മണ്ണിൽ പിറന്നുവീഴുന്ന ഒരു ജീവൻ കാക്കേണ്ട നിയോഗം ഒരു ഓട്ടോ ഡ്രൈവർക്കാണെങ്കിലോ ?

  0
  642

   

  ജിത്തു തമ്പുരാന്റെ (Link > ജിത്തു തമ്പുരാൻ) പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

  മണ്ണിൽ പിറന്നു വീഴുന്ന ഒരു ജീവൻ കാക്കേണ്ട നിയോഗം ഒരു ഓട്ടോ ഡ്രൈവർക്കാണെങ്കിലോ ?! … ചോര മരവിപ്പിക്കുന്ന ഈ അനുഭവം പടിഞ്ഞാറത്തറ ഓട്ടോസ്റ്റാൻറിലെ പൊന്മണി ഓട്ടോ ഓടിക്കുന്ന കെ.വി. സനോജിന്റേതാണ് … കെ.എസ്.ആർ.ടി.സി യിലെ എം പാനൽ ജീവനക്കാരനായിരുന്ന സനോജ് കോടതി വിധി പ്രകാരം ജോലി നഷ്ടപ്പെട്ടതോടെ മുഴുവൻ സമയ ഓട്ടോ തൊഴിലാളിയാണ് … സനോജ് മറ്റൊരു വ്യക്തിയുടെ ഓട്ടോ കൂലിക്ക് ഓടിക്കുന്നു … ഓട്ടോക്കാർക്കിടയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ് …

  പടിഞ്ഞാറത്തറ ടൗണിന്റെ തൊട്ടടുത്തുള്ള കാവര ആദിവാസി കോളനിയിലേക്ക് സുരേഷ് എന്ന ഒരു യുവാവ് സനോജിനെ ഓട്ടം വിളിച്ചു … ഭാര്യക്ക് സുഖമില്ല എന്നതാണ് കാരണം പറഞ്ഞത് … സുരേഷിന്റെ ഭാര്യ സരിത പൂർണ്ണ ഗർഭിണി ആയിരിക്കുന്ന അവസ്ഥയിലായിരുന്നു … തരുവണയ്ക്കിപ്പുറം എത്തിയപ്പോൾ വണ്ടിയുടെ ബാക്ക് വ്യൂ കണ്ണാടിയിൽ യാദൃശ്ചികമായി നോക്കിയപ്പോൾ യുവതിക്ക് എന്തോ ഒരസ്വസ്ഥത പോലെ തോന്നിയിരുന്നു …

  27 കിലോമീറ്റർ അപ്പുറത്തുള്ള മക്കിയാട് എന്ന സ്ഥലത്തെത്തിയ ശേഷം അവിടെ നിന്ന് അമ്മയെയും കൂട്ടിയ ശേഷം ഭാര്യയെ മാനന്തവാടി ഗവ: ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതാണ് യാത്രയുടെ ഉദ്ദേശം എന്ന് സുരേഷ് സനോജിനോട് പറയുന്നത് 10 കിലോമീറ്റർ പിന്നിട്ടശേഷമാണ് … സുരേഷിന്റെ കൈയിൽ പൈസ ഇല്ല എന്നു പറഞ്ഞപ്പോൾ പിന്നീട് തന്നാൽ മതി എന്ന് പറഞ്ഞ് സനോജ് സമാധാനപ്പെടുത്തുകയും ചെയ്തു … അപ്പോഴേക്കും ആ സ്ത്രീക്ക് പ്രസവവേദന ആരംഭിച്ചു കഴിഞ്ഞിരുന്നു …

  എട്ടേ നാൽ എത്തിയപ്പോഴേക്കും അവർ വേദന കൊണ്ട് ഉറക്കെ കരയാൻ തുടങ്ങിയിരുന്നു … അങ്ങനെ സനോജ് മക്കിയാട് ഒഴിവാക്കി തേറ്റമല വഴിക്കുള്ള ഷോർട് കട്ടിന് ഓട്ടോ മാനന്തവാടിക്ക് സ്പീഡിൽ വിട്ടു …

