അയ്യപ്പനും വാവരും ഇംഗ്ലീഷും

454

നാണ്വാര് എഴുതുന്നു 

വാവർ കടപ്പുറത്തുണ്ട്. അങ്ങേരുടെ പോരാളികൾ ഒളിച്ചിരിക്കുന്നു. കടപ്പുറത്ത് രണ്ടു മൂന്നു പീരങ്കികൾ നിരത്തി വച്ചിട്ടുണ്ട്. കടലിൽ രണ്ടു ബോട്ടുകൾ മേക്കപ്പ് ചെയ്തു പായ്ക്കപ്പലുകൾ പോലെ പാർക്ക് ചെയ്യുന്നു. എളിയിൽ കൈ കുത്തി തല അല്പം മേലോട്ടുയർത്തി ദൂരേക്ക് നോക്കുന്ന വാവർ. അകലെ നിന്നൊരു കുതിര വരുന്നു. അതിനുമുകളിൽ ഫാൻസി ഡ്രെസ്സിൽ ആരോ ഇരിപ്പുണ്ട്.

ഐശ്വര്യമുള്ള മുഖത്തിന് ഭയങ്കര മേക്കപ്പ് മൂലം പലതവണ നിലത്തുവീണു ഞെളുങ്ങിയ അലുമിനിയം കിണ്ടിയുടെ ഛായ വന്നിരിക്കുന്നു . ആൾ അടുത്തെത്തിയപ്പോൾ വാവർ കയ്യുയർത്തി. അടുക്കരുത് എന്ന മട്ടിൽ. ശേഷം കാർക്കശ്യം തുളുമ്പുന്ന സ്വരത്തിൽ

“നിൽക്ക് !. നീയാരാണ് ? ” ശേഷം കണ്ടില്ലേ എന്ന മട്ടിൽ അകലെയുള്ള കപ്പലുകളെയും അടുത്തു കിടക്കുന്ന പീരങ്കികളെയും നോക്കുന്നു.

അയ്യപ്പൻ ചുറ്റും നോക്കി. അസ്സറ്റുകളുടെ കണക്കെടുത്തു. ശേഷം തൊട്ടു മുന്നിൽ വായുവിൽ ഒരു ദീർഘചതുരം സങ്കല്പിച്ചു അതിന്റെ വിപരീത കോണുകളെ ഒന്ന് ക്രോസ്സ് അടിച്ചു നോക്കി. “നാശം .. സീരിയലിൽ അഭിനയിക്കാൻ വന്ന ശേഷമുള്ള ദുഃസ്വഭാവം. ചിന്തയെ അഭിനയിച്ചു ഫലിപ്പിക്കാൻ വിവരദോഷികൾ കണ്ടുപിടിച്ച മാർഗ്ഗമാണ് ഈ നശിച്ച സാങ്കല്പിക ചതുരവും അതിന്റെ കോണോടു കോൺ നോട്ടവും” അയ്യപ്പൻ പിറുപിറുത്തു.

“പറയാൻ .. നീ ആരാണ്? എന്തിനിവിടെ വന്നു ?” വാവർ അക്ഷമനായി.

അയ്യപ്പൻ ചുമ്മാ പുഞ്ചിരിച്ചു. മറ്റൊരു സീരിയൽ ദുഃസ്വഭാവം. ശേഷം പതിവിൽ നിന്ന് വിട്ട് സ്വയം ജെയിംസ് ബോണ്ട് ആയി സങ്കൽപ്പിച്ച് ദേവനാഗരി കൂട്ടി പ്രതിവചിച്ചു.

“ഞാൻ കണ്ട് മണികണ്ട്”

“അയ്യേ” എന്നായി വാവർ.

