നിനക്കിതൊക്കെ അറിയാമാരുന്നോ ? നിങ്ങൾക്കറിയാമെങ്കിൽ പിന്നെ എനിക്കറിയുന്നത് കൊണ്ട് എന്താണ് കുഴപ്പം ?

323

Aysha Irine

ഞങ്ങള് മൂന്ന് കുട്ട്യോളും ഉപ്പേം ഉമ്മേം മാത്രം ഉള്ള കുഞ്ഞ് കുടുംബത്തിൽന്ന് അതിന്റെ ഇരട്ടി ആൾക്കാരുള്ള കുടുംബത്തിലേക്കാണ് ഞാൻ കല്യാണം കഴിച്ചു വന്നത്. എല്ലാരൂടെ ഉണ്ടാവുമ്പോ നല്ല രസാവൂലോ എന്ന് കരുതി. അത് ശരി തന്നെയായിരുന്നു. എല്ലാരൂടെ ഉണ്ടാവുമ്പോ നല്ല “രസാണ് “. കല്യാണം കഴിഞ്ഞ പിറ്റേന്ന് പാത്രം കഴുകാനെടുത്തപ്പോ ഇതൊക്കെ ഇക്ക് ചെയ്യാവുന്ന പണിയേ ഉള്ളൂ.. ഇയ്യൊന്നും ചെയ്യണ്ടാന്ന് താത്ത പറഞ്ഞത് കേട്ട് ന്നാലും എന്ത് നല്ല സ്വഭാവള്ള ആൾക്കാരാ.. ന്നെ കൊണ്ട് ഒരു പണീം ചെയ്യിപ്പിക്ക്‌ണ്ല്ല്യല്ലോന്ന് ഞാനും കരുതി. ആ ആനുകൂല്യം അന്ന് മാത്രേ ഉള്ളുവെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി😒.

അന്നൊക്കെ അഞ്ചരക്ക് എണീക്കും. കുളിക്കാൻ ബാത്‌റൂമിൽക്ക് കേറുമ്പോ പുതച്ചു മൂടി ഇക്ക കിടക്ക്ണത് കാണുമ്പോ ഉള്ളിൽ വല്ലാത്ത വാത്സല്യം തോന്നും. നെറ്റിന്മേ ഒരു ഉമ്മ കൊടുക്കാൻ തോന്നും.(പിന്നെ പിന്നെ ആ കിടത്തം കാണുമ്പോൾ കലിപ്പ് കേറും. മൂപ്പർടെ മുഖത്ത് വെള്ളം ഒഴിക്കാൻ തോന്നും. ചെയ്തിട്ടും ഉണ്ട് 😎). അടുക്കളേൽ ചെന്നിട്ട് വല്ലോം നുറുക്കാനോ പാത്രം കഴുകാനോ ഉള്ളതൊക്കെ ചെയ്തിട്ട് നേരെ ഡ്രസ്സ്‌ അലക്കാൻ നിൽക്കും. അലക്കിത്തീരാനാവുമ്പോഴേക്കും ഇക്ക എണീറ്റ് വന്ന് ഞാൻ വിരിച്ചിട്ടോളാം ഡ്രസ്സ്‌ എന്ന് പറഞ്ഞു ബക്കറ്റ് എടുത്ത് ടെറസിൽ പോകും. 9 മണിക്ക് കോളേജിൽ പോവാൻ റെഡി ആവാൻ എട്ടേമുക്കാലിനാണ് ഞാൻ പിന്നെ റൂമിൽക്ക് വരുക. അപ്പോഴേക്കും ഇക്ക ബെഡ്ഷീറ്റും ബ്ലാങ്കറ്റും കുടഞ്ഞു വിരിച്ചിട്ടുണ്ടാകും. യൂണിഫോം അയൺ ചെയ്യുമ്പോ വേറെ ആരേലും വന്നിട്ട് ന്റെ കൂടെ അയൺ ചെയ്യോ എന്ന് പറയുമ്പോ പറ്റൂലാന്ന് മനസ്സിൽ തോന്ന്യാലും ചിരിച്ചിട്ട് ഡ്രസ്സ്‌ വാങ്ങി ചെയ്തൊടുക്കും (ഇപ്പൊ പറ്റില്ലെങ്കിൽ പറ്റില്ലാന്ന് തന്നെ പറയാറുണ്ട് ).

ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം നിലം തുടക്കുന്ന, വല്ലപ്പോഴും മാത്രം സൽക്കാരം നടത്തുന്ന ഒരു വീട്ടിൽന്ന് വന്ന എനിക്ക് ഡെയിലി മൂന്നും നാലും നേരം അകം അടിച്ചു വാരിത്തുടക്കുന്ന എന്നും സൽക്കാരത്തിനെന്ന പോലെ ഭക്ഷണം ഉണ്ടാക്കുന്ന ഈ വീട്ടിലെ താമസത്തിൽ ചെറുതായിട്ടെങ്കിലും എനിക്ക് അരുചി തോന്നാൻ തുടങ്ങി. അക്ഷരാർത്ഥത്തിൽ The Great Indian Kitchen തന്നെയാണ് ഞങ്ങളുടേത്. വീട്ടിൽ ഞങ്ങൾ 3 പെണ്ണുങ്ങൾ ആരുന്നു അന്നുണ്ടായിരുന്നത്. ഇന്നത് നാലായി. ന്നാലും എല്ലാ പണികളും കഴിഞ്ഞു രാത്രിയാവുമ്പോ വല്ലാണ്ട് ക്ഷീണിക്കും. പാതിരാ കഴിഞ്ഞുള്ള ഉറക്കം കാരണം കോളജിൽ ചെന്നാൽ ഡെസ്കിൽ തല വെച്ച് ഉറങ്ങുന്നതും പതിവായി. പഠിത്തം പടവലങ്ങ പോലെ താഴോട്ടായി. വർഷങ്ങളായുള്ള പത്ര വായന നിന്നു. ഇന്നാണെങ്കിൽ എനിക്കെല്ലാം ഒരു പരിധി വരെ അഡ്ജസ്റ്റ് ചെയ്യാനുള്ള പക്വത വന്നു . പക്ഷേ അന്നത്തെ പതിനെട്ടുകാരിക്ക് അതിനൊന്നുമുള്ള കഴിവില്ലായിരുന്നു.

ഇക്ക ലീവെല്ലാം കഴിഞ്ഞു തിരിച്ചു പോയപ്പൊ ഡ്രസ്സ്‌ വിരിച്ചിടാനുള്ള പണി കൂടെ എനിക്കായി എന്നതൊഴിച്ചാൽ വല്യ മാറ്റങ്ങളൊന്നും ഉണ്ടായില്ല. പാത്രം കഴുകിക്കഴുകി പ്രാന്ത് പിടിക്കുമ്പോ “ഇതിലും നല്ലത് വല്ല ഹോട്ടലിലും പണി ചെയ്യുന്നതേര്ന്നു, ന്നാ അതിന്റെ പൈസ എങ്കിലും കിട്ടുവല്ലോ “എന്ന് ഞാൻ ഉമ്മാനോട് പരാതി പറയും. ഉമ്മ അപ്പൊ ഉമ്മാന്റെ അമ്മായിഅമ്മ അവരെക്കൊണ്ട് ചെയ്യിപ്പിച്ച പണികളുടെ കണക്കൊക്കെ പിന്നേം പറയും. അത് കേൾക്കുമ്പോ അത്രേം ബുദ്ധിമുട്ടൊന്നും ഇവിടില്ലല്ലോ എന്ന് തോന്നും. യാതൊരു വിധത്തിലുള്ള നിർബന്ധമോ കടും പിടുത്തമോ ഇല്ലാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആ ഉമ്മാടെ സ്വഭാവം ഒന്ന് കൊണ്ട് മാത്രാണ് അന്നൊക്കെ ഞാനിവിടെ നിന്നത് തന്നെ.

