ജാക്കും റൈസും

42

Augustus Morris

ജാക്കും റൈസും

( 1 ) ടൈറ്റാനിക് കപ്പൽ മുങ്ങിത്താഴുന്നു . റോസ് പറയുന്നു , ” കമോൺ ജാക്ക് ..കമോൺ ” . പക്ഷേ ജാക്ക് ആ ക്ഷണം നിരസിച്ചു . മരണത്തിന്റെ കാണാക്കയങ്ങളിലേക്ക് അയാൾ മുങ്ങിത്താഴുമ്പോഴും , റോസ് സുരക്ഷിതയായിരുന്നു . ജനഹൃദയങ്ങളിൽ വിശുദ്ധപ്രണയത്തിന്റെ രക്ത സാക്ഷിയായി ജാക്ക് ഇന്നും ജീവിക്കുന്നു . നമ്മുടെ നാട്ടിൽ നടന്ന ഒരു പ്രണയകഥയിലെ നായികാ നായകന്മാരാണ് ജാക്ക് & റൈസ് . അവരുടെ ജീവചരിത്രത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു .

( 2 ) ഒരു കിലോ നെല്ലുൽത്പാദിപ്പിക്കാൻ ഏതാണ്ട് 5000 ലിറ്ററോളം വെള്ളം ആവശ്യമുണ്ട് . ജലസേചനപദ്ധതികളോ , കൃത്യമായ വളങ്ങളോ , കീടനാശിനികളോ , അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളോ ഒന്നും ഇല്ലാതിരുന്ന പഴയകാലം . അടിയാന്മാർ ചോര നീരാക്കി ഉണ്ടാക്കിയ അരിമണികൾ കഴിക്കാൻ അവർക്ക് അവകാശമില്ലായിരുന്നു . ഉടയോന്മാർ മൃഷ്ടാന്നം ഭക്ഷിച്ച് ഉണ്ണുക – ഉറങ്ങുക – ഉണ്ണികളെ ഉണ്ടാക്കുക എന്ന പോളിസിയുമായി വിലസി നടന്നു . പശിയടക്കാൻ പാവങ്ങൾ ചേമ്പും ചേനയും പോലുള്ള കാണ്ഡ വർഗ്ഗത്തിൽപ്പെട്ട വിളകളെ ആശ്രയിച്ച് പോന്നു . കർക്കിടകം വറുതിയുടെ കാലമായിരുന്നു , രോഗങ്ങളുടെയും . കാലമങ്ങനെ കടന്നുപോയി …

( 3 ) പറങ്കികൾ , ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിലെ ബ്രസീൽ രാജ്യം കാൽക്കീഴിലാക്കി . സ്പാനിഷുകാർ ബാക്കി രാജ്യങ്ങളും . ഗയാന മാത്രം ബ്രിട്ടീഷുകാർക്ക് . ഭാരതത്തിലേക്ക് വന്ന പറങ്കികൾ ( പോർച്ചുഗീസുകാർ ) , ലാറ്റിൻ അമേരിക്കൻ വിളകളും കൊണ്ടുവന്നു . കപ്പലേറിവന്ന വന്ന കപ്പലണ്ടി അഥവാ നിലക്കടല — പറങ്കിയണ്ടി അഥവാ കശുവണ്ടി — കപ്പ അഥവാ മരച്ചീനി എന്നീ ത്രിമൂർത്തികൾ കേരളക്കരയിൽ കാലുകുത്തി . നാടും വാഴും ഭരണാധികാരി ഭക്ഷ്യക്ഷാമം എങ്ങനെ പരിഹരിക്കും എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് മരച്ചീനിയുടെ വരവ് . ഒരുപാട് വെള്ളമൊന്നും വേണ്ട , എവിടെ വേണമെങ്കിലും വളരും തുടങ്ങിയ ഗുണങ്ങൾ ഉള്ളതിനാൽ നാടുനീളെ കപ്പകൃഷി ചെയ്യാൻ ഭരണാധികാരി ഉത്തരവിട്ടു . അങ്ങനെ കപ്പ കേരളത്തിൽ വേരോടിച്ചു . അതിന്നും തുടരുന്നു .

