അവാർഡ് ദാനം

ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ അവാർഡിന്  ശ്രീ മോഹനചന്ദ്രൻ കീച്ചേരി അർഹനായി എന്ന് കേട്ടപ്പോൾ എല്ലാവരും ഒന്നിച്ചു ചോദിച്ചു,ആരാണ് ഈ മോഹനചന്ദ്രൻ?

മോഹനചന്ദ്രൻ ആരാണെന്ന് ആർക്കും അറിയില്ല എന്നതായിരുന്നു  രസകരമായ വസ്തുത.

പക്ഷേ മോഹനചന്ദ്രന്റെ  പെയിൻറിംഗ്  കണ്ടവർ കണ്ടവർ അത്ഭുതപ്പെട്ടു,എന്തൊരു ഉദാത്തമായ കലാസൃഷ്ടി,നിറങ്ങളുടെ സങ്കീർണമായ സമന്വയം .

എക്സിബിഷനുകളിൽ  പെയിൻറിങ്ങുകൾ പലതും വിറ്റുപോയത്   ലക്ഷക്കണക്കിനു രൂപയ്ക്കാണ്. മോ ഹനചന്ദ്രൻ അവാർഡിന് തികച്ചും അർഹൻ തന്നെയാണന്നുള്ള കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.പക്ഷെ ഇത്രയും കാലം എന്തുകൊണ്ട്  തികച്ചും തിരശീലക്കു പിറകിലിരുന്നു മഹാനായ ഈ കലാകാരൻ?

രണ്ടു വർഷം  മുൻപുവരെ ഒരു ചിത്ര പ്രദർശനം  പോയിട്ട് ഒരു പെയിൻറിംഗ്  എങ്കിലും ഈ മനുഷ്യൻ വരച്ചതായിട്ട് ആരും കേട്ടിട്ടുപോലുമില്ല.ഒരു വല്ലാത്ത ദുരൂഹത ,നിഗൂഢത മോഹനചന്ദ്രന് ചുറ്റും ഉള്ളതുപോലെ എല്ലാവർക്കും  തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.പത്രസമ്മേളനം ഇന്റർവ്യൂ തുടങ്ങിയവയിൽനിന്നും അയാൾ ഒഴിഞ്ഞി മാറുകയാണെന്ന് പൊതുവെ ഒരു കേട്ട് കേൾവിയുമുണ്ട്.

ശ്രീമാൻ മോഹനചന്ദ്രനുമായി  അഭിമുഖസംഭാഷണത്തിന് മീഡിയകൾ മത്സരിക്കുമ്പോൾ അതൊന്നും അയാൾ അറിഞ്ഞതായി ഭാവിച്ചതേയില്ല.

അപ്പോഴാണ് പരിശ്രമശാലികളായ ചില ടാബ്ലോയിഡുകാർ രസകരമായ ഒരു കാര്യം കണ്ടുപിടിച്ചത്, സ്ഥലത്തെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റാണ്  മോഹനചന്ദ്രൻ  എന്നത്.ചിത്ര രചനയും റിയൽ എസ്റ്റേറ്റ് ബിസ്സിന സും എങ്ങിനെ ഒന്നിച്ചുപോകും?

അവർ  ഓഫീസിലെത്തുമ്പോൾ  അയാൾ മനപൂർവ്വം അവരെ ഒഴിവാക്കുകയാണെന്ന് വ്യക്തമായും അവർ മനസിലാക്കുന്നുണ്ടായിരുന്നു.പക്ഷെ പ്രശസ്തനായ ഒരു ചിത്രകാരൻ എന്തിന് ഇങ്ങനെ ഒളിച്ചു കളിക്കണം?അയാൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം മനോഹരമായ ഒരു പുഞ്ചിരിയിൽ ഒതുക്കി.സമർത്ഥനും സുമുഖനും സംഭാഷണപ്രിയനുമായ ഒരു ചെറുപ്പക്കാരനാണ് മോഹനചന്ദ്രൻ.എന്തുകൊണ്ടോ മീഡിയയോട് മാത്രം ഒരു അകൽച്ച.?

ഓഫീസിലെ സ്റ്റാഫിനോട് അന്വേഷിച്ചാൽ കൃത്യമായ ഒരു മറുപടിയില്ല.

