30 ഒക്ടോബർ 2000.മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം

  78

  30 ഒക്ടോബർ 2000.മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം. അതായത് ആ ദിവസത്തിലാണ് “ഭൂമിയിലെ എല്ലാ മനുഷ്യരും അവസാനമായി ഭൂമിയിലുണ്ടായിരുന്നത്” !പിറ്റേന്ന് മുതൽ എന്നും Low Earth Orbit (LEO) ൽ കുറഞ്ഞത് രണ്ട് ഹോമോസാപ്പിയൻസ് എന്നുമുണ്ട്. അതെ നമ്മളെ കാക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയ (International Space Station- ISS)ത്തിൽ തുടർച്ചയായി മനുഷ്യർ വസിക്കുന്നു. മനുഷ്യകുലത്തിന് ഏറ്റവും അഭിമാനകരമായ കാര്യമാണ് ISS ഉം, അതിലെ നിവാസികളും,അതിൽ നടക്കുന്ന ഉപകാരപ്രദമായ പരീക്ഷണ- നിരീക്ഷണങ്ങളും.

  മൈക്രോഗ്രാവിറ്റിയുടെ ആ ലോകത്ത്, ബഹിരാകാശത്തിന്റെ വാക്വത്തിൽ നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തിൽ ജീവിക്കുക എന്നത് മനുഷ്യശരീരത്തിൽ ആഗാധമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. അതുകൊണ്ട് കൂടുതൽ ബഹിരാകാശയാത്രികരും ഭൂമിക്കു 400 കിലോമീറ്റർ മുകളിൽ, അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ആറ് മാസത്തോളമാണ് ചിലവിടാറുള്ളത്.
  മൈക്രോഗ്രാവിറ്റിയിലുള്ള ആറുമാസത്തെ താമസമെന്നത് മനുഷ്യശരീരത്തെ തികച്ചും ശല്യപെടുത്തുന്ന ഒന്നായാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒരു ആറുമാസം ISS ൽ ജീവിച്ചാൽ ഒരു മനുഷ്യന് ഉണ്ടാകുന്ന ഏതാനം ബുദ്ധിമുട്ടുകളെക്കുറിച്ച് നമുക്ക് ഇനി നോക്കാം.

  ◾️ഒരു ബഹിരാകാശയാത്രികൻ ബഹിരാകാശത്ത് മൂന്ന് ശതമാനം ഉയരം വെക്കുന്നു. അതായത് ആറടി ഉയരമുള്ള ഒരു യാത്രികൻ രണ്ടിഞ്ച് കൂടുതലായി വളരുന്നു. കാരണം മർദ്ദത്തിലിരിക്കുന്ന ഒരു സ്പ്രിംങ്ങ് പോലെ നട്ടെല്ലിനു വികസിക്കാനും ചുരുങ്ങാനും സ്വാതന്ത്ര്യം ലഭിക്കുന്നത്തുകൊണ്ടാണ്. മൈക്രോഗ്രാവിറ്റി നട്ടെലിനെ ചതയാൻ അനുവദിക്കുന്നത്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

  ◾️പേശികൾ ജെല്ലിയാകുന്നു. ഭാരമില്ലാത്ത അന്തരീക്ഷത്തിൽ നിങ്ങൾക്ക് പേശികളുടെ സഹായം ആവശ്യമില്ല. അതുകൊണ്ടു ബഹിരാകാശയാത്രികരുടെ പേശികൾ പെട്ടന്ന് ചുരുങ്ങാനും, പേശികളിലെ ആവശ്യമില്ലാത്ത അധിക കോശങ്ങളെ പൊഴിക്കാനും തുടങ്ങുന്നു.

