കുട്ടപ്പൻ ഐ എ എസ് അഥവാ ഇന്ത്യൻ ജാതിപുരാണം

0
152

Augustus Morris

കുട്ടപ്പൻ IAS

( 1 ) സർവ്വ സൈന്യാധിപനായ രാഷ്‌ട്രപതി , അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്തേക്ക് വരുന്നു . പ്രോട്ടോക്കോൾ പ്രകാരം പ്രസിഡന്റിനെ സ്വീകരിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രി . ആശ്രിതവത്സലൻ എന്ന് മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത വിശേഷണമുള്ള ലീഡർ മുഖ്യമന്ത്രി , എയർപോർട്ടിലെ tarmac വരെ നടന്നു വന്നു . എന്തോ ആലോചിച്ച് നിന്ന അദ്ദേഹം , രാഷ്ട്രത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിയെ സ്വീകരിക്കാതെ തിരിച്ച് പോയി . വാല് മുറിച്ച് കളഞ്ഞു എന്നവകാശപ്പെട്ട മേപ്പടിയാന്റെ ഉള്ളിലെ ജാതിബോധം , പ്രോട്ടോക്കോൾ ലംഘിക്കുന്നതിന് കാരണമായി . അതിൽ ഒരു മനസ്സാക്ഷിക്കുത്തും പുള്ളിയ്ക്ക് അനുഭവപ്പെട്ടില്ല ….

( 2 ) ഇതേ ലീഡർ , തന്റെ സ്വജാതി / ഉന്നതജാതി നേതാക്കളോടൊപ്പം ഇരിക്കവേ ഒരു മനുഷ്യൻ കയറിവന്നു . അദ്ദേഹം ഒരു ഭിഷഗ്വരനായിരുന്നു. ലീഡർ ചോദിച്ചു ,
Q ?.. എന്താ കാര്യം ? .
A.. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു സീറ്റ് വേണം .
Q ?..പോയി കുറെ അധഃകൃതരെ ഒരുമിച്ച് കൂട്ടി ഒരു നേതാവായിട്ട് വാ .
A …ലീഡർ ചെണ്ടകൊട്ടുകാരെ ഒരുമിച്ച് കൂട്ടിയാണോ നേതാവായത് ?
ആ മറുപടി , ലീഡറെയും കൂടെയിരുന്നവരെയും ഞെട്ടിച്ചു . എങ്കിലും ആ റിബൽ , പിൽക്കാലത്ത് ജനപ്രതിനിധി ആയി , മന്ത്രി ആയി .

( 3 ) രാഷ്ട്രീയ രംഗത്തെ ഭീഷ്മാചാര്യർ എന്ന് പുരോഗമനപ്രസ്ഥാനക്കാർ വാഴ്ത്തുന്ന മറ്റൊരു നേതാവ് . കേരളം ചരിത്രം എന്ന തന്റെ കൃതിയിൽ എന്തേ അയ്യങ്കാളിയെ പറ്റി പരാമർശിച്ചില്ല എന്ന് ചോദിച്ചപ്പോ ” മറന്നു പോയി ” എന്ന മറുപടിയാണ് നൽകിയത് . അയ്യൻകാളിയുടെ പ്രതിമ റോഡിൽ സ്ഥാപിച്ചപ്പോ ആ വഴിയിലൂടെ പിന്നീട് യാത്ര ചെയ്യാതിരുന്ന നാടുവാഴികളും ഭീഷ്മാചാര്യരുമൊക്കെ ഒരേ തൂവൽ പക്ഷികളല്ലേ എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല .

( 4 ) കണ്ടൽക്കാടുകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച ഒരു മനുഷ്യനുണ്ടായിരുന്നു . അദ്ദേഹം തന്റെ ചെറുപ്പകാലത്ത് താൻ കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിനായി , പുരോഗമന പ്രസ്ഥാനത്തിൽ ചേർന്നു . ഒരിക്കൽ ഒരു സമ്മേളനത്തിന് ശി ദൂരെയൊരിടത്ത് പോയി . 22 പേരോളം ഉണ്ടായിരുന്ന പ്രവർത്തകർക്ക് വേണ്ടി രണ്ടു ലോഡ്ജ് മുറികൾ ബുക്ക് ചെയ്തു . 21 പേരും ഒരു മുറിയിൽ ഒതുങ്ങിക്കൂടി . ഒരാൾ മാത്രം മറ്റൊരു മുറിയിൽ . കണ്ടലുകൾ ഇഷ്ടപ്പെട്ട , അവയ്ക്കു വേണ്ടി ജീവിച്ച ആ മനുഷ്യനെ ഉൾക്കൊള്ളാൻ 21 പുരോഗമനക്കാരുടെ ജാതിബോധം സമ്മതിച്ചില്ല . അവരുടെ പരമോന്നത സഭയിൽ , ഇന്നും ചിലർക്ക് അംഗത്വമില്ല …