( 4 ) മൾബറി കുടുംബം അഥവാ Moraceae തറവാട്ടിലെ ഒരംഗമായിരുന്നു ജാക്ക് . മലയാളികൾ സ്നേഹപൂർവ്വം ചക്ക എന്ന് വിളിക്കും . പച്ചയ്ക്കും പഴുപ്പിച്ചും തിന്നാവുന്ന ജാക്ക് , ഒരുപാട് പേരുടെ പശിയടക്കി . കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കാൻ പോയ പഴയ തലമുറയുടെ വിശപ്പ് അടക്കിയിരുന്നത് ചക്കപ്പുഴുക്കായിരുന്നു . ജാക്ക് , ഒരു പുണ്യാളനായി വാണ് അനുഗ്രഹങ്ങൾ കോരിച്ചൊരിഞ്ഞു കൊണ്ടിരുന്നു . അപ്പോഴാണ് അത് സംഭവിച്ചത് …

( 5 ) അങ്ങകലെ ഫിലിപ്പൈൻസ് എന്ന രാജ്യത്ത് , ഒരു പരീക്ഷണം നടക്കുകയായിരുന്നു . 38 ഓളം വർഗ്ഗസങ്കലനങ്ങൾ , ന്നു വച്ചാ പല ഇനങ്ങളെ തമ്മിൽ പരാഗണം നടത്തി പുതിയ ഇനങ്ങളെ സൃഷ്ടിക്കുന്ന പരിപാടി , അവിടെ നടന്നു ( 1962 ) . അതിൽ എട്ടാമത്തെ വർഗ്ഗസങ്കലനത്തിൽ , ഇന്തോനേഷ്യക്കാരനായ പീറ്റ എന്ന നെല്ലിനവും , ദേ- ജോ – വൂ – ജെൻ എന്ന തായ്‌വാൻ നെല്ലിനവും കൂടി ചേർന്നപ്പോ ഒരാൾ ജനിച്ചു വീണു , പേര് IR -8 . [ വിക്രമിന്റെ അന്യൻ പടത്തിലെ ഐആർ എട്ട് പല്ലുക്കാരി , രണ്ടക രണ്ടക എന്ന പാട്ട് ഓർക്കുക ]. വിളവ് , ഒരു രക്ഷയുമില്ല . കർഷകർ കൊയ്തിട്ടും കൊയ്തിട്ടും തീരുന്നില്ല . വിയറ്റ്നാമിലെ കർഷകർ അതിനെ ഹോണ്ടാ റൈസ് എന്ന് വിളിച്ചു. കാരണം അക്കാലത്തെ ഏറ്റവും വിലപിടിച്ച ഹോണ്ട ബൈക്ക് വാങ്ങാനാവശ്യമായ കാശ് , IR -8 അവർക്കു നൽകി . 1967 ൽ ഇത് ഔദ്യോഗികമായി പുറത്തിറക്കി . ഇന്ത്യയിലും IR -8 എത്തി . ശുഷ്കമായ വിളവ് തന്നിരുന്ന പരമ്പരാഗത നെല്ലിനങ്ങളെ പിന്തള്ളി , IR -8 പടയോട്ടം ആരംഭിച്ചു . പിന്നീട് ഓരോ വർഗ്ഗസങ്കലനത്തിലും അത്യുൽപാദന ശേഷിയുള്ള നെല്ലിനങ്ങൾ അവതരിക്കപ്പെട്ടു .അതിന്നും തുടരുന്നു . ഹരിത വിപ്ലവത്തിലേക്ക് ഭാരതം നീങ്ങിത്തുടങ്ങി . റേഷൻ കടകളിലൂടെ റൈസ് കിട്ടിത്തുടങ്ങിയപ്പോ ജാക്ക് പുണ്യാളനെ എല്ലവരും മറന്നു …