  അതുകൊണ്ടാണ് വ്യായാമം ബഹിരാകാശനിലയത്തിൽ നിർണായകമാകുന്നത്. ഭൂമിയിലേക്ക് തിരികെ വരുന്നതിനും, ശേഷവും പേശികളെ കുറ്റമറ്റതാക്കി നിറുത്തുവാൻ വ്യായാമം അത്യാവശ്യമാണ്.
  ഒരു ദിവസത്തിന്റെ രണ്ടുമണിക്കൂർ വ്യായാമത്തിനു വേണ്ടിയാണ് മാറ്റിവെക്കപ്പെടുന്നത്. ഗുരുത്വകർഷണത്തിന്റെ അഭാവത്തിൽ ഭാരമെന്നത് ഇല്ലാത്തതിനാൽ പ്രത്യേക റെസിസ്റ്റൻസ് യന്ത്രത്തിന്റെ സഹായത്തോടെയാണ് ഭാരമുയർത്തുന്ന വ്യായാമങ്ങൾ ബഹിരാകാശയാത്രികർ ചെയ്യുന്നത്.

  ◾️മുഖം വീർക്കുന്നു. ശരീരമെന്നത് കൂടുതലും ദ്രാവകമുൾക്കൊള്ളുന്നതാണ്. ആ ദ്രാവകത്തെ ഭൂഗുരുത്വം താഴേയ്ക്ക് വലിക്കുന്നതുകൊണ്ട് ശരീരത്തിന്റെ താഴ്ഭാഗങ്ങളിൽ അവ കൂടിനിൽക്കുന്നു.
  ഗുരുത്വമില്ലായ്മയിൽ ആ ദ്രാവകം കൂടുതൽ ഭാഗങ്ങളിലേക്ക് ഒരുപോലെ പടരുന്നു. അതുകൊണ്ടാണ് ബഹിരാകാശ യാത്രികരുടെ മുഖം അസാധാരണമായി വീർക്കുകയും കാലുകൾ കൂടുതൽ മെലിയുകയും ചെയ്യുന്നത്.
  ആഴ്ചകൾക്ക് ശേഷമാണ് ഗുരുത്വവ്യത്യാസത്തിനോട് പൊരുത്തപെടുന്നതും വീർപ്പം കുറയുകയും ചെയ്യുന്നത്.

  ◾️എല്ലുകളുടെ സാന്ദ്രത കുറയുന്നു. കൃത്യമായും വ്യായാമം ചെയ്യാതിരുന്നാൽ, നിലയത്തിൽ അവർ ചിലവഴിക്കുന്ന ഓരോ മാസത്തിലും അവരുടെ എല്ലുകളുടെ സാന്ദ്രത ഒരു ശതമാനം വീതം കുറയപെടാം.
  ഇങ്ങനെ വന്നാൽ ഓസ്റ്റീയോപൊറോസിസ് (Osteoporosis) രോഗികളുടേതുപോലെ, ഭൂമിയിലേക്കു മടങ്ങുന്ന സമയത്ത് അവരുടെ എല്ലുകൾ ഒടിഞ്ഞുപോകാനിടയുണ്ട്.
  ഈ പ്രതിഭാസത്തിന്റെ അളവ്കുറയ്ക്കാൻ വ്യായമവും ശരിയായ പോഷകങ്ങളും അത്യാവശ്യമാണ്.

  ◾️കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ 108 ദിവസത്തോളം ചിലവഴിച്ചയാളുകളുടെ കണ്ണുകൾ 2013 ൽ പഠനത്തിന് വിധേയമാക്കുകയുണ്ടായി. ബഹിരാകാശത്തു നിന്നും മടങ്ങിയെത്തിയ അവരിൽ പലരുടെയും കണ്ണുകളിൽ നാസയിലെ ഗവേഷകർ അസാധാരണതകൾ കണ്ടെത്തി. MRI സ്കാനിങ്ങിൽ, ഇവരിൽ ഒൻപതുപേരുടെ ഒപ്റ്റിക് നാഡിയിൽ തടിപ്പും ആറുപേരുടെ നേതൃഗോളത്തിന്റെ പിന്നിൽ പരന്നതായും കാണപ്പെട്ടു.
  ആശങ്കയ്ക്ക് കാരണമെങ്കിലും ഇവരിലാർക്കും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഇതിൽ നാസ ഇപ്പോഴും തുടർപഠനങ്ങൾ നടത്തിവരുന്നു.