മോഹനചന്ദ്രൻറെ  കലാ പ്രവർത്തനങ്ങളെക്കുറിച്ചോ  പെയിൻറിംഗ് കളെക്കുറിച്ചോ  ഒന്നും പറയുവാൻ അവർ തയ്യാറായിരുന്നില്ല. എന്തിന് വീട് അഡ്രസ്സ് പോലും അറിയില്ല  എന്നായിരുന്നു ആദ്യ പ്രതികരണം.

അവസാനം  അഡ്രസ്സ് കൊടുത്തതിനുശേഷം ടെലഫോണിൽ അക്കാര്യം ആരെയോ വിളിച്ചു  പറയുന്നത് അവർ കേട്ടു.

“എത്രകാലമായിപെയിൻറിംഗ് ചെയ്യുന്നു?”

“അറിയില്ല ”

“സാർ കൂടെക്കൂടെ എക്സിബിഷൻ നടത്താറുണ്ടോ ?”

“അറിയില്ല ”

“എത്ര കാലമായി ഇവിടെ ജോലി ചെയ്യുന്നു   ? ”

“അഞ്ചുവർഷം”

” അഞ്ചുവർഷമായി ജോലി ചെയ്യുന്നവർക്ക് അവരുടെ ബോസ്സിനെപ്പറ്റി ഒന്നും അറിയില്ല?.”

ഉത്തരമില്ല.

 

വീട്ടിൽ ചെന്നപ്പോൾ  ഒരു വേലക്കാരൻ വന്നു പറഞ്ഞു,സാർ ഓഫീസിലേക്ക്  പോയി എന്ന് .അവർ  തിരിച്ചുപോകാൻ തുടങ്ങുമ്പോൾ വീടിനോട് ചേർന്നുള്ള  ഔട്ട് ഹൗസിൽനിന്ന് ഒരാൾ ഇറങ്ങി വരുന്നു. അന്യസംസ്ഥാന തൊഴിലാളിയാണെന്നു ഒറ്റനോട്ടത്തിലേ അറിയാം.ഏതാണ്ട് അമ്പതു   വയസ്സ് തോന്നിക്കും. .കൈകളിലും ദേഹത്തിന്റെ പലഭാഗങ്ങളിലും  വിവിധ  നിറങ്ങൾ  പറ്റിയിരിക്കുന്നു .

ഒരാൾ പറഞ്ഞു”,ബംഗാളിയാണെന്നു തോന്നുന്നു.” രണ്ടു വര്ഷം കൽക്കട്ടയിൽ ജോലി ചെയ്‌തിരുന്നതുകൊണ്ടു അയാൾക്ക്  അല്പസ്വല്പം ബംഗാളി അറിയാം.

ഔട്ട് ഹൗസിൽ നിന്നും ഇറങ്ങി വന്ന ആ മനുഷ്യൻ  അവരെ  ശ്രദ്ധിച്ചതേയില്ല.എങ്കിലും റിപ്പോർട്ടറിൽ ഒരാൾ അയാളോട് ചോദിച്ചു .

” എന്തു ചെയ്യുന്നു?”

അയാൾ ഒന്ന് സംശയിച്ചു. അയാളുടെ ദേഹത്ത് അവിടവിടെയായി വിവിധ  നിറത്തിലുള്ള നിറങ്ങൾ പറ്റിയിരിക്കുന്നത്കണ്ടു ഒരാൾ ചോദിച്ചു,”നിങ്ങൾക്ക് പെയിന്റിംഗ്  അറിയാമോ”.

“ഉം.”

“നിങ്ങൾ ചിത്രങ്ങൾ വരയ്ക്കാറുണ്ടോ ?”

“ഉം”

“വരച്ച ചിത്രങ്ങൾ എന്തുചെയ്യും?”

“സാർ പൈസ തന്നു വാങ്ങും”

അവസാനം  യാഥാർഥ്യം പുറത്താകുന്നു .