പറ്റിപ്പോയ അബദ്ധം മനസ്സിലായ അയ്യപ്പൻ സ്റ്റൈൽ വെടിഞ്ഞു രാജകുമാരൻ സ്റ്റൈലിൽ തിരുത്തി

“നാം മണികണ്ഠൻ ”

ആളെ പിടികിട്ടായ്കയാൽ ഒന്ന് വിരട്ടിക്കളയാം എന്ന മട്ടിൽ വാവർ ഇടത്തോട്ടു നോക്കി. ഒരു പൂഴിക്കുന്നിന് പിന്നിൽ മറഞ്ഞിരുന്ന ഇരുപതോളം പടയാളികൾ പുറത്തേയ്ക്ക് വന്നു. അവരിലെ നേതാവ് ഒരു ഗബ്ബർസിംഗ് സ്റ്റൈലിൽ അയ്യപ്പനെ നോക്കി. അയ്യപ്പൻ പോ പുല്ലേ എന്ന മട്ടിൽ ഒന്ന് പുഞ്ചിരിച്ചു ദീഘചതുരത്തിന്റെ മൂലകൾ നോക്കി. അലസത കണ്ട വാവർ വലത്തോട്ടു നോക്കി. അവിടെയൊരു പാറക്കെട്ടിൽ നിന്ന് പതിനഞ്ചോളം പടയാളികൾ ഇറങ്ങിവന്നു. അയ്യപ്പൻ ദീർഘചതുരത്തിന്റെ മൂലകൾ രണ്ടു തവണ വിസിറ്റ ചെയ്ത ശേഷം പുഞ്ചിരിച്ചു. എന്തര് എന്ന മട്ടിൽ. ശേഷം വാവരോട്

“ഇതെന്ത്. പീരങ്കികളിൽ ഉപ്പുവെള്ളം കയറിയോ ? വെയിലത്ത് ഉണക്കാനിട്ടിരിക്കുന്നത് ? ”

ചമ്മിയ വാവർ. കര കര ശബ്ദത്തോടെ പൊട്ടിച്ചിരിച്ചു. ചിരിയിൽ ഫുള്ളായും വാർ ആയിരുന്നു. “ആട്ടെ നീയെന്തിനിവിടെ വന്നു ?. മതിയായ മറുപടി വരുന്നില്ലെങ്കിൽ ഇവിടെനിന്നൊരു തിരിച്ചുപോക്കുണ്ടാവില്ല”

അയ്യപ്പൻ വീണ്ടും പഴയ ചിരി ചിരിച്ചു. ശേഷം “ഞാനിവിടെ പന്തളം നാട്ടുരാജാവിന്റെ മകൻ ആണ്. ചിലരെ ഒതുക്കാൻ വേണ്ടി സൈനിക ശക്തി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിങ്ങളെ കാണാൻ വന്നതാണ്”

വാവരുടെ പൊട്ടിച്ചിരിയിൽ തിരകൾ പതഞ്ഞു. പടയാളികൾക്കും ചിരിക്കാം എന്ന സ്ഥിതി വന്നു. അതിൽ പകുതി പേർ ഇടംകൈ മടക്കി വയറ്റത്ത് വച്ച് വലതു കൈയ്യിൽ തോര്ത്തുകൊണ്ട് വാ മൂടി ചിരിച്ചു. “ങ്ങിഹി ..ങ്ങിഹി ” എന്നായിരുന്നു ശബ്ദം. നായന്മാരാണെന്ന് തോന്നുന്നു ഈ പടയാളികൾ. അയ്യപ്പൻ ഊഹിച്ചു.

അന്നേരം വാവരുടെ ഘനഗംഭീര ചുമയുയർന്നു. ചുമയടക്കി വാവർ പരിഹസിച്ചു.

“ഈ കാണുന്ന കപ്പൽ പടയും ( തിരയിൽ ചാഞ്ചാടുന്ന രണ്ടേരണ്ടു ബോട്ടുകളെ ചൂണ്ടിക്കാണിക്കുന്നു ), ധീരന്മാരായ സൈനികർ അടങ്ങുന്ന വൻ പടയും ( മുപ്പത്തഞ്ചു സൈനികരെ കാണിക്കാനായി കൈ നിവർത്തി വായുവിൽ വലതു നിന്ന് ഇടത്തേയ്ക്കൊരു അദൃശ്യ മഴവിൽ വരയ്ക്കുന്നു ) ഉള്ള എന്നോട് വെറും ഒരു കുതിരയും ഒരു ഉണങ്ങിയ വാളും പിടിച്ചു കൊണ്ടാണോ നീ വന്നു സഹായമഭ്യർത്ഥിക്കുന്നത് ?” സൈനികരുടെ ചിരിയിൽ അയ്യപ്പൻ ചതുരത്തിന്റെ മൂലകൾ പരതി. ഇതിനിടയ്ക്ക് അടുത്തു നിന്നിരുന്ന അയ്യപ്പന്റേയും വാവരുടെയും കുതിരകൾ കിസ് ചെയ്തു. സെൻസർ ബോർഡിൽ തട്ടിത്തടഞ്ഞു വീഴും എന്ന് പേടിച്ച ഡയറക്ടർ സിഗ്നൽ നൽകിയതോടെ അടുത്ത സീനിൽ കുതിരകൾക്കിടയിൽ ഒരു ഗ്യാപ് പ്രത്യക്ഷപ്പെട്ടു.