  ◾️പ്രതിരോധശേഷിയെ കുഴപ്പത്തിലാക്കുന്നു. 2014 ലെ ഒരു പഠനപ്രകാരം, ബഹിരാകാശത്ത് ജീവിക്കുമ്പോൾ പ്രതിരോധശേഷിയ്ക്ക് തളർച്ച സംഭവിക്കുന്നു.റേഡിയേഷൻ, സൂഷ്മാണുക്കൾ, സമ്മർദ്ദം, മൈക്രോഗ്രാവിറ്റി, മാറ്റം വന്ന ഉറക്കചക്രം, ഏകാന്തത തുടങ്ങിയ കാര്യങ്ങൾ ക്രൂ അംഗങ്ങളുടെ പ്രതിരോധ സംവിധാനത്തെ കാര്യമായി ബാധിക്കുന്നവയാണ്.

  ഈ അവസ്ഥ കൂടുതൽ കാലം നിലനിൽക്കുകയാണെങ്കിൽ അഗാധമായ ബഹിരാകാശ ഗവേഷണങ്ങളിൽ നിന്നും അണുബാധ,സൂഷ്മ വേദനം, സ്വയം-പ്രതിരോധത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ ബഹിരാകാശ പര്യവേഷകർക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
  ബഹിരാകാശത്ത് ഒരു വർഷം ചിലവിടാനുദ്ദേശിക്കുന്ന ഒരു യാത്രികൻ കൂടുതൽ രോഗിയാകും.ഇതുവരെ ഒരു യാത്രികരും ലക്ഷണമൊന്നും കാണിച്ചിട്ടില്ലെങ്കിലും യാത്രികരുടെ തെറ്റായ പ്രതിരോധസംവിധാനം മൂലം പഴയ, ഒളിഞ്ഞിരിക്കുന്ന ചിക്കൻപോക്സ് പോലുള്ള വൈറസുകൾ വീണ്ടും വരാൻ സാധ്യതയുണ്ട്.

  ബഹിരാകാശത്ത് ജീവിക്കുന്നവരുടെ ഏതാനം പ്രതിരോധ കോശങ്ങൾ ശേഖരിച്ചവ തളർച്ചക്ക് പകരം അമിത അക്രമണത്മകതയാണ് പ്രകടിപ്പിച്ചത്. ബഹിരാകാശ യാത്രികർക്ക് തിണർപ്പുകളും മറ്റ് അലർജികളും ഉണ്ടാകാൻ കാരണം ഈ കോശങ്ങളുടെ പ്രവർത്തനമായാണ് കരുതുന്നുന്നത്.

  ◾️ഉറക്കചക്രത്തിന്റെ താളം തെറ്റിക്കുന്നു.എല്ലാ രാത്രികളിലും ബഹിരാകാശയാത്രികർ സ്ലീപ്പിങ് ബാഗുകളിലാണ് ഉറങ്ങുന്നത് (ഇപ്പോൾ സ്ലീപ്പിങ് പോഡ് ).മൈക്രോഗ്രാവിറ്റിയിലെ ഈ ഉറക്കത്തിൽ അവരുടെ തല മുന്നോട്ട് തിരിയുകയും കൈകൾ ഉയർന്നുപോകുകയും ചെയ്യും.ഈ വിചിത്ര അവസ്ഥയോട് പൊരുത്തപെടാൻ അല്പം ബുദ്ധിമുട്ടാണ്.