ഞാനും കെട്ട്യോനും മാത്രായിട്ട് ഒറ്റക്ക് താമസിക്കാൻ തുടങ്ങീത് ഖത്തറിൽ വന്നപ്പോഴാണ്. ജീവിച്ചു തുടങ്ങി എന്ന് തോന്നിയതും അപ്പോൾ മാത്രമാണ്. എല്ലാ ജോലികളും എന്നെ കൊണ്ട് ഒറ്റക്ക് പറ്റില്ലാന്ന് മൂപ്പർക്ക് പെട്ടന്ന് തന്നെ മനസ്സിലായിരുന്നു. കുക്കിംഗ്‌ മാത്രം ഞാൻ ചെയ്യുമ്പോ പാത്രം കഴുകലും, കിച്ചൻ ക്ളീനിംഗും, റൂം ക്‌ളീനിംഗും, ഡ്രസ്സ്‌ അലക്കലും ഇക്ക ചെയ്യും. ഡ്രസ്സ്‌ മടക്കി വെക്കൽ ഞാനും ചെയ്യും. ചോറുണ്ണണെങ്കിൽ മീൻ നിർബന്ധം ആയ ആളോട് മീൻ കഴിക്കണോങ്കി അത് വൃത്തിയാക്കിത്തരണമെന്ന് പറയാൻ എനിക്ക് ഒരു മടീം ഉണ്ടായില്ല. ദേഷ്യം വന്നാൽ ആദ്യം പോയി അടുക്കളേലെ പാത്രം കഴുകുന്ന, ന്നിട്ടും ദേഷ്യം മാറീലെങ്കി ബ്രഷും മോപ്പും എടുത്ത് റൂം ക്ലീൻ ചെയ്യുന്ന പ്രത്യേക തരം സൈക്കോ ആണ് ആള് . ആ പണികളൊക്കെ ചെയ്യാൻ വേണ്ടി മാത്രം ഞാൻ വെർതെ പുള്ളീനെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി 😁😁.

പുറത്തോട്ട് പോവുമ്പോ ന്റെ ഷൂ ഒന്ന് തുടച്ച് വെക്കൂ ട്ടാ എന്ന് മൂപ്പര് പറയുന്നത് ഞാൻ മനപ്പൂർവം കേട്ടില്ലെന്ന് വെക്കും. പിന്നെ പറച്ചില് നിർത്തി എന്ന് മാത്രല്ല എന്റെ ഷൂ കൂടെ ക്ലീൻ ചെയ്ത് വെക്കും. പകരം രണ്ടാൾടേം ഡ്രസ്സ്‌ ഞാൻ അയൺ ചെയ്യും. കഴിക്കാനുള്ള സ്നാക്സ് വല്ലോം ഉണ്ടാക്കേം ചെയ്യും.
പാത്രം കഴുകുമ്പോ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു കഴുത്തിലുമ്മ വെക്കുന്ന കെട്ട്യോനെ അല്ല, മറിച്ച് നീയിങ്ങോട്ട് മാറി നിക്ക് ഞാൻ കഴുകിക്കോളാം എന്ന് പറയുന്ന പാതിയെ ആണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് മൂപ്പർക്ക് മനസ്സിലാക്കിക്കൊടുക്കാൻ എനിക്ക് വല്യ സമയമൊന്നും വേണ്ടിവന്നില്ല. അല്ലെങ്കിലും ഭാര്യ ഡ്രസ്സ്‌ അലക്കിക്കൊണ്ടിരിക്കുമ്പോ പിന്നിൽ നിന്ന് അവൾടെ സൗന്ദര്യം ആസ്വദിക്കുന്നതിനേക്കാൾ എത്ര റൊമാന്റിക് ആണ് കൂടെ നിന്ന് ആ ഡ്രസ്സ്‌ പിഴിഞ്ഞ് കൊടുക്കുന്നത്.

പിന്നെ പിന്നെ എന്നേക്കാൾ നന്നായി ആ ജോലികളൊക്കെ ആള് എൻജോയ് ചെയ്യാൻ തുടങ്ങി.ദോഷം പറയരുതല്ലോ.. ആള് എന്ത് ചെയ്താലും പെർഫെക്ട് ആവും. എനിക്ക് ബെഡ് റെസ്റ്റ് ആയിരുന്ന സമയത്ത് ഞങ്ങൾടെ കിച്ചൻ കണ്ട ഫ്രണ്ട്സ് എല്ലാം പറഞ്ഞിരുന്നത് ഇത് ഒരു പെണ്ണ് കയറാത്ത അടുക്കള ആണെന്ന് പറയില്ല എന്നായിരുന്നു. വൃത്തീടെ കാര്യത്തിൽ ഉസ്താദാണ് മൂപ്പര് .
ആർത്തവദിവസങ്ങളിലും ഇടക്ക് നിനച്ചിരിക്കാതെ വന്ന അബോർഷന്റെ വേദനകൾക്കിടയിലും മനസ്സ് മരവിച്ചിരുന്ന് വെറുതെ ഉച്ചത്തിൽ ഞാൻ പറയുന്ന വഴക്കും കേട്ട് എന്നെ മാറ്റി നിർത്തുന്നതിന് പകരം രക്തം പുരണ്ട എന്റെ അടിവസ്ത്രങ്ങളും ബെഡ്ഷീറ്റും കഴുകിയിടുന്ന, റൂമിൽ നിന്നും ബാത്റൂമിലേക്ക് നടക്കുമ്പോൾ നിലത്ത് ഇറ്റിവീഴുന്ന ചോരത്തുള്ളികൾ അറപ്പോ വെറുപ്പോ കൂടാതെ തുടച്ചു വൃത്തിയാക്കുന്ന, വയറുവേദന വരുമ്പോൾ വയറ്റിൽ ചൂട് വെച്ച് തരുന്ന, ആ ദിവസങ്ങളിൽ സ്പെഷ്യലായി ഡയറി മിൽക്ക് പൊട്ടിച്ചു വായിൽ വെച്ചു തരുന്ന, ജോലിക്ക് പോകുന്നതിന് മുമ്പായി കഴിക്കാനുള്ള ഭക്ഷണവും വെള്ളവും കയ്യെത്തും ദൂരത്ത് എടുത്ത് വെച്ച് തരുന്ന ഒരു ഭർത്താവിനെ എത്ര പ്രേമിച്ചാലാണ് എനിക്ക് മതിയാവുക 😍😍

കഴിച്ച പാത്രം വരെ ടേബിളിൽ ഇട്ടിട്ട് പോകുന്ന ആണുങ്ങളെ കാണുമ്പോ എനിക്കിപ്പൊ സത്യായിട്ടും തോന്നാറുണ്ട് എന്റെ കെട്ട്യോൻ എന്റെ ഭാഗ്യം ആണെന്ന്. ആ ഭാഗ്യം എന്നെ അടുക്കളയിൽ സഹായിക്കുന്നത് കൊണ്ടല്ല മറിച്ച് ഈ പണികൾ ആണുങ്ങൾ ചെയ്താലും കുഴപ്പൊന്നും വരൂല എന്ന് ചിലരെയെങ്കിലും ബോധ്യപ്പെടുത്തിയത് കൊണ്ട് മാത്രമാണ്.അല്ലെങ്കിലും ഭർത്താക്കന്മാർ വീട്ടുജോലികളിൽ ഒരു “സഹായി “ആയി ഒതുങ്ങുന്നതിലും നല്ലത് ഇതെന്റെ ജോലിയാണ് എന്ന് വിചാരിച്ചു സ്വയം ഏറ്റെടുത്ത് ചെയ്യുന്നതാണ്.

ചില വാശികൾ കൊണ്ടും കടുംപിടുത്തങ്ങൾ കൊണ്ടും ഇത്രെയെങ്കിലും എനിക്ക് മൂപ്പരെ മാറ്റിയെടുക്കാൻ കഴിഞ്ഞത് വീട്ടിലെ മിക്ക ജോലികളും ചെയ്യുന്ന, ഇപ്പോഴും ഊഴമനുസരിച്ച് മുറ്റം അടിച്ചുവാരുന്ന ന്റെ ഉപ്പാനെ കണ്ട് വളർന്നത് കൊണ്ട് മാത്രാണ്. ഈ പോസ്റ്റിട്ടത് എന്റെ കെട്ട്യോൻ വീട്ടിലെ ജോലി ചെയ്യുമെന്ന് ആരേം അറിയിക്കാനല്ല, പകരം നമ്മള് പെണ്ണുങ്ങള് വിചാരിച്ചാൽ കുറെയൊക്കെ നമുക്ക് അവരെ മാറ്റിയെടുക്കാം എന്ന് പറയാനാണ് . അവർക്ക് തോന്നുമ്പോ ചെയ്യട്ടെ എന്ന് കരുതരുത്. അവർക്ക് ഒരു പക്ഷേ വീട്ടിലെ പണികൾ ചെയ്യണംന്ന് ഒരിക്കലും തോന്നീലെങ്കിലോ?

