‘കണ്ണട( വ )ച്ച് ‘ധ്യാനിക്കുക

607

Augustus Morris എഴുതുന്നു

‘കണ്ണട( വ )ച്ച് ‘ധ്യാനിക്കുക

Augustus Morris.
Augustus Morris.

( 1 ) സീൻ ഒന്ന് — മദ്യപിച്ച് മദോന്മത്തനായ മലയാളി മത്തായിച്ചനെ നിലവിളി ശബ്ദമിട്ടോണ്ട് ആശൂത്രീൽ കൊണ്ടുവന്നു . അയാളുടെ ദേഹം ആസകലം പുഴുക്കൾ ഇഴയുന്നു , അതായിരുന്നു രോഗം . ഞുരയ്ക്കും പുഴുക്കളെ കാണാൻ ആൾക്കാർ തടിച്ചു കൂടി . നിരാശയായിരുന്നു ഫലം . പുഴുക്കളെവിടെ ? കാഴ്ചക്കാർ പരസ്പരം ആ ചോദ്യമുന്നയിച്ചു . എല്ലാവരും പിരിഞ്ഞുപോകിൻ , കാഷ്വലിറ്റി ഡ്യൂട്ടി ഡോക്റ്റർ സ്വരം കടുപ്പിച്ചു . അപ്പോഴും ” പുഴുവെവിടെ മക്കളെ ” എന്ന ഗാനം അവിടെ അലയടിച്ചു .

( 2 ) ഇല്ലാത്ത ഒരു വസ്തു ഉണ്ടെന്ന് തോന്നുന്ന , ഇല്ലാത്ത ഒരു സംവേദനം അനുഭവിക്കുന്ന ഒരവസ്ഥ = മായിക ഭ്രമം [ hallucination ]. അത് പല തരം. ഒരു കടുവ ആക്രമിക്കുന്നു എന്ന് തോന്നും ,പക്ഷെ അവിടെ കടുവ ഉണ്ടാകില്ല [ VISUAL ] . ഇല്ലാത്ത ആളുകളുടെ ശബ്ദം കേൾക്കും – ” അശരീരി ” [ AUDITORY ] സുഗന്ധമോ ദുർഗന്ധമോ നാസാരന്ദ്രങ്ങളെ തുളച്ച് കയറും , അവിടെ അങ്ങനൊന്ന് ഇല്ലെങ്കിലും

[ OLFACTORY ] …സമീപത്ത് ഭക്ഷണം ഒന്നുമില്ലെങ്കിലും നവരസങ്ങൾ നാവിൽ വിളയാടി കപ്പലോടും [ GUSTATORY ] ..മത്തായിച്ചന്റെ ദേഹത്ത് പുഴുക്കൾ ഇഴഞ്ഞതുപോലെ എന്തൊക്കെയോ നീങ്ങുന്നു

[ TACTILE ] നിശ്ചലാവസ്ഥയിൽ ഇരുന്നാലും ശരീരത്തിന്റെ എന്തൊക്കെയോ ഭാഗം ഇളകിയാടുന്ന തോന്നൽ [ PSYCHOMOTOR ].