  ബഹിരാകാശത്തു നല്ല ഉറക്കം ലഭിക്കുന്നതിൽ തടസ്സമായി നിൽക്കുന്ന പല കാര്യങ്ങളുമുണ്ട്.എപ്പോഴും കോസ്മിക് രശ്മികളുടെ ഭയങ്കര പ്രകാശത്തിൽ ISS വെട്ടിത്തിളങ്ങാറുണ്ട്. ഇപ്പോൾ ബഹിരാകാശയാത്രികർ സ്ലീപ്പിങ് പോഡ്കളിൽ ഉറങ്ങുന്നത്കൊണ്ട് ഈ പ്രകാശത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. എട്ടര മണിക്കൂർ ഉറക്കമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും കൂടുതൽയാത്രികരും ആറുമണിക്കൂറൊക്കെയേ ഉറങ്ങാറുള്ളു.

  ◾️ശാരീരിക ഏകോപനത്തെ തകിടംമറിക്കുന്നു. ആറ് മാസം മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനു ശേഷം ഭൂമിയിലേക്ക് മടങ്ങുകയെന്നത് കഠിനയത്നമാണ്. മുകളും താഴവും തിരിച്ചറിയുന്നതിനുള്ള ബഹിരാകാശയാത്രികരുടെ നിശ്ചയം നഷ്ട്ടമായിരിക്കും. ഭാരരഹിതമായ അവസ്ഥയിൽ മച്ച് എവിടെയെന്നോ തറ എവിടെയെന്നോ വെസ്റ്റിബിയുളാർ സംവിധാനത്തിന് അറിയാൻ സാധിക്കില്ല. ബഹിരാകാശത്തു നിന്ന് മടങ്ങിവന്നവരെ എടുത്തുകൊണ്ടും, താങ്ങിയുമൊക്കെ നടക്കുന്നതും മടക്കത്തിനു പിന്നാലെയുള്ള പത്രസമ്മേളനത്തിൽ യാത്രികർ വീഴുന്നതുമൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.

  ◾️ഇന്ദ്രിയ വ്യവസ്ഥയെ തകിടം മറിക്കുന്നു. ബഹിരാകാശത്തെ മർദ്ദവ്യത്യാസം ശരീരത്തിലെ ദ്രാവകങ്ങളുടെ നിലയിൽ കാര്യമായ മാറ്റംവരുത്തുന്നു. ഇതേ കാരണത്തലാണ് മുഖം വീർക്കുന്നതെന്നു നേരത്തെ പറഞ്ഞിട്ടുണ്ട്.
  ഒരു മൂക്കടപ്പ് മൂലം ആദ്യം ഗന്ധവേദനവും പിന്നീട് രുചിവേദനവും മന്ദതയിലാകുന്നു.
  രുചിയെന്നത് മൈക്രോഗ്രാവിറ്റിയിൽ വിരസമാണെന്ന് പല ബഹിരാകാശസഞ്ചാരികളും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ എരിവും മറ്റ് രുചികളുമാണ് അവർ താല്പര്യപെടുന്നത്.

  ◾️ മനസിനെ ബാധിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രികർ അവർക്ക് സുപരിചിതമായ എല്ലാത്തിൽ നിന്നും അകലെയും, തോന്നുമ്പോൾ തിരികെ വരാൻ സാധിക്കാത്തയിടത്തുമാണ്.
  ബഹിരാകാശയാത്രികർ അവരുടെ പരിശീലനത്തിന് മുൻപേ കർശനമായ മാനസിക പരിശോധനയ്ക്ക് വിധേയമാകാറുണ്ട്. എങ്കിലും ഏകാന്തതയുടെയും തടവിന്റെയുംപോലുള്ള വികാരങ്ങൾ അതിനോടൊപ്പമുള്ള
  ഉറക്കത്തിന്റെ അഭാവം, ഗുരുത്വബലമില്ലായ്മ, മങ്ങിയ ഇന്ദ്രീയപ്രവർത്തനം ഇതൊക്കെ ചേർന്നുള്ള ബുദ്ധിമുട്ട് ആലോചിച്ചുനോക്കുക, അതാണ്‌ ദീർഘമായ പര്യവേക്ഷണത്തിന്റെ ഒരു ഫലം.
  പല യാത്രികരും അവരുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രവർത്തിയായി വിവരിച്ചത് ബഹിരാകാശയാത്രയെയാണ്.

