INFORMATION
സ്വർണ്ണഖനനം ഏല്പിക്കുന്ന പാരിസ്തികാഘാതത്തെ കുറിച്ച് അറിയുമോ ?
ഖനിക്കടുത്തുള്ള പുഴകളിലും ജലസ്രോതസ്സുകളിലും കാഡ്മിയം, ആര്‍സനിക്, ഈയം, മെര്‍ക്കുറി, സയനൈഡുകള്‍, ആസിഡുകള്‍ ഉള്‍പ്പെടെ ഏതാണ്ട് മൂന്നു ഡസന്‍ രാസവസ്തുക്കളാണ് സ്വര്‍ണ്ണഖനനത്തിന്റെ ഭാഗമായി
238 total views

സ്വര്‍ണ്ണ ഖനനം, ലോകത്തിൽ ഏറ്റവും കൂടുതൽ പരിസ്ഥിതി ആഘാതമുണ്ടാകുന്ന വ്യവസായങ്ങളില്‍ ഒന്ന് !
ഖനിക്കടുത്തുള്ള പുഴകളിലും ജലസ്രോതസ്സുകളിലും കാഡ്മിയം, ആര്‍സനിക്, ഈയം, മെര്‍ക്കുറി, സയനൈഡുകള്‍, ആസിഡുകള്‍ ഉള്‍പ്പെടെ ഏതാണ്ട് മൂന്നു ഡസന്‍ രാസവസ്തുക്കളാണ് സ്വര്‍ണ്ണഖനനത്തിന്റെ ഭാഗമായി ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. കാഡ്മിയം കരള്‍രോഗവും ആര്‍സനിക് കാന്‍സറും ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. ഖനനകമ്പനികള്‍ അടുത്തുള്ള പുഴകളിലേക്കും തടാകങ്ങളിലേക്കും കടലിലേക്കും വര്‍ഷംതോറും ഏതാണ്ട് 18 കോടി ടണ്‍ മാലിന്യങ്ങളാണ് തള്ളുന്നത്.
സ്വര്ണ്ണഖനനത്തിനുശേഷം പുറംതള്ളുന്ന മാലിന്യങ്ങളേക്കാള്‍ ഗൌരവമുള്ളത് ആണവമാലിന്യങ്ങള്‍ മാത്രമാണ്. കൂടാതെ വലിയതോതില്‍ ഊര്‍ജ്ജവിനിയോഗവും സ്വര്‍ണ്ണഖനനത്തിന് ആവശ്യമാണ്. ആഴമുള്ള ഖനികളില്‍ നിന്നും ലഭിക്കുന്നസ്വര്ണ്ണത്തിന്റെ ഒരു ഗ്രാം വേര്‍തിരിച്ചെടുക്കാന്‍ 25 കിലോവാട്ട്അവറോളം ഊര്‍ജ്ജം വേണ്ടതുണ്ട്. സ്വര്‍ണ്ണം വേര്‍തിരിക്കാന്‍ വലിയ മലപോലെ കൂട്ടിയ അയിരിനുമുകളില്ക്കൂടി സയനൈഡ് ദ്രാവകം തളിക്കുന്ന ഒരു രീതിപ്രമുഖമാണ്. ആ ലായനി ഒഴുകിവരുന്നത് ശേഖരിച്ച് വൈദ്യുതസംശ്ലേഷണത്തില്ക്കൂടി സ്വര്‍ണ്ണം വേര്‍തിരിക്കുന്നു. ചെലവുകുറഞ്ഞൊരുരീതിയാണ് ഇതെങ്കിലും അയിരിലെ 99.99 ശതമാനവും ബാക്കിയാവുന്നു. സ്വര്ണ്ണഖനികളുടെസമീപം കൊടുംവിഷങ്ങള്‍ അടങ്ങിയ ഇത്തരം മാലിന്യങ്ങള്‍ ഉപേക്ഷിച്ചവ 100 മീറ്ററോളം ഉയരമുള്ള മലകളായി മാറിയിട്ടുണ്ട്. അവ കാലാന്തരങ്ങളോളം താഴെയുള്ള ശുദ്ധജലസ്രോതസ്സുകള്‍ക്കും എല്ലാത്തരം ജീവനുകള്‍ക്കും കടുത്ത ഭീഷണിയായി നിലകൊള്ളുകയും ചെയ്യുന്നു.
2014 -ല്‍ ബ്രിട്ടീഷ് കൊളമ്പിയയുലെ സ്വര്ണ്ണംവേര്തിരിച്ചെടുത്തശേഷമുള്ള വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയ സംഭരണഡാം തകര്‍ന്ന് രണ്ടരക്കോടി ക്യുബിക്മീറ്റര് മാലിന്യങ്ങള്‍ ജലസ്രോതസ്സുകളിലേക്ക് എത്തുകവഴി മല്‍സ്യങ്ങളെ കൊന്നൊടുക്കുകയും പ്രദേശികടൂറിസത്തിനെ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ഇത്തരം സംഭരണകേന്ദ്രങ്ങള്‍ തകര്‍ന്നാല്‍ അതിനെ തടയാന്‍ പോലും കഴിയില്ല. രണ്ടായിരം വര്‍ഷം മുമ്പുള്ള റോമന്ഖനിയില്നിന്നുമുള്ള ചോര്‍ച്ച ഇന്നും ഇംഗ്ലണ്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
.തെക്കുകിഴക്കേഷ്യയിലെ ഏറ്റവും വലിയ സംരക്ഷിതവനമേഖലയായ ഇന്തോനേഷ്യയിലെ ലോറന്‍സ് നാഷണല്‍ പാര്‍ക്കിനുസമീപം പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഉടമസ്ഥതയിലുള്ള വലിയ സ്വര്‍ണ്ണഖനി ഓരോ ദിവസവും രണ്ടുലക്ഷം ടണ്‍ മാലിന്യങ്ങളാണ് പുഴയിലേക്കു തള്ളുന്നത്. ആര്‍സനിക്, കാഡ്മിയം, സെലീനിയം മുതലായ കൊടും വിഷങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ പുഴയിലെ ജലത്തില്‍ ജീവനുള്ളതൊന്നും അവശേഷിച്ചിട്ടില്ല. വലിപ്പം കാരണം ബഹിരാകാശത്തുനിന്നുപോലും കാണാവുന്ന ഈ ഖനിയുടെ വിസ്താരം വര്ധിച്ചുകൊണ്ടുതന്നെയിരിക്കുകയാണ്.
ഇനിയും 30 വര്‍ഷം കൂടി ആയുസ്സുള്ള ഈ ഖനി പ്രവര്ത്തിച്ചുകഴിയുമ്പോഴേക്കും ഉണ്ടാകാവുന്ന പരിസ്ഥിതി ആഘാതം ഭീമമായിരിക്കും. ഖനികളില്‍ നിന്നുമുണ്ടാവുന്ന താല്‍ക്കാലിക ലാഭങ്ങളേക്കാള്‍ എത്രയോ അധികമായിരിക്കും അവകൊണ്ടുള്ള ദീര്ഘകാലനഷ്ടമെന്നാണ് സമ്പത്തികവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഇതുകൂടാതെ തലമുറകളായി അത്തരം സ്ഥലങ്ങളില്‍ താമസിച്ചുവന്നിരുന്ന ആള്‍ക്കാരെ ആ സ്ഥലങ്ങളുടെ ഉടമസ്ഥര്‍ അല്ലെന്ന പേരില്‍ ഖനിയുണ്ടാക്കുന്ന ഇടങ്ങളില്‍ നിന്നും ബലംപിടിച്ചുപുറത്താക്കേണ്ടിവരുന്നതും സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നുണ്ട്. പെറുവിലെ ആമസോണ്‍ മഴക്കാടുകളിലെ സ്വര്‍ണ്ണഖനനം അവിടത്തെ കാടുകളെ പൂര്‍ണ്ണമായിത്തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണ്ണം ഖനനം തുടങ്ങിയശേഷം ഇവിടത്തെ വനത്തിന്റെ നാശം ആറുമടങ്ങായി വര്‍ദ്ധിച്ചിരിക്കുന്നു. അവിടുന്നു പുറംതള്ളുന്ന മെര്‍ക്കുറി അവിടത്തെ സസ്യങ്ങളെയും ചെടികളെയും മല്‍സ്യങ്ങളെയും ആള്‍ക്കാരെയും വലിയതോതില്‍ ബാധിച്ചിരിക്കുന്നു. 80 ശതമാനം ആള്‍ക്കാരിലും അപകടകരമായ അളവില്‍ മെര്‍ക്കുറി അടങ്ങിയിരിക്കുന്നുണ്ടത്രേ.
239 total views, 1 views today