മല്ലൂസും ലാടവൈദ്യന്മാരും

83

Augustus Morris

കണ്ണോട് കാൺപതെല്ലാം

( 1 ) കുറേക്കാലമായി തന്നെ അലട്ടുന്ന കാഴ്ചത്തകരാർ പരിഹരിക്കാൻ കണ്ണു ഡാക്കിട്ടരെ കാണിക്കാൻ എത്തിയതായിരുന്നു മാമച്ചൻ . മെഡിക്കൽ കോളേജിന്റെ വാതിൽക്കലെത്തിയതും അവിടെയൊരു ആൾക്കൂട്ടം . കാട്ടിൽ വിളയാടി നടന്ത മയിലിനെ തിനയും തീറ്റയും കൊടുത്ത് വളർത്തി വലുതാക്കി നിർമ്മിച്ചെടുത്ത മയിലെണ്ണ മാഹാത്മ്യം വർണ്ണിക്കുന്ന ലാട വൈദ്യൻ ഇക്കുറി മറ്റൊരു ഐറ്റവുമായിട്ടാണ് നിൽപ് . കണ്ണിന്റെ എല്ലാ പ്രശനങ്ങൾക്കും ഉള്ള ഒറ്റമൂലി മേപ്പടിയാന്റെ കയ്യിലുണ്ട് . വലിയ കണ്ണുകളുള്ള ഒരു ജീവിയുടെ ഏതാനും പടങ്ങൾ വച്ച് , രസായനത്തിന്റെ മാഹാത്മ്യം വർണ്ണിച്ച് പുള്ളിയങ്ങനെ വിലസുകയാണ് . മാമച്ചൻ ചിന്താ വിഷ്ടയായ ശ്യാമളയെപ്പോലായി . ഇത് വാങ്ങണോ കണ്ണ് ഡാക്കിട്ടരെ കാണണോ ? …. വലിയ കണ്ണുള്ള ആ ജീവിയിലേക്ക് ….

( 2 ) മലർവാടി ആർട്സ് ക്ലബ് പോലൊരു സംഭവമായിരുന്നു മാമൽ ക്ളബ് . അവിടെ അംഗത്വം കിട്ടണമെങ്കിൽ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം .
— ദേഹത്ത് രോമങ്ങൾ
— മാറിടം അഥവാ സ്തനം
— കഴുത്തിലെ കശേരുക്കളുടെ എണ്ണം ഏഴ് ( 7 )
— ഒരേയൊരു അസ്ഥിയാൽ നിർമ്മിതമായ താടിയെല്ല് നേരിട്ട് തലയോട്ടിയുമായി ബന്ധിച്ചിരിക്കണം
— ഹൃദയ ശ്വാസകോശങ്ങൾ ഒരറയിലും , ആമാശയ -ചെറു -വൻ കുടലുകൾ മറ്റൊരു അറയിലും
— പല്ലുകളിൽ അങ്ങേയറ്റം വൈവിധ്യം
— വിരലുകൾ , നഖം എന്നിവയ്ക്ക് പ്രത്യേകതകൾ
— മറ്റുള്ള ജീവികളെ അപേക്ഷിച്ച് ഏറെ വികാസം പ്രാപിച്ച തലച്ചോർ
— കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തൽ .
ഇവയുണ്ടെങ്കിൽ സസ്തനികളുടെ ക്ലബ്ബിൽ ചേരാം .

( 3 ) തലച്ചോറിന്റെ തുടർച്ചയായ സുഷുമ്നാ നാഡീ ( spinal cord ) കടന്നു പോകുന്ന നട്ടെല്ലിലെ കശേരുക്കൾ എന്ന എല്ലുകളുടെ ഉള്ളിലൂടെയാണ് . നട്ടെല്ലുള്ള ജീവികളെ കശേരുകികൾ ( VERTEBRATES ) എന്നൊരു വലിയ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു . അതിലെ ഉപവിഭാഗമാണ് സസ്തനികൾ . ഇവയെ വീണ്ടും മൂന്നായി തിരിക്കാം .
— മുട്ടയിടുന്നവ
— സഞ്ചിയുള്ളവ
— പൂർണ്ണ വളർച്ചയെത്തുന്നതുവരെ വയറ്റിനുള്ളിൽ വളർത്തുന്നവ .

