Vishnu B Vzkl
Ayali (2023)
“സ്ത്രീകൾക്ക് ശരീരമാണോ ലോകം ? അതിനുമപ്പുറമുള്ളതിനേക്കുറിച്ചു ചിന്തിക്കാൻ അവകാശമില്ലേ?”
പുതുക്കോട്ടയിലെ വീരപ്പന്നൈ എന്ന ഗ്രാമത്തിൽ തോണ്ണൂറുകളിലാണ് കഥ നടക്കുന്നത്. ആ ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്. പെൺകുട്ടികൾ വയസ്സറിയിച്ചു കഴിയുമ്പോൾ വിവാഹം നടത്തും. ഒരു പെൺകുട്ടിയും ആ ഗ്രാമത്തിൽ പത്താം ക്ലാസിനു മുകളിൽ പഠിച്ചിട്ടില്ല. ഒരാണും പത്തിലെ പരീക്ഷ എഴുതിയിട്ടില്ല. ഒന്നും അറിയാത്ത പ്രായത്തിൽ കയ്യിൽ രണ്ടും മൂന്നും കുഞ്ഞുങ്ങളുമായി ആ ഗ്രാമത്തിലെ സ്ത്രീകൾ കഴിയുന്നു. ആണുങ്ങൾ പെണ്ണുങ്ങളെ അടക്കി നിർത്തുന്നവർ. പെണ്ണുങ്ങൾ പെണ്ണുങ്ങളെ ചട്ടം പഠിപ്പിക്കുന്നവർ. പക്ഷെ തമിഴ് സെൽവി മറ്റുള്ളവരെ പോലെ സാധാരണ പെൺകുട്ടി ആയിരുന്നില്ല. പഠിക്കണം ഡോക്ടറാകണം എന്നവൾ ആഗ്രഹിക്കുന്നു. വയസ്സറിയിച്ചാൽ തന്റെ ആഗ്രഹം നടക്കില്ലെന്ന് അവൾക്കറിയാം. കൂടെയുള്ള കൂട്ടുകാരികളിൽ പലരും ആ വിധിയ്ക്ക് കീഴ്പ്പെട്ടു. പക്ഷെ എന്തു വന്നാലും തന്റെ ആഗ്രഹം നടത്തുമെന്ന് അവൾ നിശ്ചയിച്ചു.
അങ്ങനെ തന്റെ ഗ്രാമത്തിലെ ദുരാചാരത്തിനെതിരെ അവൾ നിശബ്ദമായ ഒരു പോരാട്ടം നടത്തുകയാണ്. ബാക്കി നിങ്ങൾ കണ്ടറിയുക. പഴയ കാലത്ത് നടക്കുന്ന കഥയാണെങ്കിലും ഇന്നും നമുക്ക് കാണാൻ സാധിക്കുന്ന ജീവിതങ്ങളാണ് ഈ സീരീസിലുള്ളത്. ഇത് കാണുമ്പോൾ ഉറപ്പായും നിങ്ങളുടെ കണ്ണുകൾ നിറയും. ചിലരുടെ നെറ്റി ചുളിയും. ചിലർ വല്ലാതെ അസ്വസ്ഥരാകും. ഈ സീരീസ് നിങ്ങൾ കുടുംബത്തോടൊപ്പം ഇരുന്നു കാണുക എന്നൊരു ചെറിയ അഭ്യർത്ഥന കൂടിയുണ്ട്. വാദന്തി , വിലങ്ക് , സുഴൽ , ഇരു ദുരുവം തുടങ്ങിയ മികച്ച തമിഴ് സീരിസുകളിലേക്ക് ഒരെണ്ണം കൂടി.