( 5 ) പാലാ രാമപുരം പള്ളിയിൽ ഒരു സഹപ്രവർത്തകന്റെ കല്യാണത്തിന് പോയി . കല്യാണം കഴിഞ്ഞ് പുറത്തേക്കിറങ്ങി വന്നത് മറ്റൊരു ചെറുക്കനും പെണ്ണും . ഒടുവിൽ ചിലരോട് കാര്യം പറഞ്ഞ് സഹപ്രവർത്തകന്റെ കല്യാണം കണ്ടെത്തി . അതേപ്പറ്റി ആ സുഹൃത്ത് പറഞ്ഞത് ” അത് അവരുടെ പള്ളി . നമ്മുടെ പള്ളി ഇപ്പുറത്ത് കാണുന്നത് ”. അവരുടേത് എന്ന് പറഞ്ഞാൽ മതം മാറിയ പിന്നോക്ക ക്രിസ്ത്യാനിയുടെ പള്ളി . എല്ലാവരും ആദി മാതാ പിതാക്കളുടെ മക്കൾ എന്ന് വീമ്പടിക്കുന്ന ക്രിസ്ത്യാനി , മതം മാറിയവരെ തിരിച്ചറിയാൻ ചാക്കോ പറയൻ , മത്തായി പുലയൻ തുടങ്ങിയ പേരുകൾ നൽകി . അവർക്കായി പറയപ്പള്ളിയും പുലയപ്പള്ളിയും സ്ഥാപിച്ചു . കാണിയ്ക്കയ്ക്ക് മാത്രം വേർതിരിവില്ല .രൂപ താ , അധികം രൂപ താ എന്നവർ പുലമ്പിക്കൊണ്ടിരിന്നു .
….. മതം മാറ്റം എരിതീയിൽ നിന്നും വറചട്ടിയിലേക്കുള്ള പ്രയാണമാണ്.മതം ഉപേക്ഷിക്കൂ , മനുഷ്യനാകൂ … [ വി .ബാല മംഗളം 50 : 16 ]

Image may contain: 8 people, people sitting and outdoor( 6 ) ജാതി അടിമത്തത്തിൽ നിന്നും രക്ഷപ്പെടാൻ സമാധാന മതത്തിലേക്ക് ഓടിക്കയറിയ ഉത്തര ഭാരതീയർക്ക് അവിടെയും തങ്ങളുടെ ജാതിവ്യവസ്ഥ മറ്റൊരു പേരിൽ നില നിൽക്കുന്നത് കാണേണ്ടിവന്നു . ഇപ്പുറത്ത് കുശിനിപ്പണി എടുത്തവൻ അപ്പുറത്തും അതേ പണി , ജാതിപ്പേരിൽ മാത്രം വ്യത്യാസം . അതേ സമുദായത്തിൽ നിന്ന് മാത്രം വിവാഹം . വേലി ചാടാൻ നോക്കിയാൽ മരത്തിൽ നഗ്നരാക്കി കെട്ടിയിട്ട് അടിക്കൽ , കുത്തുകൊണ്ടുള്ള മരണം etc ഉറപ്പ് ..

( 7 ) താജ്മഹൽ കാണാൻ ആഗ്രയിലേക്ക് പോകുമ്പോ വിശാലമായ പാടങ്ങൾ കാണാം . അവയുടെ പാർശ്വങ്ങളിൽ ഒരു കുളിമുറിയുടെ മാത്രം വലിപ്പമുള്ള , വയ്ക്കോൽ – ചൂരൽ നിർമ്മിതമായ കുടിലുകൾ . പാടത്ത് പണിയെടുക്കുന്ന ദളിത് വംശജരുടെ വീടുകളാണ് .അവരുടെ പെണ്മക്കൾ യാദവർ തൊട്ട് മേലോട്ടുള്ളവർക്ക് ബലാൽസംഗം ചെയ്തു പഠിക്കാനുള്ള ഉപകരണങ്ങളാണ് . പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് അപൂർവ്വം . ബലാൽസംഗികളെ വെടി വച്ച് കൊല്ലണം എന്ന നിയമം നിർമ്മിക്കാനുള്ള മുറവിളി ഉയർന്നപ്പോ , മുലായം ഉപദേശിച്ചു . ” യാദവ പിള്ളേർ ചില കുസൃതികളൊക്കെ കാണിക്കും . അതിന് വെടി വച്ച് കൊല്ലുകയാണോ വേണ്ടത് ? ”.