( 4 ) ഇവയെ വീണ്ടും പല ഉപവിഭാഗങ്ങളായി തിരിക്കാം .
— കരണ്ടു തീനികൾ
— മാർജ്ജാര വംശം etc etc

( 5 ) സസ്തനികളിൽ ഒരു വിഭാഗമാണ് PRIMATES . വാക്കിനർത്ഥം ” ഒന്നാമത് നിൽക്കുന്നത് ”. ബുദ്ധിവികാസത്തിന്റെ അളവുകോലാണ് പ്രൈമേറ്റുകളുടെ വർഗ്ഗീകരണത്തിന് അടിസ്ഥാനം .
–മനുഷ്യൻ
— ആൾക്കുരങ്ങ്
— കുരങ്ങ്
— കുട്ടിത്തേവാങ്ക്
എന്നിവ പ്രൈമേറ്റുകളിൽ പെടുന്നു . ഈ ജീവികളിൽ തള്ളവിരൽ മറ്റു വിരലുകൾക്ക് അഭിമുഖമായി സ്ഥാനം പിടിച്ചിരിക്കുന്നു . ആയതിനാൽ കൈകൾ ഉപയോഗിച്ച് മറ്റു വസ്തുക്കൾ എടുക്കാനും , പിടി മുറുക്കാനും സാധിക്കുന്നു . മനുഷ്യന് ഈ പ്രത്യേകത കയ്യിൽ മാത്രമേ ഉള്ളൂ . മറ്റു പ്രൈമേറ്റുകളിൽ കാൽവിരലുകൾക്കും ഈ സവിശേഷ സ്വഭാവം ഉള്ളപ്പോൾ , മനുഷ്യന്റെ കാലിലെ തള്ളവിരൽ മറ്റു വിരലുകളോടൊപ്പം സമാന്തരമായി സ്ഥിതി ചെയ്യുന്നു . കുരങ്ങുകൾക്ക് വാലുണ്ടെങ്കിലും ആൾക്കുരങ്ങുകൾക്ക് വാലില്ല . ഇരിക്കസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന പൃഷ്ഠ ഭാഗം ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നു . എല്ലാ കുരങ്ങുകളിലും നിറവ്യത്യാസത്തോട് കൂടിയ ഈ ഭാഗം കാണാറില്ല .

( 6 ) മറ്റു മൃഗങ്ങൾ നീന്തുമ്പോൾ കൈകാലുകൾ വെള്ളത്തിനടിയിൽ ആയിരിക്കും .മനുഷ്യനും കുരങ്ങുകളും കൈ വെള്ളത്തിന് മീതെ ചലിപ്പിച്ച് കൊണ്ടും. ഏറെദൂരം നീന്താനുള്ള കഴിവ് കുരങ്ങുകൾക്കില്ല .

( 7 ) ഭക്ഷണ ദൗർല്ലഭ്യവുമായി ബന്ധപ്പെട്ട് പരിണാമ വഴികളിൽ ഉരുത്തിരിഞ്ഞു വന്ന ഒരു സ്വഭാവമാണ് തിടുക്കത്തിൽ ഏറെ അകത്താക്കുക എന്നത് . ദഹനക്കേട് ഉണ്ടാകാതിരിക്കാൻ കവിളുകൾ , ആമാശയം എന്നിവടങ്ങളിലെ അറകളിൽ അവ ശേഖരിച്ച് വയ്ക്കുന്നു . പിന്നീട് സ്വസ്ഥമായി ചവച്ചിറക്കുന്നു . ചവച്ചിറക്കാത്ത ഭക്ഷണം ശേഖരിക്കാൻ ആമാശയത്തിൽ പ്രത്യേക അറകളുള്ളവയാണ് കരിം കുരങ്ങ് & ഹനുമാൻ കുരങ്ങ് എന്നിവ . സിംഹവാലനും , നാടൻ കുരങ്ങും , കുട്ടിത്തേവാങ്കും മിശ്ര ഭോജികളായിരിക്കുമ്പോൾ , കരി & ഹനുമാൻ കുരങ്ങുകൾ സസ്യാഹാരികളാണ് . ചെറിയ മുളങ്കുറ്റിക്കുള്ളിൽ കടല വച്ച് കുരങ്ങിനെ പിടിക്കാറുണ്ട് . അവ കടല വാരി ,കൈപ്പിടിക്കുള്ളിൽ ആക്കുമ്പോൾ , മുഷ്ടി പുറത്തേക്ക് വരില്ല .മനുഷ്യൻ ചെന്ന് ചങ്ങല അണിയിക്കുമ്പോഴും അവ പിടി വിടില്ല . മർക്കട മുഷ്ടി എന്ന പ്രയോഗം അങ്ങനെ വന്നതാണ് – ചത്താലും പിടി വിടൂല്ല .

( 8 ) ഇരപിടിയൻ മൃഗങ്ങളിൽ നിന്ന് മാൻ , മുയൽ പോലെയുള്ളവയെ രക്ഷിക്കാനും , മരത്തിനു മുകളിലെ ഇലകൾ -കായ്കനികൾ അവയ്ക്കും കൂടി ലഭ്യമാക്കാനും , തദ്വാരാ സഹജീവനം സാധ്യമാക്കാനും കുരങ്ങുകൾക്ക് കഴിയുന്നു . കുഞ്ഞുങ്ങളോടുള്ള ആത്മബന്ധം കുരങ്ങുകളിൽ വളരെ വലുതാണ് . മുതലയുടെ വായിൽ നിന്നും , തോക്കേന്തിയ മനുഷ്യന്റെ കയ്യിൽ നിന്നും അവ കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കും . പ്രത്യേകിച്ച് അമ്മക്കുരങ്ങ് .

