ഹോട്ട് ഡോഗും മലയാളിയുടെ ഇംഗ്ലീഷും

87
Augustus Morris
ചൂടൻ പട്ടി
( 1 ) നാലാം ക്ലാസ്സ് വരെ മലയാളം മീഡിയം പഠിച്ച ” മല്ലു പിള്ളേർ ”, എൽ പി സ്‌കൂളിനോട് വിട പറഞ്ഞ് യു .പി .സ്‌കൂളിലേക്ക് പോകുന്നു .അഞ്ചാം ക്ലാസ്സിൽ അവരെ ഏറ്റവും ഭയപ്പെടുത്തിയ ഒരു വിഷയമുണ്ട് – ഇങ്കരീയസ്സ് .ഒന്നാം ക്ലാസ്സ് തൊട്ട് ഇംഗ്ലീഷ് മീഡിയം പഠിച്ച് വരുന്ന പിള്ളേർക്ക് അതിന്റെ തുടർച്ചയായി അഞ്ചാം ക്ലാസ്സിൽ പഠിക്കേണ്ട പുത്തകം ബ്ലഡി ഗ്രാമവാസി മല്ലൂസിന് ഹരിശ്രീ കുറിക്കാനായി നൽകപ്പെട്ടു . പിന്നെ നടന്നതൊക്കെ തങ്കലിപികളിൽ എഴുതി വയ്‌ക്കേണ്ട കാര്യങ്ങൾ .
( 2 ) കർത്താവ് , കർമ്മം , ക്രിയ എന്നീ ത്രീത്വങ്ങളെ ഉപയോഗിച്ച് കൊണ്ടുള്ള ഗംഭീര പരിപാടികൾ ആരംഭിയ്ക്കയായി . തും കർത്താവായ വരുമ്പോൾ ഹേ ആണോ ഹോ ആണോ ഹൈം ആണോ എന്നപോലെ , ഇംഗ്ലീഷിലും കർത്താവ് കടന്നുവന്ന് കളി തുടങ്ങി .ഇതൊക്കെ കണ്ട് കർത്താവേ ഈ പാനപാത്രം തിരിച്ചെടുക്കണമേ എന്ന് ആഗ്രഹിച്ചുപോയ നാളുകൾ . കർത്തരി പ്രയോഗം എന്നാലെന്ത് ? എന്ന ചോദ്യത്തിന് , വെള്ളയരി കണ്ടിട്ടുണ്ട് പക്ഷെ സത്യമായിട്ടും കറുത്ത അരി കണ്ടിട്ടില്ല സാർ എന്ന് പറഞ്ഞ ബാല്യം . കർമ്മണി പ്രയോഗം എന്ന് കേൾക്കുമ്പോ , ഒളിഞ്ഞിരുന്നുകൊണ്ട് അമ്മിണിയെ നോക്കി ആംഗ്യം കാണിക്കും , ഇത് നിങ്ങടെ കുടുംബക്കാര് വല്ലോരും ആണോ ?
( 3 ) സയൻസോ കണക്കോ സാമൂഹ്യശാസ്ത്രമോ പഠിപ്പിക്കുന്ന അധ്യാപകർ ഒരു സൈഡ് ബിസിനസ്സായി ഇംഗ്ലീഷ് പഠിപ്പിച്ച് പോന്നു . പല വാക്കുകളുടെയും ഉച്ചാരണം അറിയാൻ മേലാതിരുന്ന ഗുരുക്കന്മാർ അവർക്കുതോന്നിയതുപോലെ ഇംഗ്ലീഷ് സംസാരിച്ചു .അങ്ങനെ ഷാമ്പെയിൻ എന്ന വാക്ക് ചംപാഗ്നി [ champagne ] ആയി മാറി . അങ്ങനെ പഠിച്ചുവന്ന തലമുറ ഷാസി -യെ ചേസിസ് ആക്കി കോൾമയിർ കൊണ്ടു. പക്ഷെ ബീഹാറിലെ അധ്യാപികയുടെ ” സൺ‌ഡേ ” എന്ന പദത്തിലെ [SANDAY ] അക്ഷരത്തെറ്റ് കണ്ടുപിടിച്ച് മല്ലു , ആത്മരതിയടഞ്ഞു .