( 6 ) വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി അമേരിക്കൻ ചോളപ്പൊടി ഭാരതത്തിലേക്ക് വന്നിരുന്നു . എൺപതുകളിലെ പ്രൈമറി സ്‌കൂൾ കാലയളവിൽ മഞ്ഞനിറത്തിലുള്ള ഉപ്പുമാവ് കഴിച്ച കാര്യം പലരും ഓർക്കുന്നുണ്ടാവും . CARE എന്ന ചുരുക്കപ്പേരിൽ ആദ്യം Cooperative for American Remittances to Europe എന്നും , പിന്നീട് Cooperative for Assistance and Relief Everywhere എന്നും അറിയപ്പെട്ട , 1945 ൽ അമേരിക്കയിൽ സ്ഥാപിതമായ അന്താരാഷ്ട്ര ഗവണ്മെന്റ് ഇതര സേവന സംഘടനയാണ് ഇന്ത്യയിലും അത് കൊണ്ടുവന്നത് …

( 7 ) വർഗ്ഗീസ് കുര്യന്റെ നേതൃത്വത്തിൽ ” അമുൽ ” രൂപം കൊള്ളുകയും അത് ധവള വിപ്ലവത്തിലൂടെ ഭാരതത്തെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്തു . ഡോ.എം എസ് സ്വാമി നാഥന്റെ കീഴിൽ , ഹരിതവിപ്ലവം സാധ്യമാകുകയും , ഭക്ഷ്യോത്പാദന രംഗത്ത് ഭാരതം പരാശ്രയമില്ലാതെ നിൽക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു . ഡോ. ജാനകി അമ്മാളുടെ മുളയും കരിമ്പും വർഗ്ഗസങ്കലനം നടത്തിയുള്ള പരീക്ഷണങ്ങൾ , പഞ്ചസാര ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന ദുഷ്പ്പേര് അവസാനിപ്പിച്ചു . അങ്ങനെ നിരവധി മസ്തിഷ്ക്കങ്ങളുടെ കൂട്ടായ പരിശ്രമ ഫലമായി , ഭക്ഷ്യോത്പാദന രംഗത്ത് സ്വന്തം കാലിൽ നിൽക്കുന്ന രാഷ്ട്രമായി ഇന്ത്യ മാറി .

( 8 ) ഒരുകാലത്ത് പകർച്ചവ്യാധികളായിരുന്നു പ്രശ്നമായിരുന്നത് എങ്കിൽ , പിന്നീട് ജീവിതശൈലി രോഗങ്ങൾ ആ സ്ഥാനം ഏറ്റെടുത്തു . ഇന്ത്യ , പ്രമേഹ രോഗികളുടെ തലസ്ഥാനമായി മാറി . കേരളം , നമ്പർ വൺ പദവി കയ്യടക്കി . അമിത അന്നജ ഭക്ഷണം — കായികസംസ്ക്കാരം ഇല്ലായ്മ — പൂരിത എണ്ണയുടെ ഉപയോഗം എല്ലാം കൂടിച്ചേർന്നപ്പോ ജീവിത ശൈലി രോഗങ്ങൾ വരവായി . അപ്പോഴും പഴി സയൻസിനും മെഡിസിനും .

( 9 ) ഗ്ലൂക്കോസ് തന്മാത്രകൾ വേറിട്ട് നിൽക്കുമ്പോ മധുരവും , കൂടിച്ചേർന്നു നിൽക്കുമ്പോ ഒട്ടിപ്പിടിയ്ക്കലും ( പശിമ ) പ്രദാനം ചെയ്യുന്നു . പഴങ്ങൾക്ക് മധുരവും , അരി -ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾക്ക് പശിമയും വരുന്നത് അതിനാലാണ് . ദഹന ശേഷം ഗ്ലൂക്കോസിനെ , നീളൻ തന്മാത്രയാക്കി മാറ്റി സംഭരിക്കാം . അതിന്റെ പേര് ജന്തു അന്നജം അഥവാ ഗ്ലൈക്കോജൻ . ഈ പ്രക്രിയയ്ക്ക് ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ് . പരമാവധി 700 ഗ്രാം മാത്രമേ ഗ്ലൈക്കോജൻ ശരീരത്തിൽ ഉണ്ടാക്കാൻ പറ്റൂ . അതും കഴിഞ്ഞ് അകത്തേക്ക് പോകുന്ന ഗ്ലൂക്കോസിനെ കൊഴുപ്പാക്കി മാറ്റി , വയറ്റിൽ സംഭരിക്കുന്നു . അങ്ങനെ മലയാളിയുടെ ശരീരം , കേരളത്തിന്റെ ഭൂപടത്തോട് സാമ്യമുള്ള ഒന്നായി മാറുന്നു . മല്ലു , കുംഭയെ മുഖമുദ്രയായി കൊണ്ടുനടക്കുന്നു . വയറ്റിലടിയുന്ന കൊഴുപ്പ് [ extended adipose tissue ] സ്വന്തം ശരീരം ഉത്പാദിപ്പിക്കുന്ന ഇൻസുലിനെ പ്രവർത്തിക്കാൻ സമ്മതിക്കാതെ – ഇൻസുലിൻ നിസ്സംഗത ( insulin resistance ) ഉണ്ടാക്കി — പ്രമേഹം വരുത്തിവയ്ക്കുന്നു. ഒപ്പം പ്രമേഹ രോഗത്തിന്റെ ജീനുകൾ വഹിക്കുന്ന ആൾക്കാരിലും ഈ അസുഖം ബാധിക്കുന്നു .