  അല്പദൂരം മുന്നോട്ട് പോകുമ്പോഴേക്കും വേദനയുടെ പാരമ്യതയിൽ ആ സ്ത്രീ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു … കുടിക്കാൻ വെള്ളം വേണോ എന്ന സനോജിന്റെ ചോദ്യം അവർ കേട്ടില്ല എന്ന് തോന്നി …ഉടൻ തന്നെ ഓട്ടോയുടെ പിറകിൽ നിന്ന് ഒരു ചോരക്കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു … ആ സ്ത്രീ അപ്പോഴേക്കും സനോജിന്റെ ഓട്ടോയ്ക്കുള്ളിൽ തന്നെ പ്രസവിച്ചു കഴിഞ്ഞിരുന്നു …

  പെട്ടെന്നു തന്നെ സനോജ് സ്ഥലകാലബോധം വീണ്ടെടുത്ത് സുരേഷിനോട് പ്രസവിച്ച ഭാര്യയുടെ ചുരിദാർ കുഞ്ഞിന്റെ ജീവന് ഭീഷണി ആകാത്ത വിധം ഒതുക്കിയിടാൻ പറഞ്ഞു … വഴിയരികിൽ നിന്ന് ഓടിക്കൂടിയ സ്ത്രീകളടക്കമുള്ളവർ ഒരു സഹായവും ചെയ്യാതെ നിസ്സഹായാവസ്ഥയിൽ കാഴ്ചക്കാരായി കണ്ണും തള്ളിച്ച് നിൽക്കുകയായിരുന്നത്രേ … ഒരു കഷ്ണം തുണി പോലും അവർക്ക് നീട്ടിക്കൊടുക്കാനില്ലാതെ സനോജും …

  പെട്ടെന്ന് ഒരാൾ സ്കൂട്ടറിൽ ആ വഴി വന്നു … സനോജ് അയാളെ തടഞ്ഞു നിർത്തി സഹായം അഭ്യർത്ഥിച്ചു … ഭാഗ്യത്തിന് അയാൾ തേറ്റമല ഹെൽത് സെന്ററിലെ ഒരു ജീവനക്കാരനായിരുന്നു …അയാളുടെ നിർദ്ദേശം അനുസരിച്ച് അധികം ദൂരെയല്ലാത്ത വെള്ളമുണ്ട PHC യിലേക്ക് ഓട്ടോ ഓടിച്ചു … അയാൾ വഴികാട്ടയായി ഓട്ടോയുടെ മുന്നിൽ തന്നെ സ്കൂട്ടി ഓടിച്ചു …

  അവരെ നന്നായി ശ്രദ്ധിച്ചു കൊള്ളാൻ സുരേഷിനോട് പറഞ്ഞു … കുഞ്ഞിനെ മുറുകെപ്പിടിക്കാൻ സുരേഷിന്റെ ഭാര്യയോടാവശ്യപ്പെട്ടു … ജീവന്മരണ ഓട്ടത്തിനൊടുവിൽ വെള്ളമുണ്ട PHC യിൽ എത്തി വണ്ടി നിർത്തി OP യിൽ ഓടിക്കയറി കാര്യം പറഞ്ഞു …അധികം വൈകാതെ 2 ഡോക്ടർമാരടക്കമുള്ള 8 ജീവനക്കാർ ഒരൊറ്റ ടീമായി പ്രവർത്തിച്ച് പൊക്കിൾകൊടി മുറിച്ച് കുട്ടിയെ വേർപെടുത്തി എടുത്ത് അമ്മയെയും കുഞ്ഞിനേയും കൊണ്ട് ഡ്രസ്സിങ് റൂം ലക്ഷ്യമാക്കി ഓടി …. അപ്പോഴേക്കും പൊക്കിൾക്കൊടി കുട്ടിയുടെ കഴുത്തിൽ രണ്ടു തവണ ചുറ്റി അപകടാവസ്ഥയിൽ എത്തിപ്പോയിരുന്നു …

