കുട്ടിക്കൃഷ്ണമാരാരെ മരണത്തിലേക്കു കൈപിടിച്ചുനടത്തിയ മറവിരോഗം

എഴുതിയത് : Augustus Morris

( 1 ) ഭാരത പര്യടനം എന്ന കൃതിയിലൂടെ ദുര്യോധനനെ പുകഴ്ത്തിയും യുധിഷ്ഠിരനെ ഇകഴ്ത്തിയും കുട്ടിക്കൃഷ്ണമാരാർ കൈരളിയെ പ്രകമ്പനം കൊള്ളിച്ച സമയം . രത്നത്തെ മഞ്ചാടി കുരുവിള നിന്നും വേർതിരിക്കാൻ മാത്രമല്ല , അതിനെ വിലയിരുത്താനും കഴിവുള്ളയാൾ എന്ന് മാരാരെ പറ്റി ശ്രീ സുകുമാർ അഴീക്കോട് പറഞ്ഞ കാലം . വായനക്കാർ പലരും ചോദിച്ചു , ” എന്തുകൊണ്ട് മാരാർ രാമായണ പര്യടനം എഴുതിയില്ല ? ”. കാലം കുറേക്കഴിഞ്ഞപ്പോൾ അദ്ദേഹം എഴുതിയ ചെറുകഥ വായിച്ചിട്ട് ശ്രീ .എസ് കെ പൊറ്റക്കാട് ഇങ്ങനെ പറഞ്ഞു , ” മാരാർ മുച്ചൂടും ബുദ്ധിശൂന്യമായ കഥ ”. ആ പ്രതിഭയ്ക്ക് പിൽക്കാലത്ത് എന്താണ് സംഭവിച്ചതെന്നറിയാൻ ആരും മെനക്കട്ടില്ല .

( 2 ) വലിയ കുഴപ്പമില്ലാതെ ഒരാളുടെ ജീവിതനൗക കുഞ്ഞോളങ്ങളിൽ കൂടി മുന്നോട്ടുപോകവേ അതാ കാറും കോളും ഉടലെടുക്കുന്നു . ആദ്യം ക്രിയ മറവിയിൽ തുടങ്ങുന്നു . ക്രമേണ പെരുമാറ്റത്തിൽ അസ്വാഭാവികതകൾ പ്രത്യക്ഷപ്പെടുന്നു .വല്ലാത്ത ദേഷ്യം , വിഷാദം , ജീവിതപങ്കാളിയെ സംശയിക്കൽ, വീട്ടിലേക്കുള്ള വഴി മറന്നുപോകൽ , വസ്ത്രം ധരിക്കുന്നത് എങ്ങനെയെന്ന് അറിയായ്ക , കുളിമുറി – ശൗചാലയം എന്തിനാണെന്ന് തിട്ടമില്ലായ്മ , പൂട്ടും താക്കോലുമുപയോഗിച്ച് വാതിലടയ്ക്കൽ ……എല്ലാം മറന്നുപോകുന്നു .സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും നിഷ്കാസിതനായി ഒടുവിൽ മരണം — അൽഷെയ്‌മേഴ്‌സ് രോഗം ലഘുവായി ഇങ്ങനെ പറയാം .

( 3 ) ബവേറിയയിൽ ജനിച്ച ALOIS ALZHEIMER ( 1864 – 1915 ) ജർമ്മൻ നഗരമായ ഫ്രാങ്ക് ഫെർട്ടിൽ തന്റെ ജീവിതം കരുപ്പിടിപ്പിക്കാൻ തീരുമാനിച്ചു . പക്ഷെ പരാജയമായിരുന്നു ഫലം . അപ്പോഴാണ് മ്യൂണിക്കിൽ നിന്നും ഒരു വിളി വന്നത് . മനഃശാസ്ത്ര കുലപതി എമിൽ ക്രേപ്ലിൻ വക . അദ്ദേഹം സ്ഥാപിച്ച സൈക്ക്യാട്രി ഇൻസ്റ്റിറ്റ്യൂട്ട് -ലേക്ക് അലോയിസിനെ ക്ഷണിച്ചു . ന്യൂറോ സൈക്ക്യാട്രി രംഗത്തെ ഗവേഷണങ്ങളുടെ ഫലമായി , അലോയ്‌സ് അൽഷെയ്മർ 1906 -ൽ ഒരു രോഗാവസ്ഥ വിവരിച്ചു . അസാധാരണ മനോരോഗം മൂലം അന്തരിച്ച ഒരു സ്ത്രീയുടെ തലച്ചോർ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയപ്പോൾ അദ്ദേഹം കണ്ടെത്തിയ ചില കാര്യങ്ങൾ — ചില കരടുകളും വിഷ രാസ വസ്തുക്കളും നാഡീകോശങ്ങൾ തമ്മിലുള്ള വാർത്താ വിനിമയങ്ങൾ തകാരാറിലാക്കി ബുദ്ധിയെ , ഓർമ്മയെ കാർന്നുതിന്നുന്നു എന്നദ്ദേഹം വിവരിച്ചു . കോശങ്ങൾക്കകത്തുള്ള NEUROFIBRILLAY TANGLES , തന്തുക്കൾക്കിടയിൽ കാണുന്ന AMYLOID PLAQUES എന്നിവ നാഡീകോശങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ ഇലായ്മ ചെയ്യുന്നു . മറവിയുടെ അഗാധ കയങ്ങളിലേക്ക് രോഗി എടുത്തെറിയപെടുന്നു .പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകുന്നു .