( 9 ) കേരളത്തിൽ കാണപ്പെടുന്ന കുരുങ്ങുകൾ ഇവയാണ് …
— a. വെള്ളക്കുരങ്ങ് ( നാടൻ കുരങ്ങ് ) ശാസ്ത്രീയനാമം MACACA RADIATA
ബോണറ്റ് മക്കാക് എന്ന് ഇംഗ്ളീഷ് പേര് .( bonnet macaque )
— b .ഹനുമാൻ കുരങ്ങ് ശാ.നാമം PRESBYTIS ENTELLUS കോമൺ ലംഗൂർ എന്ന് ഇംഗ്ലീഷ് പേര് .(common langur )
— c .സിംഹവാലൻ കുരങ്ങ് ശാ.നാമം MACACA SILENUS ലയൺ റ്റയിൽഡ് മക്കാക്ക് എന്ന് ഇംഗ്ലീഷ് പേര്. ( lion tailed macaque )
— d. കരിമന്തി ( കരിങ്കുരങ് ) ശാ.നാമം PRESBYTIS JOHNI നീലഗിരി ലംഗൂർ എന്ന് ഇംഗ്ലീഷ് പേര് . ( nilgiri langur )
— e .കുട്ടിത്തേവാങ്ക്… ശാസ്ത്രീയനാമം LORIS TARDIGRADUS സ്ലെൻഡര്‍ ലോറിസ് എന്ന് ഇംഗ്ലീഷ് പേര് .( slender loris )

( 10 ) ചിത്രത്തിൽ കാണുന്നത് കുട്ടിത്തേവാങ്ക് – തലയും ശരീരവും കൂടി 20 – 25 സെന്റി മീറ്റർ നീളം . ഇത്തിരിക്കുഞ്ഞൻ . വലിയ കണ്ണുകൾ . വളരെ അപൂർവ്വം . കാട് അരിച്ച് പെറുക്കിയാൽ , ഭാഗ്യം ഉണ്ടെങ്കിൽ കാണാം എന്ന് മാത്രം . ആള് രാത്രിഞ്ചരനാണ് . ഒരു പ്രസവത്തിൽ ഒരു കുട്ടി .ഇതിന്റെ കണ്ണുകൾ വലുതായതിനാൽ തേവാങ്ക് രസായനത്തിനു മനുഷ്യന്റെ കണ്ണുകളുടെ തകരാർ പരിഹരിക്കാനുള്ള കഴിവുണ്ടെന്ന് ലാട വൈദ്യന്മാർ പാടി നടന്നു . മാങ്ങാണ്ടിയ്ക്ക് വൃക്കകളുടെ ആകൃതി ഉള്ളതിനാൽ കിഡ്‌നി രോഗങ്ങൾക്ക് മാങ്ങാണ്ടിപ്പൊടി കൊടുത്താൽ മതി എന്ന് പറയുന്ന ‘ ലെ ‘ വൈദ്യരുടെ അതേ ലോജിക് . അങ്ങനെ കുട്ടിത്തേവാങ്കുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു . കാനന യാത്രയ്ക്കിടെ ഒരെണ്ണത്തിനെയെങ്കിലും കാണാൻ സാധിച്ചാൽ ഭാഗ്യം .

NB – ഒരു നവജാത ശിശു ദീർഘദൃഷ്ടി ( far-sighted ) യോടെയാണ് പിറന്നു വീഴുന്നത് . കണ്ണുകൾ ചെറുതായതിനാൽ പ്രതിബിംബം , ദൃഷ്ടിപടലത്തിനു പിന്നിൽ ( RETINA ) ആണ് പതിയ്ക്കുന്നത് . അത് നേരെയാക്കാൻ ലേശം സമയമെടുക്കും . നാൽപ്പതു വയസ്സുകളിലേക്ക് എത്തുമ്പോൾ വെള്ളെഴുത്ത് വരും . ഹ്രസ്വ ദൃഷ്ടി – ദീർഘ ദൃഷ്ടി – അസ്റ്റിഗ്മാറ്റിസം – തിമിരം – ഗ്ലോക്കോമ തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ കണ്ണിലുണ്ടാകുമ്പോൾ വളഞ്ഞ വഴി തേടിപ്പോകുന്ന മല്ലൂസിനെ പിഴിയാൻ ലാട വൈദ്യന്മാരെക്കൊണ്ട് സാധിക്കുന്നു എന്നതാണ് വർത്തമാന കാല ദുരന്തം .