( 8 ) കുറെ മനുഷ്യർ ഒരു സെന്റിലും രണ്ടു സെന്റിലും നിർമ്മിച്ച , പട്ടിക്കൂടിനെക്കാൾ അല്പം കൂടി വലുതായ ” വീട് ( ? ) ” കളിൽ താമസിച്ചാൽ മതി എന്ന ബോധം വച്ച് പുലർത്തുന്നവരുടെ നാട്ടിൽ , ജനത്തിന്റെ ജീവിത നിലവാരം എങ്ങനെ ഉയരാൻ ?.രണ്ടും മൂന്നും തലമുറകൾ രണ്ടുമുറി വീട്ടിൽ താമസിക്കുന്ന ഗതികേട് അഭിനവ തമ്പുരാക്കന്മാർക്ക് അറിയില്ലല്ലോ . താഴ്ന്ന നിലവാരത്തിൽ ജീവിക്കുന്ന ആ ജനതയെ ” കോളനി വാണങ്ങൾ ” എന്ന് കൂടി വിളിക്കുമ്പോ , എന്താ ഒരു സംതൃപ്തി …ജനറൽ സീറ്റിൽ പിന്നോക്ക വിഭാഗത്തിൽ പെടുന്നവരെ മത്സരിക്കാൻ സമ്മതിക്കാത്തവർക്കും പേര് ”പുരോഗമന ” ക്കാരൻ എന്നാണ് …

( 9 ) ജനിതക പരിശോധനകൾ കാണിക്കുന്നത് , കിഴക്കു നിന്നും പടിഞ്ഞാറു നിന്നും വന്നു ചേർന്ന നിരവധി അനവധി വംശങ്ങൾ കൂടിച്ചേർന്നുണ്ടായ ഒന്നാണ് ഭാരതീയ ജനത എന്നാണ് . ദ്രവീഡിയൻ , ഇൻഡോ – യൂറോപ്യൻ , ഈസ്ററ് ഏഷ്യൻ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലെയും ജനതകളുടെ മുദ്രകൾ ഭാരതീയരിലുണ്ട്‌. വടക്കൻ ഇറ്റലി , ഗ്രീക്ക് – ഈജിയൻ , ആറ്റിക്ക, സൈപ്രിയോട്ട്സ് , ടർക്കിഷ് , ബെൽജിയൻ , എസ്സെൻ ജർമ്മനി ,ഓർക്കിനി സ്‌കോട്ടിഷ് , നോർത്തേൺ സ്‌കോട്ടിഷ് , പഠാന്‍ – ബുരുഷോ -കലാഷ്‌ -ബലോക് – സിന്ധി പാകിസ്ഥാൻ ,വുഹാൻ ചൈന , ദക്ഷിണ കൊറിയ , മംഗോൾ , തായ്‌ലൻഡ് തുടങ്ങിയ പ്രദേശങ്ങളിലെ മനുഷ്യരുടെ ജീനുകൾ സ്വന്തം ശരീരത്തിൽ പേറുന്നവരാണ് ഭാരതീയ ജനത . പക്ഷെ അക്കാര്യങ്ങൾ അറിയാൻ താല്പര്യപ്പെടാതെ , ജാതിബോധവും മതബോധവും പേറി പിറകോട്ട് നടക്കാൻ ശ്രമിക്കുന്നവർക്ക് മനുഷ്യർ എന്നാൽ 46 ക്രോമസോമുകളുള്ള ഒരു ജീവിയാണെന്ന കാര്യം തലയിൽ കയറില്ല . വംശ / വർണ്ണ / ഭാഷാ / ദേശ / മത / ജാതി / ആചാര / അനുഷ്ഠാന ഭേദങ്ങൾ എന്തോ വലിയ സംഭവമാണെന്ന് കരുതി തലയിലേറ്റി നടക്കുന്ന ജനതകൾ ഒരു കാലത്തും പുരോഗതി പ്രാപിക്കില്ല .
NB — മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയാത്ത , സ്ത്രീകളെ ബഹുമാനിക്കാത്ത , അവരെ കേവലം ലൈംഗിക ഉപകരണങ്ങൾ ആയി മാത്രം കാണുന്ന ഒരു സമൂഹം , എപ്പോഴും അപരിഷ്കൃത സമൂഹം തന്നെയായിരിക്കും .