വാവരുടെ പരിഹാസം കേട്ട അയ്യപ്പൻ മനസ്സിൽ കരുതി “ഇതൊരു നടയ്ക്ക് പോവുന്ന ലക്ഷണമില്ല. അറ്റകൈ പ്രയോഗിക്കുക തന്നെ”. വീണ്ടും ഒരു പുഞ്ചിരിയോടെ അയ്യപ്പൻ “കപ്പൽ പടയോ ? ഞാനൊന്നും കാണുന്നില്ല”

തിരിഞ്ഞു നോക്കിയ വാവർ തിരയടങ്ങിയ കടൽ മാത്രം കാണുന്നു. കപ്പൽ കിടന്നിടത്ത് പൂടപോലുമില്ല. വണ്ടറടിച്ച വാവർ അയ്യപ്പനെ നോക്കി. “ഇതെന്തു മായം!” ഇത്തവണ വാവർ കണ്ണാൽ അദൃശ്യ ദീർഘചതുരത്തിന്റെ മൂലകൾ പരതി. അന്നേരം അയ്യപ്പൻ

“പീരങ്കിയോ ? ഞാനൊന്നും കാണുന്നില്ല” അവിടേയ്ക്ക് നോക്കിയ വാവർ വീണ്ടും ഞെട്ടിത്തെറിച്ചു. തെറിച്ചില്ലെങ്കിൽ പ്രേക്ഷകർക്ക് മനസ്സിലാവില്ല അതുകൊണ്ടാണ്. വീണ്ടും സംശയത്തോടെ അയ്യപ്പനെ നോക്കി. ദീർഘചതുരം, സമചതുരം. ഐസായി പടയാളികൾ. അന്നേരം അയ്യപ്പൻ വീണ്ടും

“പടയാളികളോ ? ഞാനൊന്നും കാണുന്നില്ല” ഇത്തവണ പടയാളികൾ നിന്ന സ്ഥലം ശൂന്യം. നായന്മാർ നിന്നിടത്ത് തോർത്ത് പോലുമില്ല . ദീഘചതുരം വിട്ട വാവർ കണ്ണ് കൊണ്ട് വൃത്തം വരച്ചു. അയ്യപ്പൻ “വാവരോ ? ഞാനൊന്നും കാണുന്നില്ല” എന്ന് പറയുന്നതിന് മുന്നേ നിലത്ത് മുട്ടുകുത്തി. “ഈ കളിക്ക് ഞാനില്ല.” വാളെടുത്ത് വിലങ്ങനെ പിടിച്ചു അയ്യപ്പന് നീട്ടി. നല്ല വാളാണ് പക്ഷെ കാറ്റിലെ ഉപ്പുമൂലം പിടിക്കടുത്ത് ചില്ലറ തുരുമ്പു വരാനുള്ള ഭാവമുണ്ട് – അയ്യപ്പന്റെ ആത്മഗതം സ്പീക്കറിലൂടെ പുറത്തു വന്നു. നോട്ടം പഴയപടി ദീർഘചതുരത്തിലും.

അയ്യപ്പൻ പറഞ്ഞു “എന്റടുത്ത് കളിക്കാൻ വന്നിട്ടല്ലേ. വിട്ടുകള. നമുക്ക് സുഹൃത്തുക്കളാവാം.” അവർ കൈ കൊടുത്തു. കെട്ടിപ്പിടിച്ചു. പടച്ചട്ടകൾ ഞെണങ്ങി . പിടി വിട്ട വാവർ അയ്യപ്പനെ തൊഴുതു. അന്നേരം അയ്യപ്പൻ കുതിരപ്പുറത്തും, പുലിപ്പുറത്തുമായി മാറിമാറി മിന്നി. പ്രത്യക്ഷപ്പെട്ടു എന്നും പറയാം. കണ്ണടിച്ചു പോകാതിരിക്കാനായി പ്രേക്ഷകൾ കണ്ണ് ചിമ്മി.

