വിസ്‌കി / ബ്രാണ്ടി / പട്ടച്ചാരായം എന്തോ ആയിക്കോട്ടെ അതെല്ലാം സൂക്ഷ്മജീവികളുടെ വിസർജ്ജ്യമാണ്

73

Augustus Morris

കിണ്വനകഞ്ഞി

( 1 ) ഒറ്റ രാത്രി കൊണ്ട് ധാരാവി ഒഴിപ്പിച്ച തള്ളുകളുടെ രാജാവായ ജഗൻ , നാലാമത്തെ പെഗ്ഗിൽ രണ്ടാമത്തെ ഹിമകഷണം ഇട്ടതിനുശേഷം , ഇങ്ങനെ തള്ളി , ” ഈ സോമരസം ഉണ്ടല്ലോ , കൊളസ്ട്രോളിന്‌ നല്ലതാ . കൊഴുപ്പിനെ മൊത്തത്തിൽ അലിയിച്ച് കളയും ”. ഇത് കേട്ടുകൊണ്ട് വന്ന ഉണ്ണിമായയുടെ നാവ് ചൊറിഞ്ഞു . അലിയിച്ച് കളയാൻ ഇതെന്താ സർഫ് എക്സലാ എന്ന് ചോദിക്കാൻ ഒരുമ്പെട്ടെങ്കിലും , അടുത്ത പടത്തിൽ ചാൻസ് കിട്ടേണ്ടതിനാൽ ഒരു പാളയംകോടൻ പഴമെടുത്ത് വായിൽ ഫിറ്റ് ചെയ്ത് തൽക്കാലത്തേക്ക് സീൻ കോൺട്രായാക്കി .

( 2 ) മാടമ്പള്ളിയിലെ യഥാർത്ഥ മദ്യപാനി ആരെന്നറിയാൻ മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ അവിടെയെത്തിയ ഡോ. സണ്ണി , ഗംഗയോട് ചോദിച്ചു , ” കൽക്കട്ടയിൽ വച്ച് ചെറുതൊക്കെ അടിക്കാറുണ്ടായിരുന്നു , ല്ലേ ? ”. നിഷേധഭാവത്തിൽ ഗംഗ തലയാട്ടി . ജീവിതത്തിൽ ഇന്നേവരെ താൻ മദ്യപിച്ചിട്ടില്ലെന്ന് പുള്ളിക്കാരി തീർത്തു പറഞ്ഞു . പിന്നെ ആരായിരിക്കും തെക്കിനിയിലെ മുറിയിൽ മദ്യപിച്ച് മദോന്മത്തയായി നൃത്തം ചവിട്ടുന്നതെന്നറിയാൻ ഡോ. സണ്ണി അന്വേഷണം ആരംഭിച്ചു . അടുക്കളയിൽ ചെന്ന സണ്ണി , ശ്രീദേവിയെ കയ്യോടെ പൊക്കി . ഗംഗയെ നാഗവല്ലിയാക്കി ഉന്മാദനൃത്തം ചവിട്ടിക്കുന്ന ശ്രീദേവിയുടെ ടെക്ക്നിക്ക് അയാൾ കണ്ടെത്തി .

( 3 ) ഒറ്റയ്ക്ക് നിൽക്കുമ്പോ മധുരം പ്രദാനം ചെയ്യുന്ന ഗ്ലൂക്കോസ് തന്മാത്രകൾ , കൂടിച്ചേർന്ന് നിൽക്കുമ്പോൾ പശിമ ( ഒട്ടിപ്പിടിയ്ക്കൽ ) സ്വഭാവം കാണിക്കുന്ന അന്നജമായി മാറുന്നു . ഫ്രിഡ്ജ് ഇല്ലാതിരുന്ന കാലത്ത് ബാക്കി വരുന്ന ചോറ് പാഴാക്കി കളയാതെ സൂക്ഷിക്കാൻ ഒരു ഉപായം കണ്ടെത്തിയിരുന്നു . ചോറ്കലത്തിൽ ലേശം വെള്ളമൊഴിച്ച് അടച്ച് വയ്ക്കുക . പിറ്റേന്ന് ആകുമ്പോൾ പഴഞ്ചോറ് / പഴങ്കഞ്ഞി റെഡി . ഇതങ്ങോട്ട് കഴിച്ച് കഴിഞ്ഞാൽ , തലയ്ക്ക് ലേശം മത്ത് പിടിക്കും . എന്താ കാരണമെന്നൊന്നും ആരും തിരക്കിയില്ല .

( 4 ) അതി സൂക്ഷ്മ ജീവികൾ ( യീസ്റ്റ് ) പോലുള്ളവ , പഴങ്ങളിലെ ഗ്ളൂക്കോസിനെയോ ധാന്യങ്ങളിലെ അന്നജത്തെയോ ആഹരിച്ച് അവയെ ആൽക്കഹോൾ ആക്കി പുറന്തള്ളുന്നു . ശരിയ്ക്ക് പറഞ്ഞാൽ സോമരസം ഏതുമായിക്കൊള്ളട്ടെ ( വിസ്‌കി / ബ്രാണ്ടി / ബിയർ / പട്ടച്ചാരായം ) അതെല്ലാം സൂക്ഷ്മജീവികളുടെ വിസർജ്ജ്യമാണ് . മദ്യം , കേന്ദ്ര നാഡീ വ്യവസ്ഥയെ തളർത്തുന്ന ഒന്നാണ് . പഴഞ്ചോറ് തിന്നുമ്പോൾ ലേശം തലയ്ക്ക് പിടിക്കുന്നതിന്റെ കാരണവും അതുതന്നെ .

NB — കൊഴുപ്പ് അഥവാ FAT നിർമ്മിച്ചിരിക്കുന്നത് FATTY ACID എന്ന അടിസ്ഥാന തന്മാത്രകളാലാണ് . മദ്യം , ഫാറ്റി ആസിഡുകളെ കൂട്ടിക്കെട്ടി ട്രൈ ഗ്ലിസറൈഡ് എന്ന രൂപമാക്കി മാറ്റി കരളിൽ അടിച്ചു കൂട്ടി വയ്ക്കുന്നു .കൂടാതെ കൊളസ്‌ട്രോൾ എസ്റ്ററുകളെ നിർമ്മിച്ചും കരളിൽ സംഭരിക്കുന്നു . ജഗന്റെ തള്ള് കേട്ട് അലിയിക്കാൻ നിൽക്കണ്ട . കൂമ്പ് വാടിപ്പോകും . ബൈ ദി വെ , FERMENTATION എന്ന പദത്തിന്റെ മലയാളമാണ് കിണ്വനം