മാംസം കഴിക്കുന്നതുകൊണ്ടു ശരീരം അസുഖങ്ങളുടെ കലവറയാവുന്നു എന്നുപറയുന്ന അന്ധവിശ്വാസികൾക്കു ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്നറിയില്ല

285
ഡോഃ അഗസ്റ്റസ് മോറീസ്
“സസ്യഭുക്കായി ജനിക്കുന്ന മനുഷ്യൻ മാംസഭുക്കായി തീരുന്നു. അതോടെ അസുഖങ്ങളുടെ കലവറയാവുന്നു ശരീരം”
പലർക്കും ഉള്ള ഒരു അന്ധവിശ്വാസമാണ് ഇത് –
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് ആളുകൾക്ക് അറിയില്ല എന്നതാണ് വസ്തുത. സ്ക്കൂളിൽ എല്ലാവരും പഠിച്ചതാണ്. പക്ഷേ, പരീക്ഷ കഴിഞ്ഞാൽ അതൊക്കെ മറക്കും എന്നിട്ട് നിലവിൽ പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങളൊക്കെ തലയിൽ കയറ്റി വെക്കും. അങ്ങനെ സ്ക്കൂൾ പഠിപ്പ് ഒരു പാഴ്‌വേലയാക്കും. സർട്ടിഫിക്കറ്റ് ഉള്ളത് കൊണ്ട് ഉദ്യോഗമോ ജോലിയോ കിട്ടും. പഠിച്ചത് മറന്ന് അന്ധവിശ്വാസികളായി ജീവിയ്ക്കാനാണ് ആളുകൾക്ക് താല്പര്യം.
മാംസാഹാരമോ സസ്യാഹാരമോ ആയിക്കോട്ടെ നമ്മൾ എന്ത് ഭക്ഷിച്ചാലും അതൊക്കെ ചെറുകുടലിൽ വെച്ച് ദഹിച്ച് എന്നു വെച്ചാൽ ലഘുതന്മാത്രകളായി വിഘടിക്കപ്പെട്ട് മാത്രമേ കുടലിലെ നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുകയുള്ളൂ. രക്തത്തിൽ പ്രവേശിക്കുമ്പോഴാണ് ആഹാരഘടകങ്ങൾ ശരീരത്തിന്റെ അകത്ത് കടക്കുന്നത്. നമ്മുടെ കുടലിന്റെ ഉൾഭാഗം ശരീരത്തിന്റെ അകമല്ല. അതൊരു കുഴലാണ്. അന്നനാളം എന്ന് പറയും.
ശരീരത്തിന്റെ ഉൾഭാഗത്ത് കൂടി കടന്നു പോകുന്ന വായ മുതൽ മലദ്വാരം വരെയുള്ള ഒരു പിരിയൻ പൈപ്പ് എന്ന് പറയാം. നമ്മൾ കഴിക്കുന്ന ആഹാരങ്ങളിൽ പ്രോട്ടീൻ ദഹിച്ച് അമിനോ ആസിഡുകളായും അന്നജം ദഹിച്ച് ഗ്ലൂക്കോസ് ആയും കൊഴുപ്പുകൾ ദഹിച്ച് ഫാറ്റി ആസിഡുകളായും പിന്നെ ജീവകങ്ങളും ധാതു ലവണങ്ങളും വെള്ളവും ആണ് ചെറുകുടലിൽ വെച്ച് വളരെ നേരിയ ക്യാപില്ലറികളിലൂടെ രക്തത്തിൽ കടക്കുന്നത്. ഒരു പ്രോട്ടീൻ തന്മാത്ര നേരിട്ട് രക്തത്തിൽ കടക്കുന്നു എന്ന് വിചാരിക്കുക, അത് നമുക്ക് അലർജിയുണ്ടാക്കും. ഒരു സ്റ്റാർച്ച് തന്മാത്ര നേരിട്ട് രക്തത്തിൽ കടക്കുന്നു എന്ന് വിചാരിക്കുക അതും നമുക്ക് അലർജിയുണ്ടാക്കും. അത്രമാത്രം പ്രൊട്ടക്റ്റഡ് ആണ് ശരീരം. നമ്മുടെ ശരീരം വളരെ സങ്കീർണ്ണമായ ഒരു യന്ത്രമാണ്. സയൻസ് ആണ് ഈ യന്ത്രത്തെ കുറിച്ച് അറിവുകൾ നമുക്ക് നൽകുന്നത്. സ്ക്കൂളിൽ പഠിച്ചത് ഓർത്ത് വെച്ചിരുന്നെങ്കിലോ, തുടർന്ന് വായിച്ചിരുന്നെങ്കിലോ എല്ലാവർക്കും ഒരു സാമാന്യവിവരം ഉണ്ടാകുമായിരുന്നു.