( 10 ) നാക്കിലൂടെ ഭക്ഷണം , അകത്തേക്ക് പോകുമ്പോ ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു അനുഭൂതിയാണ് സ്വാദ് അഥവാ രുചി . അതിനു തലച്ചോറ് വല്ലാതെ കീഴ്പ്പെട്ടാൽ , പൊണ്ണത്തടിയും അനുബന്ധ രോഗങ്ങളുമാണ് പരിണിത ഫലം . ഓരോ മനുഷ്യനും എത്ര കലോറി ഊർജ്ജം വേണം എന്ന് കണക്കുകൂട്ടി അത്രയും ഊർജ്ജം മാത്രം അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കാൻ നാമെന്നാണാവോ ശീലിക്കുന്നത് ? അങ്കണവാടി കാലഘട്ടം കഴിഞ്ഞാൽ പെൺകുട്ടികൾക്ക് ഓടിച്ചാടി കളിച്ചുവളരാൻ എവിടെയാണ് അവസരം ? പ്രസവരക്ഷ എന്ന പേരിൽ വീണ്ടും വീണ്ടും കൊഴുപ്പടിച്ച് കയറ്റി നമ്മളെന്താണ് കാട്ടിക്കൂട്ടുന്നത് ? ഒരു കിലോമീറ്റർ എങ്കിലും കിതയ്ക്കാതെ ഓടാനുള്ള ശാരീരിക ക്ഷമത ( സ്റ്റാമിന ) നമ്മളെന്നാണ് കൈവരിക്കുന്നത് ? പട്ടിണി കിടന്നു മരിക്കുന്നവരേക്കാൾ കൂടുതൽ , അമിത ഭക്ഷണം കഴിച്ച് മരിക്കുന്നവരായി മാറി ലോക ജനത . വിതരണത്തിലെ അസന്തുലിതാവസ്ഥ മൂലം പട്ടിണി അനുഭവിക്കുന്ന മനുഷ്യർ ഏറെയുണ്ട് . ഈ വർഷത്തെ സമാധാന നോബൽ സമ്മാനം , പട്ടിണി നിർമ്മാർജ്ജനത്തിന് വേണ്ടി പ്രയത്നിക്കുന്ന വേൾഡ് ഫുഡ് പ്രോഗ്രാം എന്ന സംഘടനയ്ക്കാണ് ….

NB — റൈസിനെ സ്നേഹിച്ച മലയാളി ജാക്കിനെ മറന്നു . കൊറോണ വന്നപ്പോ , ഭക്ഷ്യക്ഷാമം ഉണ്ടാകുമോ എന്ന് പലരും ആശങ്കപ്പെട്ടു . ജനം , ജാക്ക് പുണ്യാളനോട് കേണപേക്ഷിച്ചു . വഴിയിൽ ചീഞ്ഞളിഞ്ഞ് കിടന്നിരുന്ന ജാക്കിനെ മലയാളികൾ തീന്മേശയിൽ പ്രതിഷ്ഠിച്ചു .ജാക്ക് അവരുടെ വിശപ്പ് മാറ്റി , ആശങ്കയും . [ മൊറീസിയെ തറവാട്ടിലുള്ളവർ ആരെയും കൈവെടിയാറില്ല …..
വി . ബാല മംഗളം 17 : 72 ]
OCTOBER 16 , World Food Day