സിക്സ് പാക്ക് മഹാബലിയെ ഉപ്പുചാക്ക് മാവേലിയാക്കരുത്

249

എഴുതിയത് : Augustus Morris

കുംഭ കേരളം

( 1 ) ലളിതമായി പറഞ്ഞാൽ കരിയും ജലവും കൂടിച്ചേർന്ന ഒരു രൂപം , അതിന്റെ പേര് എഴുതിയാൽ ഇതുപോലിരിക്കും – [ CH2O ] n – മധുരം , പശിമ എന്നിവ ഉണ്ടാകും .C6H12O6 എന്ന്പറഞ്ഞാൽ ഗ്ലൂക്കോസ്.ആറു കാർബൺ തന്മാത്രകളുള്ള പഞ്ചാര . ( മൂന്നും നാലും അഞ്ചും കാർബൺ ഉള്ള പഞ്ചാരകളും ഉണ്ട് ). ഇവർ ഏകമായും , രണ്ടെണ്ണം കൂടിച്ചേർന്നും, മൂന്നു തൊട്ട് പന്തണ്ട് എണ്ണം കൂടിച്ചേർന്നും , പന്തണ്ടിനു മുകളിൽ അംഗങ്ങളുള്ള നീളൻ തന്മാത്രകളായും കാണപ്പെടുന്നു . ഒറ്റയ്ക്കോ രണ്ടുപേരോ ഉള്ള രൂപങ്ങൾക്ക് മധുരം ഉണ്ടാകും . നീളൻ തന്മാത്രകൾക്ക് മധുരം കുറയും , പശിമ കൂടും . പേര് അന്നജം അല്ലെങ്കിൽ ധാന്യകം . അരി , ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിലും കിഴങ്ങു വർഗ്ഗങ്ങളിലും കാണപ്പെടുന്നു .

( 2 ) C6H12O6 എന്ന തന്മാത്രാ ഘടനയോടു കൂടിയ monosaccharides അഥവാ ഏകമാന മധുര തന്മാത്രകൾ മൂന്നുതരം — glucose (dextrose), fructose (levulose) , and galactose . അവയ്ക്ക് നിറമില്ല , പരൽ രൂപം & ജലത്തിൽ ലയിക്കുന്ന സ്വഭാവം . ഇതിൽ glucose + fructose തമ്മിൽ ചേർന്നുണ്ടാകുന്ന SUCROSE കരിമ്പിന് മധുരം നൽകുന്നു . glucose +
galactose തമ്മിൽ ചേർന്നുണ്ടാകുന്ന LACTOSE മുലപ്പാലിൽ കാണപ്പെടുന്നു . രണ്ടു glucose തന്മാത്രകൾ ചേർന്നുണ്ടാകുന്ന MALTOSE , സ്റ്റാർച്ചിന്റെ ദഹനഫലമായി ശരീരത്തിൽ ഉണ്ടാകുന്നു .
SUCROSE, LACTOSE, MALTOSE എന്നിവ ദ്വിമാന മധുര തന്മാത്രകൾ അഥവാ Disaccharides എന്നറിയപ്പെടുന്നു .

( 3 ) ധാന്യങ്ങളും കിഴങ്ങുകളും മറ്റും കഴിക്കുമ്പോൾ അവയിലുള്ള അന്നജം അഥവാ മധുരതന്മാത്രകൾ കൂടിച്ചേർന്ന് ഉണ്ടായ നീളൻ തന്മാത്രകൾ ദഹനപ്രക്രിയയ്ക്ക് വിധേയമായി , പഴയ ഏകമാന രൂപങ്ങളായി മാറുന്നു . ശരീരം അവയെ സംഭരിക്കുന്നത് , വീണ്ടും നീളമുള്ള തന്മാത്രകളായി മാറ്റിയാണ് – പേര് ഗ്ലൈക്കോജൻ അഥവാ ജന്തു അന്നജം . ഈ പ്രക്രിയയ്ക്ക് വേണ്ട ഹോർമോണിന്റെ പേരാണ് INSULIN .പരമാവധി ഏതാണ് 700 ഗ്രാം ഗ്ലൈക്കോജൻ ശരീരത്തിൽ ഉണ്ടാകും . ബാക്കി വരുന്ന ഗ്ലൂക്കോസ് , ശരീരം കൊഴുപ്പാക്കി മാറ്റി സംഭരിച്ച് വയ്ക്കുന്നു .

( 4 ) ഗ്ലൂക്കോസ് തന്മാത്രകളിലെ ആറ്റങ്ങളോ ആറ്റം ഗ്രൂപ്പുകളോ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വിന്യാസത്തിലെ വ്യത്യാസം അനുസരിച്ച് ഗ്ലൂക്കോസിനെ രണ്ടായി തിരിക്കാം — alpha D glucose & beta D glucose . ബീറ്റാ D ഗ്ലൂക്കോസ് തന്മാത്രകൾ കൂടിച്ചേർന്ന് ഉണ്ടായ സെല്ലുലോസിനെ ദഹിപ്പിക്കാനാവശ്യമായ ദഹനരസങ്ങൾ മനുഷ്യന്റെ ശരീരത്തിൽ ഇല്ല . ഉണ്ടായിരുന്നുവെങ്കിൽ പുല്ലിനും വൈക്കോലിനും മരത്തൊലിയ്ക്കും മറ്റും വേണ്ടി മനുഷ്യൻ നാൽക്കാലികളുമായി മല്ലുപിടിച്ചേനെ .