( 3 ) സംശയം മൂലം ഭാര്യയെ ചിരവക്കടിച്ച് കൊലപ്പെടുത്തിയ ആളെ ഫോറൻസിക് പരിശോധനനയ്ക്ക് കൊണ്ട് വന്നു . കഥാപ്രസംഗ വേദികളിൽ ഒരു കാലത്ത് നിറഞ്ഞാടിയ കാഥികൻ ശ്രീ .സാംബശിവന്റെ ” ഒഥല്ലോ ” മനസ്സിലേക്ക് ഓടിവന്നു . അയാളുടെ പ്രശ്നം മിഥ്യാധാരണ അഥവാ DELUSION എന്ന് പറയും . അന്ധമായ ,തെറ്റായ വിശ്വാസം മുറുകെ പിടിക്കുക . ആ വിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെടുത്തിയാലും പിടി വിടില്ല . മർക്കടമുഷ്ടി പോലെ തെറ്റായ വിശ്വാസം കൂടെ കൊണ്ട് നടക്കും .അത് പല തരം . അഞ്ചു പൈസ കയ്യിലില്ലെങ്കിലും കോടീശ്വരൻ ആണെന്ന് കരുതുക [ GRANDEUR ] .ആരൊക്കെയോ തന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് വിശ്വസിക്കുക [ PERSECUTION ] .എല്ലാവരും തന്നെ മാത്രം ശ്രദ്ധിക്കുന്നു [ REFERENCE ] തന്റെ ചിന്തകളെയും വികാരങ്ങളെയും ഏതോ ബാഹ്യ ശക്തി റാഞ്ചാൻ ശ്രമിക്കുന്നു [ INFLUENCE ] .പങ്കാളി തന്നോട് വിശ്വസ്തത പുലർത്തുന്നില്ല എന്ന തോന്നൽ [ INFIDELITY ] അഥവാ ഒഥല്ലോ സിൻഡ്രോം . ലോകം മായയാണെന്നും , ” ഞാൻ ” ഇല്ലാത്ത ഒന്നാണെന്നും തോന്നുക [ NIHILISTIC ] .പൂർണ്ണാരോഗ്യവാൻ ആണെങ്കിലും എന്തോ അസുഖമുണ്ടെന്നു തോന്നുക [ HYPOCHONDRIACAL ]

( 4 ) ഒരു നായയെക്കാണുമ്പോൾ ,അത് സിംഹമാണെന്നു തോന്നുക .മുറിയിൽ ഒരു ചരട് വലിച്ച് കെട്ടിയാൽ ,അത് പാമ്പാണെന്ന് കരുതുക .ഒരു മരത്തിന്റെ തായ്ത്തടി കണ്ടാൽ കള്ളിയങ്കാട്ട് നീലി ആണെന്ന് തോന്നുക …..ഇത്തരം അവസ്ഥയെ മായാദർശനം [ ILLUSION ] എന്ന് പറയുന്നു .

( 5 ) വിശുദ്ധ ബാല മംഗളത്തിൽ ഡിങ്ക പകവാൻ ഇങ്ങനെ പറയുന്നു .

” അല്ലയോ മനുഷ്യരേ , എല്ലിന്റെ പ്രശ്നത്തിന് എല്ലു ഡോക്റ്ററെ കാണുന്നപോലെ , ഹൃദയത്തിന്റെ പ്രശ്നത്തിന് കാർഡിയോളജിസ്റ്റിനെ കാണുന്നപോലെ , തലച്ചോറിന്റെ പ്രവർത്തനങ്ങൾ താറുമാറായാൽ ഒരു മനോരോഗ വിദഗ്ധനെ കാണാൻ അമാന്തിക്കരുത് . അന്തക്കാലത്ത് പലവിധ മനോരോഗമുള്ളവരെ ചികിൽസിക്കാൻ സംവിധാനം ഇല്ലായിരുന്നതിനാൽ അവരൊക്കെ ഇപ്പോഴും പുണ്യ പുരുഷന്മാരും , ആൾ ദൈവങ്ങളും മറ്റുമായി കൊണ്ടാടപ്പെടുന്നു. അവരുടെ പൊട്ടത്തരങ്ങൾ , തോന്നലുകൾ , മായാ ദർശനങ്ങൾ ഒക്കെ ” പണ്ഡിതന്മാർ ” വ്യാഖാനിച്ച് വ്യാഖാനിച്ച് നിങ്ങളുടെ കീശ ചോർത്തുന്നു ”. [ 18 — 23 : 25 ]

( NB — ധ്യാനം, വെറുതെ സമയം കളയുന്ന ഏർപ്പാടാണ് .അതുകൊണ്ട് ലോകത്തിന് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല . )