18 വര്‍ഷം ആരുമില്ലാതെ ഒരു ദ്വീപില്‍ തനിച്ചു താമസിക്കേണ്ടിവന്ന സ്ത്രീ !

117

Ayisha Kuttippuram

18 വര്‍ഷം ആരുമില്ലാതെ ഒരു ദ്വീപില്‍ തനിച്ചു താമസിക്കേണ്ടിവന്ന സ്ത്രീ !

ഏകാന്തത പലർക്കും അസഹ്യമാണ്. പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ തന്നെ കഴിഞ്ഞ ഈ കുറച്ചു മാസങ്ങളിൽ നമ്മൾ ഓരോരുത്തരും അനുഭവിച്ച ഒറ്റപ്പെടൽ മടുപ്പിക്കുന്നതാണ്. എന്നാൽ, പൂർണ്ണമായും ഏകാന്തതയിൽ ജീവിച്ച ഒരു സ്ത്രീയുണ്ടായിരുന്നു മുൻപ്. അതും ഒരു ദ്വീപിൽ ഒന്ന് മിണ്ടാൻ പോലും ആരുമില്ലാതെ 18 വർഷം തനിച്ച് കഴിഞ്ഞു അവൾ. ലോസ് ഏഞ്ചൽസിന് പടിഞ്ഞാറ് 53 മൈൽ അകലെയുള്ള സാൻ നിക്കോളാസ് എന്ന വിദൂരദ്വീപിലാണ് അവൾ താമസിച്ചിരുന്നത്.

1853 -ലാണ് ആളുകൾ അവളെ കണ്ടെത്തുന്നത്. തിമിംഗലത്തിന്റെ എല്ലുകളും, മരച്ചില്ലകളും കൊണ്ട് നിർമ്മിച്ച കുടിലിനു മുന്നിലാണ് അവൾ നിന്നിരുന്നത്. ആളുകൾ അവളെ ‘വൈൽഡ് വുമൺ ‘ എന്നും ‘ലോസ്റ്റ് വുമൺ’ എന്നും ‘അവളുടെ വംശത്തിലെ അവസാനത്തെ ആളെന്നും’ പലതും വിളിച്ചു. കത്തോലിക്കാ പുരോഹിതന്മാർ അവളെ ജുവാന മരിയയെന്ന് സ്നാനപ്പെടുത്തി. അവളെ കുറിച്ചെഴുതിയ പുസ്തകത്തിൽ കഥാകാരി അവളെ കരന എന്ന് വിളിച്ചു. പലപല പേരുകളിൽ അറിയപ്പെട്ടിരുന്ന അവളുടെ യഥാർത്ഥ പേരെന്താണ് എന്നത് ഇന്നും പക്ഷേ വ്യക്തമല്ല. ജുവാന മരിയയുടെ ഗോത്രം, നിക്കോളാനോസ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1811 -ലോ 1814 -ലോ എന്നാണെന്ന് കൃത്യമായി അറിയില്ലെങ്കിലും, ജുവാന മരിയ ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ അവിടെ ഒരു വലിയ ദുരന്തം നടന്നു. റഷ്യൻ രോമക്കച്ചവടക്കാരും അലാസ്കൻ കടല്‍വേട്ടക്കാരും ഗോത്രത്തെ ആക്രമിച്ചു. അവർ പുരുഷന്മാരെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. 300 പേരുണ്ടായിരുന്ന സ്ഥാനത്ത്, ആക്രമണത്തെത്തുടർന്ന് ജനസംഖ്യ ഗണ്യമായി കുറഞ്ഞു. 1835 ആയപ്പോഴേക്കും ആളുകളുടെ എണ്ണം 20 ആയി. ആ വർഷം തന്നെ ജുവാന മരിയയുടെ മുഴുവൻ ഗോത്രത്തെയും സാൻ നിക്കോളാസ് ദ്വീപിൽ നിന്ന് കപ്പലിൽ കയറ്റി കൊണ്ടുപോയി. എന്നാൽ, അവൾ മാത്രം എങ്ങനെയോ രക്ഷപ്പെട്ടു. ജുവാന മരിയയെ ദ്വീപിൽ ഒറ്റക്കാക്കി ആ കപ്പൽ ദൂരേയ്ക്ക് യാത്രയായി. പിന്നീടുള്ള 18 വർഷകാലം സാൻ നിക്കോളാസ് ദ്വീപിൽ അവൾ തനിച്ചായിരുന്നു. അവൾ താറാവുകളെയും മറ്റും വേട്ടയാടി ജീവിച്ചു. പക്ഷികളുടെ തൂവലുകളില്‍ നിന്നും, ഇലകളിൽ നിന്നും വസ്ത്രമുണ്ടാക്കി. പിന്നീട് 1853 -ൽ രക്ഷാപ്രവർത്തകർ, അവളെ കണ്ടെത്തി, സാന്താ ബാർബറയിലേയ്ക്ക് കൊണ്ടുവന്നു. എന്നാൽ, അവൾക്ക് ആരുമായും ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നില്ല. അവൾ അവ്യക്തമായ ഒരു പ്രാദേശിക ഭാഷയാണ് സംസാരിച്ചിരുന്നത്. അതാർക്കും മനസ്സിലായില്ല. അതിനാൽ, അവളുടെ വേദനിപ്പിക്കുന്ന കഥ ആരോടും പറയാൻ അവൾക്ക് കഴിഞ്ഞില്ല. വർഷങ്ങൾക്കുമുമ്പ് രക്ഷപ്പെട്ട അവളുടെ ബാക്കി ഗോത്രക്കാർ അതിനോടകം മരിച്ചിരുന്നു.

പുതിയ ജീവിതവുമായി അവൾ എങ്ങനെ പൊരുത്തപ്പെട്ടുവെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുതിരകളും, കെട്ടിടങ്ങളും കണ്ട് അവൾ അത്ഭുതപ്പെട്ടുവെന്നും, കാപ്പിയും മദ്യവും അവൾ ആസ്വദിച്ചിരുന്നുവെന്നും പറയുന്നു. അവളെ കാണാൻ വന്നവർക്കായി അവൾ പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു. എന്നിരുന്നാലും കാടിന്റെ ഹൃദയത്തിൽ നിന്ന് നഗരത്തിന്റെ മധ്യത്തിലേക്കുള്ള അവളുടെ പറിച്ചു നടൽ അവൾക്ക് എത്രത്തോളം സ്വീകാര്യമായി എന്നറിയില്ല. കാരണം സാന്താ ബർബറയിൽ എത്തി ഏഴ് ആഴ്ചകൾ മാത്രമേ അവൾ ജീവിച്ചിരുന്നുള്ളൂ. രണ്ടു പതിറ്റാണ്ടോളം ഏകാന്തതയിൽ കഴിഞ്ഞപ്പോഴും ആരോഗ്യവതിയായിരുന്ന അവൾ സാന്താ ബർബറയിൽ എത്തിയപ്പോൾ രോഗപ്രതിരോധ ശേഷി ഇല്ലാത്ത ദുർബലയായി മാറി. ഒടുക്കം വയറിളക്കം ബാധിച്ച്, 1853 ഒക്ടോബർ 19 -ന് അവർ ദാരുണമായി മരണപ്പെടുകയായിരുന്നു.