പൊറോട്ട പറയുന്നതുപോലെ ഭീകരനല്ല

192

Augustus Morrises

( 1 ) അങ്കിൾ , പൊറോട്ട കഴിക്കാൻ പാടില്ല എന്ന് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ ? പതിവ്പോലെ സംശയവുമായി രാജുമോൻ . എന്തേ അങ്ങനെ പറയാൻ കാരണമെന്ന് അങ്കിൾ . സിനിമാ പോസ്റ്റർ ഒട്ടിക്കാൻ മൈദയല്ലേ ഉപയോഗിക്കുന്നത് , അതുകൊണ്ട് പൊറോട്ട കുടലിൽ ഒട്ടിപ്പിടിക്കുമെന്ന് പലരും പറയാറുണ്ടല്ലോ . അങ്കിൾ അവനെ ലോകത്തെ ഏറ്റവും വലിയ പരീക്ഷണശാലയായ അടുക്കളയിലേക്ക് നയിച്ചു .ദിവസും മാറിമറിയുന്ന ചേരുവകളുടെ രസതന്ത്രവും സമ വാക്യങ്ങളും കണ്ടു മനസ്സിലാക്കാൻ രാജുമോൻ അടുക്കളയിലേക്ക് വന്നു .

Wheat porotta - Restaurants in Kochi, Nawras Seafood Restaurant in ...( 2 ) ഒരു കിലോ മൈദാ മാവിനെ ഏതാണ്ട് 25 പൊറോട്ടയാക്കാനുള്ള കാര്യപരിപാടികൾ ആരംഭിച്ചു . ഒരു ഗ്ളാസ് പാൽ , രണ്ടു മുട്ട , മൂന്നു ടീ സ്പൂൺ പഞ്ചസാര , ആവശ്യത്തിന് ഉപ്പ് , ബേക്കിങ് പൌഡർ ഒരു ചെറിയ കരണ്ടി , നെയ്യും തൈരും രണ്ടു ടീ സ്‌പൂൺ വീതം — ഇത്രയും എടുത്ത് നന്നായി മിക്സ് ചെയ്യുക . ഇതിനായി തൈര് കടയുന്ന യന്ത്രം ഉപയോഗിക്കാം . ഇങ്ങനെ കിട്ടിയ മിശ്രിതം മൈദാമാവിൽ ചേർത്ത് കുഴയ്ക്കുക . ഓർക്കുക കുഴയ്ക്കൽ ഒരു കലയാണ് . കുഴഞ്ഞു വീഴാം , സ്റ്റാമിന ഇല്ലാത്തവർ സ്റ്റാൻഡ് വിട്ടു പോകേണ്ടതാണ് . ടോപ്‌ലെസ് ആയിട്ട് ഇതൊക്കെ ചെയ്‌താൽ ,ന്നു വച്ചാ മേൽവസ്ത്രം ഇല്ലാതെ ചെയ്‌താൽ , അങ്ങേയറ്റം അപകടകരമായ സോഡിയം ക്ളോറൈഡ് എന്ന ജൈവ വിഷം , മൈദാ മാവിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട് .പൊറോട്ടയ്ക്ക് രുചി കൂടുമെങ്കിലും , വാട്സാപ്പ് യൂണി . പറയുന്നത് സോഡിയം ക്ളോറൈഡ് വെളുത്ത വിഷമാണെന്നാണ് .പേടിക്കണ്ട , ഓൾറെഡി വെളുത്ത വിഷങ്ങളായ പാൽ ,പഞ്ചസാര , മൈദാ എന്നിവ നമ്മൾ എടുത്തുകഴിഞ്ഞു .അതിനോടൊപ്പം ഒന്നുകൂടി ചേർന്നു എന്ന് കൂട്ടിയാൽ മതി .

( 3 )മുക്കാൽ മണിക്കൂർ സമയം എടുത്ത് മാവ് കുഴയ്ക്കുക കൈ കഴയ്ക്കും .തളരരുത് രാമൻകുട്ടീ , തളരരുത് . ശേഷം ” എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടടീ എന്ന ഗാനം മൂളി , മാവിന്റെ ഉപരിതലത്തിൽ ചെറിയൊരു എണ്ണപ്പാട ,തടവി പിടിപ്പിയ്ക്കുക . ശേഷം ഏതാണ്ട് മൂന്നുമണിക്കൂറോളം നനഞ്ഞ തോർത്തിട്ട് മൂടിവയ്ക്കുക .