പറഞ്ഞു മനസ്സിലാക്കാമെന്നും വിചാരിക്കരുത്. കാര്യം പറഞ്ഞാലൊന്നും ചിലർക്ക് ഒരുകാലത്തും മനസ്സിലാവണമെന്നില്ല. അതുകൊണ്ട് അവർ അത് ചെയ്തില്ലെങ്കിൽ വേറാരും ആ പണി ചെയ്യൂലാന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. നാല് ദിവസം തുടക്കാത്ത ഷൂവും അയൺ ചെയ്യാത്ത ഡ്രെസ്സും ഇട്ട് പോയാൽ അഞ്ചാമത്തെ ദിവസം അത് സ്വയം ചെയ്ത് പൊക്കോളും. നമ്മൾ ചെയ്യാത്തതിൽ അവർ വഴക്ക് പറഞ്ഞെന്നിരിക്കും, വായ കടയുമ്പോൾ തന്നെ നിർത്തിക്കോളും എന്ന് വിചാരിക്കുക. ചെലപ്പോ നമ്മളെ തല്ലിയെന്നിരിക്കും, ദേഹം നൊന്താൽ തിരിച്ചും കൊടുക്കുക. നേരിട്ട് തല്ലാൻ പേടിയുണ്ടെങ്കിൽ ഉറക്കത്തിൽ സ്വപ്നം കണ്ട് അറിയാതെ പറ്റിയതാണെന്ന് പറഞ്ഞു ഒരു ചവിട്ട് കൊടുത്താലും മതി 🥴🥴.

ഭാര്യേം ഭർത്താവും സെക്സ് ചെയ്യുന്നത് പാപമല്ലെങ്കിൽ പിന്നെങ്ങനാണ് സെക്സിനെ പറ്റി സംസാരിക്കുന്നത് പാപമാവുക?. ഫേവറേറ്റ് പൊസിഷനുകളെ പറ്റി, ആ സമയത്തുണ്ടാകുന്ന വേദനയെ പറ്റി, ഓർഗാസം അനുഭവപ്പെടുന്നില്ലെങ്കിൽ അതിനെപ്പറ്റി, ഫോർ പ്ലേയെ പറ്റിയൊക്കെ തുറന്ന് സംസാരിക്കുക തന്നെ വേണം. “നിനക്കിതൊക്കെ അറിയാമാരുന്നോ “എന്ന് ചോദിക്കുമ്പോ “നിങ്ങൾക്കറിയാമെങ്കിൽ പിന്നെ എനിക്കറിയുന്നത് കൊണ്ട് എന്താണ് കുഴപ്പം? “എന്ന് തിരിച്ചു ചോദിക്കണം. ബെഡിലെ അരമുക്കാൽ മണിക്കൂറിലെ കിതപ്പിലും വിയർപ്പിലും മാത്രല്ല പെണ്ണിനെ അറിയേണ്ടതെന്ന തിരിച്ചറിവ് എന്ന് ഭർത്താക്കന്മാർക്ക് വരുന്നോ അന്ന് നമുക്ക് പൂമുഖ വാതിൽക്കൽ ലവ് വിതറുന്ന ഫ്ലവർ മണ്ടേ ആവാം🤷‍♀️.അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ ഇന്നെന്റെ നുണക്കുഴിച്ചെക്കന്റെ ബർത്ത്ഡേ ആണ്. ഒരുപാടൊരുപാട് പിറന്നാളുമ്മകൾ കെട്ട്യോനേ… 😘😘😘😘ഒരായിരം വർഷം നമുക്കൊരുമിച്ച് ബിരിയാണി ഉണ്ടാക്കാനും പാത്രം കഴുകാനും സവാള അരിയാനും ഉള്ള ഭാഗ്യം പടച്ചോൻ തരട്ടെ… ❤️❤️