ഒരു ഡോക്ടറുടെ ഓട്ടോപ്സി അനുഭവങ്ങൾ

127
Krishnan Balendran
പരേതരെ പരിശോധിച്ചിട്ട് ലഭിക്കുന്ന ശാസ്ത്രിയ തെളിവുകൾ വച്ച് കേസിൽ സത്യം കണ്ടെത്താനായിട്ടാണ് ഓട്ടോപ്സി എന്ന പോസ്റ്റ്‌മോര്ട്ടം നടത്തുന്നത്. മരണത്തിലേക്ക് നയിച്ച രോഗഗ്രസ്ഥമായ സംഭവപരമ്പരയുടെ തുടക്കം ഏത് പരിക്കോ അസുഖമോ മൂലമാണെന്ന് കണ്ടെത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം (to find out the disease or injury which initiated the chain of morbid events which resulted in death).
മിക്കവാറും കേസ്സുകളിൽ പരിശോധന തുടങ്ങുന്നതിന് മുമ്പ് തന്നെ അറിയാൻ കഴിയുന്ന കാര്യമാണ് ഇത്. എന്നിരുന്നാലും ഒരാളുടെ മരണകാരണത്തിന്റെ അപ്പുറത്തേക്ക് അയാൾ എങ്ങനെയാണ് ജീവൻ വെടിഞ്ഞത്, അയാളുടെ അവസാന നിമിഷങ്ങൾ എങ്ങനെ ആയിരുന്നിരിക്കണം എന്ന് നമ്മൾ കണ്ടെത്തുമ്പോഴാണ് ഒരു ഓട്ടോപ്സിക്ക് ജീവൻ വയ്ക്കുന്നത്. അവിടെയാണ് ഒരു ഫോറെൻസിക്ക് സർജ്ജന്റെ തൊഴിലിന് കീറിമുറിക്കലിനപ്പുറം ആർദ്രതയും സൗന്ദര്യവും വരുന്നത്.
ഒരാൾ മരിക്കാനുണ്ടായ സാഹചര്യത്തേപ്പറ്റി പോലീസ് തിരക്കുന്നതിന് അപ്പുറം ഒരു ഡോക്ടർക്ക് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടാവും. ജീവിച്ചിരിക്കുന്നവരിൽ ചോദിച്ചറിയുന്നത് പോലെ ഒരു മെഡിക്കൽ, പേഴ്സണൽ & ഫാമിലി ഹിസ്റ്ററി, പ്രത്യേകിച്ചും പ്രഷർ, പ്രമേഹം, ആസ്ത്മ, ഡ്രഗ് അലർജി, തുടങ്ങിയവയേപ്പറ്റി തിരക്കാറുണ്ട്. പോസ്റ്റ്‌മോര്ട്ടം പരിശോധനയുടെ മുന്നേ നടത്തുന്ന ഈ ഇൻ്റർവ്യൂകളിലൂടെ പലപ്പോഴും നമുക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ആഴത്തിലേക്ക് പരേതനേക്കുറിച്ചുള്ള കൂടുതൽ അറിവിലേക്കും എത്തിച്ചേരും. കുറേയൊക്കെ നമ്മളോട് സംസാരിക്കുന്ന ആളിനേ പോലെയിരിക്കും. അങ്ങനെ യൂനിഫോർമിറ്റിയൊന്നും കാണണമെന്നില്ല. ചിലപ്പോ അതിലൊക്കെ നർമ്മം പോലും കടന്ന് വരും. ചിലത് നമ്മളെ പിടിച്ച് ഉലയ്ക്കും.
തകർക്കും. ക്ലിയറാക്കാൻ വ്യത്യസ്തമായ രണ്ട് സംഭവങ്ങൾ പറയാം.
സംഭവം :ഒന്ന്
=======
ഇത്തിരി കാലത്തിന് മുമ്പാണ്. ബ്ലോഗേട്ടന്റെ പാളി പോയ ലിപ് sync വിവാദ ഗാനമേളയൊക്കെ കഴിഞ്ഞ് ‘ലാലിസം’ എന്ന വാക്ക് “അറിയാൻ മേലാത്ത പണി എടുക്കാൻ പോയി ഫ്ലോപ്പാകുന്ന” മാതിരിയുള്ള അർത്ഥമൊക്കെ ഉള്ള സമയം.