ബംഗാളിൽ നിന്നും രണ്ടു വർഷം മുൻപ് ടാപ്പിംഗ് തൊഴിലാളിയായി വന്നതാണ്.കൽക്കട്ടയിൽ തെരുവുകളിലും റോഡ് സൈഡിലും താൻ വരച്ച ചിത്രങ്ങൾ വിറ്റു ഉപജീവനം കഴിക്കുകയായിരുന്നു.അതുകൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ട്  ആയപ്പോൾ തൊഴിൽ തേടി ഇവിടെ എത്തി.സാറിന്റെ തോട്ടത്തിൽ ജോലിചെയ്യുകയായിരുന്നു.അവർ താമസിച്ചിരുന്ന കെട്ടിടതിന്റെ ഭിത്തിയിൽ  താൻ വരച്ച ചിത്രം മോഹനചന്ദ്രൻ കാണാനിടയായി.സത്യം പറഞ്ഞാൽ മോഹനചന്ദ്രൻ ഒരു നല്ല ആസ്വാദകനാണ്.അയാളുടെ കഴിവുകൾ മനസ്സിലാക്കിയ മോഹനചന്ദ്രൻ  തോട്ടത്തിലെ ജോലിയിൽ നിന്നും ഒഴിവാക്കി ..ഇപ്പോൾ പെയിന്റിംഗ് മാത്രം ചെയ്യുന്നു.

രഹസ്യങ്ങളുടെ ചുരുളുകൾ  അഴിയുന്നു.

അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ  ഒരു കാർ വന്നു നിന്നു.അതിൽ നിന്ന് സാക്ഷാൽ മോഹനചന്ദ്രൻ ഇറങ്ങി വന്നു.

“നിങ്ങളിവിടെ എന്ത് ചെയുന്നു”?.

“സാറുമായി ഒരു ഇന്റർവ്യൂ തരപ്പെടുമോ എന്ന് അറിയാൻ വന്നതാണ്.”.അയാൾക്ക് അവരുടെ വരവ് ഇഷ്ടപെട്ടില്ലന്നു വ്യക്തമാണ്.

“എനിക്ക് ഇന്റർവ്യൂ പോലെയുള്ള കാര്യങ്ങളിൽ  താല്പര്യമില്ല എന്ന് ഞാൻ എത്രയോ തവണ പറഞ്ഞിട്ടുള്ളതാണ്.നിങ്ങൾക്ക് തൽക്കാലം പോകാം..രണ്ടു ദിവസം കഴിഞ്ഞു ഞാൻ ഒരു പ്രസ്സ് കോൺഫെറെൻസ് നടത്തുന്നുണ്ട്.അപ്പോൾ കാണാം.” അയാളെന്തോ തയ്യാറെടുപ്പിലാണ് എന്ന്  തോന്നുന്നു.ഏതായാലും മോഹനചന്ദ്രനെ കുടുക്കാനുള്ള വക കിട്ടിക്കഴിഞ്ഞിരിക്കുന്നു.

മോഹനചന്ദ്രൻ ചിരിച്ചുകൊണ്ട് അവരെ യാത്രയാക്കി.

പ്രസ്സ് കോൺഫെറെൻസിന് നിശ്ചയിച്ചിരുന്ന ദിവസം വന്നെത്തി.എല്ലാപത്രങ്ങളിൽനിന്നും ചാനലുകളിൽനിന്നും  ഒരു വലിയ ജനക്കൂട്ടം പ്രസ്സ് ഹാളിൽ  തടിച്ചുകൂടിയിരിക്കുകയാണ്.എല്ലാം കൃത്യമായി ഓർഗനൈസ് ചെയ്ത് കൃത്യ സമയത്തിന് പ്രസ്സ്  കോൺഫെറെൻസ് ആരംഭിച്ചു..

മോഹനചന്ദ്രൻ പ്രസ്സിനെ  അഭിസംബോധന ചെയ്തിട്ട് തന്റെ ചിത്രരചനയെക്കുറിച്ചും അതിനു വേണ്ടി താൻ ചിലവഴിക്കുന്ന പണം സമയം എല്ലാം വിശദീകരിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യത്തെ ചോദ്യം”,സാർ ഒരു ബംഗാളിയെകൊണ്ട്  പടം വരപ്പിക്കുന്നതാണ് എന്ന് കേൾക്കുന്നു. അത് ശരിയാണോ?”

“അല്ല”സദസിനെ നോക്കി മനോഹരമായി മോഹനചന്ദ്രൻ പുഞ്ചിരിച്ചു..

“ഞങ്ങളുടെ ചില സഹപ്രവർത്തകർ നിങ്ങളുടെ ഔട്ട് ഹൗസിൽ  പടം വരയ്ക്കുന്ന ഒരു ബംഗാളിയെ കാണുകയുണ്ടായല്ലോ?”