വാവർ പറഞ്ഞു “ഇപ്പ ആളെ പിടികിട്ടി. എങ്ങനെയാണ് എന്റെ കപ്പലുമുക്കിയത്, പീരങ്കി ചൂണ്ടിയത് ?”

അയ്യപ്പൻ ചിരിച്ചു “ഞാനെന്തു പറയാനാ വാവരെ. വീഡിയോ എഡിറ്റിംഗ് എന്നൊരു പരിപാടി ഉണ്ട്. അത് വച്ച മായ്ച്ചു കളഞ്ഞതാണ്. തൃശ്ശിവപ്പേരൂരിൽ ഒരു നാണു ഉണ്ട്. ഓന്റെ കയ്യിൽ നിന്ന് പഠിച്ചതാണ്. ഇക്കാലത്ത് യുദ്ധം ചെയ്യാനൊക്കെ പാടാണ് . പകരം എതിർ പടയാളികളുടെ വീഡിയോ എടുത്ത് എഡിറ്റ് ചെയ്യും. മറ്റേ നാട്ടുരാജ്യത്തിന്റെ ഫോട്ടോ എടുത്ത് അവിടെ ഇവിടെ തീയിട്ട ചിത്രം ഉണ്ടാക്കും. പുരപ്പുറത്ത് ഓട്ട വരച്ചു വയ്ക്കും. സംഗതി കാണുന്ന നമ്മുടെ നാട്ടുകാർ നമുക്ക് ജയ് വിളിക്കും. യുദ്ധം ആദ്യന്തികമായി ദുരന്തമാണ്. എല്ലാവര്ക്കും നഷ്ടം. ഇതാവുമ്പോൾ അവർക്കും സന്തോഷം നമുക്കും സന്തോഷം. പകരം ചില്ലറ ഫോട്ടോ അവർക്കും കൊടുത്താൽ മതി. മൊത്തത്തിൽ സമാധാനം. പ്രാന്തന്മാർക്കാണെങ്കിൽ ആഘോഷിക്കാനൊരു വകയുമായി. ഹിക്ക്മത്ത് മനസ്സിലായ സ്ഥിതിക്ക് ഇനി നമുക്ക് സുഹൃത്തുക്കളാവാം. എല്ലാവര്ക്കും സന്തോഷമാകും. ഭാവിയിൽ താനൊരു സ്വാമിയുമാകും. വാവർ സ്വാമി.”

സംഗതി രസിച്ച വാവർ പൂഴിയിൽ തലകുത്തിമറിഞ്ഞു ചിരിച്ചു. ശേഷം ചാടിയെഴുന്നേറ്റ് കെട്ടിപ്പിടിച്ചു “അതെ നമുക്ക് സുഹൃത്തുക്കളാവാം. എന്നന്നേയ്ക്കും. OK! ?”

ആംഗലേയത്തിനു മുന്നിൽ ഐസായ അയ്യപ്പൻ കെട്ടിപ്പിടിക്കാൻ മറന്നു നിന്നു.

അകലെയെവിടെയോ സീരിയൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു അയ്യപ്പൻവിളക്ക് കലാകാരൻ ഉടുക്കും കൊട്ടി കാണിപ്പാട്ട് പാടി.

ഡുണ്ടു ഡുണ്ടും ഡു ഡു ഡു ഡു ഡുണ്ടും

ഡുണ്ടു ഡുണ്ടും ട്ടു ഡു ട്ടു ഡു ഡും

കണ്ടാ വാവര് ഇംഗ്ലീഷടിച്ച്

കണ്ഠനയ്യന് കൺഫ്യുഷനായേ

ഡുണ്ടു ഡുണ്ടും ഡു ഡു ഡു ഡു ഡുണ്ടും

ഡുണ്ടു ഡുണ്ടും ട്ടു ഡു ട്ടു ഡു ഡും