( 4 ) മൂന്നു മണിക്കൂർ നേരത്തെ സുഖനിദ്രയ്ക്ക് ശേഷം , മാവിനെ മെല്ലെ തട്ടിവിളിയ്ക്കുക . അതിനുശേഷം കേരളാ കോൺഗ്രസ്സിനെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് പിളർത്തൽ നടപടികളിലേക്ക് നീങ്ങുക . അവുലോസുണ്ട പിടിക്കുന്നതുപോലെ , മാവ് ഉണ്ടപിടിയ്ക്കുക . തള്ള വിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയിലൂടെ അതിങ്ങനെ ഊർന്നിറങ്ങുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ , എന്റെ സാറേ ….ഉണ്ടകളാക്കിയ മാവിനെ സുഖചകിത്സ നൽകി വീണ്ടും എണ്ണപ്പാട പുരട്ടി അര മണിക്കൂർ നനഞ്ഞ തോർത്തിട്ട് മൂടി ഒന്നുകൂടി സമാധിയിൽ വയ്ക്കുക . നമുക്കൊരു മന സമാധാനം വേണമല്ലോ .

( 5 ) ഉണ്ടകളെ പിളർത്തി പൂവുകളാക്കുക . അതിനെ പരത്തണം . പരത്തുമ്പോഴാണ് ഒരു കാര്യം മനസ്സിലായത് – രോഗികൾക്ക് കൃത്രിമ ശ്വാസം കൊടുക്കുന്ന CPR – Cardio Pulmonary Resuscitation ഒക്കെ എത്ര നിസ്സാരം . ശേഷം ഇതിനെ വീശാനാവശ്യമായ സ്ഥലം , പരശുരാമനെ മനസ്സിൽ ധ്യാനിച്ച് അളന്നെടുക്കണം .അല്ലെങ്കിൽ അടുക്കള ഭിത്തിയിലെ നെരോലാക് പെയിന്റ് , പൊറോട്ടയിലുണ്ടാകും . വീശുമ്പോ , മുകളിലും താഴെയും വിരലുകളുടെ വിന്യാസം പ്രത്യേകം അറിഞ്ഞിരിക്കണം . റോഡ് വക്കിൽ നിന്നും വീശിയുണ്ടാക്കുന്ന പൊറോട്ടയിൽ , ജീവകം – ഇ അഥവാ വൈറ്റമിൻ – E , യുടെ അളവ് കൂടുതലാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട് . ഇ ഫോർ ഈച്ച .

( 6 ) കല്ലിന്മേൽ വേവിച്ചെടുക്കുന്ന പൊറോട്ട , കാരിരുമ്പിന്റെ കരുത്തോടു കൂടിയവനായിരിക്കും . അവനെ മൃദുല ഹൃദയനാക്കാൻ ഒരു ചെറിയ പരിപാടി — ഉരുട്ടിക്കൊല എന്നൊക്കെ പറയുന്നതുപോലെ , ഇരുവശത്തും നിന്നും നല്ല അടി പറ്റിയ്ക്കുക . അടിയോളം ഉതകാം അണ്ണൻ തമ്പി എന്ന പ്രമാണമനുസരിച്ച് പൊറോട്ട ,മൃദുലനായി മാറും .ശേഷം പ്രോട്ടീൻ വിഭവമായ കോഴി ചുട്ടത് ചേർത്ത് കഴിക്കാം .ഇത്രയുമൊക്കെ അദ്ധ്വാനിച്ച ഒരാള്ക്ക് മൂന്നു – നാല് പൊറോട്ട കഴിയ്ക്കാം .അല്ലാത്തവർക്ക് രണ്ടെണ്ണം മതി .

( 7 ) കൊറോണക്കാലത്ത് മലയാളി , വീട്ടിൽ തന്നെ പൊറോട്ടയുണ്ടാക്കാൻ പഠിച്ചു . അതിന്റെ മെനക്കേടും , കൈ പൊള്ളുന്നതും ഒക്കെ മനസ്സിലാക്കി . സ്വന്തം വിയർപ്പ് കൊണ്ട് ഭക്ഷിക്കുക എന്നത് മാറ്റി , വിയർപ്പൊന്നും മാവിൽ വീഴാതെ നോക്കി , പൊറോട്ടയുണ്ടാക്കാൻ പഠിച്ചു . അങ്ങനെ പൊറോട്ട , ” ഉയിർ ” ആയി മാറി .താങ്ക്സ് കൊറോണ .

NB — ഗ്ലൂക്കോസ് തന്മാത്രകൾ സിംഗിളായി നിൽക്കുമ്പോൾ മധുരം ഉണ്ടാകും . അവ കൂടിച്ചേർന്ന് നിൽക്കുമ്പോ അന്നജം എന്ന് പറയും .ധാന്യങ്ങളും കിഴങ്ങുകളുമൊക്കെ അന്നജമാണ്‌ .പശിമ അഥവാ ഒട്ടിപ്പിടിയ്ക്കൽ അവയുടെ ധർമ്മമാണ് . കുടലിൽ ഒട്ടിപിടിയ്ക്കുമായിരുന്നെങ്കിൽ ചോറ്റുപശ ഒട്ടിപ്പിടിച്ച് എല്ലാ മലയാളികളും എന്നേ ഈ ലോകം വിട്ടു പോയേനെ .