( 4 ) ഇന്ത്യൻ ഇംഗ്ലീഷ് എന്നൊരു ശൈലി തന്നെ ഉടലെടുത്തു . ഹിന്ദി പറയുന്നപോലെ ഇംഗ്ലീഷ് സംസാരിക്കുക . ആലപ്പുഴ മെഡിക്കൽ കോളേജിലുണ്ടായിരുന്ന ഒരു ഭോപ്പാൽ -കാരനോട് അവന്റെ ബൈക്കിന്റെ പേരെന്താണെന്നു ചോദിച്ചാൽ ഉടൻ വരും മറുപടി — കാവജാക്കി ബസാസ് . അതുകൊണ്ട്തന്നെ പിൽക്കാലത്ത് നാജനൽ ജിറ്റിജൻ റെജിഷ്ടർ , മൈ പ്രണ്ട് , ഇന്ത്യ പ്രണ്ട് തുടങ്ങിയ ഉച്ചാരണങ്ങൾ കേട്ടപ്പോ അതിശയമൊന്നും തോന്നിയില്ല . ലോക്സഭയിലും രാജ്യ സഭയിലും ഇംഗ്ലീഷ് സംസാരിച്ച് രക്തസാക്ഷികളായ ഒരുപാട് ജന പ്രതിനിധികൾക്ക് അനുകൂലമായും പ്രതികൂലമായും വാദ പ്രതിവാദങ്ങളുയർന്നു .
( 5 ) അങ്ങനെയുള്ള മല്ലു കുട്ടികൾ വളർന്ന് , പാർട്ടി പത്രാധിപ സമിതികളിൽ അംഗമായി . മുതലാളിത്തം എന്ന് കേട്ടാൽ ചോരതിളയ്ക്കുന്ന അണികളെ ഹരം കൊള്ളിക്കാൻ പലവഴികളുമുണ്ടായിരുന്നു .അങ്ങനെ ഒരിയ്ക്കൽ ആ വാർത്ത പ്രത്യക്ഷപ്പെട്ടു — അമേരിക്കയിൽ പട്ടിയിറച്ചി കഴിച്ച് ഒരാൾ കൊല്ലപ്പെട്ടു . നേരായ വാർത്ത അറിയാൻ ഇംഗ്ലീഷ് പത്രം വായിക്കേണ്ട ആവശ്യം പണ്ടേ അറിയാമായിരുന്നത് കൊണ്ട് , ദി ഹിന്ദു എടുത്ത് നോക്കി . ഓ മൈ ഡിങ്കാ , ഒരു തീറ്റ മത്സരത്തിൽ ഹോട് ഡോഗ് എന്ന വിഭവം അമിതമായി കഴിച്ച് മത്സരാർത്ഥി മരിച്ചു , അയ്‌നാണ്.
( 6 ) അങ്ങനെ HOT DOG നെ തേടി , ഡോ.സണ്ണി , മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ യാത്രയായി . ഒരു ബണ്ണിനകത്ത് പന്നി / മാട് / കോഴി / ടർക്കി ഇറച്ചി കൊണ്ടുണ്ടാക്കിയ സോസേജ് — ലളിതമായി പറഞ്ഞാൽ ഹോട് ഡോഗ് ഇത്രയേയുള്ളൂ . 1894 ൽ , തെരുവ് തൊഴിലാളികളുടെ / സാധാരണക്കാരന്റെ ഭക്ഷണമെന്ന് പേരെടുത്ത ഒന്ന് .അത് വിറ്റിരുന്നത് DOG WAGONS ലായിരുന്നു എന്നതാണ് പട്ടിയുമായുള്ള ഏക ബന്ധം .അതിനെ പട്ടിയിറച്ചിയാക്കിയ മഹാനുഭാവനേ അഭിനന്ദനം , നിനക്കഭിനന്ദനം , അഭിനന്ദനം , അഭിനന്ദനം……