ഏതാണ്ട് 35-40വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളേ പോസ്റ്റ്‌മോര്ട്ടം പരിശോധനയ്ക്ക് കൊണ്ട് വന്നു. തെങ്ങിൽ നിന്നും വീണതാണെന്നാണ് പറഞ്ഞിരുന്നത്. പ്രാഥമിക കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞിട്ട് ബോഡീടെ അടുത്തെത്തി ബാഹ്യപരിശോധനയിൽ ഒരു അപാകത തോന്നി. സാധാരണ തെങ്ങ് കയറുന്നവരുടെ ശരീരത്തിൽ ചില പ്രത്യേക പാറ്റേണുകളിൽ തഴമ്പുകൾ കാണാറുണ്ട്. അതൊന്നും ഇദ്ദേഹത്തിന്റെ ശരീരത്തിലില്ല. തെങ്ങ് കയറ്റക്കാരൻ തന്നെയാണോ, തെങ്ങിൽ നിന്നും വീണത് തന്നെയാണോ അതോ ഇനി കൊലപാതകമോ മറ്റോ മറച്ച് വച്ച് തെങ്ങീന്ന് വീണതാണെന്ന് ഒരു കഥയൊക്കെയുണ്ടാക്കി പറയുനാനതാണോ എന്നൊക്കെയുള്ള സംശയം മാറ്റിയിട്ട് പരിശോധന തുടങ്ങിയാൽ മതീന്ന് തീരുമാനിച്ചു.
തിരികെ മുറിയിൽ പോയിട്ട് ബോഡിബന്തവസ്സിന്റെ ചാർജ്ജുള്ള പോലീസ് ഉദ്യോഗസ്ഥനെയും പരേതന്റെ ബന്ധുവിനേയും ഒന്നൂടി വിളിപ്പിച്ചു. കാര്യങ്ങൾ ഒന്നൂടി വിശദമാക്കിച്ചു. അന്നേരമാണറിയുന്നത് ഇദ്ദേഹം തെങ്ങ് കയറ്റക്കാരനൊന്നുമല്ലെന്നും, ഒരു റിസോർട്ടിലെ സുരക്ഷാ ജീവനക്കാരനായിരുന്നുവെന്നും മനസ്സിലായി. റിസോർട്ട് മുറ്റത്ത് നിൽക്കുന്ന അത്ര പൊക്കമില്ലാത്തതും എന്നാൽ അത്ര ചെറുതല്ലാത്തതുമായ തെങ്ങുകളുടെ മണ്ടയുടെ തൊട്ട് താഴെയായിട്ട് പ്ളാസ്റ്റിക്കയറ് കൊണ്ട് ഒരു വല കെട്ടിയിരിക്കും. ഹോളിഡേയിങ്ങിനായിട്ട് വരുന്നവരുടെ തലയിലോട്ട് ലൂസായി അടർന്ന് തേങ്ങ വീണാൽ അവരുടെ പ്ലാനുകളൊക്കെ തകർന്ന് പോകുമല്ലോന്ന് വിചാരിച്ചൊരു കരുതലാണ് ഈ വലകൾ. വലയ്ക്കൊക്കെ മെയിന്റിനൻ്സ് ജോലി സാധാരണ തെങ്ങ് കയറ്റക്കാരാണ് ചെയ്യുന്നതെങ്കിലും അന്ന് ഒരു തെങ്ങിനായിട്ട് ഒരാളെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാവണം ഉള്ളയാളെ വച്ച് കാര്യം സാധിക്കാൻ ഹോട്ടലുകാർ നോക്കിയതെന്ന് തോന്നുന്നു. അതോ ഇനി ഇദ്ദേഹം എക്സ്ട്രാ വരുമാനമായിക്കോട്ടേന്ന് കരുതി അങ്ങോട്ട് സ്വമനസ്സാലെ സന്നദ്ധതയറിച്ചതാണോന്നും അറീല്ല… എന്തായാലും അറിയാത്ത പണിക്ക് വലിഞ്ഞ് കയറി. മുകളീന്ന് പിടിവിട്ട് താഴെ വീണ് മരിക്കുകയും ചെയ്തു.
