതി – GIST [ Gastro Intestinal Stromal Tumor ]. ചികിത്സകന് ഒരിക്കലും അറിയാൻ കഴിയാത്ത ഒന്നാണ് അർബുദം സമ്മാനിക്കുന്ന വേദന . അതറിയണമെങ്കിൽ , നമുക്ക് ആ അവസ്ഥ വരണം . എന്തായാലും തലച്ചോറിലേക്ക് പോകുന്ന വേദന സിഗ്നലുകളെ തടഞ്ഞു നിറുത്താനുള്ള മരുന്ന് കൊടുക്കേണ്ടിയിരിക്കുന്നു .അത് പോരാതെ വന്നു .അനുപൂരകമായി കൊടുക്കുന്ന ഒരു മരുന്ന് കൂടി നൽകി . പോരാ , വേദന ശമിക്കുന്നില്ല . മൂന്നാമതൊരു മരുന്ന് കൂടി നൽകി . അവളുടെ മുഖത്ത് ആശ്വാസത്തിന്റെ തിരയിളക്കം .
( 3 ) ഒരിക്കലും അമ്മയുടെ ഒക്കത്ത് നിന്നും ഇറങ്ങാത്ത ഒരു കുട്ടിയായിരുന്നു ശാരിക . ദുർവാശി & ശാഠ്യം – അതായിരുന്നു അവളുടെ മുഖമുദ്ര . നട്ടപ്പാതിരായ്ക്ക് എന്തെങ്കിലും ഇഷ്ടവിഭവം ഉണ്ടാക്കിക്കുക , എന്നിട്ടത് കഴിക്കാതിരിക്കുക . അമ്മയുടെ കൈകൾ കുഴഞ്ഞാലും , ഒക്കത്ത് നിന്നും ഇറങ്ങാതിരിക്കുക . ഏതുനേരവും അവളോടൊപ്പം അമ്മയുണ്ടാകണം ..വല്ലാത്ത നിർബന്ധ ബുദ്ധി .
( 4 ) ഒരിക്കൽ ശാരികയുടെ അച്ഛൻ , അവളോടൊപ്പം ആശുപത്രിയിൽ വന്നു .മകളുടെ രോഗം , ഭാര്യയുടെ കരുതൽ , ബിരുദധാരിണിയെങ്കിലും ജോലിക്ക് പോകാൻ കഴിയാത്ത ഭാര്യയുടെ നിസ്സഹായാവസ്ഥ etc ഒക്കെ കണ്ണീരോടെ ആ മനുഷ്യൻ വിവരിച്ചു .ഞെട്ടിയത് വേറൊരു കാര്യം കേട്ടിട്ടാണ് – ശാരികയ്ക്ക് വീട്ടിൽ ഒരു മുറിയുണ്ട് , കാറ്റും , വെളിച്ചവും കടക്കാൻ അവൾ സമ്മതിയ്ക്കില്ല .പ്രകാശത്തോടും കാറ്റിനോടുമൊക്കെ അവൾക്ക് എന്തെന്നില്ലാത്ത വെറുപ്പ് . വാതിലിന്റെ വശങ്ങളും
കീഴ്ഭാഗവും കാട്ബോഡ് ആണിയടിച്ചു വച്ചിട്ടുണ്ട് . ശരിക്കും ഒരു ” ചൂള ” . അമ്മ അവളോടൊപ്പം ആ മുറിയിൽ കിടക്കണം . കാറ്റില്ലാത്ത ആ മുറിയിൽ വിയർത്തുകുളിച്ച് , ഉറങ്ങാൻ പറ്റാതെ അവർ എങ്ങനെയോ കഴിച്ചുകൂട്ടി . ആ മകൾക്ക് വേണ്ടി അവർ ആ മുറിയിൽ ജീവിതം തള്ളി നീക്കി .
( 5 ) കാലം കുറേശെ കടന്നുപോയി . ശാരികയുടെ അവസ്ഥ കൂടുതൽ വഷളായി .ഒരു ദിവസം അവളുടെ അമ്മയുടെ കോൾ വന്നു , മകൾക്ക് അസ്വാസ്ഥ്യം കൂടുതലാണ് , കൊണ്ടുവരട്ടെ എന്ന് ചോദിച്ചു . ഒപി സമയം കഴിഞ്ഞ് ഇറങ്ങാൻ പോവുകയായിരുന്നെങ്കിലും , അവൾക്കു വേണ്ടി തീരുമാനം മാറ്റി .ഉച്ചയ്ക്കുള്ള പാസഞ്ചർ തീവണ്ടി പോകട്ടെ , ബസ്സിൽ പോകാം – മനസ്സ് പറഞ്ഞു . ഉച്ചകഴിഞ്ഞു . മൂന്നേമുക്കാലിനുള്ള മധുര പാസ്സഞ്ചറിനുപോകാം എന്ന് കരുതി കാത്തിരുന്നു ,വന്നില്ല . അഞ്ചുമണിക്കുള്ള പാസ്സഞ്ചറിന് പോകാം എന്ന് തീരുമാനിച്ച് അത്രയും നേരം കാത്തിരുന്നു , വന്നില്ല .
