മഹാ വിസ്മയ കാഴ്ചകൾ സമ്മാനിച്ച് ബ്രഹ്മാണ്ഡ ചിത്രം ‘അവതാർ 2’ ട്രെയിലർ എത്തി…
സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ജെയിംസ് കാമറൂണ് ബ്രഹ്മാണ്ഡ ചിത്രം ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ട്രെയിലർ റിലീസ് ചെയ്തു. നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയി അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂൺ ഇത്തവണയും പതിവു തെറ്റിക്കുന്നില്ലെന്ന് വ്യക്തം. ചിത്രം ഈ വർഷം ഡിസംബർ 16ന് തിയറ്ററുകളിലെത്തും.ആദ്യഭാഗത്തേത് പോലെ തന്നെ കടലിലേയും കരയിലേയും വ്യത്യസ്തമായ ജീവി വർഗങ്ങളെ ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നു.
മികച്ചൊരു ദൃശ്യാവിഷ്കാരമായിരിക്കും ‘അവതാർ 2’ ജനങ്ങൾക്ക് സമ്മാനിക്കുക എന്ന് ട്രെയിലർ പൂർണ ഉറപ്പ് നൽകുന്നുമുണ്ട്. 2009ൽ റിലീസ് ചെയ്ത് ബോക്സ് ഓഫിസ് ഹിറ്റ് ചിത്രം അവതാറിന്റെ തുടർച്ചയാണ് അവതാർ 2. സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.കടലിനടിയിലെ വിസ്മയ ലോകമാകും ഇത്തവണ കാമറൂൺ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക എന്ന സൂചനകൾ നേരത്തെ തന്നെ ലഭിച്ചിരുന്നു. ലൊക്കേഷനുകളിൽ നിന്നുള്ള സ്റ്റിൽസുകൾ ഈ സൂചനകൾ ഉറപ്പിക്കുകയും ചെയ്തിരുന്നു.
മെറ്റ്കയിന എന്ന പേരിലുള്ള പാറകളിൽ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നു. 2009 ലെ അവതാറിനു ശേഷം പാൻഡോറിലെ ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.