ബന്ധു പോയി കഴിഞ്ഞപ്പോ ഞാൻ പോലീസിനോട് പറഞ്ഞു..
“അപ്പോ ഒരു മാതിരി ലാലിസം പോലോയി പോയി…ല്ലേ? “
സർവ്വ ഗൗരവത്തോടെയും “അതെ സർ, ലാലിസമായിപ്പോയി” എന്ന് പറഞ്ഞ് ഒരു സല്യൂട്ടും തന്നിട്ട് അദ്ദേഹവും ഇറങ്ങി.
സംഭവം : 2
=========
ഈയടുത്താണ്.
ഇത് പക്ഷെ പ്രോപ്പർ തെങ്ങ് കയറ്റ തൊഴിലാളി തന്നെ. ഏതാണ്ട് ഏഴെട്ടാൾ പൊക്കമുള്ള ഒരു തെങ്ങിന്മേലേന്ന് വീണതാണ്. കാര്യങ്ങൾ പറയാനുണ്ടായിരുന്നത് മരിച്ച മൂപ്പർടെ സുഹൃത്തും സഹായിയുമൊക്ക ആയുള്ളയാൾ.
സ്ഥിരം തെങ്ങ് കയറുന്നയാളല്ലേ പിന്നെ ഇന്ന് എന്താണ് പറ്റിയതെന്ന് ചോദിച്ചു.
പഴയ കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഏതാണ്ട് ഒരു വർഷം മുൻപ് ഒരു ഹാർട്ടറ്റാക്കൊക്കെ വന്നതാണെന്നും, അന്ന് ICUവിലൊക്കെ കിടന്നിരുന്നുവെന്നും അറിഞ്ഞു.
“ഹാർട്ട് അറ്റാക്കിന് ശേഷവും തെങ്ങ് കയറ്റം പോലെയുള്ള ഏറെ ആയാസപ്പെട്ട ജോലിയോക്കെ….” ഞാൻ ചോദിച്ചു.
‘അത് സാറേ…ചേട്ടന് രണ്ട് പെൺമക്കളാണ്… ഞങ്ങളേ പോലെയുള്ളവർക്ക് വേറേ വഴിയില്ലല്ലോ…ജോലി ചെയ്തില്ലേൽ പിന്നെ എങ്ങനാ കാര്യങ്ങളൊക്കെ….
വീഴ്ച്ചയുടെ ആഘാതം അറിയാനായി എത്ര ഉയരത്തീന്നാണ് വീണത്, എന്ത് തരം പ്രതലത്തിലോക്കാണ് വീണത്, വീണതിന് ശേഷം ബോധം ഉണ്ടായിരുന്നുവോ, കൈകാലുകൾ അനക്കിയോ എന്നൊക്കെ ചോദിച്ചാൽ നമുക്ക് പോസ്റ്റ്‌മോര്ട്ടം പരിശോധന തുടങ്ങുന്നതിന് മുമ്പ് തന്നെ മരണകാരണത്തേപ്പറ്റിയും പരിക്ക് ഏത് അവയവത്തേയായിരിക്കും ബാധിച്ചിട്ടുണ്ടാവുക എന്നൊക്കെ മനസ്സിലാക്കാൻ പറ്റും. ഈ അറിവുകൾ വച്ച് പോസ്റ്റ്‌മോര്ട്ടം പരിശോധനയേ കൂടുതൽ കൃത്യവും ഇഫക്ടീവുമാക്കാനും സഹായിക്കും. അത് കൊണ്ടാണ് ഈ ഇന്റര്വ്യൂ നടത്തുന്നത്.
‘ഏതാണ്ട് മുപ്പതടി പൊക്കമുള്ള തെങ്ങയിരുന്നു സാറെ.പാതി വഴി കേറിക്കാണും… അവിടെ അനങ്ങാതെ തെങ്ങിൽ ചുറ്റും പിടിച്ചിട്ട് മേലേക്ക് നോക്കിയിട്ട് പിന്നെ താഴേക്കും നോക്കി…..കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ഞാനന്നേരം പറഞ്ഞു ചേട്ടാ വയ്യാങ്കി ഇങ്ങ് പോരേ ന്ന്… ഒന്നും മിണ്ടിയില്ല.ഒരിക്കൽ കൂടി തെങ്ങിന്റെ മുകളിലേക്ക് നോക്കി.. കരയുവായിരുന്നു… കണ്ണീര് ഒഴുകുന്നുണ്ടായിരുന്നു…പിന്നെ താഴേക്ക് എന്നേയും ഒന്ന് നോക്കി… എന്നിട്ട് കൈകളയഞ്ഞ് താഴേക്ക് വീഴുകയായിരുന്നു….’