” തികച്ചും തെറ്റായ ഒരു പ്രസ്താവനയാണ് ഇത്.എന്റെ വീടിന് നിങ്ങൾ പറയുന്നമാതിരി ഒരു ഔട്ട് ഹൗസ് തന്നെ ഇല്ല. ഒരു ബംഗാളിയെക്കൊണ്ട് ഞാൻ വരയ്ക്കാൻ പോകുന്ന ക്യാൻവാസിന്  ഫ്രെയിം ഉണ്ടാക്കിക്കാറുണ്ട്.അല്ലാതെ നിങ്ങൾ പറയുന്നതുപോലെ ഒരു ഔട്ട് ഹൌസ്  എന്റെ വീടിനോടു ചേർന്നില്ല .പിന്നെ ഔട്ട് ഹൗസിൽ വച്ച് പടം വരപ്പിക്കുന്നു എന്ന് പറയുന്നത് എത്ര  ബാലിശമാണ്?”.

റിപ്പോർട്ടർ പറഞ്ഞു,”ഞങ്ങൾ കണ്ടതാണ്”.

മോഹനചന്ദ്രൻ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.അത് അസാദ്ധ്യമാണ് .ശരി  നിങ്ങൾക്ക്  ഇപ്പോൾ തന്നെ വീട് സന്ദർശിക്കാൻ അവസരം ഉണ്ടാക്കി തരാം.അപ്പോൾ ഞാൻ പറഞ്ഞത് നിങ്ങൾക്ക് ബോദ്ധ്യപെടും ”

പുറത്തു പാർക്കുചെയ്തിരുന്ന രണ്ടു ലക്ഷ്വറി  ബസ്സിൽ  അവരെ മോഹനചന്ദ്രൻ തന്റെ  വീട്ടിലേക്കു കൊണ്ടുപോയി..

ബസ്സ് നിറുത്തി  പുറത്തിറങ്ങിയ പത്ര റിപ്പോർട്ടർമാർ അമ്പരന്നു.അവിടെ വീടിനോട് ചേർന്ന് ഉണ്ടായിരുന്ന  ഔട്ട് ഹൗസ്  തന്നെ കാണാനില്ല .അങ്ങിനെ ഒന്ന് ഉണ്ടായിരുന്നു  എന്നുള്ളതിന്റെ യാതൊരു ലക്ഷണവും ഇല്ല.

“.ഇനി നിങ്ങൾ പറയൂ,എവിടെയാണ് നിങ്ങളിൽ ചിലർ പറയുന്നതുപോലെ ഒരു ഔട്ട് ഹൗസ്?അവിടെവച്ചു പെയിന്റിംഗ് നടത്തുന്നു എന്ന് പറയുന്നതിലെ വാസ്തവം എന്താണ്?”

അപ്പോൾ അവിടേക്കു ഒരു അന്യ സംസ്ഥാന തൊഴിലാളി വന്നു.

“ഇതാണ് എന്റെ ജോലിക്കാരൻ.നിങ്ങൾ ക്കു ചോദിച്ചു നോക്കാം ഇയാൾ പടം വരക്കുമോ എന്ന്”.

“ഞങ്ങൾ കണ്ടത് ഇയാളെ അല്ല.”

” വെറുതെ വിഡ്ഢിത്തം പറയാതിരിക്കൂ.എന്റെ അടുത്ത് ഈ ഒറ്റ ആൾ മാത്രമേയുള്ളു  അന്യ സംസ്ഥാന തൊഴിലാളി ആയിട്ട് “.അയാൾ ഒന്ന് നിറുത്തിയിട്ട് വീണ്ടും തുടർന്നു.

“എനിക്ക് അല്പം ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്.ഇത്തരത്തിൽ നുണ പറയുന്നവരെ എന്റെ വീട്ടിൽ സ്വീകരിക്കരുതായിരുന്നു.”

റിപോർട്ടർമാർ  പരസ്പരം നോക്കി,ഇതെന്ത് മറിമായം?

“എന്നെ മനപൂർവ്വം കരി തേച്ചുകാണിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് ഉണ്ടാകുന്നത്?”.അയാൾ ഗത്‌ഗതകണ്ഠനായി പറഞ്ഞു.

മോഷ്ടിക്കുവാൻ മാത്രമല്ല മോഹനചന്ദ്രന് അറിയാവുന്നത് എന്ന് അവർക്കു മനസിലായിക്കാണുമോ ?ആർക്കറിയാം?