സിനിമാരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2 . എന്നാൽ അവതാർ 2 തങ്ങളുടെ കീഴിൽ വരുന്ന 400 തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കില്ല എന്നാണു തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ പറയുന്നത് . സിനിമ തിയേറ്ററുകളിൽ പ്രദര്ശിപ്പിക്കുന്നതിനു വിതരണക്കാർ കൂടുതൽ തുക ആവശ്യപ്പെടുന്നു എന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ഫിയോക് പറയുന്നു. ഡിസംബര്‍ 16 ന് ചിത്രം ലോകമെമ്പാടും റിലീസ് ആകാനിരിക്കെ ഈ തീരുമാനം കേരളത്തിലെ അവതാർ സിനിമയുടെ ആരാധകരെ കടുത്ത നിരാശയിൽ താഴ്ത്തും എന്നതിൽ സംശയമില്ല. ഇംഗ്ലീഷിന് പുറമെ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ കൂടിയാണ് ചിത്രം എത്തുക.
റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ തിയറ്റർ വിഹിതത്തിന്റെ അറുപത് ശതമാനമാണ് വിതരണക്കാര്‍ ചോദിക്കുന്നത്. എന്നാൽ 55 ശതമാനത്തിനു മുകളിൽ ഒരുതരത്തിലും വിഹിതം നൽകാനാകില്ലെന്നാണ് തിയറ്റർ ഉടമകളുടെ നിലപാട്.50-55 ശതമാനമാണ് സാധാരണഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്നും റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയറ്ററുകൾക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും അവതാർ 2 പ്രേക്ഷകർ കാണണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, വിട്ടുവീഴ്ചകൾക്ക് തയാറെന്നും ഫിയോക് അറിയിച്ചു.
ചിത്രം മൂന്നാഴ്ചയെങ്കിലും പ്രദർശിപ്പിക്കണം തുടങ്ങിയുള്ള വ്യവസ്ഥകളും കരാറിൽ ഉണ്ട് . ഏത് വമ്പൻ ചിത്രമാണെങ്കിലും തിയേറ്ററുകളെ ബുദ്ധിമുട്ടിച്ചുകൊണ്ട് വന്നാൽ പ്രദർശിപ്പിക്കില്ലെന്നാണ് തീയറ്ററുടമകളുടെ നിലപാട്. തമിഴ്നാട് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം കളക്ഷൻ വിഹിതമേ നൽകുന്നുള്ളൂ.