( 6 ) രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ശാരികയുടെ അമ്മയുടെ കോൾ . വൈകിട്ട് അഞ്ചുമണി വരെ ആശുപത്രിയിൽ കാത്തിരുന്ന കാര്യം പറഞ്ഞു . പതിഞ്ഞ സ്വരത്തിൽ അവർ പറഞ്ഞു — ” അവളുടെ വാശിയും കാര്യങ്ങളും അറിയാമല്ലോ . മുടി ചീകാനോ , വസ്ത്രം മാറാനോ അവൾ സമ്മതിക്കാതെ വാശി പിടിച്ചു.അതുകൊണ്ട് വരാൻ പറ്റിയില്ല . പക്ഷെ രാത്രി വീണ്ടും വേദന കൊണ്ട് അവൾ കരഞ്ഞു .ഡോക്റ്റർ അങ്കിളിനെ കാണണം എന്ന് പറഞ്ഞ് അവൾ കരഞ്ഞു .പക്ഷെ വെളുപ്പിനെ അവൾ പോയി .ഇനിയൊരിക്കലും അവളെയുംകൊണ്ട് അങ്ങോട്ട് വന്ന് ബുദ്ധിമുട്ടിയ്ക്കില്ല . അവളെ ഇത്രയും കാലം പരിചരിച്ച ഡോക്റ്റർക്കും സോജാ സിസ്റ്റർക്കും നന്ദി പറയാൻ വാക്കുകളില്ല .അവർ ഫോൺ വച്ചു.
( 7 ) പിന്നീട് ഒരു വർഷം കഴിഞ്ഞ് , ശാരികയുടെ അമ്മായി ഒപിയിൽ വന്നു. സ്വയം പരിചയപ്പെടുത്തി . ഇന്ന് , അവളുടെ ഒന്നാം ചരമ വാർഷികമാണ് . മരണാന്തര ചടങ്ങുകളൊന്നുമില്ല . അവർ ഒരു തുക കൊണ്ടുവന്നു .നിർധനരായ ഏതാനും രോഗികൾക്ക് കൊടുക്കാൻ . വാർഡിലെ അങ്ങേയറ്റം ദരിദ്രരായ മൂന്നു രോഗികളെ കാണിച്ചുകൊടുത്തു . അവർ , അവളുടെ ഓർമ്മയ്ക്കായി ആ തുക ഏറ്റുവാങ്ങി .
( 8 ) ശാരികയുടെ വീട്ടുവിശേഷങ്ങൾ തിരക്കി . പുനലൂർ നിന്നും , എറണാകുളത്തേക്ക് അവർ സ്ഥലം മാറി പോയി . ആ ‘അമ്മ , ഇപ്പഴും ജോലിക്ക് പോകുന്നില്ല എന്ന് പറഞ്ഞു . അവിടെയിരുന്ന് , അമ്മായി ഫോണിൽ ശാരികയുടെ അമ്മയെ വിളിച്ച് കണക്റ്റ് ചെയ്തു . എറണാകുളം പോലൊരു സ്ഥലത്ത് എന്തെങ്കിലും ജോലി കിട്ടുമല്ലോ , അതിന് പോകരുതോ എന്ന് ചോദിച്ചു . ആ അമ്മയുടെ മറുപടി ,” അവൾ പോയെങ്കിലും ഇപ്പോഴും എന്റെ ഒക്കത്ത് അവളുണ്ട് ”…..പന്ത്രണ്ടു വർഷം ഒക്കത്തിരുന്ന ആ കുഞ്ഞിന്റെ സാമീപ്യം ഒരു മായികചരണം [ PHANTOM LIMB ] പോലെ ഇപ്പോഴും അവർ അനുഭവിക്കുന്നു .
( 9 ) അവർ പോയതിനുശേഷം ഞാൻ ആലോചിച്ചു , ഒരു പുരുഷനെക്കൊണ്ട് ഇങ്ങനെ ഒരു കുഞ്ഞിനെ പരിപാലിക്കാൻ പറ്റുമോ ? സാധ്യത കുറവാണ് .സാധാരണയായി പുരുഷ ഹോർമോണുകൾ , എടുത്തുചാട്ടം -സാഹസികത തുടങ്ങിയവ പ്രദാനം ചെയ്യുമ്പോൾ , സ്ത്രൈണ ഹോർമോണുകൾ വാത്സല്യവും കരുതലും നൽകുന്നു . അപവാദങ്ങൾ ഉണ്ടാകാം . എങ്കിലും ,ഒരു കുഞ്ഞിനെ പ്രസവിച്ച് ,പാലൂട്ടി , വളർത്തി അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാനുള്ള പരിശ്രമത്തിൽ പലതും ഹോമിക്കേണ്ടി വരുന്ന നിരവധി അമ്മമാരുണ്ട് ,നമ്മുടെ സമൂഹത്തിൽ പ്രത്യേകിച്ചും . എല്ലാ അമ്മമാരെയും സ്മരിച്ചുകൊണ്ട്
” അമ്മമാർക്ക് മാതൃ ദിനാശംസകൾ ”.