“….. ….”
‘വീണതിന് ശേഷം ഒന്നും മിണ്ടിയിട്ടില്ല… കണ്ണ് തുറന്നിരുന്നു…കരയുന്നുണ്ടായിരുന്നു… അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച സമയം ഡോക്ടർ നോക്കിയിട്ട് മരിച്ച് കഴിഞ്ഞെന്നു പറഞ്ഞു… ‘
==================================
സാധാരണ മൃതദേഹങ്ങൾ കുറേ നേരം കോൾഡ് ചേമ്പറിൽ ഇരുന്നതിന് ശേഷമായിരിക്കും പരിശോധനയ്ക്ക് വരിക. അന്നേരം പുറത്തെടുക്കുന്ന വയ്ക്കുന്ന തണുത്ത വിറങ്ങലിച്ച ബോഡികളിൽ അന്തരീക്ഷത്തിലെ ഈർപ്പം സാന്ദ്രീകരിച്ച് വെള്ളത്തുള്ളികളായി കാണും.
ഇദ്ദേഹത്തിന് അങ്ങനെയല്ലായിരുന്നു. മരിച്ചിട്ട് മൂന്നോ നാലോ മണിക്കൂറേ ആയിരുന്നൊള്ളു. കോൾഡ് ചേമ്പറിൽ വച്ചിരുന്നില്ല. ശരീരത്തീന്ന് ജീവന്റെ ചൂട് പൂർണ്ണമായും മാറിയിട്ടില്ലായിരുന്നു… മുഖത്തൊന്നും എവിടെയും വെള്ളത്തുള്ളികൾ കണ്ടെൻ്സ് ചെയ്തിരുന്നില്ല. പക്ഷെ രണ്ട് കണ്ണുകളുടേയും പുറംകോണുകളിൽ നിന്നും പുറത്തേക്കൊംഴുകിയ കണ്ണീർപാടുണ്ടായിരുന്നു.
പരിശോധന കഴിഞ്ഞ് ബോഡി കഴുകി തുടച്ച് ഉണക്കി കഴിഞ്ഞപ്പോ ഞാനദ്ദേഹത്തിന്റെ കാല്ക്കൽ പോയി നിന്നു. കാൽപ്പത്തികൾ ചേർത്ത് ഞാനെന്റെ കൈകൾ കൊണ്ട് ഇറുക്കി കൂട്ടി പിടിച്ചു… അറിയാതെ കണ്ണ് നിറഞ്ഞൊഴുകി പോയി.
ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം. വേഗം അവിടുന്ന് ഒഴിഞ്ഞ് പോയി മുഖം കഴുകി. ഏന്തോ വളിച്ച ഒരു തമാശയും പറഞ്ഞ് മോർച്ചറീന്ന് ഇറങ്ങി.
എനിക്കറിയില്ല. ചിലപ്പോ വയസ്സാവുന്നോണ്ടായിരിക്കും…അല്ലെങ്കിൽ ആവശ്യമില്ലാത്ത ഒരു തലത്തിലേക്ക് തൊഴിലിന്റെ ഭാഗമായി ഒരിക്കൽ ജീവിച്ചിരുന്നവരുമായി സംസാരിക്കാൻ പോകുന്നതിന്റെ വില കൊടുത്ത് തുടങ്ങുന്നുണ്ടായിരിക്കും…
ഐ ഡോന്റ് നോ…
മൈ ജോബ് മേ ഫൈനലി ബി ക്യാച്ചിങ്ങപ്പ് ഓൺ മീ…
Previous articleഇത് ഷബ്നസൈൻ, ഷബ്ന ആരാണെന്നോ?
Next articleമംഗലാപുരത്തെ ബോംബും മലയാള മാധ്യമങ്ങളും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.