( 7 ) പിന്നീട് അവർക്കൊരിരയെ കിട്ടി – ഒരൊന്നൊന്നര രണ്ടു രണ്ടര ഇര .പുള്ളിയുടെ പ്രസംഗങ്ങൾ സാകൂതം കേട്ട അവർ , പത്രത്താളുകളിൽ ലേഖനങ്ങൾ എഴുതിക്കൂട്ടി . സാധാരണക്കാരായ മനുഷ്യരെ കന്നുകാലികളോട് ഉപമിച്ചു എന്നതായിരുന്നു ഒരു കുറ്റം . വിമാനത്തിലെ CATTLE CLASS എന്ന ആലങ്കാരിക ശൈലി അറിഞ്ഞുകൂടാതിരുന്ന അവർ , നാൽക്കാലികളെ പറ്റിയുള്ള വിവരങ്ങൾ പങ്കുവച്ച് പശുബെൽറ്റിലെ ഗോമാതാ സംരക്ഷണ സേനയെ കടത്തിവെട്ടി . തീർന്നില്ല , HOLY COW ന്റെ അർത്ഥമറിഞ്ഞു കൂടാതിരുന്നത് കൊണ്ട് , പാർട്ടി അധ്യക്ഷയെ ” വിശുദ്ധ പശു ” എന്ന് വിളിച്ച് കളിയാക്കിയേ എന്നാർമാദിച്ചു . ശശിയാകാൻ അനുയായികളുടെ ജന്മം ഇനിയും ബാക്കി . ഇവിടെ വിവരമുള്ളവർ ആരുമില്ലേ അവർ ചോദിക്കില്ലല്ലോ .
( 8 ) എപ്പോഴെങ്കിലും പടിഞ്ഞാറ് പോകാനാവസരം കിട്ടിയാൽ ഹോട് ഡോഗിനെ ഒന്ന് പരിചയപ്പെടണം എന്നൊരു മോഹമുണ്ടായിരുന്നു .ഒടുവിൽ അത് സാധിച്ചു . ഹോട് ഡോഗ് വിൽക്കുന്നതിൽ മുൻപന്തിയിലായ TOP DOG കാരുടെ വണ്ടിയുടെ മുന്നിൽ നിന്നും ഒരു പോട്ടം പിടിച്ചു. നാട്ടുകാരെ കാണിക്കാമല്ലോ . പട്ടിയിറച്ചിയുമായി അതിന് യാതൊരു ബന്ധവുമില്ല എന്നവരോട് പറയാമല്ലോ .
( 9 ) ബൈ ദ ബൈ , ചില ഇംഗ്ലീഷ് പദങ്ങൾ മുന്നോട്ട് വയ്ക്കുന്നു . ബഹു .തിരുവനന്തപുരം ലോക്സഭാ എം പി ശ്രീ .ശശി തരൂർ , ഈ ലോക് ഡൌൺ കാലത്ത് പങ്കു വച്ചത്. LETHOLOGICA – ലെതളോജിക്ക , ഒരു കാര്യം പറഞ്ഞു ഫലിപ്പിക്കാനുള്ള ഉചിതമായ വാക്ക് ഓർത്തെടുക്കാനാകാതെ വരുന്ന പ്രശ്നം .CLAQUE ക്ലാക് , ആൾക്കാരെ കൂലിയ്ക്കെടുത്ത് കയ്യടിപ്പിക്കുന്ന പരിപാടി . VALETUDINARIAN വാലി റ്റ്യൂഡിനേയൻ സുഖമില്ലെന്ന് സദാസമയവും പറഞ്ഞോണ്ടിരിക്കുന്ന വ്യക്തി . AGATHOKAKOLOGICAL അഗതോകാകോലോജിക്കൽ ,നന്മയും തിന്മയും നിറഞ്ഞത് . PANGLOSSIAN പാങ്ഗ്ലോസിയൻ , അങ്ങേയറ്റത്തെ ദുരിതകാലത്തും ശുഭാപ്തി വിശ്വാസം മുറുകെ പിടിക്കുന്നവൻ. HYPERBOLE ഹൈപ്പർബലി പർവ്വ തീകരിച്ച് പറയൽ . DEFENESTRATE ഡിഫെനിസ്ട്രേറ്റ് , തോണ്ടിയെടുത്ത് പുറത്തുകളയുക .
# APRIL 23 , English Language day
# LONDON DIARY – 03