ഇരുപത് ലക്ഷത്തോളം കടൽ യാത്രികരെ കൊന്നൊടുക്കിയ നിശബ്ദ കൊലയാളി

187
Adult scurvy associated with psychiatric disorders and breast ...Augustus Morris
നിശബ്ദ ഘാതകൻ
( 1 ) അയർലണ്ടിലെ ഹൗത്ത് ഉൾക്കടലിനു സമീപം നിന്നാൽ , ഡബ്ലിൻ എയർ പോർട്ടിലേക്ക് വരുന്ന വിമാനങ്ങളെയും , ബ്രിട്ടനിൽ നിന്നും വരുന്ന ഫെറി സർവ്വീസുകളെയും കാണാം . ബ്രിട്ടനുമായി കര അതിർത്തി പങ്കിടുന്ന ഏക രാജ്യമാണ് അയർലൻഡ് . യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കോ മറ്റു ഭൂഖണ്ഡങ്ങളിലേക്കോ പോകാൻ ബ്രിട്ടന് കടൽമാർഗ്ഗമല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു . കടൽ കീഴടക്കുന്നവർ ലോകം കീഴടക്കും എന്ന ബ്രിട്ടീഷുകാരുടെ പ്രസിദ്ധമായ ഉദ്ധരിണിയുടെ പിന്നിൽ ഒരു നിശബ്ദ കൊലയാളിയെ കീഴടിക്കിയ ചരിത്രമുണ്ട് .
2 ) BCE 1550 — പുരാതന ഈജിപ്തുകാരുടെ കാലം മുതൽക്കേ ” നിശ്ശബ്ദനായ കൊലയാളി ” യെപ്പറ്റി വിവരിച്ചിട്ടുണ്ട് . നാവികരുടെ പേടി സ്വപ്നം . നൂറ്റാണ്ടുകൾ കഴിഞ്ഞ് , പര്യവേക്ഷണങ്ങളുടെ കാലം എത്തിയിട്ടും ആ ഘാതകനെ എല്ലാവരും ഭയന്നു. വിദൂര കപ്പൽ യാത്രകളിൽ , മുക്കാൽ പങ്കും നാവികർ മരണത്തിനു കീഴടങ്ങി . ഏതാണ്ട് ഇരുപത് ലക്ഷത്തോളം കടൽ യാത്രികരെ കൊന്നൊടുക്കിയ ആ കൊലയാളിയെ കണ്ടെത്താനും കീഴടക്കാനും പല കാലഘട്ടങ്ങളിലും മനുഷ്യർ പരിശ്രമിച്ച് പോന്നു . കടൽദേവതയുടെ ശാപം മൂലമാണ് മരണം സംഭവിക്കുന്നത് എന്ന് കരുതിയ അവർ , അടിമകളായ മനുഷ്യരെയും അവരുടെ കുട്ടികളെയും കടലമ്മയ്ക്ക് എറിഞ്ഞുകൊടുത്തു . എന്നിട്ടും യാതൊരു മാറ്റവും ഉണ്ടായില്ല .ഒടുവിൽ , അന്വേഷണ ത്വരയും പരീക്ഷണ നിരീക്ഷണ മനോഭാവവും കൈമുതലായുണ്ടായിരുന്ന മനുഷ്യർ , ആ ഘാതകനെ കണ്ടെത്തി .
( 3 ) വാസ്കോ ഡി ഗാമയുടെ കപ്പൽ സംഘത്തിലെ 170 പേരിൽ 116 ഉം , മഗല്ലന്റെ സംഘത്തിലെ 230 പേരിൽ 208 ഉം മരണപ്പെട്ടു . കടൽ യാത്രയ്ക്ക് പോയിരുന്ന മനുഷ്യരിൽ ഏറിയ പങ്കും വല്ലായ്മ , ക്ഷീണം , സന്ധിവേദന , കിതപ്പ് , മോണകളിൽ നിന്നും രക്തസ്രാവം , പല്ലു കൊഴിയൽ , സ്വഭാവ വ്യതിയാനം , പേശികൾക്ക് വേദന തുടങ്ങിയ ലക്ഷണങ്ങളോടെ കുഴഞ്ഞു വീഴുന്നു . മോണയിലെ ചോരയൊലിപ്പും ആന്തരിക രക്തസ്രാവവും മൂലം മരിച്ചു വീഴുന്നു . ശവങ്ങൾ നേരെ കടലിലേക്ക് എടുത്തെറിയപ്പെടുന്നു .ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപാരത്തിനും പിന്നീട് അധിനിവേശത്തിനും പോയിരുന്ന മനുഷ്യർക്ക് നേരിടേണ്ടി വന്ന അവസ്ഥയായിരുന്നു ഇത് .
( 4 ) പതിനാറാം നൂറ്റാണ്ടിൽ ഫ്രഞ്ച് നാവികനായിരുന്ന Jacques Cartier , തന്റെ സംഘാംഗങ്ങൾ ചോരവാർന്ന് മരിച്ചുവീഴുന്നതു കണ്ടപ്പോൾ , arborvitaes അഥവാ ” തുജ ” എന്നറിയപ്പെട്ട ചെടിയുടെ ഇലകൾ ഉപയോഗിച്ച് ചായ ഇട്ടു കൊടുത്തു . അവർ രക്ഷപ്പെട്ടു .പതിനേഴാം നൂറ്റാണ്ടിൽ കാപ്റ്റൻ ജെയിംസ് ലാൻകാസ്റ്റർ , സുമാത്രയിലേക്കുള്ള ദീർഘമായ യാത്രയ്ക്കിടയിൽ പലയിടത്തും കപ്പലടുപ്പിച്ച് പഴങ്ങൾ ശേഖരിച്ചു. നാരങ്ങാ , മധുര നാരങ്ങാ [ ORANGE ] തുടങ്ങിയവയുമായി യാത്ര തുടർന്ന ജെയിംസ് , തന്റെ സംഘത്തിൽ കുറച്ചുപേർക്ക് പുളിപ്പുള്ള പഴങ്ങൾ നൽകി ഒരു പരീക്ഷണം നടത്തി . അവ കഴിച്ചവർക്ക് നേരത്തെ പറഞ്ഞ രോഗലക്ഷണങ്ങൾ ഉണ്ടായില്ല .
( 5 ) ശാസ്ത്രം , അത്രയ്ക്കൊന്നും വികസിച്ചിട്ടില്ലായിരുന്ന ആ കാലഘട്ടത്തിൽ , കടൽദേവത കോപിക്കാതിരുന്നതുകൊണ്ട് നാവികർ രക്ഷപ്പെട്ടു എന്ന് ഭൂരിഭാഗം പേരും കരുതിയിരുന്നു . പക്ഷെ പുളിപ്പുള്ള പഴങ്ങൾ കഴിക്കുന്നവരിൽ , രക്തസ്രാവം മൂലമുള്ള മരണം ഉണ്ടാകുന്നില്ല എന്നും , അതിനെന്തെങ്കിലും കാരണം ഉണ്ടായിരിക്കാം എന്നും ശാസ്ത്ര കുതുകികളായ ചിലർ ചിന്തിച്ചു . ആവശ്യമായിട്ടുള്ള [ VITAL ] എന്തോ ഒരു അമിനോ ഗ്രൂപ്പ് [ AMINE ] പഴങ്ങളിലുണ്ടെന്നും , അതാണ് രക്തസ്രാവത്തെ ഇല്ലായ്മ ചെയ്യുന്നതെന്നും കണ്ടെത്തിയ അവർ അതിന് VITAMINE എന്ന് പേര് നൽകി .പിൽക്കാലത്ത് , അമിനോ ഗ്രൂപ്പ് അല്ല അവയിലുള്ളത് എന്ന് തിരിച്ചറിഞ്ഞപ്പോ , അവസാനത്തെ E എന്നയക്ഷരം എടുത്തുമാറ്റി VITAMIN [ ജീവകം ] എന്നാക്കി തിരുത്തി .
( 6 ) ബ്രിട്ടീഷ് റോയൽ നേവി -യിലെ ഡോക്റ്ററായിരുന്ന സ്കോട്ട്ലൻഡ് കാരനായ JAMES LIND ആണ് ശാസ്ത്രീയമായ വിലയിരുത്തലുകൾക്ക് ശേഷം, 1747 ൽ , ജീവകം – സി [ VITAMIN – C ] യുടെ അഭാവം മൂലമുണ്ടാകുന്ന SCURVY ( സ്കർ വി ) എന്ന രോഗത്തിന് പുളിപ്പുള്ള പഴങ്ങൾ പ്രതിവിധിയായി നിശ്ചയിച്ചത് . കപ്പൽ യാത്രികരെ മരണക്കയത്തിലേക്ക് തള്ളിയിട്ട ആ അവസ്ഥയ്ക്ക് അതോടെ വിരാമമായി .
