തൃശൂർ മുതൽ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച് ഒടുവിൽ 7,500 രൂപ നൽകാതെ മുങ്ങിയ ആളെ അന്വേഷിച്ച് ഓട്ടോ ഡ്രൈവർ

0
118

തൃശൂർ മുതൽ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച് ഒടുവിൽ 7,500 രൂപ നൽകാതെ മുങ്ങിയ ആളെ അന്വേഷിച്ച് ഓട്ടോ ഡ്രൈവർ . ചാലക്കുടിക്കാരൻ രേവത് ആണ് ഇന്ധനചിലവായും കടം നൽകിയ തുകയായും ഇത്രയും പണം പറ്റിച്ചു പോയ ആളെ അന്വേഷിക്കുന്നത്.ഉപജീവനത്തിനായി രേവത് കെട്ടാത്ത വേഷങ്ങളില്ല , കലാഭവൻ മണിയുടെ ആരാധകനായ രേവത് മണിയുടെ നാടൻ പാട്ടിന്റെ സിഡികൾ ഉത്സവ പറമ്പുകളിൽ വിറ്റായിരുന്നു ജീവിതം മുന്നോട്ടുകൊണ്ടു പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ കൊറോണ രേവതിന്റെ ജീവിതത്തെ താളം തെറ്റിച്ചു. ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ഓട്ടോക്കാരനാവാനും രേവതിന് വിഷമമുണ്ടായില്ല. എന്നാൽ ഇത്തരമൊരു വഞ്ചനയിൽ പെടുന്നത് ആദ്യമാാണെന്ന് രേവത് പറഞ്ഞു .

കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം. രാത്രി പത്തരയോടെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാനിരിക്കുമ്പോഴാണ് ഒരാൾ ഓടിയെത്തി സഹായം ചോദിച്ചത്. “അമ്മ മരിച്ചു. പെട്ടന്ന് തിരുവനന്തപുരത്ത് എത്തണം. കൊണ്ടുവിടാമോ?” എന്നായിരുന്നു ചോദ്യം. നടൻ ദിലീപിൻ്റെ അസിസ്റ്റൻറ് ആണെന്നും രേവതിനെ വിശ്വസിപ്പിച്ചു.ചുവപ്പ് ഷർട്ടും ഓറഞ്ച് നിറത്തിൽ മുണ്ടും ധരിച്ച ഇരുനിറമുള്ളയാൾ മുടി നീട്ടി വളർത്തിയിരുന്നു. കൈവശം ഒരു ബാഗുമുണ്ടായിരുന്നു. കയ്യിൽ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാൽ തരാമെന്നും പറഞ്ഞു. ഫോണിലൂടെ അളിയനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളും ഉറപ്പ് നൽകി. മറ്റൊന്നും ആലോചിക്കാതെ സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി ഡീസലടിച്ച് തിരുവനന്തപുരത്തേക്ക് വിട്ടു. ഇടയ്ക്ക് കരുനാഗപ്പള്ളിയിൽ വച്ച് ഇയാൾക്ക് രേവത് ഭക്ഷണവും വാങ്ങിച്ചു നൽകി.

തിരുവനന്തപുരത്ത് എത്തിയപ്പോൾ നെയ്യാറ്റിൻകര പോകണമെന്ന് പറഞ്ഞു. നെയ്യാറ്റിൻകരയിലെത്തി. അവിടെയല്ല അമ്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകാമെന്നുമായി.ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രിയുടെ ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല . നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞ് ആയിരം രൂപയും വാങ്ങി പോയി. പിന്നെ ആളെ കണ്ടിട്ടില്ലെന്ന് രേവത് പറയുന്നു. 6,500 രൂപ വണ്ടിക്കൂലിയും 1000 രൂപ കടമായി നൽകിയതും ഉൾപ്പെടെ 7,500 രൂപയാണ് രേവതിന് നഷ്ടമായത്. ഒരു മണിക്കൂർ കാത്ത് നിന്നിട്ടും ആൾ വരാതായപ്പോഴാണ് രേവതിന് സംശയം തുടങ്ങിയത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.