നമ്മുടെ വില, അത് ഉചിതമായ സ്ഥലത്തുനിന്നേ മനസിലാകൂ

0
226

Ayisha Kuttippuram

ഒരു സുഹ്യത്തിന്റെ വാക്കുകൾ ഇങ്ങനെ…

മകൻ കോളേജ് പാസ്സ് ആയി കഴിഞ്ഞപ്പോൾ പിതാവ് തന്റെ മകന് ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു. തന്റെ പഴയ കാർ ആയിരുന്നു സമ്മാനം. മകന് പൊടി പിടിച്ചു കിടക്കുന്ന കാർ കണ്ടപ്പോൾ ഒരു അസന്തുഷ്ടി തോന്നി.

പിതാവ് മകനോട് പറഞ്ഞു… നീ ഈ കാർ ആദ്യം ഒരു ഉപയോഗിച്ച കാർ വിൽക്കുന്ന കടയിൽ പോയി വില ചോദിക്കണം. അടുത്തത് ഇരുമ്പ് വിലയ്ക്കെടുക്കുന്ന ആളിന്റെ കടയിൽ പോയി വില ചോദിക്കണം. മൂന്നാമതായി കാറുകൾ ഇഷ്ടപ്പെടുന്ന ആളുകളുടെ അടുത്തു വില ചോദിക്കണം. എന്നിട്ടു തിരിച്ചു വരുവാൻ പറഞ്ഞു.

മകൻ അപ്രകാരം തന്നെ ചെയ്തിട്ടു തിരിച്ചു വന്നു. എന്തായിരുന്നു വിലകൾ പറഞ്ഞതു എന്നു ചോദിച്ചപ്പോൾ മകൻ പറഞ്ഞു.. കാർ കടക്കാരൻ 50000 രൂപാ വില പറഞ്ഞു. കാരണം പഴയ കാർ ആണ്. ഇരുമ്പ് കച്ചവടക്കാരൻ പറഞ്ഞു കൂടി വന്നാൽ 10000 രൂപാ തരാം. എന്നാൽ കാർ പ്രേമികളുടെ വെബ്സൈറ്റിൽ ചോദിച്ചപ്പോൾ 10 ലക്ഷം രൂപാ വരെ ചിലർ വില പറഞ്ഞു, കാരണം നിസ്സാൻ സ്കൈലൈൻ R33 എന്ന കാർ ആണിത്, ഇതിപ്പോൾ കിട്ടുവാൻ പ്രയാസം ആണ് എന്നു.

അപ്പൻ മകനോട് പറഞ്ഞു… കോളേജ് കഴിഞ്ഞു ഉദ്യോഗം നോക്കുന്ന നീ ഈ പാഠം മനസ്സിലാക്കണം. ഒന്നു, നമ്മളുടെ വില നമ്മൾ അറിയണം. രണ്ടു, നമ്മളുടെ വില അറിയാത്തവരുടെ അടുത്തു നമ്മൾ സമയം പാഴാക്കരുത്. നമ്മളുടെ വില അറിയുന്നവർ നമ്മൾ ആരാണെന്നു തിരിച്ചറിഞ്ഞു നമ്മൾക്ക് വില നൽകും.