( 5 ) അമിതമായി അന്നജ ഭക്ഷണം കഴിച്ച് , പ്രത്യേകിച്ചൊരു കായിക സംസ്ക്കാരം ഇല്ലാതെ ഭോഗാലസതയിൽ പെട്ടുഴലുന്ന മലയാളിയുടെ കുംഭ അഥവാ വീർത്ത വയർ , കേരളത്തിന്റെ ഭൂപടത്തോട് സാമ്യമുള്ള ഒന്നാണ് . ദിവസവും അഞ്ചുകിലോമീറ്റർ എങ്കിലും ഓടേണ്ട അളവിലുള്ള ഊർജ്ജം പ്രദാനം ചെയ്യുന്ന അന്നജം, നാലുനേരം നമ്മൾ അകത്താക്കാറുണ്ട് . ഗ്ലൈക്കോജൻ ആക്കി മാറ്റിക്കഴിഞ്ഞതിനുശേഷം ബാക്കിവരുന്ന ഗ്ലൂക്കോസ് , കൊഴുപ്പാക്കി മാറ്റി സംഭരിക്കുന്നു . വയറിനു ചുറ്റും അടിയുന്ന കൊഴുപ്പ് , ഇൻസുലിനെ പ്രവർത്തിക്കാൻ സമ്മതിക്കുന്നില്ല . ഇന്സുലിന് നിസ്സംഗത അഥവാ INSULIN RESISTANCE ഉണ്ടാക്കുന്നു , പ്രമേഹം പിടിപെടുന്നു. ഒരു ഗ്ളാസ് ചായയിൽ പഞ്ചസാര ഇടാതെ കുടിച്ചാൽ പ്രമേഹം നിയന്ത്രിയ്ക്കാമെന്നു കരുതുന്ന മലയാളി , പരിപ്പ് + ചോറ് …സാമ്പാർ + ചോറ് … രസം + ചോറ് …പ്രഥമൻ + ബോളി + പഴം …മോര് + ചോറ് എന്നിവ ചേർത്ത് സദ്യ എന്ന ഓമനപ്പേരിൽ ഗ്ലൂക്കോസിന്റെ ചെറുകുന്നുകൾ അകത്താക്കുന്നു. നാൽക്കാലികളുടേതു പോലുള്ള വീർത്ത വയറുമായി വാർത്ത വീടിനുള്ളിൽ ജീവിക്കുന്നു .

( 6 ) അമിതമാകുന്ന കൊഴുപ്പ് തന്മാത്രകൾ ഫ്രീക്കന്മാരരായി വിലസുമ്പോൾ കരൾ അവയ്‌ക്കൊരു പണി കൊടുക്കുന്നു . മൂന്ന് ഫാറ്റി ആസിഡ് തന്മാത്രകളെ ഗ്ലിസറോൾ ഉപയോഗിച്ച് കൂട്ടിക്കെട്ടി , സംഭരിക്കാവുന്ന രൂപമായ triglycerides ആക്കിമാറ്റുന്നു . ഏറെയാകുമ്പോൾ കരളിലെ കോശങ്ങൾക്ക് തന്നെ ഹാനികരമായി മാറുന്ന ഫാറ്റി ലിവർ എന്ന അവസ്ഥയുണ്ടാകുന്നു . അത് ക്രമേണ സിറോസിസ് -ലേക്ക് നയിക്കുന്നു . അമിത അന്നജം കഴിച്ച് കരളിൽ കൊഴുപ്പടിഞ്ഞ് രോഗമുണ്ടാകുന്ന അവസ്ഥയാണ് മദ്യ ഇതര കരൾ വീക്കം അഥവാ NON ALCOHOLIC FATTY LIVER DISEASE .

( 7 ) മദ്യം കഴിച്ചാൽ കൊഴുപ്പുരുകി മാറും എന്ന് കരുതുന്ന മലയാളി നിപ്പനടിയിലൂടെ ലോക റിക്കോർഡുകൾ സ്വന്തമാക്കാറുണ്ട് . ഫാറ്റി ആസിഡ് ആയി മാറുന്ന മദ്യം , കൊഴുപ്പിന്റെ അളവിനെ വീണ്ടും കൂട്ടുന്നു . കൊളസ്ട്രൊൾ കുറയ്ക്കാൻ കിലോയ്ക്ക് ആയിരം രൂഫാ വരെ കൊടുത്ത് കാന്താരി മുളക് കഴിക്കുന്നവൻ മലയാളി . കുറുക്ക് വഴികളുടെ ആശാന്മാരായ മലയാളികളെ തോൽപ്പിക്കാനാവില്ല മക്കളേ, മടങ്ങിപ്പോ .കുരുക്ക്‌ ഞങ്ങൾ തന്നെ മുറുക്കുന്നുണ്ട് .

NB — എല്ലു മുറിയെ പണിയെടുത്തിരുന്ന മലയാളിയിൽ നിന്നും പല്ലു മുറിയെ കഴിക്കുന്ന മലയാളിയിലേക്കുള്ള മാറ്റം അമ്പരപ്പിക്കുന്നതാണ് . നിങ്ങളുടെ ഭോഗാലസതയ്ക്ക് പാവം മഹാബലിയെ കൂട്ടുപിടിക്കരുത് . സിക്സ് പാക്ക് മഹാബലിയെ ഉപ്പുചാക്ക് മാവേലിയാക്കരുത് ,പ്ലീസ് .