  വെള്ളമുണ്ട PHC യിലെ സിസ്റ്റർ ഒരു ആംബുലൻസ് ഏർപ്പാടാക്കി അമ്മയെയും കുഞ്ഞിനെയും മാനന്തവാടി ജില്ലാ ആശുപത്രയിലേക്ക് കൂടുതൽ പരിചരണത്തിനായി കൊണ്ടുപോയി … കൈയിൽ ആകെ ഉണ്ടായിരുന്ന 200 രൂപ സുരേഷിന്റെ പോക്കറ്റിൽ ഇട്ടു കൊടുത്ത് സനോജ് പടിഞ്ഞാറത്തറയിലേക്ക് തിരികെപ്പോയി …

  ഇനി സനോജിന്റെ ഭാഷയിൽ തന്നെ പറയാം :

  അമ്മക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ കൊടുത്ത് നിമിഷങ്ങൾക്കകം അവർ എന്നെ അടുത്ത് വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു … ജനിച്ചത് ആൺ കുട്ടിയാണ് എന്നു പറഞ്ഞു … അവർ എന്നെ അഭിനന്ദിച്ചു … അപ്പോഴും തലയിൽ എന്തോഭാരം കയറ്റി വച്ചതു പോലെ എനിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു … വണ്ടിയിൽ നിന്നും കുറച്ച് വെള്ളം എടുത്ത് കുടിച്ച് അൽപ്പം കഴിഞ്ഞപ്പോഴേക്കും ഞാൻ പേടിയുടെ അദൃശ്യ കരങ്ങളിൽ നിന്ന് പതുക്കെപ്പതുക്കെ മോചിതനായി …

  ആശുപത്രിയിൽ ചികിത്സക്ക് എത്തിയവരടക്കം സകലരും എന്നെ അനുമോദിച്ചെങ്കിലും ഞാൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു … ചോര കണ്ടാൽ തല കറങ്ങുന്ന നമ്മുടെയൊക്കെ ഭാര്യമാരുടെ, അബലകളാണ് എന്ന ആറ്റിറ്റ്യൂഡിനെ തൃണവൽഗണിച്ച് ധൈര്യത്തോടെ സാഹചര്യത്തെ നേരിട്ട ആ ആദിവാസി സ്ത്രീ ,അൽപ സമയത്തേക്ക് അവരൊന്ന് ബോധരഹിത ആയിപ്പോയിരുന്നെങ്കിൽ രണ്ടു തവണ പൊക്കിൾക്കൊടി ചുറ്റി കഴുത്തു മുറുകിത്തുടങ്ങിയ ആ നവജാത ശിശുവിനെ രക്ഷിച്ചെടുക്കാൻ ആരെക്കൊണ്ട് സാധിക്കുമായിരുന്നു ?! അവർ പ്രസവിച്ച കുഞ്ഞിനെ സ്വന്തം കൈകൊണ്ട് മുറുകെ പൊതിഞ്ഞു പിടിച്ച് പരസഹായം ഇല്ലാതെ ആശുപത്രിയിലെത്തി … ആ അമ്മയെ ഞാൻ പ്രശംസിക്കുന്നു … കൂടാതെ, ഒരാശങ്കയ്ക്കും ഇടവരുത്താതെ പ്രഥമ ശുശ്രൂഷ ചെയ്ത വെള്ളമുണ്ടയിലെ എല്ലാ സ്റ്റാഫിനേയും … അവരുടെ മികവുറ്റ സേവനത്തിന് ദൈവം പ്രതിഫലം കൊടുക്കട്ടെ …

  എന്റെ ചോദ്യം നിങ്ങളോടാണ് … ഇവന്റെ ഈ മനസ്സിന് നമ്മൾ എന്ത് കൊടുത്താലാണ് അധികമാവുക ?!

  (ജിത്തു തമ്പുരാൻ)