നമ്മൾ ഇറച്ചി കഴിക്കുന്നു, അതിൽ പ്രോട്ടീൻ ഉണ്ട്. പയറ് വർഗ്ഗങ്ങളും കഴിക്കുന്നു, ഉദാഹരണത്തിനു ഇഡ്ഡലി,ദോശ,കടല പുഴുക്ക് എന്നിവ.അതിലും പ്രോട്ടീൻ ഉണ്ട്. എന്നാൽ ഇറച്ചിയിലെയും പയറിലെയും പ്രോട്ടീൻ ദഹിച്ച് അമിനോ ആസിഡുകളായിട്ടാണ് രക്തത്തിൽ കടക്കുക. ആ അമിനോ ആസിഡുകൾ ഇറച്ചിയിൽ നിന്ന് വന്നതാണോ പയറിൽ നിന്ന് വന്നതാണോ എന്ന് രക്തത്തിനോ ശരീരത്തിനോ അറിയില്ല. പിന്നെ ഈ മാംസഭുക്ക് സസ്യബുക്ക് എന്നൊക്കെ പറയുന്നതിൽ എന്ത് അർത്ഥം?
ഭക്ഷണത്തിൽ പ്രോട്ടീൻ വേണം. ആ പ്രോട്ടീൻ ദഹിച്ച് അമിനോ ആസിഡുകളായി രക്തത്തിൽ കടക്കുന്നു. ആ അമിനോ ആസിഡുകളെ രക്തം ഓരോ കോശങ്ങളിലും എത്തിക്കുന്നു. രക്തം ആ അമിനോ ആസിഡുകൾ ഉപയോഗിച്ച് നമ്മുടെ പ്രോട്ടീൻ നിർമ്മിക്കുന്നു. പുതിയ കോശങ്ങൾ ഉണ്ടാകാൻ പ്രോട്ടീൻ വേണം. ഓരോ സ്പീഷീസ് ജീവിയുടെയും സസ്യത്തിന്റെയും പ്രോട്ടീൻ വ്യത്യസ്തമായിരിക്കും. പ്രോട്ടീന്റെ വ്യത്യാസമാണ് ഓരോ ജീവിയുടെയും സസ്യത്തിന്റെയും വ്യത്യാസത്തിനു അടിസ്ഥാനം.
അത്കൊണ്ട് ഭക്ഷണം ഒന്നേയുള്ളൂ. സസ്യം എന്നും മാംസം എന്നും വ്യത്യാസം ഇല്ല. ശരീരത്തിനു പ്രോട്ടീൻ, അന്നജം, കൊഴുപ്പ്, ജീവകങ്ങൾ, ധാതുലവണങ്ങൾ, വെള്ളം എന്നിവ ഭക്ഷണത്തിൽ നിന്ന് കിട്ടണം എന്ന് മാത്രം. ആളുകളുടെ അഭിരുചിയും ശീലങ്ങളും അനുസരിച്ച് ഭക്ഷിക്കട്ടെ. പക്ഷെ അടിസ്ഥാന പോഷകങ്ങളായ മേല്പറഞ്ഞ അഞ്ച് ഘടകങ്ങളും ഭക്ഷണത്തിൽ ഉറപ്പ് വരുത്തണം എന്ന് മാത്രം. മാംസത്തിൽ പ്രോട്ടീൻ ഉണ്ട്. മാംസം കഴിക്കാത്തവർ നിത്യേന പയറ് വർഗ്ഗങ്ങൾ കഴിച്ചാലും മതി.