( 4 ) അൽഷൈമേർ എഴുതിവച്ചത് വാർധക്യ കാലത്തുണ്ടാകുന്ന ഏകൈകമായ അസാധാരണ ബുദ്ധിമാന്ദ്യം എന്നായിരുന്നു . അത് ശരിയല്ല . പ്രായമേറുന്തോറും അസുഖം വരാനുള്ള സാധ്യത കൂടുന്നു എന്ന് മാത്രം . DOWN SYNDROME ഉള്ള കുട്ടികളിൽ ഏതാണ്ട് 25 വയസ്സ് ആകുമ്പോഴേക്കും ഈ രോഗം പിടിപെടാറുണ്ട് . വായനയും എഴുത്തും കൈമുതലായുള്ളവർക്ക് അസുഖം പിടിപെടാൻ ലേശം കാലതാമസം എടുക്കും . കാരണം അവരിൽ നാഡീകോശങ്ങളുടെ ശാഖകളായ ഡെൻഡ്രൈറ്റുകളുടെ എണ്ണം കൂടുതലായിരിക്കും . പ്രതിഭകളുടെ രോഗാവസ്ഥ മാത്രമേ വാർത്താപ്രാധാന്യം നേടാറുള്ളൂ .

( 5 ) മലയാളത്തിൽ ” തന്മാത്ര ” , ഹോളിവുഡിൽ ” STILL ALICE ” തുടങ്ങിയ ചലച്ചിത്രങ്ങൾ ഇ രോഗാവസ്ഥയെ ഇതിവൃത്തമാക്കി എടുത്തവയാണ് . ഇന്ത്യയിൽ ഏതാണ്ട് 40 ലക്ഷത്തോളം ആൾക്കാർക്ക് അൽഷെയ്‌മേഴ്‌സ് & അനുബന്ധ സ്മൃതി ക്ഷയ രോഗങ്ങൾ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു . പണ്ട് കാലത്ത് സംഭവിച്ച കാര്യങ്ങൾ ഓർമ്മയുണ്ടാകുക , അടുത്ത കാലത്ത് സംഭവിച്ചത് മറന്നുപോകുക , സമയം -സ്ഥലം തുടങ്ങിയവയെപ്പറ്റിയുള്ള ബോധം പോകുക , സ്വന്തം ഇച്ഛ പ്രകാരം ശരീരത്തെ ചലിപ്പിക്കാൻ ആവതില്ലായ്മ -( അപ്രാക്സിയ ) , കുളിമുറിയിലെ മൊന്ത എന്തിനുള്ളതാണെന്ന് അറിയായ്ക . മലം , ശൗചാലയത്തിന്റെ ഭിത്തിയിൽ തേച്ച് വയ്ക്കുക ,വയസ്സായ ജീവിതപങ്കാളി വേറെ ആരൊക്കെയായോ രതിക്രീഡ നടത്തുന്നു എന്ന് ശങ്കിക്കുക , കള്ളൻ കയറുമെന്നുള്ള ഭീതി ……ചുരുക്കത്തിൽ ഊണും ഉറക്കവും വിശ്രമവും നഷ്ടപ്പെട്ട് വെപ്രാളം ബാധിച്ച് , ഒരു പരുവമാകുന്ന അവസ്ഥ .

( 6 ) രോഗത്തെ MILD , MODERATE & SEVERE എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട് . കോളിൻ എസ്ടരേസ് ഇൻഹിബിറ്റർ വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഉപയോഗിച്ച് രോഗകാഠിന്യം കുറയ്ക്കാനും ഏതാണ്ട് നോർമൽ ജീവിതം സാധ്യമാക്കാനും കഴിയും .

( 7 ) എല്ലാ വർഷവും സെപ്റ്റംബർ 21 , ലോക അൽഷെയ്മർ ദിനമായി ആചരിക്കാറുണ്ട് . ഈ വർഷത്തെ തീം ”’ LETS TALK ABOUT DEMENTIA – END THE STIGMA ”…സ്മൃതിക്ഷയത്തെപ്പറ്റി നമുക്ക് സംസാരിക്കാം , അവഗണന ഒഴിവാക്കുക ..ഒപ്പം ആറ് കാര്യങ്ങൾ കൂടി …..രോഗികളെ അവഗണിക്കാതിരിക്കുക , മുതിർന്ന ആളുകളോടെന്ന പോലെ അവരോടു പെരുമാറുക , അവരെ പേര് വിളിച്ച് സംബോധന ചെയ്യുക , അവർ എല്ലായ്പോഴും കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണെന്ന് കരുതാതിരിക്കുക , എന്നെ അറിയാമോ എന്റെ പേര് അറിയാമോ എന്നൊന്നും അവരോടു ചോദിക്കാതിരിക്കുക , നിങ്ങളെ മറന്നുപോകും എന്നതുകൊണ്ട് അടിക്കടി അവരെ സന്ദർശിക്കുന്നത് ഒഴിവാക്കുക .

( 8 ) തന്റെ സാഹിത്യ ജീവിതത്തിലെ സുവർണ്ണകാലം കോഴിക്കോട്ടെ വാടക വീടുകളിൽ താമസിച്ച കുട്ടിക്കൃഷ്ണ മാരാർ , മേധാക്ഷയത്തിന് അടിപ്പെട്ട് അന്ത്യ നാളുകൾ തള്ളിനീക്കി . അപ്പോഴും ആ ധിഷണാശാലിക്ക് എന്താണ് പറ്റിയതെന്നറിയാൻ മെനക്കെടാതെ പലരും അദ്ദേഹത്തെ വിമർശിച്ചു. അൽഷെയ്‌മേഴ്‌സ് ബാധിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കുട്ടിക്കൃഷ്ണമാരാർക്ക് സ്മരണാഞ്ജലി .

SEPT 21 , WORLD ALZHEIMERS DAY