  ◾️പോഷകമെന്ന വെല്ലുവിളി. ശരിയായ പോഷകം ലഭിക്കാതിരിക്കുകയെന്നതാണ് മേല്പറഞ്ഞ എല്ലാത്തിനെയും കൂടുതൽ വഷളാക്കുന്നത്.
  സൂര്യപ്രകാശം ലഭിക്കാതിരിക്കുന്നത് മൂലം വിറ്റാമിൻ-ഡി യുടെ കുറവുണ്ടാകുന്നു.
  കൃത്യമായി പറഞ്ഞാൽ ഓക്സിടേറ്റീവ് സ്‌ട്രെസ് ബഹിരാകാശത്ത് കൂടുതലായതിനാൽ ഒരുപാട് ആന്റി-ഓക്സിഡന്റുകളുടെ ആവശ്യമുണ്ട്. ബഹിരാകാശയാത്ര മൂലം ഇരുമ്പ് ഉപാപചയത്തിലും മാറ്റം ഉണ്ടാകുന്നു.
  അരുണ രക്താണുക്കളുടെ മാസ്സ് കുറയുന്നത് മൂലം ബഹിരാകാശയാത്രികരിൽ ഉയർന്ന ഇരുമ്പംശം ഉണ്ടാകുന്നു.
  യാത്രികർ എല്ലാ ആഴ്ചയും അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിരീക്ഷിക്കാറുണ്ട്. ഇതിലൂടെ അവർക്ക് കൃത്യമായ പോഷണം ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
  ഭൂമിയിൽ തിരിച്ചെത്തി കുറച്ച് മാസങ്ങൾക്കു ശേഷം അവരുടെ ശരീരത്തിലെ ഇരുമ്പിന്റെയളവ് സാധാരണ നിലയിലേക്കെത്തുന്നു.

  ◾️അപകടകാരിയായ കോസ്മിക് രശ്മികളുമായുള്ള സമ്പർക്കം. കോസ്മിക് രശ്മിയുടെ ഒരു ഡോസ് ഡി.എൻ.എ യെ വരെ കീറിമുറിക്കാൻ കഴിവുള്ളതാണ്. ആ കേടുപാടുകൾ മൂലം അർബുദം, തിമിരം, അല്ലെങ്കിൽ മറ്റസുഖങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
  ഭൂമിയുടെ അന്തരീക്ഷമാണ് 99% കോസ്മിക് രശ്മികളിൽ നിന്നും നമ്മൾക്ക് സംരക്ഷണം നൽക്കുന്നത്. ബഹിരാകാശയാത്രികർക്ക് ഈ സംരക്ഷണം ലഭ്യമല്ല. European Space Agency (ESA) പറയുന്നത് റേഡിയേഷന്റെ തോത് മുപ്പത്തിന്റെ ഒരു ഘടകംവെച്ച് കൂടുന്നുവെന്നാണ്.

  ISS ലായിരിക്കുമ്പോൾ ബഹിരാകാശയാത്രികർ വിധേയമാകുന്ന റേഡിയേഷന്റെ അളവ് മനസിലാക്കാൻ അവർ ഡോസിമീറ്റർ ധരിക്കുന്നു. ബഹിരാകാശയാത്രികരുടെ കരിയർ നിശ്ചയിക്കുന്നത് അവർ സമ്പർക്കത്തിലാകുന്ന റേഡിയേഷന്റെ അളവനുസരിച്ചാണ്.