( 7 ) ജീവകങ്ങൾ രണ്ടുതരം — കൊഴുപ്പിൽ ലയിക്കുന്നവ [ FAT SOLUBLE ] & ജലത്തിൽ ലയിക്കുന്നവ [ WATER SOLUBLE ] . ആദ്യ വിഭാഗത്തിൽ നാലുപേർ — A ,D ,E ,K . അവ ശരീരത്തിൽ സംഭരിക്കപ്പെടുന്നു . അവയുടെ അഭാവം പെട്ടെന്ന് ശരീരത്തെ ബാധിക്കുന്നില്ല . രണ്ടാം വിഭാഗത്തിൽ പെടുന്നവ B – COMPLEX & C . അവ സംഭരിക്കപ്പെടുന്നില്ല . ആയതിനാൽ അവയുടെ അഭാവം , രോഗാവസ്ഥകളിലേക്ക് നയിക്കുന്നു .മനുഷ്യ ശരീരത്തിന് സ്വന്തമായി ജീവകം -സി ഉണ്ടാക്കാനുള്ള കഴിവില്ല .എന്നാൽ മൃഗങ്ങൾക്ക് ഗ്ളൂക്കോസിൽ നിന്നും ജീവകം – സി [ ASCORBIC ACID ] നിർമ്മിക്കാനുള്ള കഴിവുണ്ട് .
( 8 ) ശരീരത്തിൽ നടക്കുന്ന ഉപാപചയപ്രവർത്തനങ്ങളിൽ [ METABOLISM] വൈറ്റമിനുകൾ , ഒരു അവശ്യ ഘടകമാണ് . രക്തക്കുഴലുകളുടെയും എല്ലുകളുടെയും മറ്റും നിർമ്മാണത്തിന് വേണ്ട COLLAGEN ഉത്പാദിപ്പിക്കാൻ ജീവകം – സി വേണം . കൊളാജന്റെ അഭാവം മൂലം രക്തക്കുഴലുകളുടെ ഭിത്തി ദുർബലമാകുന്നു , രക്തസ്രാവം ഉണ്ടാകുന്നു .പുളിപ്പുള്ള പഴങ്ങൾ [ CITROUS FRUITS ] വൈറ്റമിൻ – സി യുടെ നല്ലൊരു സ്രോതസ്സാണ് . ചൂടാക്കിയാൽ ആവിയായി പോകുന്ന ഒന്നാണ് ജീവകം -സി . മുലപ്പാലിൽ ഇതുണ്ടെങ്കിലും , പാസ്ചറൈസ് ചെയ്ത പാലിൽ , ജീവകം സി ഉണ്ടാകില്ല .
( 9 ) രാവിലെ വെറും വയറ്റിൽ നാരങ്ങാ നീര് കുടിച്ച് , ആമാശയത്തിൽ അമ്ലആധിക്യം ( ACIDITY ) ഉണ്ടാക്കി , പിന്നീട് ആമാശയ വ്രണം [ GASTRIC ULCER ] ഉണ്ടാക്കുന്ന കുറേപ്പേരുണ്ട് . ഉഷ്ണമേഖലാ രാജ്യങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക് ആവശ്യത്തിനുള്ള ജീവകം സി കിട്ടുന്നുണ്ട് .അധികമായി ചെല്ലുന്ന , ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ , ശരീരത്തിൽ സംഭരിക്കപ്പെടാതെ പുറന്തള്ളപ്പെടുന്നു.
( 10 ) സ്കർ വിയെ കീഴടക്കിയതോടു കൂടി , യൂറോപ്യൻ രാജ്യങ്ങളുടെ കോളനി വാഴ്ച ശക്തി പ്രാപിച്ചു . SEVEN YEAR WAR ൽ പതിനെട്ടു ലക്ഷത്തിലേറെ പോരാളികളെ നഷ്ടമായ ബ്രിട്ടൻ , പിൽക്കാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യപദവിയിലേക്ക് ഉയരുന്നതിനു പിന്നിലെ ഏറ്റവും വലിയ കാരണം , നിശ്ശബ്ദനായ കൊലയാളിയെ കീഴടക്കിയതാണ്. സ്‌കോട്ടീഷുകാരനായ JAMES LIND , അതിന് വഴിയൊരുക്കി .